റമദാന്‍ നമ്മെ മാറ്റിപ്പണിയാന്‍ വഴിയൊരുക്കിയോ


ഹൃദയം ചേര്‍ത്തുവെക്കാത്ത ഒരു ആരാധനയും നിലനിര്‍ത്താനാകില്ല. നാഥന്റെ അനുഗ്രഹം തിരിച്ചറിയാന്‍ സ്വന്തം ജീവിതത്തെ കുറിച്ച് ആലോചിച്ചാല്‍ മതി.

ട്ടെറെ തിരിച്ചറിവുകള്‍ നേടിയ കാലമായിരുന്നല്ലോ റമദാന്‍. പഠനങ്ങള്‍, വായനകള്‍, മനനങ്ങള്‍ അങ്ങനെ ജീവിതത്തിലെ അനുഭവങ്ങളെ കുറിച്ചുള്ള പുനര്‍ചിന്തകള്‍ക്ക് സമയം ലഭിച്ച കാലം. റമദാന്‍ എന്താണ് ബാക്കിയാക്കുന്നത് എന്ന ചിന്ത വരുംകാല ജീവിതത്തിന് ഇന്ധനമേകും.

സങ്കടങ്ങളും പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ മാത്രമല്ല പ്രാര്‍ഥന. സന്തോഷത്തിലും സംതൃപ്തിയിലും അതുണ്ടാവണം. ആരാധനകള്‍ക്ക് ശാരീരിക ഭാവം മാത്രമായിരുന്നെങ്കില്‍ മടുത്ത് അവ അവസാനിപ്പിക്കുമായിരുന്നു.

ഹൃദയം ചേര്‍ത്തുവെക്കാത്ത ഒരു ആരാധനയും നിലനിറുത്താനാകില്ല. വസ്ത്രത്തിന്റെ അഴകിനേക്കാള്‍ പെരുമാറ്റത്തിന്റെ ഭംഗിയിലാണ് മാന്യത. നാഥന്റെ അനുഗ്രഹത്തെ തിരിച്ചറിയാന്‍ സ്വന്തം ജീവിതത്തെ കുറിച്ച് ആലോചിച്ചാല്‍ മതി.

സ്വദഖ കൊടുത്ത് ഒഴിവാക്കുന്ന ഒരു പ്രവര്‍ത്തനമല്ല. തികഞ്ഞ ഉദ്ദേശ്യശുദ്ധിയോടെ, താല്പര്യത്തോടെ പ്രതിഫലം സ്വന്തമാക്കുന്ന പ്രവര്‍ത്തനമാണ് എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. റമദാന്‍ നല്‍കിയ ചില ചിന്തകളാണിതെല്ലാം.

മറ്റുള്ളവര്‍ക്കായി ചെയ്യുന്ന നന്‍മകള്‍ എവിടെയും നഷ്ടമാവില്ല, പതിന്മടങ്ങായി തിരിച്ച് കിട്ടും. നല്ലത് ചെയ്യാന്‍ പ്രേരണ പോലെ തിന്മയെ തടുത്ത് നിര്‍ത്താനും സുക്ഷ്മതാബോധത്തിന് (തഖ്‌വ) കഴിയണം. ചിന്തയാണ് വാക്കിനെ രുപപ്പെടുത്തുന്നത്. നല്ലതും ചിന്തിക്കാം തിന്‍മയും ചിന്തിക്കാം. ശരിയായ വാക്കില്‍ നിന്നു പ്രവൃത്തികള്‍ നന്നാവും. പ്രവൃത്തി നന്നായാല്‍ സ്വഭാവം മാറും.

സ്വാഭാവ സംസ്‌കരണത്തിന് വാക്കുകള്‍ നന്നാക്കിയാല്‍ മതി എന്നത് റമദാന്‍ നല്‍കുന്ന തിരിച്ചറിവാണ്. പാവപ്പെട്ടവരോടും പട്ടിണിക്കാരോടും ഉള്ള കാരുണ്യം ഔദാര്യമല്ല, അവരുടെ അവകാശവും നല്‍കുന്നവന്റെ ശുദ്ധീകരണവും ആണ്.

നന്ദിയുള്ളവരാകുക

കിട്ടിയതിലും തടഞ്ഞുവെക്കപ്പെട്ടതിലും സന്തോഷിക്കുക. രണ്ടിലും പരീക്ഷണമുണ്ട്. കിട്ടിയത് സങ്കടത്തിനും കിട്ടാത്തത് സന്തോഷത്തിനും കാരണമായേക്കാം. സങ്കടങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ്. സന്തോഷം ഇടക്ക് വരുന്ന അതിഥിയാണ്. സങ്കടങ്ങളെ അടക്കിവെക്കാന്‍ കരുത്തു നല്‍കുന്ന നോമ്പ് യഥാര്‍ഥ സന്തോഷം എന്താണെന്ന് പകര്‍ന്നു തരുന്നു.

