മലപ്പുറം; കെട്ടുകഥകളെ തോല്‍പ്പിക്കുന്ന വിദ്യാഭ്യാസ വിവേചനം


ഹയര്‍ സെക്കന്‍ഡറി മുതല്‍ വിദ്യാഭ്യാസ പ്രതിസന്ധി രൂക്ഷമാണ്. ഒന്നര പതിറ്റാണ്ടായി ഓരോ വര്‍ഷവും കാല്‍ ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് മലപ്പുറം ജില്ലയില്‍ തുടര്‍പഠന സൗകര്യമില്ല.

ലപ്പുറം ജില്ല അഭിമുഖീകരിക്കുന്ന വലിയ വിവേചനങ്ങളിലൊന്ന് വിദ്യാഭ്യാസ മേഖലയിലാണ്. പഞ്ചായത്ത് വാര്‍ഡ് പരിധികള്‍ക്കുള്ളില്‍ ലഭ്യമാവേണ്ട പ്രൈമറി സ്‌കൂള്‍ എണ്ണത്തില്‍ തുടങ്ങുന്നുണ്ട് ഈ വിദ്യാഭ്യാസ വിവേചനം.

എട്ടു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മലപ്പുറം ജില്ലയില്‍ ആകെയുള്ളത് നാല് വിദ്യാഭ്യാസ ജില്ലകളും 17 വിദ്യാഭ്യാസ ഉപജില്ലകളുമാണ്. മലപ്പുറത്തെ വിദ്യാഭ്യാസ ഉപജില്ലകളുടെ നാലില്‍ ഒരു ഭാഗം വിദ്യാര്‍ഥികളെ മറ്റു ജില്ലകളിലെ വിദ്യാഭ്യാസ ഉപജില്ലകളിലുള്ളൂ.

സ്‌കൂളുകളുടെ കാര്യത്തില്‍ മാത്രമല്ല വിദ്യാഭ്യാസ ഉപജില്ലകളുടെ കാര്യത്തിലും മലപ്പുറം ജില്ല പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. 2018ല്‍ ടി വി ഇബ്രാഹീം എംഎല്‍എ രേഖാമൂലം നിയമസഭയില്‍ ഉന്നയിച്ച ചോദ്യവും അന്നത്തെ വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് അതിന് നല്‍കിയ മറുപടിയും കാണാം.

വിദ്യാര്‍ഥികളുടെ എണ്ണം, സ്‌കൂളുകളുടെ എണ്ണം എന്നിവ അടിസ്ഥാനപ്പെടുത്തി സംസ്ഥാനത്തെ ഏറ്റവും വലിയ അഞ്ച് വിദ്യാഭ്യാസ ഉപജില്ലകള്‍ ഏതെന്ന് പറയാമോ എന്നായിരുന്നു എംഎല്‍എയുടെ ചോദ്യം. അതിന് നല്‍കിയ മറുപടിയില്‍, ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ ഉള്ള അഞ്ചില്‍ മൂന്ന് ഉപജില്ലയും മലപ്പുറം ജില്ലയിലാണ്. തിരൂര്‍ ഉപജില്ല (93 സ്‌കൂള്‍), കൊണ്ടോട്ടി ഉപജില്ല (92 സ്‌കൂള്‍), മഞ്ചേരി ഉപജില്ല (90 സ്‌കൂള്‍).

വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലകളില്‍ അഞ്ചില്‍ നാലും മലപ്പുറത്താണ്. വേങ്ങര 30,814, കൊണ്ടോട്ടി 27,644, തിരൂര്‍ 24,327, താനൂര്‍ 23,682. പുതിയ വിദ്യാഭ്യാസ ജില്ല-ഉപജില്ലകള്‍ മലപ്പുറത്ത് അനുവദിക്കേണ്ടിയിരിക്കുന്നു.

ഹയര്‍ സെക്കന്‍ഡറി മുതല്‍ ജില്ലയില്‍ വിദ്യാഭ്യാസ പ്രതിസന്ധി രൂക്ഷമാണ്. ഒന്നര പതിറ്റാണ്ടായി ഓരോ വര്‍ഷവും കാല്‍ ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് മലപ്പുറം ജില്ലയില്‍ തുടര്‍പഠന സൗകര്യമില്ല. ആയിരത്തിലേറെ സീറ്റുകള്‍ പല തെക്കന്‍ ജില്ലകളിലും കാലിയായിക്കിടക്കുമ്പോഴാണീ മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി നിലനില്‍ക്കുന്നത്.

