ആനന്ദത്തിലേക്കുള്ള ആഴമേറിയ വഴി; അഥവാ സന്തോഷം ഒരു തീരുമാനമാണ്


ചിലര്‍ പണത്തിലും ചിലര്‍ ഭൗതിക സുഖങ്ങളിലും മറ്റു ചിലര്‍ ആത്മീയ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിലുമാണ് ആനന്ദം കണ്ടെത്തുന്നത്.

നുഷ്യന്‍ ജന്മനാ തന്നെ സന്തോഷത്തിനായുള്ള തിരച്ചിലിലാണ്. അതിനായി അവന്‍ ധാരാളം സമ്പാദിക്കുകയും കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു. സാഹസികതയില്‍ പങ്കുചേരുകയും ഉന്നത ബിരുദങ്ങള്‍ നേടുകയും വലിയ സ്ഥാനമാനങ്ങള്‍ ലക്ഷ്യംവെക്കുകയും ചെയ്യുന്നു.

മണിമാളികകളും ആഡംബര കാറുകളും സ്വന്തമാക്കാന്‍ പരിശ്രമിക്കുന്നു. ഫാഷനബ്ള്‍ വസ്ത്രങ്ങള്‍ ധരിക്കുന്നു. ഉയര്‍ന്ന ശമ്പളം ലക്ഷ്യമിടുന്നു. എന്നാല്‍ ഇതെല്ലാം ഉണ്ടായിട്ടും യഥാര്‍ഥ സന്തോഷം പലര്‍ക്കും പ്രാപ്യമാകുന്നില്ല. സന്തോഷത്തിനായുള്ള വഴികള്‍ ആളുകള്‍ പലവിധം തേടുന്നു. ചിലര്‍ പണത്തിലും ചിലര്‍ ഭൗതിക സുഖങ്ങളിലും മറ്റു ചിലര്‍ ആത്മീയ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിലുമാണ് സന്തോഷം തേടുന്നത്.

ചിലര്‍ അറിവ് നേടുന്നതിലും ആശയവിനിമയം നടത്തുന്നതിലും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലുമാണ് ആനന്ദം കണ്ടെത്തുന്നത്. അതിനാല്‍, താല്‍ക്കാലികമായ ആനന്ദവും സ്ഥിരമായ സന്തോഷവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത് അനിവാര്യമാണ്.

സമ്പന്നരുടെ കൊട്ടാരങ്ങളേക്കാള്‍ സാധാരണക്കാരുടെ കുടിലുകളിലും സെലിബ്രിറ്റികളുടെ ജീവിതത്തേക്കാള്‍ സാധാരണ മനുഷ്യരുടെ ലോകത്തും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ആഡംബര വിരുന്നുകളേക്കാള്‍ സുഹൃത്തുക്കളോടൊത്തുള്ള ലളിതമായ സംഗമങ്ങളിലുമാണ് നമ്മള്‍ സന്തോഷം കൂടുതലായി അനുഭവിക്കുന്നത്.

സന്തോഷത്തിലേക്കുള്ള താക്കോലുകള്‍ ഒരു വ്യക്തി എത്രത്തോളം കണ്ടെത്തുന്നുവോ അത്രത്തോളം അത് വികസിപ്പിക്കാനും സന്തോഷത്തിന്റെ പുതിയ സ്രോതസ്സുകള്‍ കണ്ടെത്താനും അവര്‍ ആഗ്രഹിക്കുന്നു. ഈ കണ്ടെത്തലുകള്‍ ആത്മാവിനെ ആനന്ദിപ്പിക്കുക മാത്രമല്ല, ജീവിതസാഫല്യത്തിനായുള്ള അതിന്റെ ആഴത്തിലുള്ള ദാഹം ശമിപ്പിക്കുകയും ചെയ്യുന്നു.

സംതൃപ്തി, ബഹുമാനം, ആദരവ്, സൃഷ്ടിപരമായ ചിന്ത, നിസ്വാര്‍ഥത, സഹാനുഭൂതി എന്നിവയാണ് സന്തോഷത്തിന്റെ അടിത്തറകള്‍. സമൂഹത്തിനു പ്രയോജനകരമാവുന്ന പ്രവര്‍ത്തനങ്ങള്‍, അറിവിന്റെ പ്രചാരണം, വാഗ്ദാനങ്ങള്‍ പാലിക്കല്‍, മനുഷ്യരാശിയുടെ പൈതൃകത്തെ സമ്പന്നമാക്കുന്ന ശ്രമങ്ങള്‍ എന്നിവയെല്ലാം നമ്മില്‍ ആഴത്തിലുള്ള സംതൃപ്തി വളര്‍ത്തുന്നു.

സംതൃപ്തി, ബഹുമാനം, ആദരവ്, പോസിറ്റിവിറ്റി, നിസ്വാര്‍ഥത, സഹാനുഭൂതി എന്നിവ സന്തോഷത്തിന് അനിവാര്യമായ ഘടകങ്ങളാണ്. അറിവ് പ്രചരിപ്പിക്കല്‍, വാഗ്ദാനം ചെയ്ത പദ്ധതികള്‍ നടപ്പാക്കല്‍ തുടങ്ങിയ, സമൂഹത്തിന് പ്രയോജനകരവും മനുഷ്യരാശിയുടെ സാംസ്‌കാരിക പൈതൃകത്തെ സമ്പന്നമാക്കുന്നതുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് എന്നിവയെല്ലാം നമ്മില്‍ ആഴത്തിലുള്ള സംതൃപ്തി ഉണര്‍ത്തുന്നു.

