ഇസ്‌ലാഹിനു വിധേയമാക്കി ശുദ്ധീകരിക്കപ്പെടേണ്ട കാര്യങ്ങളിലൊന്നാണ് 'നിയമാധിക്യം' എന്ന പ്രതിഭാസം. നിയമാധിക്യം എന്ന് ആധികാരികമായി പ്രയോഗിച്ചത് വക്കം മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ മൗലവിയാണ്.
ഇസ്‌ലാമിന്റെ അടിസ്ഥാന സിദ്ധാന്തമായ 'തൗഹീദി'നു വിരുദ്ധമായ ശിര്‍ക്കുപരമായ വിശ്വാസാചാരങ്ങളും വിശ്വാസികളുടെ ജീവിതമാതൃകയായ പ്രവാചകചര്യക്ക് വിരുദ്ധമായ ബിദ്അത്തുകളും ഇസ്‌ലാഹ് ആവശ്യമുള്ള കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ്. എന്നാല്‍ അതേപോലെത്തന്നെ ഇസ്‌ലാഹ് ആവശ്യപ്പെടുന്ന മറ്റു പല തിന്മകളും അനഭിലഷണീയമായ പ്രവണതകളും അനൗചിത്യങ്ങളും കൂടിയുണ്ട്.
ഇസ്‌ലാഹിനു വിധേയമാക്കി ശുദ്ധീകരിക്കപ്പെടേണ്ട ആ കാര്യങ്ങളിലൊന്നാണ് 'നിയമാധിക്യം' എന്ന പ്രതിഭാസം. നിയമാധിക്യം എന്ന പ്രയോഗം എന്റേതല്ല, അത് കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാന ശില്‍പികൡ പ്രമുഖനായ വക്കം മൗലവി എന്ന പേരില്‍ അറിയപ്പെടുന്ന വക്കം മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ മൗലവിയുടെ നിര്‍മിതിയാണ്.
അദ്ദേഹം 1930ല്‍ 'ഇസ്‌ലാം മതനവീകരണം' എന്ന ശീര്‍ഷകത്തില്‍ എഴുതിയ ഒരു ലേഖനത്തിലാണ് (വക്കം മൗലവിയുടെ തിരഞ്ഞെടുത്ത കൃതികള്‍, വക്കം മൗലവി പബ്ലിക്കേഷന്‍സ്, 1979, പേജ് 158-168) അങ്ങനെ പ്രയോഗിച്ചത്. ഇസ്‌ലാം മതനവീകരണം കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് നമ്മള്‍ ഇപ്പോള്‍ 'ഇസ്‌ലാഹ്' എന്നു പറയുന്ന ആശയമാണ്.
വിശുദ്ധ ഇസ്‌ലാം മതത്തെ ബാധിച്ച, അതിനെ വികലമാക്കുന്ന മൂന്നു ദൂഷ്യങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് അവയെ ദൂരീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് പ്രസ്തുത ലേഖനത്തില്‍ വിശദീകരിക്കുന്നത്. ആ മൂന്നു തിന്മകളിലൊന്നാണ് നിയമാധിക്യം. മറ്റു രണ്ട് തിന്മകള്‍ അവാന്തര മതങ്ങള്‍ അതായത് സമുദായത്തിനുള്ളിലെ പരസ്പരം പോരടിക്കുന്ന, ഭിന്നവീക്ഷണങ്ങളും സിദ്ധാന്തങ്ങളും പുലര്‍ത്തുന്ന കക്ഷികള്‍, നൂതന നടപടികള്‍ (ബിദ്അത്തുകള്‍) എന്നിവയാണ്.