പ്രശ്‌നം പരിഹരിക്കാന്‍ ഒരു ബാച്ചില്‍ 65 കുട്ടികളെ വെച്ച് കൂട്ടിയാലും 337 പുതിയ ബാച്ചെങ്കിലും മലപ്പുറം ജില്ലയില്‍ അനുവദിക്കേണ്ടതുണ്ട്. 50:1 എന്ന ഔദ്യോഗിക അധ്യാപക-വിദ്യാര്‍ഥി അനുപാതത്തില്‍ ആണെങ്കില്‍ മലപ്പുറത്ത് ഇനിയും അഞ്ഞൂറിലധികം ബാച്ചുകള്‍ ഉണ്ടാവേണ്ടതുണ്ട്. അതു പക്ഷേ, ജില്ല മലപ്പുറമാകുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് അനീതി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

ഓരോ വര്‍ഷവും പ്ലസ് വണ്‍ പ്രവേശനം കിട്ടാതെ ഓപണ്‍ സ്‌കൂളില്‍ മലപ്പുറം ജില്ലയില്‍ നിന്ന് പ്രവേശനം നേടുന്നത് പതിനയ്യായിരത്തോളം വിദ്യാര്‍ഥികളാണ്. സംസ്ഥാനത്തുനിന്ന് ആകെ ഓപണ്‍ സ്‌കൂളില്‍ പ്രവേശനം നേടിയവരുടെ 41% വരുമിത്. ഇടതുപക്ഷ സര്‍ക്കാര്‍ നിശ്ചയിച്ച വി കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റി ഇതെല്ലാം കണ്ടെത്തി രേഖപ്പെടുത്തിയതാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വന്നാലും ഈ വിവേചനം കാണാം. ഓരോ വര്‍ഷവും ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി പാസാകുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിന്റെ പകുതി പോലും സീറ്റ് മലപ്പുറം ജില്ലയില്‍ ലഭ്യമല്ല. ഓരോ വര്‍ഷവും ഇങ്ങനെ ജില്ലയില്‍ ബിരുദ സൗകര്യം ഇല്ലാതെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത് കാല്‍ ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ്.

എന്നാല്‍, കോട്ടയത്തും എറണാകുളത്തും ഇടുക്കിയിലും അതതു ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിജയികളേക്കാള്‍ പതിനായിരത്തിലേറെ ഉപരിപഠന സീറ്റുകളുണ്ട്. എല്ലാ വര്‍ഷവും ഏകദേശം ഇത്രയും സീറ്റുകള്‍ ഈ ജില്ലകളില്‍ അധികമുണ്ട്.

സര്‍ക്കാര്‍/ എയ്ഡഡ് മേഖലയില്‍ 28 കോളജുകള്‍ തിരുവനന്തപുരം ജില്ലയിലുണ്ട്. 9297 വിദ്യാര്‍ഥികള്‍ക്ക് അവിടെ പൊതുമേഖലയില്‍ മാത്രം ബിരുദ സീറ്റുകളുമുണ്ട്. എന്നാല്‍ മലപ്പുറം ജില്ലയില്‍ പൊതുമേഖലയില്‍ 22 കോളജുകള്‍ ഉണ്ടെങ്കിലും ബിരുദ സീറ്റുകളുടെ എണ്ണം 6776 മാത്രമാണ്.

തിരുവനന്തപുരത്ത് പിജി സീറ്റുകളുടെ എണ്ണം 3572 ആകുമ്പോള്‍ മലപ്പുറത്തത് വെറും 1613 ആണ്. മലപ്പുറം ജില്ലയുടെ മൂന്നിലൊന്നു മാത്രം ജനസംഖ്യയുള്ള കൊല്ലത്ത് 6830 ബിരുദ സീറ്റുകളുണ്ട്. ഇങ്ങനെ മലപ്പുറത്തേക്കാള്‍ ജനസംഖ്യ കുറഞ്ഞ തൃശൂരില്‍ 10153, എറണാകുളത്ത് 10089, ആലപ്പുഴയില്‍ 6147 ബിരുദ സീറ്റുകള്‍ ലഭ്യമാണ്.

മലപ്പുറം ജില്ലയിലെ ചില സര്‍ക്കാര്‍ കോളജുകളില്‍ മിനിമം കോഴ്‌സുകളും സീറ്റുകളും മാത്രമായി 500ല്‍ താഴെ വിദ്യാര്‍ഥികള്‍ മാത്രമേയുള്ളൂ. സ്വന്തമായി കെട്ടിടമില്ലാതെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കോളജുകളും മലപ്പുറം ജില്ലയില്‍ ഇപ്പോഴുമുണ്ട്.

അതിജീവിക്കാന്‍ ഒരു ജനത തീരുമാനിച്ചാല്‍ മുന്നിലാര് പ്രതിബന്ധങ്ങള്‍ തീര്‍ത്താലും മുന്നേറുക തന്നെ ചെയ്യും. പക്ഷേ, ആ മുന്നേറ്റത്തിനിടയ്ക്കും ഭരണകൂട അനീതികളെ ചൂണ്ടിക്കാട്ടാനും തിരുത്തിക്കാനും അവര്‍ ശബ്ദിച്ചുകൊണ്ടേയിരിക്കും.

സര്‍ക്കാര്‍ തന്നെ നിശ്ചയിച്ച പ്രൊഫ. ശ്യാം മേനോന്‍ അധ്യക്ഷനായുള്ള ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മലബാറിലും മലപ്പുറത്തുമുള്ള കോളജുകളുടെയും കോഴ്‌സുകളുടെയും പരിമിതിയെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്.