സന്തോഷത്തിലേക്കുള്ള പ്രധാന വഴികളില്‍ ഒന്നാണ് മൂല്യങ്ങളെ മുറുകെപ്പിടിക്കല്‍. മൂല്യങ്ങള്‍ വിത്തുകളാണ്, അവ വളരുന്നിടത്ത് സന്തോഷം വിരിയുന്നു. തരിശുഭൂമിക്ക് ജീവന്‍ തരുന്ന നദികളെപ്പോലെ അവ മനസ്സുകളെ പച്ചപ്പാക്കുന്നു; സദാ ശുദ്ധിയാര്‍ന്ന പുഞ്ചിരി പോലെ, വിരിയാനിരിക്കുന്ന പൂക്കളെ ഉണര്‍ത്തുന്ന സുഗന്ധമാര്‍ന്ന കാറ്റിനെപ്പോലെ, മൂല്യങ്ങള്‍ ഹൃദയങ്ങളെ തൊടുന്നു.

സന്തോഷത്തിലേക്കുള്ള ഏറ്റവും ആഴമേറിയ വഴി ആന്തരിക സമാധാനമാണ്. അഥവാ സന്തോഷം ഒരു തീരുമാനമാണ്.

മനുഷ്യബന്ധങ്ങള്‍ പരിപോഷിപ്പിക്കുന്നതും, സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ പൊതുപ്രശ്‌നങ്ങളില്‍ പങ്കുചേരുന്നതും സന്തോഷത്തിലേക്കുള്ള മറ്റൊരു വഴിയാണ്. വായനയും സന്തോഷത്തിന്റെ കവാടമാണ്. വായനയിലൂടെ എഴുത്തുകാരുടെ മനസ്സിലേക്കു കടക്കാം, അവരുടെ ജീവിതരീതികള്‍ മനസ്സിലാക്കാം, സന്തോഷത്തിലേക്കുള്ള അവരുടെ യാത്രയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാം.

സ്വന്തം കഴിവുകളെയും സ്വാഭാവിക അഭിലാഷങ്ങളെയും തിരിച്ചറിയുകയും അവയെ വിലമതിക്കുകയും ചെയ്യുന്നത് സന്തോഷം വളര്‍ത്തുന്നു. സമ്പത്തിലും പ്രശസ്തിയിലും നിങ്ങളെക്കാള്‍ മുന്നിലുള്ളവരുമായി താരതമ്യം ഒഴിവാക്കുന്നത് മനസ്സിന് സ്വാതന്ത്ര്യം നല്‍കുന്നു.

ശരീരവും ആത്മാവും ഐക്യത്തിലായിരിക്കുമ്പോഴാണ് സന്തോഷം പൂര്‍ണമായി അനുഭവപ്പെടുന്നത്. ആത്മാര്‍ഥമായ ദൃഢനിശ്ചയം, മറ്റുള്ളവരെ സഹായിക്കുന്ന മനോഭാവം, ഒരാളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കുന്ന സംഭാവനകള്‍, അവരുടെ ഭാരങ്ങള്‍ ലഘൂകരിക്കുന്ന ശ്രമങ്ങള്‍, ഭാവി തലമുറക്കായുള്ള മികച്ച ലോകനിര്‍മാണം എന്നിവയെല്ലാം മനുഷ്യനെ സ്ഥിരമായ സന്തോഷത്തിലേക്ക് നയിക്കുന്നു.

ജോലിയില്‍ വൈദഗ്ധ്യം നേടുകയും വിജയം കൈവരിക്കുകയും അക്കാദമിക്, പ്രൊഫഷണല്‍ മേഖലകളില്‍ ലക്ഷ്യങ്ങള്‍ സഫലമാക്കുകയും ചെയ്യുന്നത് സന്തോഷത്തിന്റെ ഉറവിടങ്ങളാണ്. ഇതിനു പുറമേ പഠനത്തില്‍ സ്ഥിരത പുലര്‍ത്തല്‍, ശാരീരിക പ്രവര്‍ത്തനങ്ങള്‍, മറ്റുള്ളവരുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരല്‍ എന്നിവ സന്തോഷത്തെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നു.

എന്നാല്‍ സന്തോഷത്തിലേക്കുള്ള ഏറ്റവും ആഴമേറിയ വഴി ആന്തരിക സമാധാനമാണ്. ഭൗതികമായും ആത്മീയമായും ഉദാരമനസ്‌കതയോടെ ജീവിക്കുന്നത്, മറ്റുള്ളവരെ ആശ്വസിപ്പിക്കലും സഹായിക്കലും- ഇതെല്ലാമാണ് സന്തോഷത്തിലേക്കുള്ള ദിശ. സന്തോഷം ഒരു തീരുമാനമാണ്.

അത് ധാര്‍മികവും ഭൗതികവുമായ ആവശ്യങ്ങള്‍ ഏകോപിതമായി നിറവേറ്റപ്പെടുന്ന വേളയില്‍, ഹൃദയത്തിന്റെയും ആത്മാവിന്റെയും സമാധാനത്തില്‍ നിന്ന് ഉദിക്കുന്ന ഉറച്ച സംതൃപ്തിയാണ്.

ആശയ വിവര്‍ത്തനം : ഇബ്‌റാഹീം ശംനാട്