എന്താണ് നിയമാധിക്യം? ഇസ്‌ലാം അതിന്റെ ആരംഭകാലത്തെ ശുദ്ധരൂപത്തില്‍ ലളിതവും പ്രായോഗികവുമായ ഒരു മതസംഹിതയായിരുന്നു. അതിന്റെ ആരാധനകളും ആചാരാനുഷ്ഠാനങ്ങളും നിയമങ്ങളുമെല്ലാം മനുഷ്യപ്രകൃതിക്ക് ഇണങ്ങുന്നതും പ്രാവര്‍ത്തികമാക്കാന്‍ എളുപ്പമുള്ളതും സങ്കീര്‍ണത ഇല്ലാത്തതുമായിരുന്നു.
''അല്ലാഹു നിങ്ങള്‍ക്ക് എളുപ്പം ഉദ്ദേശിക്കുന്നു. അവന്‍ നിങ്ങള്‍ക്ക് പ്രയാസം ഉദ്ദേശിക്കുന്നില്ല'' (2:185), ''നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല'' (5:6), ''മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല'' (22:78).
എന്നാല്‍ പില്‍ക്കാലത്ത് വിവിധ സംസ്‌കാരങ്ങളുടെ അതിപ്രസരം മൂലം ചില പണ്ഡിതന്മാര്‍ പല വിഷയങ്ങളിലും ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങളായ ഖുര്‍ആനിലും സുന്നത്തിലുമില്ലാത്ത പുതിയ നിയമങ്ങള്‍ നിര്‍മിച്ചു. പിന്നീട് വന്ന പണ്ഡിതന്മാര്‍ കൂടുതല്‍ നിയമങ്ങള്‍ നിര്‍മിച്ചുകൊണ്ടിരുന്നു. അങ്ങനെ നിയമങ്ങളുടെ ഈ ആധിക്യം കാരണം പണ്ഡിതന്മാരല്ലാത്ത സാധാരണ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാം മതം ആചരിക്കാനും അനുഷ്ഠിക്കാനും സാധിക്കാത്ത ഒരവസ്ഥ വന്നു.

വക്കം മൗലവിയുടെ വാക്കുകളില്‍: ''റസൂലിന്റെ കാലത്ത് ഒരു സഹാബി ഒരു ഇരിപ്പില്‍ ഇരുന്നു പഠിച്ചുകൊണ്ട് പോയിരുന്ന ഇസ്‌ലാംമതം ഇടവിടാതെ 15 കൊല്ലക്കാലം പഠിച്ചാലും പൂര്‍ണമായി പഠിക്കാന്‍ സാധിക്കാത്ത നിലയിലായി. പണ്ഡിത-പാമര ഭേദമെന്യേ സര്‍വ മുസ്‌ലിമിനും ചെയ്യാന്‍ ആവശ്യമുള്ള വുദൂ, കുളി എന്നിവയെ സംബന്ധിച്ച നിയമങ്ങള്‍ പോലും നല്ല മതപണ്ഡിതനല്ലാത്ത ഒരു സാമാന്യന് ശരിക്ക് ഗ്രഹിക്കാന്‍ സാധ്യമല്ലാത്തതായിത്തീര്‍ന്നു.
ഇങ്ങനെ വാജിബ്, ഹറാം, സുന്നത്ത്, മക്‌റൂഹ് എന്നിവയുടെ ആധിക്യത്താല്‍ സാമാന്യ ജനങ്ങള്‍ക്ക് ഇസ്‌ലാം മതത്തെ ശരിക്ക് അനുഷ്ഠിക്കുക എന്നത് ദുഷ്‌കരമായി ഭവിച്ചു.'' സാധാരണ മുസ്‌ലിംകളില്‍ പലരും ഇസ്‌ലാമില്‍ നിന്നുതന്നെ അകലുകയായിരുന്നു ഇതിന്റെ ഫലം.
