വിവര സമൃദ്ധിയോ വിവര ആധിക്യമോ അല്ല മനുഷ്യന് പ്രധാനം, വ്യക്തതയാണ്.
ഡിജിറ്റല്‍ ദുനിയാവില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് പല വിധത്തിലാണ്. ഒരാള്‍ കേരളത്തില്‍ ഒരു രാഷ്ട്രീയ നേതാവിന്റെ വ്യാജ വാര്‍ത്ത ഉള്‍പ്പെടുന്ന ഒരു ഫോട്ടോ ഷെയര്‍ ചെയ്തു എന്നു കരുതുക. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍, ആ പേജിന് ധാരാളം കമന്റുകളും ഷെയറുകളും പ്രത്യക്ഷപ്പെട്ടേക്കാം.
എന്നാല്‍, ഇവിടെ കമന്റുകള്‍ എല്ലാം മനുഷ്യന്‍ ചെയ്തതാണ് എന്ന് എല്ലായ്‌പ്പോഴും ഉറപ്പു പറയാനാവില്ല. പലതും ചില എ ഐ ബോട്ടുകള്‍ ഉപയോഗിച്ച് സൃഷ്ടിച്ചതാവാം. മനുഷ്യനെന്ന് തോന്നിപ്പിക്കും വിധം മറുപടി പറയാനും എഴുതാനും കമന്റിടാനും ഷെയര്‍ ചെയ്യാനും മറ്റും ഉപയോഗിക്കുന്ന ഓട്ടോമറ്റിക് പ്രോഗ്രാമുകളാണ് ബോട്ടുകള്‍. (ഉദാഹരണം: ചാറ്റ് ബോട്ടുകള്‍, കസ്റ്റമര്‍ സര്‍വീസ് ബോട്ടുകള്‍).
ഈ ബോട്ടുകളും ആളുകളുടെ അഭിപ്രായങ്ങളെ നിര്‍ണയിക്കുകയും അല്‍ഗോരിതങ്ങള്‍ക്ക് അനുകൂലമായ ഫീഡ് നല്‍കുകയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യാം. എക്‌സും ഇന്‍സ്റ്റഗ്രാമുമെല്ലാം ഇത്തരം ബോട്ടുകള്‍ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. ഈ സാഹചര്യത്തില്‍, വിവര സമൃദ്ധിയോ വിവരാധിക്യമോ അല്ല മനുഷ്യന് പ്രധാനം, വ്യക്തതയാണ് എന്ന യുവാല്‍ നോഅ ഹരാരിയുടെ വാക്കുകള്‍ വളരെ ശ്രദ്ധേയമാണ്.
ചിത്രങ്ങള്‍, വീഡിയോകള്‍, അക നിര്‍മിത ദൃശ്യങ്ങള്‍ എന്നിവ കൂടുതല്‍ ആളുകള്‍ പങ്കിടുന്നതിനാല്‍ അവയുടെ വ്യക്തതയും വിശ്വാസ്യതയും പലപ്പോഴും ചോദ്യം ചെയ്യപ്പെടാതെ പോവുകയാണ്. കൂടാതെ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടതിന് ശേഷം പലപ്പോഴും വൈകിയാണ് സത്യാവസ്ഥ പുറത്തു വരുന്നത്.
അപ്പോഴേക്കു വേണ്ടത്ര നാശം സംഭവിച്ചു കഴിഞ്ഞിരിക്കും, പരിക്കുകളുണ്ടാക്കിയിരിക്കും. കോവിഡ് കാലത്ത് തബ്‌ലീഗ് ജമാഅത്തിനെതിരെ പ്രചരിപ്പിക്കപ്പെട്ട ആരോപണങ്ങളും കേരളത്തിലെ ലൗ ജിഹാദ് ആരോപണങ്ങളും പരിശോധിക്കുക.
അല്‍ഗോരിതങ്ങളെ സംബന്ധിച്ചിടത്തോളം വ്യക്തതയോ സത്യമോ വ്യാജമോ എന്നതല്ല പ്രധാനം- അവ മുന്‍നിരയില്‍ കാണിക്കുന്നത് വൈറലായ വിവരങ്ങളാണ്. രോഷം, ഭയം, ആശങ്ക, ആക്രോശം തുടങ്ങിയ ഭാവനാപരവും പ്രകോപനപരവുമായ ഉള്ളടക്കങ്ങളാണ് അതിവേഗം പ്രചരിപ്പിക്കപ്പെടുന്നത്.
