ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധ തരത്തിലുള്ള ആശയ വിളംബരങ്ങളാണ് നടക്കുന്നത്. അതു വേര്‍തിരിച്ചറിയാന്‍ മക്കള്‍ക്ക് സാധിക്കണം.
ഇത് സത്യാനന്തര കാലമാണ്. വസ്തുനിഷ്ഠമായ യാഥാര്‍ഥ്യങ്ങള്‍ക്ക് മനുഷ്യരുടെ നിലപാടുകളെയോ അഭിപ്രായങ്ങളെയോ വികാരങ്ങളെയോ സ്വാധീനിക്കാന്‍ കഴിയാത്ത കാലം. തെളിവുകളുടെ പിന്‍ബലമുള്ള വസ്തുതകള്‍ക്കപ്പുറം 'സത്യമെന്ന് തോന്നിക്കുന്ന' കാര്യങ്ങള്‍ക്ക് ആളുകള്‍ കൂടുതല്‍ മൂല്യം നല്‍കുന്ന, അവയെ സത്യമായി അംഗീകരിക്കുന്ന കാലം.
ആ തോന്നിപ്പിക്കല്‍ പ്രക്രിയയ്ക്ക് തെളിവുകളേക്കാള്‍ ആവശ്യകതയുള്ള കാലം. ആളുകളെ കബളിപ്പിച്ച്, തെളിവുകളിലൂടെയല്ലാതെ പല കാര്യങ്ങളെയും സത്യമെന്ന് തോന്നിപ്പിക്കുന്ന പ്രക്രിയയാണ് 'പ്രൊപഗണ്ട'. അവയുണ്ടാക്കുന്ന, അതിനെ നിയന്ത്രിക്കുന്ന ആളുകള്‍ക്കെല്ലാം വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളുണ്ട്.
നിക്ഷിപ്ത തല്‍പരര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന വിധം ആളുകളെ ചിന്തിപ്പിക്കാന്‍ പ്രൊപഗണ്ടകള്‍ സഹായിക്കുന്നു. പ്രൊപഗണ്ടകളുടെ ഫലപ്രാപ്തി പ്രധാനമായും രണ്ട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒന്ന്, ആശയവിനിമയത്തിന്റെ വേഗവും സ്വാധീനവും. രണ്ട്, പ്രൊപഗണ്ടക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന ബോധ്യമില്ലാത്ത മനുഷ്യര്‍.
എത്രത്തോളം എളുപ്പത്തില്‍ തങ്ങളുടെ ആശയം ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുന്നുവോ അത്രത്തോളം പ്രൊപഗണ്ടയുടെ ഫലപ്രാപ്തി വര്‍ധിക്കും. ആ ആശയവിനിമയത്തിന്റെ വഴിയുടെ വേഗവും അതിന് ആളുകളില്‍ ഉണ്ടാക്കാന്‍ കഴിയുന്ന സ്വാധീനവും പ്രധാനമാണ്. ഇത് പ്രൊപഗണ്ടയാണോ എന്നു ചിന്തിക്കാന്‍ പോലും ഇടനല്‍കാതെ ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന മാധ്യമത്തിലൂടെയാണ് അത് വിനിമയം ചെയ്യപ്പെടുന്നത്. തങ്ങള്‍ പ്രൊപഗണ്ടക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് എന്ന ബോധ്യമില്ലായ്മ ആളുകളെ അത് വിശ്വസിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്നു.
ഇന്നത്തെ കാലത്തോളം പ്രൊപഗണ്ടയ്ക്ക് അനുകൂലമായ മറ്റൊരു കാലമില്ല എന്നു പറയാം. ആശയവിനിമയത്തിന്റെ വേഗം പഴയ കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കൂടുതലാണ് എന്ന് നമുക്കറിയാം, കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലായി പത്തോ നൂറോ മടങ്ങ് അത് വര്‍ധിച്ചിട്ടുണ്ട്. ദിവസങ്ങളും മാസങ്ങളുമെടുത്ത് മാത്രം വലിയ ദൂരങ്ങളിലേക്ക് സന്ദേശങ്ങള്‍ അയക്കാന്‍ കഴിഞ്ഞിരുന്ന കാലത്തു നിന്ന്, ഒരു നിമിഷം പോലുമെടുക്കാതെ ലോകത്തിന്റെ ഏതു കോണിലേക്കും സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയുന്ന അവസ്ഥയിലേക്ക് എത്താന്‍ വെറും അര നൂറ്റാണ്ടില്‍ താഴെയേ എടുത്തിട്ടുള്ളൂ.