ഇസ്‌ലാമിക കര്‍മശാസ്ത്ര (ഫിഖ്ഹ്) പണ്ഡിതന്മാര്‍ മതത്തിലെ ആരാധനകളും ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. അതുവഴി അവര്‍ മഹത്തായ, പ്രശംസനീയമായ ഒരു സേവനമാണ് നിര്‍വഹിച്ചതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അവരില്‍ ചിലര്‍ സാധാരണ ജീവിതവുമായി ബന്ധമില്ലാത്ത സാങ്കല്‍പികമായ ചില 'മസ്അല'കള്‍ നിര്‍മിക്കുകയും അവയുമായി ബന്ധപ്പെട്ട മതനിയമങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തതായി കേട്ടിട്ടുണ്ട്.
'ഒരു മനുഷ്യന്റെ ഉള്ളംകൈയില്‍ രോമം മുളച്ചു. അപ്പോള്‍ വുദൂവിന്റെ വെള്ളം പൂര്‍ണമായും കൈക്കുള്ളില്‍ എത്തുകയില്ലല്ലോ. ആ വുദു ശരിയാകുമോ?' നിയമാധിക്യം തീര്‍ക്കുന്ന സാങ്കല്പിക മസ്അലകളില്‍ ഒരു ഉദാഹരണം മാത്രമാണ് ഇത്. അസംഭവ്യമായ ഇത്തരം മസ്അലകളെ പഠിക്കുന്ന രീതി അതിനെക്കാള്‍ സാങ്കല്പികമായ അനുമാനങ്ങളിലായിരിക്കും. അതുണ്ടാക്കുന്ന നിയമസങ്കീര്‍ണതയും പ്രായോഗിക ബുദ്ധിമുട്ടും ഒരിക്കലും മതമല്ല, മാനവികതയുമല്ല.
ഇത്തരത്തിലുള്ള സാങ്കല്പികമായ മസ്അലകളും അവയുമായി ബന്ധപ്പെട്ട മതവിധികളും നിയമാധിക്യം എന്ന പ്രതിഭാസത്തെ സഹായിച്ച ഒരു ഘടകമാണ്. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അംഗീകാരമില്ലാത്ത നൂതന ആചാരാനുഷ്ഠാനങ്ങള്‍ അഥവാ ബിദ്അത്തുകളുമായി ബന്ധപ്പെട്ട അനിസ്‌ലാമികമായ നിയമങ്ങളാണ് നിയമാധിക്യത്തെ വളര്‍ത്തിയ മറ്റൊരു ഘടകം.
ഇതിന്റെയൊക്കെ ഫലമായി ഇസ്‌ലാമിന്റെ വിശാലത ഇടുക്കമായും സുഗമത ദുഷ്‌കരമായും മാറി. മതപണ്ഡിതന്മാരല്ലാത്ത സാധാരണ മുസ്‌ലിംകള്‍ ഈ നിയമാധിക്യം കാരണമായി പല മതാനുഷ്ഠാനങ്ങളുടെയും ആരാധനാ കര്‍മങ്ങളുടെയും കാര്യങ്ങളില്‍ ആശയക്കുഴപ്പത്തിലാകാന്‍ തുടങ്ങി.
ഇസ്‌ലാമിക അധ്യാപനങ്ങളുടെ ആദിമ ലാളിത്യത്തിലേക്കും പ്രായോഗികതയിലേക്കും തനിമയിലേക്കും മടങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക. കാലം തേടുന്ന ഇസ്‌ലാഹ് എന്ന പ്രമേയത്തിന്റെ പഠന പരിധിയില്‍ ഇക്കാര്യവും ചര്‍ച്ചയ്ക്കു വിധേയമാകേണ്ടതാണ്.
ഒരു തമാശക്കഥയുണ്ട്: ഒരിക്കല്‍ ഒരു അമുസ്‌ലിം സഹോദരന്‍ ഇസ്‌ലാം മതം സ്വീകരിച്ചു. മുസ്‌ലിമായി ജീവിക്കാന്‍ തുടങ്ങി. അങ്ങനെയിരിക്കെ റമദാന്‍ മാസം വന്നു. അയാള്‍ നോമ്പെടുക്കാന്‍ തുടങ്ങി. അപ്പോള്‍ ഒരിക്കല്‍ വായില്‍ ഉമിനീര്‍ നിറഞ്ഞപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ഒരു മുസ്‌ലിം സഹോദരനോട് ഉമിനീര്‍ ഇറക്കണോ അല്ലെങ്കില്‍ തുപ്പണോ എന്ന സംശയം ചോദിച്ചു. അത് ഇറക്കാന്‍ പാടില്ലെന്നായിരുന്നു അയാളുടെ മറുപടി.
