അസം: രണ്ടു ഭൂരിപക്ഷ ദേശീയതകള്‍ അക്രമാസക്തമായി കൂട്ടുചേരുമ്പോള്‍


അസമില്‍ സ്‌കൂള്‍ കേന്ദ്രീകൃത വേദപഠനവും വിദ്യാര്‍ഥിയുടെ ഭൂരിപക്ഷ ഹിന്ദു ഐഡന്റിറ്റിയുമായി യോജിക്കുന്ന ഒരു ഏകീകൃത ചിന്താപ്രക്രിയയും വിദ്യാര്‍ഥികളുടെ സ്വന്തം ഐഡന്റിറ്റി ഇല്ലാതാക്കുന്നവയായിരുന്നു.

ദിവാസി ജില്ലകളില്‍ കൂടുതല്‍ വ്യാപകമായത് ഏകല്‍ വിദ്യാലയങ്ങള്‍ അഥവാ സിംഗിള്‍ ടീച്ചര്‍ സ്‌കൂളുകളാണ്. അസമിലെ ഈ സ്‌കൂളുകളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികളെ മറ്റ് സംസ്ഥാനങ്ങളിലേക്കു അയക്കുകയും അവിടെ അവരെ ആര്‍എസ്എസോ അല്ലെങ്കില്‍ അവരുടെ പിന്തുണക്കാരോ നടത്തുന്ന വലിയ സ്ഥാപനങ്ങളില്‍ ചേര്‍ക്കുകയും ചെയ്തു.

സ്‌കൂള്‍ കേന്ദ്രീകൃത വേദപഠനവും വിദ്യാര്‍ഥിയുടെ ഭൂരിപക്ഷ ഹിന്ദു ഐഡന്റിറ്റിയുമായി യോജിക്കുന്ന ഒരു ഏകീകൃത ചിന്താപ്രക്രിയയും വിദ്യാര്‍ഥികളുടെ സ്വന്തം ഐഡന്റിറ്റി ഇല്ലാതാക്കുന്നവയായിരുന്നു. കൂടാതെ, മതപരിവര്‍ത്തനം പൂര്‍ത്തിയാക്കുന്നതിനായി വിദ്യാര്‍ഥികളുടെ അയല്‍പക്കങ്ങളില്‍ ഹിന്ദു ക്ഷേത്രങ്ങളും സ്ഥാപനങ്ങളും നിര്‍മിക്കുകയും ചെയ്തിരുന്നു.

ഈ സ്ഥാപനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വശം, വിദ്യാര്‍ഥികള്‍ ഭയപ്പെടേണ്ട പ്രധാന ആക്രമണകാരി, അവരുടെ സംസ്‌കാരവും സ്വത്വവും ഇടവും ഇല്ലാതാക്കുന്ന ശത്രു 'ബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌ലിംകള്‍' ആണെന്ന് അവരുടെ ഉപബോധ മനസ്സില്‍ വളര്‍ത്തിയെടുക്കുന്നു. ആര്‍എസ്എസും അസമീസ് ദേശീയവാദികളും അവകാശപ്പെടുന്നത് തങ്ങള്‍ക്ക് അസമിലെ ഗോത്രവിഭാഗങ്ങളുടെ പിന്തുണയുണ്ടെന്നാണ്.

വാസ്തവത്തില്‍, മിഷിംഗ് സമൂഹത്തിന്റെ ഗോത്രഭൂമി സംസ്ഥാന അധികാരികള്‍ പലപ്പോഴും ഭരണഘടനാവിരുദ്ധമായ രീതികള്‍ ഉപയോഗിച്ച് പിടിച്ചെടുത്തിട്ടുണ്ട്. അന്ന് ആരും എത്തിയില്ല എന്ന് ആ സമാദയത്തിലെ പ്രമുഖ സ്‌കോളര്‍ മനോരഞ്ജന്‍ പെഗു പറഞ്ഞു. 'സംരക്ഷിത ഗോത്ര ബെല്‍റ്റുകളും ബ്ലോക്കുകളും' എന്നതില്‍ ഉള്‍പ്പെട്ട മിഷിംഗ് പോലുള്ള സംരക്ഷിത ഗോത്രവിഭാഗങ്ങളുടെ ഭൂമി ആദിവാസികള്‍ അല്ലാത്തവര്‍ക്ക് എടുക്കാന്‍ കഴിയില്ല.