ആളുകളില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയുന്ന മാധ്യമങ്ങളെന്ന നിലയിലാണ് ആശയവിനിമയം വളരുന്നത്. ആശയവിനിമയം നടത്താന്‍ വേണ്ടി മാത്രമാണ് നാം ആ മാധ്യമങ്ങളെ ഉപയോഗിക്കുന്നത് എങ്കില്‍ അവയ്ക്ക് ഒരു പരിധിയിലധികം സ്വാധീനമുണ്ടാക്കാന്‍ കഴിയുമായിരുന്നില്ല. അവയെ നമുക്ക് ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കാമായിരുന്നു.
പക്ഷേ, നമ്മുടെ മുന്നിലേക്ക് എന്റര്‍ടെയിന്‍മെന്റ് ആയി വരുന്ന സംവിധാനങ്ങളിലൂടെയാണ് ആശയവിനിമയം നടക്കുന്നത്. അഥവാ ആളുകള്‍ ആസ്വദിച്ച് കാണുന്ന/ കേള്‍ക്കുന്ന റീലുകളും സിനിമകളും വ്‌ളോഗുകളുമെല്ലാം അവരിലേക്ക് അവര്‍ പോലും ശ്രദ്ധിക്കാത്ത വിധം പ്രൊപഗണ്ടകള്‍ അടങ്ങുന്ന അനേകം സന്ദേശങ്ങള്‍ കൈമാറുന്നു.
'ഈ റീല്‍ കണ്ടത് ആസ്വാദനത്തിനാണ്. സ്‌ട്രെസ്സും ടെന്‍ഷനും ഒന്ന് കുറയ്ക്കാനും റിലാക്‌സാകാനുമാണ് ഞാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചതും സിനിമ കണ്ടതുമെല്ലാം' എന്ന് ധരിക്കുന്ന ആളുകളാണ് ഭൂരിഭാഗവും. പക്ഷേ, ഈ ആസ്വാദനത്തിനൊപ്പം അവ നമ്മിലേക്ക് ഒരുപാട് ആശയങ്ങള്‍ കൈമാറിയിട്ടുണ്ട്. ആ ആശയങ്ങള്‍ നമ്മുടെ നിലപാടുകളെയും കാഴ്ചപ്പാടുകളെയും സ്വാധീനിക്കുകയും ചെയ്‌തേക്കാം.
പ്രൊപഗണ്ടയുടെ കെണിയില്‍ നിന്നു രക്ഷപ്പെടാനുള്ള സംവിധാനം ഭൂരിഭാഗം ജനങ്ങള്‍ക്കും ലഭ്യമല്ല. അതിനു പ്രധാന കാരണം പ്രൊപഗണ്ട എന്ന പ്രശ്‌നം അതിന്റെ ഏറ്റവും തീവ്രമായ രൂപത്തില്‍ നിലവില്‍ വന്നതിന്റെ ആരംഭകാലത്താണ് നാം ജീവിക്കുന്നത് എന്നതാണ്.
പ്രശ്‌നം ഉണ്ടാവുന്നതിനു മുമ്പേ അതിന്റെ പരിഹാരം കണ്ടെത്തലും ആ പരിഹാരം നടപ്പാക്കലും ചെറിയ സംഘങ്ങളിലും വ്യവസ്ഥാപിതമായി പ്രശ്‌നം പ്രതീക്ഷിക്കുന്ന സാഹചര്യങ്ങളിലുമേ പ്രായോഗികമാവൂ. അതും വ്യവസ്ഥ നിയന്ത്രിക്കുന്നവര്‍ക്ക് ആ പ്രശ്‌നത്തെ മറികടക്കാന്‍ ആഗ്രഹമുള്ള, അവരുടെ ആവശ്യമായി അത് വര്‍ത്തിക്കുന്ന അവസ്ഥയില്‍ മാത്രം. ഇവിടെ സംവിധാനത്തെ നിയന്ത്രിക്കുന്നവര്‍ക്ക് പ്രൊപഗണ്ടകളുടെ കെണിയില്‍ നിന്നു മനുഷ്യരെ രക്ഷിക്കേണ്ട ആവശ്യമില്ല എന്നു മാത്രമല്ല, പ്രൊപഗണ്ടകള്‍ക്ക് വിധേയപ്പെടുത്തലാണ് അവരുടെ ലക്ഷ്യം.
