ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് ഒരു കാരണമുണ്ടോ? നിങ്ങളുടെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടോ? ഇവ വളരെ പ്രധാനപ്പെട്ട കാര്യമാണ്.
കോവിഡ് കാലത്ത് ഏറെ ചര്‍ച്ച ചെയ്യുകയും ബെസ്റ്റ് സെല്ലറാവുകയും ചെയ്ത പുസ്തകമാണ് 'ഇക്കിഗായ്'. ഇക്കിഗായ് എന്നത് ഒരു ജപ്പാനീസ് ആശയമാണ്. സന്തോഷകരമായും ഊര്‍ജസ്വലമായും ജീവിതം നയിക്കുക എന്നതാണ് അതിന്റെ വിവക്ഷ.
ലോകത്ത് ഏറ്റവും കൂടുതല്‍ ദീര്‍ഘായുസുള്ളവര്‍ ജപ്പാനിലെ ഒക്കിനാവോ ദ്വീപുകാരാണെന്നാണ് ഗ്രന്ഥകര്‍ത്താക്കളായ ഗാര്‍സിയയുടെയും മാറിലെസിന്റെയും കണ്ടെത്തല്‍. അതിന്റെ രഹസ്യമന്വേഷിച്ചിറങ്ങിയപ്പോള്‍ അവര്‍ക്ക് ബോധ്യപ്പെട്ടത് ഒക്കിനാവോ നിവാസികളെല്ലാം സ്വന്തം ഇക്കിഗായ് കണ്ടെത്തിയവരും അതില്‍ സന്തോഷപൂര്‍വം മുന്നോട്ടുപോകുന്നവരും ആണ് എന്നാണ്.
'നിലനില്‍ക്കാനുള്ള കാരണം' എന്നാണ് ഫ്രഞ്ച് ഫിലോസഫര്‍ ഇക്കിഗായ്ക്ക് അര്‍ഥം നല്‍കിയത്. ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് ഒരു കാരണമുണ്ടോ? നിങ്ങളുടെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടോ? ഇവ വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഏതൊരു കാര്യം ചെയ്യുമ്പോഴും അതിന് ഒരു ലക്ഷ്യമുണ്ടാവുന്നതും ഇല്ലാതിരിക്കുന്നതും ഫലത്തില്‍ വലിയ അന്തരമുണ്ടാവും. കൃത്യമായ ലക്ഷ്യബോധമില്ലാത്തത് കൊണ്ടാണ് വിദ്യാര്‍ഥികള്‍ക്ക് പഠനം മടുപ്പുള്ളതാവുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ഭാരമാവുന്നത്. ആളുകള്‍ക്ക് അവര്‍ ചെയ്യുന്ന പ്രവൃത്തിയില്‍ ഉന്മേഷമില്ലാതാവുന്നത്.
വ്യക്തമായ ലക്ഷ്യവും കൃത്യമായ ആസൂത്രണവുമുണ്ടാവുമ്പോള്‍ വിജയം നേടാന്‍ എളുപ്പമാണ്. ലക്ഷ്യം എന്ത് എന്ന് കൃത്യമായി നിര്‍ണയിച്ചാല്‍ അതിലേക്കുള്ള വഴികള്‍ തുറക്കപ്പെടും. പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സും ഭക്തിയുള്ള ജീവിതവും നമുക്കുണ്ടെങ്കില്‍ സ്രഷ്ടാവായ നാഥന്‍ നമ്മുടെ സ്വപ്‌നങ്ങളിലേക്ക് വഴി നടത്തും. 'ഒരുവന്‍ അല്ലാഹുവിനോട് ഭക്തിയുള്ളവനായി വര്‍ത്തിച്ചാല്‍ അവന് വിഷമങ്ങളില്‍ നിന്ന് മോചനം നേടാന്‍ അല്ലാഹു മാര്‍ഗമുണ്ടാക്കി കൊടുക്കും.' (വി.ഖു 65:2)
ഈ ഭൂമിയില്‍ എനിക്ക് ഒന്നും ചെയ്യാനില്ല എന്ന് തോന്നുന്നിടത്താണ് മനുഷ്യന്റെ പരാജയം. സ്രഷ്ടാവായ ദൈവം ഓരോരുത്തര്‍ക്കും നല്‍കിയ കഴിവുകള്‍ കണ്ടെത്തുകയും വിലമതിക്കുകയും വേണം. ലക്ഷ്യം കൃത്യമായി നിര്‍ണയിച്ചാല്‍ വഴികള്‍ തുറക്കപ്പെടും.
ഞാന്‍ കഴിവില്ലാത്തവനാണ്, എന്നെ ആര് വില മതിക്കും, എന്റെ ജീവിതത്തിന് എന്ത് പ്രാധാന്യം തുടങ്ങിയ നിഷേധാത്മക ചിന്തകള്‍ മനുഷ്യനെ നിരാശയിലേക്കും അലസതയിലേക്കും നയിക്കും. ശാരീരിക വൈകല്യത്താലും മറ്റും വില കുറഞ്ഞവരെന്ന് കരുതിയ അനുചരന്മാരെ സ്‌നേഹറസൂല്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു: ''നിങ്ങള്‍ വില കുറഞ്ഞവരല്ല. നിങ്ങള്‍ അല്ലാഹുവിന് പ്രിയപ്പെട്ടവരും അവന്റെ അടുക്കല്‍ ഉന്നതസ്ഥാനമുള്ളവരുമാണ്.''
ഈ ഭൂമിയില്‍ എനിക്ക് ഒന്നും ചെയ്യാനില്ല എന്ന് തോന്നുന്നിടത്താണ് മനുഷ്യന്റെ പരാജയം. സ്രഷ്ടാവായ ദൈവം ഓരോരുത്തര്‍ക്കും നല്‍കിയ കഴിവുകള്‍ കണ്ടെത്തുകയും വിലമതിക്കുകയുമാണ് വേണ്ടത്. സ്വന്തത്തിനും സമൂഹത്തിനും മനുഷ്യനന്മയ്ക്കും ആ കഴിവുകള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ നമ്മുടെ ജീവിതം അര്‍ഥമുള്ളതാവും. ഒപ്പം സന്തോഷവും സംതൃപ്തിയും ലഭിക്കും. ''നിങ്ങളെ നാം കേവലം വൃഥാ സൃഷ്ടിച്ചുവെന്നും ഒരിക്കലും നമ്മിലേക്ക് മടക്കപ്പെടുകയില്ലെന്നുമാണോ നിങ്ങള്‍ ധരിച്ചുവെച്ചിരിക്കുന്നത്.'' (വി.ഖു 23:115)