ആയതിനാല്‍ വിപുലീകരണത്തില്‍ അസമീസ് സര്‍ക്കാരും ഉള്‍പ്പെടണം. എന്നിരുന്നാലും, ജില്ലാ കമ്മീഷണര്‍മാര്‍ അത്തരം സംരക്ഷിത പ്രദേശങ്ങള്‍ പതിവായി ഡീനോട്ടിഫൈ ചെയ്യുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് സൗകര്യമൊരുക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതാക്കുന്നു.

കൊക്രജാര്‍, ദിമാ ഹസാവോ ജില്ലകളിലെ ആദിവാസി വിഭാഗങ്ങളില്‍ നിന്ന് അദാനി എന്റര്‍പ്രൈസസിന് 13,000 ബിഗ ആദിവാസി ഭൂമിയുടെ കൈമാറ്റം നടത്തിയത് കടുത്ത വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. കൊക്രജാറില്‍ ഭൂമി അനുവദിച്ചത് നിര്‍ബന്ധിത പൊതുജനാഭിപ്രായം തേടാതെയാണെന്ന് ബോഡോ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ബോണ്‍ജിത് മഞ്ജില്‍ ബസുമതാരി അഭിപ്രായപ്പെടുകയും, ബഹുജന പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു.

ഭൂമിപ്രശ്‌നങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില മുതിര്‍ന്ന പ്രവര്‍ത്തകര്‍ ഈ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും സംസ്ഥാനം നടത്തുന്ന ഇത്തരം അവകാശ ധ്വംസനങ്ങള്‍ക്കെതിരെ അസമീസ് ദേശീയവാദ ഗ്രൂപ്പുകളൊന്നും പിന്തുണയുമായി രംഗത്തെത്തുന്നില്ല എന്നും പെഗു കൂട്ടിച്ചേര്‍ത്തു.

1970കളില്‍ ആര്‍എസ്എസിന്റെ വിദ്യാര്‍ഥി വിഭാഗമായ എബിവിപി അസം പ്രസ്ഥാനത്തില്‍ പൂര്‍ണമായി പങ്കെടുക്കാന്‍ തുടങ്ങിയപ്പോള്‍, ഉയര്‍ന്ന ജാതിക്കാര്‍ക്കിടയില്‍ ഭരണസംവിധാനങ്ങളും ഹിന്ദു ദേശീയതയുടെ ഉദയവും തമ്മിലുള്ള അവിശുദ്ധ ബന്ധം അതിന്റെ ഉച്ചസ്ഥായിയിലെത്തി. ആര്‍എസ്എസിന്റെ രണ്ടാമത്തെ തലവനായ എം എസ് ഗോള്‍വാള്‍ക്കറുടെ കാലം മുതല്‍ 'ബംഗ്ലാദേശി കുടിയേറ്റക്കാര്‍'ക്കെതിരായ പ്രചാരണത്തില്‍ ആര്‍എസ്എസ് എങ്ങനെ പങ്കാളിയായി എന്നതിനെക്കുറിച്ച് പത്രപ്രവര്‍ത്തകയായ മസോയോ അവുന്‍ഗാഷിയും പ്രൊഫ. മാലിനി ഭട്ടാചാര്യയും വിശദമായി എഴുതിയിട്ടുണ്ട്.

ആര്‍എസ്എസ് നേതാക്കള്‍ ദേശീയതലത്തില്‍ ഈ വിഷയത്തില്‍ ശക്തമായി സംസാരിച്ചു, അസമിന്റെ ജനസംഖ്യാ അനുപാതം മാറ്റാനുള്ള ബംഗാളി മുസ്ലിംകളുടെ 'ദുഷിച്ച ഗൂഢാലോചന'യെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. അതേസമയം, ബംഗ്ലാദേശില്‍ നിന്നുള്ള ബംഗാളി ഹിന്ദുക്കളെ ഇന്ത്യയില്‍ അഭയം നല്‍കേണ്ട ഇരകളായും പ്രതിഷ്ഠിച്ചു.

അവരെ ഉള്‍ക്കൊള്ളുന്നതിലൂടെ അസമിന് ഹിന്ദു ഭൂരിപക്ഷമായി തുടരാന്‍ കഴിയും എന്നതായിരുന്നു ആര്‍എസ്എസ് മുന്നില്‍ കണ്ടിരുന്ന കാര്യം. 1980കളോടെ, 'നാളത്തെ ഇന്ത്യയെ രക്ഷിക്കാന്‍ ഇന്നത്തെ അസമിനെ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയര്‍ത്തി ഈ വിഷയത്തിന് ദേശീയ നിറം നല്‍കുന്നതിനായി എബിവിപി ഡല്‍ഹിയില്‍ ദേശീയതല പരിപാടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി.