ആശയവിനിമയത്തിന്റെ വേഗം വളരെയധികം വര്‍ധിച്ച കാലത്താണ് നാം. ഇനിയും വേഗത കൂടിയേക്കാമെങ്കിലും ആ വര്‍ധനവിന്റെ തോത് ഇത്രത്തോളമുണ്ടാവില്ല. അഥവാ ഇനിയുള്ള കാലത്തിന്റെ സ്വാഭാവികതയാണ് അതിവേഗ ആശയവിനിമയം. അതുകൊണ്ട് ഒരുപക്ഷെ ഇത്തരം പ്രൊപഗണ്ടകളെപ്പോലുള്ള പ്രശ്‌നങ്ങളെ പറ്റിയും, അവ മനസ്സിനെ വക്രീകരിക്കുന്നതിനെ പറ്റിയുമുള്ള ബോധ്യവും സ്വാഭാവികവും സാധാരണവുമാകാം.
വര്‍ഷങ്ങള്‍ക്കപ്പുറം ഒരുപക്ഷേ ആളുകള്‍ ആ ധാരണയോടെത്തന്നെ ഈ മാധ്യമങ്ങളെ സമീപിക്കുന്നവരാാകാം. അവര്‍ക്ക് പ്രൊപഗണ്ടകളുടെ നിക്ഷിപ്ത താത്പര്യങ്ങളില്‍ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാനും കഴിഞ്ഞേക്കാം. ഒരു തലമുറ പ്രശ്‌നത്തിന്റെ തീവ്രഭാവങ്ങള്‍ അനുഭവിക്കുമ്പോഴാണ് അടുത്ത തലമുറയ്ക്ക് പ്രശ്‌നത്തിനുള്ള പരിഹാരം രൂപപ്പെടുന്നത്. കാലചക്രത്തിന് പ്രപഞ്ചസ്രഷ്ടാവ് സംവിധാനിച്ച രീതിയനുസരിച്ച് പരിഹാരങ്ങളുടെ പ്രക്രിയയില്‍ നാം കൂടി പങ്കാളികളാകുന്നു. പക്ഷേ അതിനപ്പുറം ഈ തലമുറയില്‍ തന്നെ അവ പരിഹരിക്കാനുള്ള സവിശേഷ ശ്രമങ്ങള്‍ നമ്മില്‍ നിന്നുമുണ്ടാവണം.
തിരിച്ചറിവ്
പ്രൊപഗണ്ടകളില്‍ നിന്നുമുള്ള മോചനത്തിന്റെ ആദ്യപടി തിരിച്ചറിവാണ്. നാം പോലും അറിയാതെ പ്രൊപഗണ്ടകളിലൂടെ നമ്മുടെ അകത്ത് കയറിക്കൂടിയ ബോധ്യങ്ങളില്‍ നിന്നും അതിനാല്‍ പ്രചോദിതമായ നിലപാടുകളില്‍ നിന്നും വീക്ഷണങ്ങളില്‍ നിന്നും കാഴ്ചപ്പാടുകളില്‍ നിന്നുമെല്ലാം രക്ഷപ്പെടണമെങ്കില്‍ ആദ്യം നാം നമ്മുടെ ബോധ്യങ്ങളെയും നിലപാടുകളെയും വീക്ഷണങ്ങളെയും കാഴ്ചപ്പാടുകളെയുമെല്ലാം സംശയിക്കണം. അവ പ്രൊപഗണ്ടകളിലൂടെ രൂപപ്പെട്ടതാകാനുള്ള സാധ്യത അംഗീകരിക്കണം, തിരിച്ചറിയണം.