ട്വീറ്റുകള്‍ വഴി വ്യാജ വാര്‍ത്തകള്‍ സത്യത്തെക്കാള്‍ ആറുമടങ്ങ് വേഗത്തില്‍ സഞ്ചരിക്കുന്നു എന്നാണ് 2018ല്‍ MIT നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്. ഫേസ്ബുക്ക്, യൂട്യൂബ്, വാട്‌സാപ്പ് എന്നിവ ഉപയോക്താവിനെ ദീര്‍ഘനേരം പിടിച്ചു നിര്‍ത്താന്‍ വേണ്ടി ഡിസൈന്‍ ചെയ്യപ്പെട്ട എന്‍ഗേജ്‌മെന്റ് അധിഷ്ഠിത അല്‍ഗോരിതങ്ങള്‍ ഉപയോഗിക്കുന്നു.
ഡീപ്ഫേക്സ് ഡീപ് ലേണിംഗ് അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ച് വിശ്വസനീയമായ സിംതറ്റിക് മീഡിയ ക്ലിപ്പുകളും ഇന്ന് വ്യാപകമായി കഴിഞ്ഞു. മുഖങ്ങള്‍ മാറി, ശബ്ദങ്ങള്‍ ക്ലോണ്‍ ചെയ്ത്, ഭാവങ്ങള്‍ പകര്‍ന്നു ആരെയും എന്തും പറയിപ്പിക്കാം. അഥവാ കാണുന്നതൊന്നും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ.
ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 820 കോടിയിലധികമാണ്. അതിനാല്‍ വ്യാജവാര്‍ത്തകള്‍ക്കും ഇതേ അളവില്‍ വേദി ലഭിക്കുന്നു എന്ന് പറയാം. 2019-ലെ മൈക്രോസോഫ്റ്റ് സര്‍വേയില്‍ 64% ഇന്ത്യന്‍ ഉപയോക്താക്കളും വ്യാജവാര്‍ത്ത നേരിടുന്നവരാണ്. 2023 NASSCOM റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ഡീപ്ഫേക്സ്-നിര്‍മിത വ്യാജ വാര്‍ത്തകളുടെ ഏറ്റവും കൂടുതല്‍ അപകടം അനുഭവിക്കുന്ന അഞ്ച് രാജ്യങ്ങളിലൊന്നാണ്.
ഉയര്‍ന്ന സോഷ്യല്‍ മീഡിയ സാന്നിധ്യവും വാര്‍ത്താ പരിശോധനയില്‍ (fact check) വേണ്ടത്ര അറിവില്ലായ്മയും കാരണമായി പറയുന്നു. Alt News പോലുള്ള ഇന്ത്യന്‍ ഫാക്റ്റ്-ചെക്കിംഗ് പ്ലാറ്റ്‌ഫോമുകള്‍ തെരഞ്ഞെടുപ്പുകള്‍, പ്രതിഷേധങ്ങള്‍, സാമുദായിക വിഷയങ്ങള്‍ എന്നിവയില്‍ നിരന്തരം വരുന്ന തെറ്റായ വാര്‍ത്തകളെ പൊളിച്ചടുക്കിയത് കാണാം. ബംഗ്ലാദേശില്‍ ഈയിടെ നടന്ന കലാപവുമായ ബന്ധപ്പെട്ടു സാമുദായിക സ്പര്‍ധ ഉണ്ടാക്കിയ ചില സംഭവങ്ങള്‍ ഉദാഹരണമാണ്.