എഎഎസ്‌യുവും ആര്‍എസ്എസും ഒരുമിച്ച് മുസ്‌ലിംകള്‍ക്കെതിരെ വളരെയേറെ വിദ്വേഷം സൃഷ്ടിക്കുകയും ഒടുവില്‍ അത് നെല്ലി കൂട്ടക്കൊലയിലേക്ക് നയിക്കുകയും ചെയ്തു. ആ കൂട്ടക്കൊലയില്‍ പ്രബലമായ അസമീസ് ഹിന്ദു ജാതികളില്‍ നിന്നും തിവ, കര്‍ബി ഗോത്രങ്ങളില്‍ നിന്നുമുള്ള ഒരുകൂട്ടം ആളുകള്‍ രണ്ടായിരത്തിലധികം മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്തിരുന്നു.

ഇരകള്‍ക്ക് നീതി ലഭിച്ചില്ല എന്നു മാത്രമല്ല, ആ സംഭവം ഓര്‍മയില്‍ നിന്ന് മായ്ച്ചുകളയുകയും കൂടുതല്‍ പ്രാധാന്യം അസം പ്രസ്ഥാനത്തില്‍ കൊല്ലപ്പെട്ട 855 പേരുടെ ഓര്‍മകള്‍ക്ക് ലഭിക്കുകയും ചെയ്തു.

2016ല്‍ അസമില്‍ ആദ്യത്തെ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ടു വര്‍ഷത്തിനു ശേഷം സംഘടിപ്പിച്ച റാലിയുടെ പേര് 'ലുയിറ്റ്‌പോറിയ ഹിന്ദു സമബേഷ്' എന്നാണ്. വേദിയിലുണ്ടായിരുന്ന ക്ഷണിതാക്കളില്‍ കര്‍ബി, തിവ, മിഷിംഗ് തുടങ്ങിയ അസമിലെ പത്തിലധികം ഗോത്രങ്ങളില്‍ നിന്നുള്ള നേതാക്കളും ഉണ്ടായിരുന്നു.

കൂടാതെ സത്രങ്ങളില്‍ നിന്നുള്ള കുറഞ്ഞത് 10 മതനേതാക്കളെങ്കിലും സന്നിഹിതരായിരുന്നു. അവിടെ ഉന്നത ആര്‍എസ്എസ് നേതാക്കളും അഞ്ചിലധികം ബിജെപി നിയമസഭാംഗങ്ങളും സന്നിഹിതരായിരുന്നു. ഈ അവസരത്തില്‍, ആര്‍എസ്എസ് നേതാക്കള്‍ സത്രങ്ങള്‍ മുതല്‍ അഹോം രാജ്യത്തിന്റെ പ്രശസ്ത സൈനിക ജനറലായ ലച്ചിത് ബോര്‍ഫുകാന്‍ വരെ എല്ലാ ചിഹ്നങ്ങളും ഉപയോഗിച്ച് അസമിനും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും രക്ഷ ആവശ്യമാണെന്ന് ആവര്‍ത്തിച്ചു.

'ഹിന്ദു സ്വത്വത്തിന്റെ വൈവിധ്യം' സൂചിപ്പിക്കാന്‍ അവര്‍ വേദിയിലെ ഗോത്രനേതാക്കളെ ചൂണ്ടിക്കാണിച്ചു. അക്കാലത്ത് ബിജെപി എംഎല്‍എ ആയിരുന്ന ശിലാദിത്യ ദേവ് 'ആര്‍എസ്എസിനു മാത്രമേ അസമിനെ രക്ഷിക്കാന്‍ കഴിയൂ' എന്ന് പ്രഖ്യാപിച്ചു. അസമീസ് ഗാനമായ 'ലുയിറ്റ്‌പോറിയ ഹിന്ദു അമി' (നമ്മള്‍ ബ്രഹ്മപുത്രയുടെ ഹിന്ദുക്കള്‍) ആലപിച്ചുകൊണ്ടാണ് പരിപാടി അവസാനിച്ചത്. എഎസ്‌യുവും ആര്‍എസ്എസും കൂട്ടായോ വെവ്വേറെയോ അസമികളുടെ സംരക്ഷണം ഏറ്റെടുത്തു.