നാം ഒരു വെള്ളച്ചുവര്‍ കണ്ടെന്ന് ധരിക്കുക. ആദ്യമായാണത് കാണുന്നത്. ശേഷം ഒരു ആയിരം ആളുകള്‍ അവിടേക്ക് വരുകയും അവരെല്ലാം ആ ചുവരിന്റെ നിറം മഞ്ഞയാണ് എന്ന് ഒരു അസ്വാഭാവികതയും കൂടാതെ പറയുകയും ചെയ്യുന്നു എന്നും ധരിക്കുക. ഇതിന് സാക്ഷിയാകുന്ന നമ്മുടെ അവസ്ഥയെന്തായിരിക്കും?
സ്വന്തം കണ്ണ് കൊണ്ട് കണ്ടിട്ടും അതിന്റെ നിറത്തെ സംബന്ധിച്ച് നാം സ്വാഭാവികമായും സംശയത്തിലകപ്പെടും. ഒരുവേള അത് മഞ്ഞയാണ് എന്ന് നാം അംഗീകരിച്ചെന്നുപോലും വരാം. ഏറ്റവും ചുരുങ്ങിയത് ആ ചുവര്‍ മഞ്ഞയാകാനുള്ള സാധ്യതയെ നാം കൂടുതല്‍ മുഖവിലയ്‌ക്കെടുക്കുകയെങ്കിലും ചെയ്യും.
തെറ്റായ കാര്യങ്ങള്‍ ആവര്‍ത്തിച്ചു കേള്‍ക്കുമ്പോള്‍ അത് ശരിയാണ് എന്ന് തോന്നുന്ന ഈ പ്രക്രിയയെയാണ് Illusiory Truth Effect എന്ന് പറയുന്നത്. ഇങ്ങനെയാണ് പല വിഷയങ്ങളിലും പ്രൊപഗണ്ട പ്രവര്‍ത്തിക്കുന്നത്. ഇവിടെ താന്‍ മനസ്സിലാക്കിയ കാര്യം തെറ്റും, മറ്റു ചില താല്‍പര്യമുള്ള ആളുകള്‍ തന്റെയുള്ളില്‍ സ്ഥാപിച്ചതുമാവാനുമുള്ള സാധ്യത തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യാതെ ആ വ്യാജബോധ്യത്തില്‍ നിന്നു മോചനം സാധ്യമല്ല.
രാഷ്ട്രീയം, മതം, ജീവിതലക്ഷ്യം, സാമൂഹിക വിഷയങ്ങള്‍ തുടങ്ങി സകല കാര്യങ്ങളിലെയും നമ്മുടേതായ ബോധ്യങ്ങള്‍ ഇത്തരത്തില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുള്ള ബാഹ്യ ഇടപെടലുകളാല്‍ നിര്‍മിക്കപ്പെട്ടതാവാം. ആ മേഖലകളിലെല്ലാം ഇക്കാലത്ത് നാം പുനര്‍ചിന്തകള്‍ നടത്തുകയും അവയെ തിരുത്തല്‍ പ്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്യണം.
ഈ വിഷയങ്ങള്‍ക്കെല്ലാം അതിന്റേതായ പ്രാധാന്യമുണ്ടെങ്കിലും ഒരു വിശ്വാസിയെ സംബന്ധിച്ച് അവന്റെ മതപരമായ ബോധ്യങ്ങളും പ്രവര്‍ത്തനങ്ങളും സര്‍വോപരി പ്രധാനപ്പെട്ടതാണ്. ആ മതജീവിതത്തിലെ അപാകതകള്‍ ആത്യന്തികമായ, ശാശ്വതമായ പരലോക ജീവിതത്തെയും നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന സര്‍വശക്തനായ പടച്ചവന്റെ തൃപ്തിയെയും ബാധിക്കുന്നതാണ്. അഥവാ, പരമമായ നഷ്ടത്തിലേക്ക് അത് അവനെ നയിക്കും.
മതത്തിന്റെ ഏറ്റവും കാതലായ ഭാഗം വിശ്വാസമാണ്. അതിന് ശേഷമാണ് കര്‍മം ഉണ്ടാകുന്നത്. അധിക മേഖലകളിലും കര്‍മവും വിശ്വാസവും പരസ്പരം ബന്ധപ്പെട്ടതാണ്. വിശ്വാസത്തിലെ പാളിച്ചകള്‍ ആ വ്യക്തിയിലെ മതത്തെ ഇല്ലാതാക്കുന്നു. അത്യന്തം ഗൗരവകരമായ വിഷയം; ഇത്രയും പ്രധാനപ്പെട്ട വിശ്വാസകാര്യങ്ങളിലേക്കാണ് പലപ്പോഴും സാമൂഹിക മാധ്യമങ്ങളിലെ മാസ് കാമ്പയിനുകളും പ്രൊപഗണ്ടകളും പ്രത്യേകം ക്രമീകരിക്കപ്പെട്ട അല്‍ഗോരിതവുമെല്ലാം കേന്ദ്രീകരിക്കാറുള്ളത് എന്നതാണ്.