എന്തുകൊണ്ട് വ്യാജം വിശ്വസിക്കുന്നു
കോവിഡ് കാലത്ത്, കേരളത്തില്‍ പ്രചരിച്ച ഒരു സന്ദേശം 'മഞ്ഞള്‍, കുരുമുളക് എന്നിവയുടെ മിശ്രണം കുടിച്ചാല്‍ കോവിഡ് വൈറസ് ഉടന്‍ നശിക്കും' എന്നതായിരുന്നു. ശാസ്ത്രീയ തെളിവില്ലാതെ തന്നെ ആയിരക്കണക്കിന് പേര്‍ അത് പങ്കുവച്ചു. ഭയം നിറഞ്ഞ സമയത്ത് പ്രതീക്ഷ നല്‍കുന്ന സന്ദേശങ്ങള്‍ മനസ്സിനെ കീഴടക്കുന്നു എന്നതാണ് ഇതിന് കാരണമായി പറയുന്നത്.
വൈകാരികമായ കാരണങ്ങളാല്‍ രോഷം, ഭയം, സന്തോഷം തുടങ്ങിയ വികാരങ്ങള്‍ ഉളവാക്കുന്ന കഥകള്‍ വന്‍തോതില്‍ പങ്കുവെക്കപ്പെടുന്നു. ഒരു വ്യാജ സന്ദേശം ആവര്‍ത്തിച്ച് കേള്‍ക്കുമ്പോള്‍ സത്യം പോലെ തോന്നിക്കുന്നു. 'സുഹൃത്തുക്കളും വിദ്യാസമ്പന്നരും പ്രചരിപ്പിക്കുന്നുണ്ടല്ലോ', 'എല്ലാവരും വിശ്വസിച്ചാല്‍ അത് സത്യം ആയിരിക്കണം' എന്ന ധാരണ.
യുവാല്‍ ഹരീരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ സത്യം ഒരു വിലപിടിച്ച ഉല്‍പന്നമാണ്. എന്നാല്‍ ഒരു കള്ളക്കഥ പടച്ചുവിടാന്‍ വളരെ എളുപ്പവും. അത് പ്രചരിപ്പിക്കപ്പെടുക എന്നത് കഥാകാരന്റെ ആവശ്യവുമാണ്. മനഃപൂര്‍വമായ സ്പര്‍ധ, വ്യാപാര ലക്ഷ്യങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങളാല്‍ ഫേക്ക് ന്യൂസ് ഇന്‍ഡസ്ട്രി തഴച്ചു വളരുന്നു എന്ന് പറയാം.
വ്യാജ വാര്‍ത്തകളെ നേരിടുമ്പോള്‍
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.' (49:6)
മുഹമ്മദ് നബിയുടെ(സ) വാക്കുകള്‍ അതിനെ ശക്തിപ്പെടുത്തുന്നു: 'ഒരു വ്യക്തിക്ക് കേട്ടതെല്ലാം ആവര്‍ത്തിക്കുന്നത് തന്നെ അവനു മതി ഒരു കള്ളം പറയാന്‍.' (മുസ്ലിം). ഡിജിറ്റല്‍ നൈതികതയുടെ ഒരടിസ്ഥാന തത്വമായി ഈ വചനങ്ങളെ കണക്കാക്കാവുന്നതാണ്. എന്നാല്‍ വ്യാജ വാര്‍ത്തകളെ നേരിടുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണ് ഇന്ന്.
നമുക്ക് ചെയ്യാനുള്ളത്
1). മാധ്യമ സാക്ഷരത തന്നെയാണ് ഇക്കാര്യത്തില്‍ നമ്മുടെ കൈയിലുള്ള പ്രധാന ആയുധം. വിവരത്തെ ചോദ്യം ചെയ്യാനുള്ള ബുദ്ധിയും അറിവുമാണ് മാധ്യമ സാക്ഷരത. ഓരോ വ്യക്തിയും എനിക്ക് ഇതറിയാം എന്നു പറയുന്നതിന് മുമ്പ് ഞാന്‍ ഇത് പരിശോധിച്ചിട്ടുണ്ട് എന്ന് വിനയത്തോടെ ഉറപ്പുവരുത്തേണ്ടതുണ്ട്. പങ്കിടുന്നതിന് മുമ്പ് പരിശോധിക്കുക, പറയുന്നതിന് മുമ്പ് ചിന്തിക്കുക, കാരണം ഇന്ന് സോഷ്യല്‍ മീഡിയയിലെ നമ്മുടെ ഒരോ ഷെയറിനും പോസ്റ്റുകള്‍ക്കും ആയുധങ്ങളുടെ തീവ്രതയുണ്ട്.
