ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും സബ മഹ്മൂദിന്റെ രചന, മതേതരത്വത്തിന്റെ രീതികളെയും മതം, രാഷ്ട്രീയം, ഫെമിനിസം എന്നിവയുടെ സംഗമങ്ങളെയും പരിശോധിക്കുന്നതിനുള്ള ഉരകല്ലായി നിലകൊള്ളുന്നു.
കലിഫോര്‍ണിയ സര്‍വകലാശാലയില്‍ നരവംശശാസ്ത്ര വിഭാഗം പ്രൊഫസറും മിഡ്ല്‍ ഈസ്റ്റിലെയും ദക്ഷിണേഷ്യയിലെയും മുസ്‌ലിം ഭൂരിപക്ഷ സമൂഹങ്ങളെ കേന്ദ്രീകരിച്ച് നരവംശശാസ്ത്രത്തിലും രാഷ്ട്രീയ സിദ്ധാന്തത്തിലും പണ്ഡിതോചിത ഇടപെലുകള്‍ നടത്തിയ വ്യക്തിയുമായിരുന്നു സബ മഹ്മൂദ്. 2018ല്‍ അന്തരിച്ച സബ മഹ്മൂദ്, 2004ല്‍ രചിച്ച ഗ്രന്ഥമാണ് Politics of Piety (ഭക്തിയുടെ രാഷ്ട്രീയം). ആഴത്തില്‍ വേരൂന്നിയ ധാരണകളെ വെല്ലുവിളിക്കുകയും കടുത്ത വിമര്‍ശനം തൊടുത്തുവിടുകയും ചെയ്ത് കര്‍തൃത്വത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചുമുള്ള ഫെമിനിസ്റ്റ് സംവാദങ്ങളെ പുനര്‍നിര്‍മിച്ച രചനയാണത്.