ഇസ്‌ലാം അനുസരിച്ച് ജീവിക്കുന്ന ആളുകള്‍ വര്‍ധിക്കുന്നത് സ്വാഭാവികമായും പ്രൊപഗണ്ടിസ്റ്റുകള്‍ക്ക് വലിയ നഷ്ടമാണല്ലോ ഉണ്ടാക്കുന്നത്. പോണ്‍, ഫാഷന്‍, മദ്യം, സിന്തറ്റിക് ലഹരികള്‍, കോസ്‌മെറ്റിക്‌സ് തുടങ്ങിയ ബില്യണ്‍ ഡോളര്‍ വ്യവസായങ്ങള്‍ക്കെല്ലാം ഇസ്‌ലാം വെല്ലുവിളി ഉയര്‍ത്തുന്നു. അവരുടെ ഉപഭോക്താക്കളായി ലക്ഷ്യമിടുന്ന മനുഷ്യരില്‍ ഇസ്‌ലാം പ്രവര്‍ത്തിക്കുന്നു എങ്കില്‍ അത് അവരെ ഈ വ്യവസായങ്ങളില്‍ നിന്ന് അകറ്റുന്നു.
ഇന്ന് ലോകത്ത് മുസ്‌ലിംകളായുള്ള 200 കോടി മനുഷ്യരുടെ പകുതി (100 കോടി) മാത്രം ഇസ്ലാം അനുസരിച്ച് ജീവിക്കുകയാണെകില്‍ തന്നെ ഈ വ്യവസായങ്ങള്‍ക്ക് നഷ്ടപ്പെടുന്ന ഉപഭോക്താക്കളുടെ എണ്ണം ചിന്തിച്ചുനോക്കൂ. സ്വാഭാവികമായും ഈ മനുഷ്യരെ കൂടി തങ്ങളുടെ ഉപഭോക്താക്കളാക്കാനുള്ള ശ്രമങ്ങള്‍ അവരുടെ ഭാഗത്തു നിന്നുമുണ്ടാവും. അതിന് ഏറ്റവും ഫലപ്രദമായ പ്രൊപഗണ്ടയുടെ വഴി തന്നെ അവര്‍ സ്വീകരിക്കുന്നു.
രണ്ട് ലക്ഷ്യങ്ങളാണ് ഈ വിഷയത്തില്‍ അവര്‍ക്കുള്ളത്: 1. ആളുകള്‍ ഇസ്‌ലാം ഉപേക്ഷിക്കുക. 2. ഇസ്‌ലാം അനുസരിച്ച് ജീവിക്കാത്ത, വിശ്വാസത്തില്‍ സംശയങ്ങളും ആശങ്കകളുമുള്ള മുസ്ലിംകളെ സൃഷ്ടിക്കുക.
ഇതില്‍ രണ്ടാമത്തേതാണ് കൂടുതല്‍ എളുപ്പവും പ്രായോഗികവും എന്നതുകൊണ്ട് വ്യത്യസ്ത മേഖലകളില്‍ നിന്നും അതിനുള്ള നിരന്തര ശ്രമങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യം നിലനില്‍ക്കുന്നതു കൊണ്ടുതന്നെ മതത്തിന്റെ വിഷയത്തില്‍ സവിശേഷമായും നമ്മിലേക്ക് തെറ്റായ ബോധ്യങ്ങളും സംശയങ്ങളും ഒരു മാധ്യമത്തിലൂടെയും വരുന്നില്ല എന്ന് നാം ഉറപ്പു വരുത്തേണ്ടതുണ്ട്.
