വ്യത്യസ്ത ഇനം പൂക്കൾ വിരിയുന്ന തോട്ടത്തെയാണു നാം പൂന്തോട്ടം എന്ന് വിളിക്കുന്നത്. ഒരേ ഇനം പൂക്കൾ മാത്രമുള്ള തോട്ടം പൂന്തോട്ടമല്ല. അത് കേവലം മല്ലിക തോട്ടമോ ജമന്തി തോട്ടമോ സൂര്യകാന്തി പാടമോ ആയിരിക്കും. പൂക്കളുടെ വൈവിധ്യമാണ് തോട്ടത്തിൻ്റെ മനോഹാരിത. ഇതു പോലെയാണ് നമ്മുടെ കുടുംബവും സ്ഥാപനവും സംഘടനയുമെല്ലാം.
പലതരം ചിന്തകളും താൽപര്യങ്ങളും അഭിപ്രായവുമുള്ളവരുടെ കൂട്ടായ്‌മയാണ് അതിൻ്റെ സൗന്ദര്യം. അഭിപ്രായങ്ങൾ തുറന്നുപറയാനും വീക്ഷണ വ്യത്യാസങ്ങൾ പ്രകടിപ്പിക്കാനും ഇവിടെ സ്വാതന്ത്ര്യമുണ്ടാവും. അതോടൊപ്പം ടീമിന്റെ പൊതുലക്ഷ്യത്തിനു ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും വേണം.
ഓരോ വ്യക്തിയും വ്യത്യസ്‌തരും വിഭിന്ന അഭിപ്രായവും കഴിവും ഉള്ളവരാണ്. അത് അവരുടെ ചിന്തയിലും സംസാരത്തിലും പ്രവർത്തിയിലുമെല്ലാം പ്രതിഫലിക്കുകയും ചെയ്യും.
മനുഷ്യരുടെ സ്വഭാവത്തെക്കുറിച്ച് ഡോ. മുഹമ്മദ് അൽഅതീഫിയുടെ പുസ്‌തകത്തിൽ മനോഹരമായ ഒരു വർണനയുണ്ട്: "മണ്ണിനെ പോലെ വ്യത്യസ്തത പ്രകൃതമുള്ളവരാണ് ആളുകൾ. ചിലർ ആർദ്രമനസ്‌കരും ലോലഹൃദയരും. മറ്റു ചിലർ കഠിനഹൃദയരും പരുക്കന്മാരും. ചിലർ ഫലഭൂയിഷ്‌ഠമായ മണ്ണുപോലെ ഉദാരന്മാർ. വേറെ ചിലർ വെള്ളം ഇറങ്ങാത്ത പാറ പോലെ പിശുക്കന്മാർ."
തുടർന്ന് അദ്ദേഹം പറയുന്ന കാര്യം രസകരമാണ്: വ്യത്യസ്ത ഗുണമുള്ള മണ്ണിലൂടെ നടക്കുമ്പോൾ നാം ശ്രദ്ധിക്കുംപോലെ വേണം പലതരം സ്വഭാവമുള്ള വ്യക്തികളോട് പെരുമാറാൻ. അതായത് മിനുസമുള്ള മണൽ മണ്ണിലൂടെ നടക്കുംപോലെയല്ലല്ലോ പാറ പ്രദേശത്ത് കൂടി നടക്കുക.
മറ്റുള്ളവർക്ക് പല കാര്യങ്ങളിലും നമ്മുടെ അതേ അഭിപ്രായമുണ്ടാവണമെന്നില്ല. ആശയങ്ങളും അഭിപ്രായങ്ങളും അടിച്ചേൽപിക്കുമ്പോൾ പരാജയമായിരിക്കും ഫലം. കൂടെയുള്ളവർ മനസ്സിലാക്കിയ പല കാര്യങ്ങളും തെറ്റായിരിക്കാം. നമ്മുടെ ചിന്താഗതി നല്ലതും മികച്ചതുമാവാം. എന്നാൽ മൂല്യമുള്ള ആശയം കൈയിലുണ്ടെങ്കിലും നമ്മുടെ ശൈലി മൃദുലമല്ലെങ്കിൽ മറ്റുള്ളവർ അതിനെ മാനിക്കണമെന്നില്ല.
അഭിപ്രായവും ആശയവും തിരുത്തുമ്പോൾ യുക്തിയും വിവേകവും ആവശ്യമാണ്. ക്ഷമയും അവധാനതയും അവലംബിക്കുകയും വേണം. I am ok, you are not ok -ഞാൻ ശരിയാണ്. എന്റെ വാദമാണ് ശരി. നീ ശരിയല്ല, നിൻ്റെ ചിന്തയും ശരിയല്ല എന്ന സമീപനത്തോടെ മറ്റുള്ളവരെ തിരുത്തരുത്.
സ്വന്തം ആശയവും ആദർശവും സമർഥിക്കുന്നതിനിടയിൽ മറ്റുള്ളവരുടെ വികാരങ്ങൾ മുറിപ്പെടരുത്. ആശയങ്ങളെ വിമർശിക്കുമ്പോഴും വ്യക്തിയെ മാനിക്കാൻ നാം മറക്കരുത്.
ആളുകളെ നേരിട്ട് വിമർശിക്കുന്നതിനു പകരം അവരുടെ വീഴ്‌ചകൾ ചൂണ്ടിക്കാണിക്കുന്ന ശൈലിയാണ് തിരുനബി സ്വീകരിച്ചത്. നീയത് ചെയ്തത് ശരിയായില്ല എന്ന് പ്രവാചകൻ പറഞ്ഞില്ല.
പകരം ചില ആളുകൾ ഇപ്രകാരം ചെയ്യുന്നതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അപ്രകാരം ചെയ്യുന്നത് നാം ഒഴിവാക്കണം തുടങ്ങിയ ശൈലിയായിരുന്നു മുഹമ്മദ് നബിയുടേത്. വ്യക്തികളെ ഇടിച്ചു താഴ്ത്താതെ സൗമ്യമായ സ്വഭാവമാണ് ഏതൊരു ഹൃദയത്തെയും സ്വാധീനിക്കുക.
സൗമ്യത കാര്യങ്ങളെ എളുപ്പമാക്കുകയും ഭംഗിയാക്കുകയും ചെയ്യുന്നു. വിനയവും വിട്ടുവീഴ്ച്‌ചയും വിശ്വാസിക്ക് അലങ്കാരവും ഏറെ പ്രതിഫലാർഹവുമാണ്. പ്രവാചക തിരുമേനി(സ) പറഞ്ഞു: വിട്ടുവീഴ്‌ചാ മനോഭാവം വിശ്വാസിക്ക് പ്രതിഫലം വർധിപ്പിക്കും. അല്ലാഹുവിന് വേണ്ടി (അവൻറെ തൃപ്‌തിയും പ്രതിഫലവും മോഹിച്ച്) ആരെങ്കിലും വിനയം കാണിച്ചാൽ അല്ലാഹു അവനെ ഉയർത്തും." (മുസ് ലിം)