അത്തരമൊരു സംഘടനയാണ് വീര്‍ ലച്ചിത് സേന. അസമിനെ സംരക്ഷിക്കാന്‍ ആവശ്യമെങ്കില്‍ ആയുധമെടുക്കാന്‍ മടിക്കില്ലെന്ന പക്ഷക്കാരാണവര്‍. ലക്ഷക്കണക്കിന് യുവാക്കളെ ഉള്‍ക്കൊള്ളുന്ന ഒരുകൂട്ടം കുടിയേറ്റക്കാരെ ആക്രമിക്കുകയും 'നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്നു' എന്ന് അവകാശപ്പെട്ട് മുസ്‌ലിം സ്വത്തുക്കള്‍ ലക്ഷ്യമിട്ട് റാലികള്‍ സംഘടിപ്പിക്കുകയും ചെയ്തു.

വീര്‍ ലച്ചിത് സേനയുടെ ഒരു പ്രാദേശിക ചാപ്റ്ററിന്റെ പ്രസിഡന്റ് ദീപജ്യോതി ഗൊഗോയ് 'അസമിലെ ജനസംഖ്യ 3.5 കോടിയാണ്. ഇതില്‍ 2 കോടി പേര്‍ തദ്ദേശീയരായ അസമീസ് ഹിന്ദു, ക്രിസ്ത്യന്‍, മറ്റ് സമുദായങ്ങളാണ്. മുസ്‌ലിംകള്‍ ഒന്നര കോടിയാണ്. അതില്‍ കുറഞ്ഞത് ഒരു കോടി പേരെങ്കിലും മിയാ മുസ്‌ലിംകള്‍ (ബംഗാളി മുസ്‌ലിംകള്‍) ഉണ്ട്. അവര്‍ ഇവിടെ നിന്നുള്ളവരല്ല. അവരെ തിരിച്ചയക്കണം' എന്നാണ് പറഞ്ഞത്.

ഗൊഗോയിയുടെ അഭിപ്രായത്തില്‍ ബംഗാളി ഹിന്ദുക്കള്‍ വലിയൊരു വിഭാഗം ഹിന്ദുക്കളുമായി ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത് പൂര്‍ണമായും ശരിയല്ല. താഴ്ന്ന അസം പ്രദേശങ്ങളിലേക്ക്, പ്രത്യേകിച്ച് ബംഗാളി ആധിപത്യമുള്ള ബരാക് താഴ്‌വരയില്‍ നിന്ന് വ്യത്യസ്തമായ ചിത്രമാണ് നമുക്ക് ലഭിക്കുക.

''യഥാര്‍ഥത്തില്‍ ബംഗാളി ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ അസമീസ് ഭാഷയെ സ്വീകരിച്ചത് ബംഗാളി മുസ്‌ലിംകളാണ്. കാരണം മതം തങ്ങള്‍ക്കെതിരെ ഉപയോഗിക്കും എന്ന് അവര്‍ക്ക് തോന്നിയതിനാല്‍ അവര്‍ക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു'' എന്ന് പ്രൊഫ. ഹുസൈന്‍ വിശദീകരിക്കുന്നു. മറുവശത്ത് ബംഗാളി ഹിന്ദുക്കള്‍ക്ക് എല്ലായ്‌പോഴും ആര്‍എസ്എസിന്റെ പിന്തുണയുണ്ടായിരുന്നു. അതിനാല്‍ അവര്‍ സംസ്‌കാരമോ ഭാഷയോ അന്വേഷിക്കേണ്ടതില്ല.

അസമിന്റെ ജനസംഖ്യാ അനുപാതം മാറ്റാനുള്ള ബംഗാളി മുസ്ലിംകളുടെ 'ദുഷിച്ച ഗൂഢാലോചന'യെക്കുറിച്ച് ആര്‍എസ്എസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, ബംഗ്ലാദേശില്‍ നിന്നുള്ള ബംഗാളി ഹിന്ദുക്കളെ ഇന്ത്യയില്‍ അഭയം നല്‍കേണ്ട ഇരകളായും പ്രതിഷ്ഠിച്ചു.

ജാര്‍ഖണ്ഡിലെന്ന പോലെ, ഭൂമിയും തൊഴില്‍നഷ്ടവുമാണ് 'പിന്തുടര്‍ച്ചക്കാര്‍'ക്കെതിരായ പ്രധാന പ്രതിരോധം. വീര്‍ ലച്ചിത് സേനയ്ക്ക് ഈ രംഗത്ത് ഒരു കാര്യക്ഷമമായ പദ്ധതിയുണ്ട്. മിയാ മുസ്‌ലിംകളെ പ്രധാന തൊഴില്‍ശക്തിയായി കാണുന്ന പ്രദേശങ്ങളില്‍, അമുസ്‌ലിംകള്‍ക്കിടയില്‍ ശേഷി വര്‍ധിപ്പിക്കുന്നതിന് പരിശീലന കേന്ദ്രങ്ങള്‍ സൃഷ്ടിക്കാന്‍ സേന പദ്ധതിയിടുന്നു.