സംശയങ്ങള്‍ ഉന്നയിക്കാനും ഉറവിടങ്ങള്‍ തേടാനും സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പുവരുത്താനും ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ തിരിച്ചറിയാനും നാം പരിശീലിക്കേണ്ടതുണ്ട്. സ്‌കൂളുകളിലും കമ്യൂണിറ്റി ഗ്രൂപ്പുകളിലും മീഡിയാ സാക്ഷരതാ സെഷനുകള്‍ ആവശ്യമാണ്.
2). ഫാക്ട്-ചെക്കിംഗ്: സത്യം കണ്ടെത്താന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുക. ഇതിനായി ഇന്ന് പലവിധ മാര്‍ഗങ്ങളും ലഭ്യമാണ്. വിവിധ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ തന്നെ ഫാക്ട് ചെക്കിംഗിനായി ഏജന്‍സികളെ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പലവിധ കൊടുക്കല്‍ വാങ്ങലുകളുടെയും കോര്‍പറേറ്റ് താല്‍പര്യങ്ങളുടെയും ഫലമായി അവയൊന്നും ഫലപ്രദമായി കാണുന്നില്ല.
എന്നാല്‍ വാര്‍ത്തകളില്‍ ചിലപ്പോള്‍ വ്യാജ വാര്‍ത്താ ഫ്‌ളാഗുകള്‍ പ്രദര്‍ശിപ്പിക്കാറുണ്ട് എന്നതും ശ്രദ്ധേയമാണ്. കൂടാതെ കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ സ്വതന്ത്ര പ്ലാറ്റ്‌ഫോമുകള്‍ വഴി പല വ്യാജവാര്‍ത്തകളേയും നിയന്ത്രിക്കാന്‍ കഴിയുന്നുണ്ട്.
ക്ലിക്കുകള്‍ വര്‍ധിപ്പിക്കാനായി നല്‍കുന്ന വഞ്ചനാപരമായ തലക്കെട്ടുകള്‍ സൂക്ഷിക്കുക. ഇത്തരം ക്ലിക്കുകളാണ് വ്യാജ വാര്‍ത്തകളുടെ പ്രധാന ഉറവിടം.
ഫാക്ട്-ചെക്കിംഗ് സൈറ്റുകള്‍: Alt News (ഇന്ത്യ): പ്രധാനമായും മത-രാഷ്ട്രീയ സംബന്ധമായ വ്യാജവാര്‍ത്തകളെ കണ്ടെത്തുന്നു. ഈ രംഗത്ത് ന്യൂനപക്ഷ വേട്ടയുമായി ബന്ധപ്പെട്ട പല വ്യാജ വാര്‍ത്തകളുടേയും സത്യാവസ്ഥ ഇവര്‍ വെളിച്ചത്ത് കൊണ്ട് വന്നിട്ടുണ്ട്. (പ്രതിക് സിങും മുഹമ്മദ് സുബൈറും സ്ഥാപിച്ച സ്വതന്ത്ര ഫാക്ട്-ചെക്കിംഗ് ഓര്‍ഗനൈസേഷന്‍.
IFCN സര്‍ട്ടിഫൈഡ്, Mahindra Excellence in Journalism Award (2022), UNESCO, EU റിപ്പോര്‍ട്ടുകളില്‍ മോഡല്‍ ഫാക്ട്-ചെക്കിംഗ് പ്ലാറ്റ്‌ഫോം എന്നിങ്ങനെ പല അംഗീകാരങ്ങളും നേടിയിട്ടുണ്ട്. മുഹമ്മദ് സുബൈര്‍ ഉള്‍പ്പെടെ സ്ഥാപകര്‍ പലപ്പോഴും രാഷ്ട്രീയ പ്രേരിതമായ നിയമനടപടികള്‍ നേരിട്ടിട്ടുണ്ട്. എങ്കിലും ആള്‍ട് ന്യൂസ് നിഷ്പക്ഷതയുടെ പേരില്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.
BOOM Live (ഇന്ത്യ): വാട്‌സാപ്പ് ഫോര്‍വേഡുകളും സോഷ്യല്‍ ക്ലെയിമുകളും പരിശോധിക്കുന്നു.