മലപ്പുറത്തെയും മലബാറിലെയും പ്രധാന സര്‍വകലാശാല കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയാണ്. യുജിസി ചട്ടപ്രകാരം ഒരു യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്യാവുന്ന കോളജുകളുടെ പരമാവധി എണ്ണം നൂറാണ്. നിലവില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്നത് അഞ്ഞൂറിനടുത്ത് കോളജുകളാണ്.

അതായത് യുജിസി പ്രകാരം തന്നെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പരിധിക്കകത്തുതന്നെ മിനിമം മൂന്നു പുതിയ യൂണിവേഴ്‌സിറ്റികളെങ്കിലും ഉണ്ടാകണമെന്നര്‍ഥം. ഈ അധികബാധ്യത പേറുന്നതിന്റെ എല്ലാ സ്തംഭനാവസ്ഥയും മെല്ലെപ്പോക്കും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മുഖമുദ്രയുമാണ്.

ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റുമായിരുന്ന അലിഗഡ് യൂനിവേഴ്‌സിറ്റി കാമ്പസ് സാങ്കേതിക കുരുക്കില്‍പ്പെട്ട് പ്രതീക്ഷിച്ച വിധം മുന്നോട്ടുപോകാത്തതും ഇഫ്‌ളു കാമ്പസ് യാഥാര്‍ഥ്യമാവാതെ പോയതും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന അറബിക് യൂനിവേഴ്‌സിറ്റിയും ആയുര്‍വേദ യൂനിവേഴ്‌സിറ്റിയും മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ രംഗത്തെ സങ്കടവര്‍ത്തമാനങ്ങളാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മലപ്പുറം ജില്ലക്ക് നല്‍കിയ വികസനങ്ങളുടെ കണക്കുകളില്‍ ചിലതാണ് പങ്കുവെച്ചത്. എന്നിട്ടും മലപ്പുറം ഇങ്ങനെ അഭിമാനപൂര്‍വം തലയുയര്‍ത്തിപ്പിടിക്കുന്നത് എങ്ങനെയെന്ന ഒരു ചോദ്യമുണ്ട്. ഉത്തരം ഒന്നേയുള്ളൂ. പ്രവാസം നല്‍കിയ അനുഗ്രഹത്തിലൂടെ കടന്നുപോകാന്‍ ഈ ജനതക്ക് സാധിച്ചതിന്റെ നേട്ടങ്ങളാണത്.

വലിയ വീടുകള്‍, വില കൂടിയ കാറുകള്‍, വന്‍ ഷോപ്പിങ് കോംപ്ലക്‌സുകളും പുത്തന്‍ ഷോപ്പുകളും നിറഞ്ഞ അങ്ങാടികള്‍, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍, സെല്‍ഫ് ഫിനാന്‍സ് കോളജുകള്‍, എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍, ഉന്നത വിദ്യാഭ്യാസം തേടി ഡല്‍ഹിയിലേക്കും യൂറോപ്പിലേക്കും പുതുതലമുറ നടത്തുന്ന വിജ്ഞാന കുടിയേറ്റങ്ങള്‍, സിവില്‍ സര്‍വീസ് നേട്ടങ്ങള്‍, സയന്‍സ് ആന്റ് ടെക്‌നോളജി മേഖലയിലേക്കുള്ള ചുവടുവെപ്പുകള്‍, കഥയും കവിതയും നോവലുകളും എഴുതി പ്രസിദ്ധീകരിക്കുന്ന ന്യൂജന്‍ വിസ്മയങ്ങള്‍.

ഒരു സിനിമയ്ക്ക് ആവശ്യമായ നിര്‍മാണം, സംവിധാനം, തിരക്കഥ, അഭിനയം എന്നിവയെല്ലാം ഉയര്‍ന്നുവരാനുള്ള ഏറ്റവും വലിയ പിന്‍ബലം എന്നത് പ്രവാസം സമ്മാനിച്ച പച്ചപ്പുകള്‍ തന്നെയാണ്. അതിജീവിക്കാന്‍ ഒരു ജനത തീരുമാനിച്ചാല്‍ മുന്നിലാര് പ്രതിബന്ധങ്ങള്‍ തീര്‍ത്താലും അവര്‍ മുന്നേറുക തന്നെ ചെയ്യും. പക്ഷേ, ആ മുന്നേറ്റത്തിനിടയ്ക്കും ഭരണകൂട അനീതികളെ ചൂണ്ടിക്കാട്ടാനും അതിനെ തിരുത്തിക്കാനും അവര്‍ ശബ്ദിച്ചുകൊണ്ടേയിരിക്കും.

ഇവിടെ വായിക്കാം:

ജില്ല മലപ്പുറമാകുമ്പോള്‍ വികസന പദ്ധതികള്‍ ഇഴയും

വികസന വിവേചനത്തിന്റെ മലപ്പുറം സ്‌റ്റോറി അല്പം ഭീകരമാണ്