തലമുറ വ്യത്യാസം
ഇന്ന് സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ ഇന്റര്‍നെറ്റിനാലും സാമൂഹിക മാധ്യമങ്ങളാലും സിനിമകളാലുമെല്ലാം സ്വാധീനിക്കപ്പെടാനും പ്രൊപഗണ്ടകളില്‍ പെട്ടുപോകാനുമുള്ള സാധ്യത വളരെയധികമാണ്. മുകളില്‍ സൂചിപ്പിച്ചവ മാത്രമല്ല കാരണങ്ങള്‍. അവയെ കൂടാതെയുള്ള ചില കാരണങ്ങള്‍:
- പുതു തലമുറയുടെ ജീവിതത്തിലെ പ്രാഥമിക ബോധ്യങ്ങളും മനസ്സിലാക്കലുകളും ശരിതെറ്റുകളെ പറ്റിയുള്ള ധാരണകളും അവര്‍ നിര്‍മിക്കുന്ന ഘട്ടത്തില്‍ തന്നെ ഇത്തരത്തില്‍ സംവിധാനിച്ച, പ്രൊപഗണ്ടകള്‍ കൂടി ഉള്‍ച്ചേര്‍ന്ന മാധ്യമങ്ങളില്‍ നിന്നും അവര്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ വളരെ ആഴത്തില്‍ അവരെ സ്വാധീനിക്കുന്നുണ്ട്. വളരെ ആസ്വാദ്യകരമായ രീതികളിലൂടെയായതുകൊണ്ടുതന്നെ ചെറു പ്രായത്തിലുള്ള ആ സ്വാധീനത്തിന്റെ ശക്തി കൂടുതലാകും.
മുമ്പുള്ള തലമുറകളും പ്രൊപഗണ്ടകള്‍ക്ക് വിധേയമാകുന്നുണ്ടെങ്കിലും അവരില്‍ ഭൂരിഭാഗം പേരും ചെറിയ പ്രായത്തില്‍ നിര്‍മിച്ചെടുത്ത ബോധ്യങ്ങള്‍ക്കു മുകളിലാണ് അവര്‍ ഈ മാധ്യമങ്ങളിലൂടെ നേടുന്ന അറിവിനെ സ്വീകരിച്ചത്. സ്വാഭാവികമായും ഒരു മനുഷ്യന്‍ ഈ ലോകത്തെ മനസ്സിലാക്കുകയും ലോകവീക്ഷണം ക്രമീകരിക്കുകയും ചെയ്യുന്ന പ്രായത്തില്‍ ലഭിച്ച ബോധ്യങ്ങളുടെ പിന്‍ബലം അവര്‍ക്കുണ്ടാവും. ആ ബോധ്യങ്ങള്‍ പല പ്രൊപഗണ്ടകളെയും പ്രതിരോധിക്കും.
മുന്‍ തലമുറകളില്‍ അത്തരം ബോധ്യങ്ങള്‍ കുട്ടികള്‍ രൂപപ്പെടുത്തുന്ന പ്രായത്തില്‍ അവര്‍ പൂര്‍ണമായും രക്ഷിതാക്കളുടെ നിയന്ത്രണ മേഖലയിലാണ് ജീവിക്കുന്നത്. രക്ഷിതാക്കള്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിലേക്കേ അവര്‍ പോവൂ. രക്ഷിതാക്കള്‍ക്ക് അറിയുന്ന നാട്ടില്‍ നിന്ന്, അവരുടെ പരിചയക്കാരുടെയോ നാട്ടുകാരുടെയോ മക്കളില്‍ നിന്ന്, ബന്ധുക്കളില്‍ നിന്നെല്ലാമാണ് ആ കുട്ടി (തന്റെ ലോകവീക്ഷണം രൂപപ്പെടുത്തുന്ന) ഈ പ്രായത്തില്‍ അറിവ് നേടുന്നത്.
ആ രക്ഷിതാവാകട്ടെ തന്റെ മക്കള്‍ക്ക് നല്ലത് മാത്രം സംഭവിക്കണം എന്ന് ആഗ്രഹമുള്ളയാളാണുതാനും. അത്തരം രക്ഷിതാക്കളുടെ നിയന്ത്രണത്തില്‍ അറിവ് ലഭിക്കുന്ന കുട്ടികളായിരുന്നു തൊട്ടുമുമ്പു വരെയുള്ള തലമുറകളില്‍ എങ്കില്‍, ഇന്ന് ഈ പ്രായത്തില്‍ തന്നെ നേടുന്ന അറിവുകള്‍ രക്ഷിതാക്കള്‍ക്ക് അറിയുന്നതോ, അവരുടെ നിയന്ത്രണപരിധിയിലുള്ളതോ ഈ നാടുമായി പോലും ബന്ധമില്ലാത്തതോ എല്ലാമായിരിക്കാം.