സംശയം തീര്‍ക്കാന്‍ ഒന്നുകൂടി മറ്റൊരു മുസ്‌ലിം സഹോദരനോട് ചോദിച്ചു. ഉമിനീര്‍ പുറത്തേക്ക് തുപ്പിക്കളയാന്‍ പാടില്ല എന്നായിരുന്നു അയാളുടെ മറുപടി. ആശയക്കുഴപ്പത്തിലും നിരാശയിലുമായ ആ പുതുമുസ്‌ലിം ''തുപ്പാനും വയ്യ, ഇറക്കാനും വയ്യ, നിങ്ങളുടെ തൊപ്പിയിതാ വേലീമ്മല്'' എന്നു പറഞ്ഞുകൊണ്ട് തൊപ്പി വേലിമേല്‍ വലിച്ചെറിഞ്ഞുകൊണ്ട് ഇസ്‌ലാം വിട്ട് തന്റെ പഴയ മതത്തിലേക്ക് തിരിച്ചുപോയി എന്നാണ് കഥ.
ഇതൊരു സങ്കല്പ കഥയായിരിക്കാം. ഏതായാലും അതില്‍ ഒരു പാഠമുണ്ട്. മതത്തിന്റെ പേരിലുള്ള നിയമങ്ങളുടെ ബാഹുല്യവും വൈരുധ്യങ്ങളും സങ്കീര്‍ണതയും സാധാരണക്കാര്‍ക്ക് എത്രമാത്രം പ്രയാസവും ആശയക്കുഴപ്പവും സൃഷ്ടിക്കുമെന്ന പാഠം.
ഇവിടെ ഇസ്‌ലാഹീ പ്രവര്‍ത്തകര്‍ക്ക് ഒരു വലിയ ഉത്തരവാദിത്തമുണ്ട്. ഇസ്‌ലാമില്‍ കാലങ്ങളിലൂടെ വന്നുചേര്‍ന്ന ഈ നിയമാധിക്യം എന്ന പ്രതിഭാസത്തെ ഇസ്‌ലാഹിന് വിധേയമാക്കുക എന്നതാണത്.
മതനിയമങ്ങളിലെ മൂലതത്വങ്ങളും പില്‍ക്കാല നിര്‍മിതികളും യഥാര്‍ഥ ഘടകങ്ങളും വ്യാജ ഘടകങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയുകയും അതിനെക്കുറിച്ച് സാധാരണ മുസ്‌ലിംകളെ ബോധവത്കരിക്കുകയും വിവിധ ജീവിതവ്യവഹാരങ്ങളില്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും യഥാര്‍ഥ നിയമങ്ങളും വിധിവിലക്കുകളും മറ്റും ജനങ്ങളെ പഠിപ്പിക്കുകയും ചെയ്ത് ഈ ഇസ്‌ലാഹ് നിര്‍വഹിക്കണം.
ചുരുക്കത്തില്‍, ഇസ്‌ലാമിക അധ്യാപനങ്ങളുടെ ആദിമ ലാളിത്യത്തിലേക്കും പ്രായോഗികതയിലേക്കും തനിമയിലേക്കും മടങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക. കാലം തേടുന്ന ഇസ്‌ലാഹ് എന്ന പ്രമേയത്തിന്റെ പഠന പരിധിയില്‍ ഇക്കാര്യവും ചര്‍ച്ചയ്ക്കു വിധേയമാകേണ്ടതാണ്.