പ്രാദേശിക ബിസിനസുകളെ പിന്തുണയ്ക്കുന്നതിനായി ഫണ്ട് ശേഖരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ''ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ അവിടെ 'വിദേശികളെ' നിയമിക്കരുത് എന്നതാണ്''- ഗൊഗോയ് കൂട്ടിച്ചേര്‍ത്തു: ''ഈ മുസ്‌ലിംകള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ അടയാളപ്പെടുത്തി അവരെ പുറത്താക്കുക എന്നതാണ് കൂടുതല്‍ ആക്രമണാത്മകമായ രീതി.''

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഒരു ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുകയാണ്. ബംഗ്ലാദേശികളെ പുറത്താക്കിയില്ലെങ്കില്‍ അസം ഉടനെത്തന്നെ ഒരു മണിപ്പൂരായി മാറും. സോനാപൂരിലെ കച്ചുതലി ഗ്രാമത്തില്‍ നിന്നുള്ള ഒരു വീഡിയോ ഗൊഗോയ് ലേഖകന് കാണിച്ചുകൊടുത്തിരുന്നു. അതില്‍ ലച്ചിത് സേനയിലെ ഒരു പ്രമുഖ നേതാവായ ശ്രിന്‍ഖല്‍ ചാലിഹ, സേന ഒരു കുടിയൊഴിപ്പിക്കല്‍ ആസൂത്രണം ചെയ്തതിനു ശേഷം എല്ലാ ബംഗാളി മുസ്‌ലിംകളെയും പുറത്താക്കുമെന്ന് പ്രഖ്യാപിക്കുന്നത് കാണാം.

ഈ ഗ്രാമത്തില്‍ ബംഗാളി മുസ്‌ലിംകളെ അക്രമാസക്തമായി കുടിയിറക്കിയ സംഭവങ്ങള്‍ ഇതിനകം ഉണ്ടായിട്ടുണ്ട്. 2024ല്‍ അത്തരമൊരു കുടിയൊഴിപ്പിക്കലിനിടെ രണ്ട് മുസ്‌ലിംകളെ പോലീസ് വെടിവച്ചു കൊന്നു. ഭൂമി ആദിവാസി ജനതയുടേതാണെന്നും സംരക്ഷിത വിഭാഗത്തില്‍ പെടുമെന്നും പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ കുടിയൊഴിപ്പിക്കലിനെ ന്യായീകരിച്ചു. എന്നാല്‍ ഭൂമി തങ്ങള്‍ക്ക് വിറ്റതായും രേഖകള്‍ ഹാജരാക്കിയതായും മുസ്‌ലിം ഉടമകള്‍ പറഞ്ഞു.

ഈ ലേഖകന്‍ കണ്ടുമുട്ടിയ ലച്ചിത് സേന നേതാക്കളില്‍ ആരും അസമിലെ ഒരു ഗോത്രത്തിലും പെട്ടവരല്ല. പക്ഷേ 'അസമീസ് തദ്ദേശീയ ഭൂമി' സംരക്ഷിക്കുന്ന നേതാക്കളായി ഈ സംഘം ഇപ്പോള്‍ പല ഗോത്രമേഖലകളിലും പ്രവര്‍ത്തിക്കുന്നു. രസകരമെന്നു പറയട്ടെ, ഫ്രണ്ട്‌ലൈനുമായി സംസാരിച്ച എല്ലാ അസമീസ് ദേശീയവാദികളും സംസ്ഥാനത്തിന്റെ മതേതര ചരിത്രത്തില്‍ ഉറച്ചുനിന്നു!

മുസ്‌ലിംകള്‍ക്കെതിരെ ഒരു ഘടനാപരമായ പ്രചാരണം സംഘടിപ്പിക്കുമ്പോള്‍ പോലും അത്തരമൊരു മതേതര ചരിത്രം പുറമേ പ്രദര്‍ശിപ്പിക്കുന്നതില്‍ വൈരുധ്യാത്മകതയുണ്ട്. അസമില്‍ രണ്ട് ഭൂരിപക്ഷ ദേശീയതകള്‍ അക്രമാസക്തമായി കൂടിച്ചേരുമ്പോള്‍ അത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

വിവ. അഫീഫ ഷെറിന്‍