രക്ഷിതാക്കള്‍ ശരി മനസ്സിലാക്കിയ ആളുകളും തങ്ങളുടെ മക്കള്‍ക്ക് ശരി മാത്രം പകര്‍ന്നുനല്‍കുന്നയാളുകളുമാണ് എന്ന് തെറ്റിദ്ധരിക്കരുത്. എല്ലാ തരത്തിലുള്ള പിഴവുകളും അബദ്ധങ്ങളും പ്രശ്‌നങ്ങളും എല്ലാ തലമുറകളിലുമുണ്ടാവും. ഒരാള്‍ നമ്മുടെ രക്ഷിതാവോ അധ്യാപകനോ ആണ് എന്നതുകൊണ്ട് മാത്രം അയാള്‍ കൊണ്ടുനടക്കുന്ന അബദ്ധ ധാരണകള്‍ അങ്ങനെയല്ലാതാവുന്നില്ല. രക്ഷിതാക്കള്‍ മക്കള്‍ക്ക് പകര്‍ന്നുനല്‍കുന്ന ബോധ്യങ്ങളിലും പിഴവുകളുണ്ടാവാം. പക്ഷേ, അത് പ്രൊപഗണ്ടകളില്‍ നിന്നു വ്യത്യസ്തമാണ്.
രക്ഷിതാക്കള്‍ നിഷ്‌കളങ്കമായി അത് സത്യമാണെന്ന് വിശ്വസിച്ച് തന്റെ മക്കള്‍ ആ സത്യത്തില്‍ തന്നെ വളരുകയും മികച്ച മനുഷ്യരാവുകയും ജീവിതത്തില്‍ വിജയിക്കുകയും ചെയ്യണം എന്ന ചിന്തയിലാണ് മക്കളെ അതിലേക്ക് നയിക്കുന്നത്. മക്കള്‍ നന്നാവണം എന്ന ആത്മാര്‍ഥ ചിന്തയുള്ളവരാണ് രക്ഷിതാക്കള്‍. അതുകൊണ്ടുതന്നെ ആ മനുഷ്യരുടെ പരിധിക്കകത്തുനിന്ന് പരമാവധി ശരി പറഞ്ഞുതരാന്‍ അവര്‍ ശ്രമിക്കും. എന്നാല്‍ പ്രൊപഗണ്ട നിയന്ത്രിക്കുന്നവര്‍ തങ്ങളുടെ സ്വാര്‍ഥ താല്‍പര്യത്തിനു മാത്രമാണ് പ്രാധാന്യം നല്‍കുന്നത്.
- ഇന്നത്തെ തലമുറയ്ക്ക് മുന്നില്‍ ഔദ്യോഗികവും വിശ്വസനീയവുമായി ലഭ്യമാകുന്ന സംവിധാനങ്ങളും പ്രൊപഗണ്ടകളാല്‍ നയിക്കപ്പെടുന്നവയാണ്. പാഠ്യപദ്ധതികളും അധ്യാപകരും സിലബസുകളും കലാകാരന്മാരും സ്വാധീനശേഷിയുള്ള മുതിര്‍ന്നവരും രാഷ്ട്രീയക്കാരും അടക്കം വിശ്വസനീയമായി ഇപ്പോള്‍ ലഭ്യമായ സ്രോതസ്സുകളും പ്രൊപഗണ്ടകള്‍ക്ക് വിധേയപ്പെട്ട് അതിന് സഹായകമായ ആശയവിനിമയം നടത്തുന്നവരാണ്.
അഥവാ, ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധ തരത്തിലുള്ള ആശയ വിളംബരങ്ങളാണ് നടക്കുന്നത്. ഇതിനെ വേര്‍തിരിച്ചറിയാന്‍ നമ്മുടെ മക്കള്‍ക്ക് സാധിക്കണം. അതിനാവശ്യമായ വിധത്തില്‍ പിന്തുണയും മാധ്യമ സാക്ഷരതയും നാം പകര്‍ന്നു നല്‍കണം.