Google Fact Check Explorer: ആഗോള വിവരങ്ങള്‍ പരിശോധിക്കാന്‍ സഹായിക്കുന്നു. ചിലപ്പോള്‍ റിവേഴ്‌സ് സെര്‍ച്ച് വഴി ഒരു ചിത്രത്തിന്റെ ആധികാരികത ഉറപ്പ് വരുത്താം. (നേരത്തെ ഷെയര്‍ ചെയ്ത ചിത്രങ്ങളാണെങ്കില്‍ മാത്രം).
nVid: ഡീപ്‌ഫേക്ക്, കൃത്രിമമായി ഉണ്ടാക്കിയ വീഡിയോകള്‍ എന്നിവ കണ്ടെത്തുന്നു. Snopes, Factly (ഇന്ത്യ) പോലുള്ള ധാരാളം ഫാക്ട് ചെക്കിംഗ് സൈറ്റുകള്‍ വേറെയും ഉണ്ട്.
3). മാധ്യമ ധാര്‍മികത ഓരോ പ്ലാറ്റ്ഫോമുകളുടെയും ഉത്തരവാദിത്തമാണ്. പക്ഷേ ഓരോ പ്ലാറ്റ്‌ഫോമും പൊതുവേ യജമാനന്മാരുടെ മൗത്ത് പീസുകളാണ് എന്ന കാര്യം ഓര്‍ത്തിരിക്കേണ്ടതാണ്. മാത്രമല്ല അവരുടെ പോളിസി പൊതുവേ ഗവണ്‍മെന്റ് നിയന്ത്രണങ്ങള്‍ക്ക് വഴങ്ങുന്നതല്ല. നേപ്പാള്‍ കലാപം ഓര്‍ക്കുക. നിയന്ത്രണങ്ങള്‍ക്ക് വഴങ്ങാത്ത 26 സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിച്ചതാണ് നേപ്പാള്‍ കലാപത്തിന്റെ പെട്ടെന്നുള്ള കാരണം എന്നാണ് റിപ്പോര്‍ട്ട്.
4). നിയമപരവും നയപരവുമായ നടപടികള്‍: സര്‍ക്കാര്‍ തലത്തില്‍ പല ഘട്ടങ്ങളിലായി നിയമമാക്കിയ ഐ ടി റൂള്‍സും സൈബര്‍ നിയമങ്ങളും നിലവിലുണ്ട്. എന്നാല്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയില്ല.
5). കമ്യൂണിറ്റികള്‍, മത സാമൂഹിക രംഗത്തുള്ള ബോധവത്കരണം: നാട്ടിലെ വിവിധ കമ്യൂണിറ്റി സര്‍ക്കിളുകളും ലൈബ്രറികളും മറ്റും വഴിയുള്ള ഡിജിറ്റല്‍ സാക്ഷരതയും പരിശീലനവും വഴി ഒരു പരിധി വരെ വ്യാജ വാര്‍ത്താപ്രളയം തടയാന്‍ കഴിഞ്ഞേക്കാം.
6). ക്ലിക്കുകള്‍ വര്‍ധിപ്പിക്കാനായി നല്‍കുന്ന വഞ്ചനാപരമായ തലക്കെട്ടുകളെ (click bait) സൂക്ഷിക്കുക. ഇത്തരം ക്ലിക്കുകളാണ് വ്യാജ വാര്‍ത്തകളുടെ പ്രധാന ഉറവിടം.
വ്യാജ വാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കുക മാത്രമേ നിര്‍വാഹമുള്ളൂ. സാങ്കേതിവിദ്യകളുടെ ശരിയായ ഉപയോഗവും ദുരുപയോഗവും തിരിച്ചറിയാനുള്ള സാക്ഷരതയും വിവേചന ബുദ്ധിയും നാം കൈവരിക്കേണ്ടതുണ്ട്.
ആദ്യ ഭാഗം വായിക്കാം: അല്‍ഗോരിതങ്ങളുടെ ഡിജിറ്റല്‍ ലോകത്ത് വ്യാജ വാര്‍ത്തകള്‍ വൈറലാകുമ്പോള്‍