സഫലമാകാത്ത പ്രാര്‍ഥനയില്ല. ഉത്തരമില്ലാത്ത ചോദ്യമില്ല. വെളിച്ചം കൊണ്ട് ഭേദിക്കാത്ത ഒരു ഇരുട്ടുമില്ല. ഉള്ളിലെ വെളിച്ചം അണയാതെ സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ ജീവിതത്തിന് ആശയത്തിന്റെ വെളിച്ചം ഉണ്ടാകും. ആ വെളിച്ചം എതവസ്ഥയേയും തരണം ചെയ്യാന്‍ ശക്തി നല്‍കും.

നന്മകള്‍ ചെയ്യാന്‍ തിടുക്കമുണ്ടോ? നോവനുഭവിക്കുന്നവരെ കാണുമ്പോള്‍ മനസ്സകത്ത് നനവുണ്ടോ? പെരുമാറ്റത്തിലൊരു മയമുണ്ടോ? ഉണ്ട് എങ്കില്‍ മാറ്റം സംഭവിച്ചിട്ടുണ്ടാകും.

അത് നന്‍മ തിന്മകളെ മായ്ച്ച് കളയും. തിന്മകള്‍ പറ്റിപ്പോയവര്‍ നിരാശരാവാതിരിക്കാന്‍ പശ്ചാത്താപത്തിന്റെ വാക്കുകള്‍ നല്‍കുന്ന പ്രതീക്ഷ അപാരമാണ്. സംഭവിച്ചതിലുള്ള ഖേദം, തെറ്റിലേക്കുള്ള തിരിച്ചുപോക്ക് ഇല്ലാതിരിക്കല്‍, നന്മകള്‍ ധാരാളം ചെയ്യല്‍, തെറ്റിന്റെ സാഹചര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കല്‍, നല്ലവരോടൊപ്പം കൂട്ടുകൂടല്‍ തുടങ്ങിയവ പാപമോചനത്തിന്റെയും പാപങ്ങളില്‍ നിന്ന് രക്ഷ നേടാനുള്ളതിന്റെയും വഴികളാണ്.

വിശുദ്ധി, സൂഷ്മത, വ്യക്തിത്വം, സാമ്പത്തിക ധാര്‍മികത ഇവയൊക്കെ ഉപദേശിക്കാന്‍ വളരെ എളുപ്പമാണ്. മറ്റുള്ളവര്‍ക്ക് കാണാനും പകര്‍ത്താനുമാവും വിധം ജീവിതത്തില്‍ കര്‍മങ്ങളായി നടപ്പില്‍ വരുത്താന്‍ അല്പം വിഷമവുമാണ്.

ജീവിതത്തിലില്ലാത്തത് പറയുന്നത് പരിഹാസ്യമാണെന്ന ബോധ്യമുണ്ടാവണം. റമദാന്‍ നമ്മളെ മാറ്റിയോ എന്ന് ഈ വേളയില്‍ ഇരുത്തിച്ചിന്തിക്കേണ്ടതുണ്ട്. നാഥന്റെ അടുത്ത് റമദാന്‍ കൊണ്ട് വിജയിച്ചവരുടെ ലിസ്റ്റില്‍ നാമുണ്ടാകുമോ എന്നറിയാന്‍ ഒരു വഴിയുണ്ട്. ഇങ്ങനെ ഒരു ആത്മപരിശോധന നടത്തിയാല്‍ മതി.

നന്മകള്‍ ചെയ്യാന്‍ തിടുക്കമുണ്ടോ? നോവനുഭവിക്കുന്നവരെ കാണുമ്പോള്‍ മനസ്സകത്ത് നനവുണ്ടോ? പെരുമാറ്റത്തിലൊരു മയമുണ്ടെന്ന് വീട്ടുകാര്‍ പറയുന്നുണ്ടോ? ഇതിനെല്ലാം ഉണ്ട് എന്നാണ് ഉത്തരമെങ്കില്‍ മാറ്റം സംഭവിച്ചിട്ടുണ്ട് എന്ന് കരുതാനാവും. ഈ മാറ്റം തുടര്‍ന്നുള്ള ജീവിതത്തിലും നിലനിര്‍ത്താന്‍ പ്രാര്‍ഥനയും പ്രവര്‍ത്തനവും ഉണ്ടാവണം.