ആശകള്‍ക്കും ആശയങ്ങള്‍ക്കും അനുസരിച്ച് മറ്റുള്ളവര്‍ പെരുമാറണം എന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ നമുക്ക് ദേഷ്യം തോന്നാന്‍ ഇടയുണ്ട്.
Forgiveness is the greatest charity in Islam. I forgive you on behalf of Salahuddin and his mother- ഈ വാചകം ഗൂഗിളില്‍ ടൈപ്പ് ചെയ്താല്‍ ഒരു വീഡിയോ തെളിഞ്ഞുവരും. അബ്ദുല്‍മുഅ്മിന്‍ സോംബാത് ജിറ്റ്മൂദ് എന്ന പിതാവ് ഒരു ചെറുപ്പക്കാരനെ ചേര്‍ത്തുനിര്‍ത്തി ആശ്ലേഷിക്കുന്നതാണ് രംഗം.
ഇരുപത്തിരണ്ട് വയസ്സ് മാത്രമുള്ള തന്റെ പ്രിയ മകന്‍ സലാഹുദ്ദീനെ കൊലപ്പെടുത്തിയ ട്രേറെല്‍ ഫോര്‍ഡിനെ ചേര്‍ത്തു നിര്‍ത്തിയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
2017 നവംബറില്‍ അമേരിക്കയിലെ ലെക്‌സിങ്ടണ്‍ കോടതിയിലാണ് സംഭവം നടന്നത്. 31 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഈ മഹാ മനുഷ്യന്‍ മാപ്പ് നല്‍കുകയായിരുന്നു. ശേഷം അദ്ദേഹം പറഞ്ഞ വാചകങ്ങളാണ് ചരിത്രമായി മാറിയത്: 'എനിക്ക് ഈ യുവാവിനോട് ഒട്ടും പകയോ വിദ്വേഷമോ ഇല്ല. എന്റെ ദേഷ്യം മുഴുവന്‍ ഈ യുവാവിനെ ഈ ഹീന കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ച പിശാചിനോട് ആണ്.'
നമ്മളെല്ലാം പച്ച മനുഷ്യരാണ്. മറ്റുള്ളവരുമായി ചേര്‍ന്ന് ജീവിക്കുമ്പോള്‍ വീഴ്ചകള്‍ സ്വാഭാവികം. നമ്മുടെ ആശകള്‍ക്കും ആശയങ്ങള്‍ക്കും അനുസരിച്ച് മറ്റുള്ളവര്‍ പെരുമാറണം എന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ നമുക്ക് ദേഷ്യം തോന്നാന്‍ ഇടയുണ്ട്. വൈകാരികമായി പ്രതികരിക്കാനും പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്.
മനസ്സ് പിടിവിട്ട് പോകുന്ന സന്ദര്‍ഭത്തില്‍ അരുതാത്ത പലതും നമ്മള്‍ പറഞ്ഞു പോകും. പാടില്ലാത്ത പലതും ചെയ്തു പോകും. ഇത്തരം വൈകാരിക മുറിവുകള്‍ മനസ്സില്‍ നീറ്റല്‍ ഉണ്ടാക്കുമ്പോഴാണ് നമുക്ക് മറ്റുള്ളവരോട് അരിശം തോന്നുന്നത്. പകയും വെറുപ്പും അനുഭവപ്പെടുന്നത്. ബന്ധങ്ങളില്‍ അകല്‍ച്ച ഉണ്ടാവുന്നത്. ബന്ധങ്ങള്‍ മുറിച്ചുകളയുന്നത്.
മാപ്പ് നല്‍കുന്നതിലൂടെ മനസ്സിന്റെ ഭാരം കുറയും. നെഗറ്റീവ് ചിന്തകള്‍ ഇല്ലാതാവുമ്പോള്‍ ഹൃദയം ശാന്തമാകും.
ഇവിടെയാണ് മാപ്പ് നല്‍കല്‍ എന്ന 'മഹത്തായ ദാനം' പ്രസക്തമാകുന്നത്. വിട്ടുവീഴ്ചയും മാപ്പ് നല്‍കലും ഒരുതരം മനശ്ശാസ്ത്ര ചികിത്സയാണ്. സൈക്കോതെറാപ്പിയാണ്. വേദനിപ്പിച്ചവരോടും തെറ്റ് ചെയ്തവരോടും വിദ്വേഷം വെച്ചിരുന്നിട്ട് എന്ത് ഗുണം?
ഈ കുഞ്ഞു ജീവിതത്തില്‍ വിദ്വേഷം കൊണ്ടു നടന്നാല്‍ മനസ്സിന്റെ സന്തോഷം നഷ്ടപ്പെടുകയല്ലേ ചെയ്യുക. മനസ്സിന്റെ സ്വാസ്ഥ്യം തിരിച്ചുപിടിക്കാന്‍ ക്ഷമയും സഹനവും ആണ് മികച്ച മാര്‍ഗം. മാപ്പ് നല്‍കുന്നതിലൂടെ മനസ്സിന്റെ ഭാരം കുറയും.
നെഗറ്റീവ് ചിന്തകള്‍ ഇല്ലാതാവുമ്പോള്‍ ഹൃദയം ശാന്തമാകും. തെറ്റ് ചെയ്തവരെ വെറുക്കാതെ തെറ്റിനെ വെറുക്കുക എന്നത് വലിയൊരു ഫിലോസഫിയാണ്. ഹൃദയത്തില്‍ നന്മയുള്ള, സ്‌നേഹത്തിന്റെ നനവുള്ള മഹാമനുഷ്യര്‍ക്ക് മാത്രമേ അതിനു സാധിക്കൂ. അവരാണ് സൗഭാഗ്യവാന്മാര്‍.
'നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ തിന്മയെ പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനത് (നിന്റെ) ഉറ്റ ബന്ധു എന്നോണം ആയിത്തീരുന്നു.
ക്ഷമ കൈക്കൊള്ളുന്നവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യം ഉള്ളവനല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. (വി.ഖു41:34,35).
