'ചെയ്യാത്തത് പറയുന്നതെന്തിനാണ്?'


മനുഷ്യര്‍ ചെയ്യുന്ന, പറയുന്ന ഓരോ കാര്യങ്ങളിലും ഉത്തരവാദിത്ത ബോധമുള്ളവരായിരിക്കണം. നിങ്ങളുടെ വാക്കുകളല്ല പ്രധാനം. തദനുസൃതമായി നിങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ നിങ്ങളുടെ വാക്കുകള്‍ക്ക് യാതൊരു വിലയും നിലയുമുണ്ടാവില്ല.

سَبَّحَ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ 1

يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ 2

كَبُرَ مَقْتًا عِندَ اللَّهِ أَن تَقُولُوا مَا لَا تَفْعَلُونَ 3

إِنَّ اللَّهَ يُحِبُّ الَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفًّا كَأَنَّهُم بُنْيَانٌ مَّرْصُوصٌ 4

ഭുവനവാനങ്ങളിലുള്ളവയത്രവും അല്ലാഹുവിന്റെ മഹത്വം പ്രകീര്‍ത്തിച്ചിരിക്കുന്നു. അവന്‍ അജയ്യനും അഭിജ്ഞനുമല്ലോ.

വിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തത് പറയുന്നതെന്തിനാണ്?

ചെയ്യാത്തത് പറയുക എന്നത് അല്ലാഹുവിന് ഏറെ വെറുപ്പുള്ള കാര്യമാണ്.

കരുത്തുറ്റ മതില്‍ക്കെട്ടുപോലെ അണിചേര്‍ന്ന് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അടരാടുന്നവരെ അവന്‍ ഏറെ ഇഷ്ടപ്പെടുന്നു

(അസ്സ്വഫ്ഫ് 1-4)

ആമുഖം

സൂറഃ അസ്സ്വഫ്ഫ് ഖുര്‍ആനിലെ 61-ാം അധ്യായമാണ്. ഇതില്‍ 14 സൂക്തങ്ങള്‍ അടങ്ങുന്നു. മദനിയ്യായ സൂറകളില്‍ പെട്ടതാണ്. നാലാം സൂക്തത്തിലെ സ്വഫ്ഫന്‍ എന്ന വാക്കാണ് ഈ അധ്യായ നാമത്തിന്റെ ആധാരം.

തങ്ങള്‍ മറ്റുള്ളവരോട് ഉപദേശിക്കുന്ന കാര്യങ്ങള്‍ സ്വയം ചെയ്യാതിരിക്കുന്നവരാണ് അല്ലാഹുവിന് ഏറ്റവും വിരോധമുള്ളരെന്നും ഭദ്രമായ മതില്‍ക്കെട്ടുപോലെ ഒറ്റയടിയായി ദൈവമാര്‍ഗത്തില്‍ പോരാടുന്നവരാണ് അല്ലാഹുവിന് ഏറെ പ്രിയപ്പെട്ടവരെന്നും പ്രസ്താവിച്ചുകൊണ്ട് ഈ അധ്യായം സമാരംഭിക്കുന്നു.

മൂസാ നബിയേയും ഈസാ നബിയേയും ദ്രോഹിക്കുകയും നിഷേധിക്കുകയും ചെയ്തവരാണവര്‍. അതിനാല്‍ തന്നെ അവരുടെ സ്വഭാവ ഘടന വികലമാവുകയും സന്മാര്‍ഗ പ്രാപ്തിക്കുള്ള അവസരം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് വളരെയധികം മോശമായ ഒരു അവസ്ഥയാണ്.

അനന്തരം ദിവ്യ വെളിച്ചം തച്ചു കെടുത്താന്‍ അവരെത്ര ശ്രമിച്ചാലും അല്ലാഹു അതിനെ ജാജ്വല്യമാനമാക്കുക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നു. ഈ പ്രകാശത്തില്‍ നിന്നുയിര്‍ക്കൊള്ളുന്ന മതസംഹിത അതിജീവിക്കുമെന്ന് പ്രവചിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് വിശ്വാസികളോടായി പറയുന്നു. അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും ദൈവമാര്‍ഗത്തില്‍ ധനവും ദേഹവും ഉപയോഗിച്ച് പൊരുതുകയും ചെയ്യുകയാണ് രക്ഷാമാര്‍ഗം. അവര്‍ക്കത്രെ സ്വര്‍ഗലബ്ധി. ഹവാരികള്‍ ഈസാനബിയെ പിന്തുണച്ച പോലെ നിങ്ങള്‍ അന്‍സാറുല്ലയായിത്തീരണം എന്ന ആഹ്വാനത്തോടെ ഈ അധ്യായം സമാപിക്കുന്നു.

ആശയം

പ്രപഞ്ചത്തിലെ ഓരോ വസ്തുവും ആകാശഭൂമികളുടെ സ്രഷ്ടാവായ പ്രപഞ്ചനാഥനെ നിരന്തരം വാഴ്ത്തിക്കൊണ്ടിരിക്കുന്നു. അവന്‍ സകലവിധ ന്യൂനതകളില്‍ നിന്നും ദൗര്‍ബല്യങ്ങളില്‍ നിന്നും അബദ്ധങ്ങളില്‍ നിന്നും പരിശുദ്ധനാകുന്നു. അവന്റെ സത്ത പവിത്രവും ഗുണങ്ങള്‍ പരിപാവനവുമാണ്.

അവന്റെ കര്‍മങ്ങളും വിധികളും പരിശുദ്ധവുമാണ്. അല്ലാഹു സ്വയം പര്യാപ്തനും അത്യുന്നതനുമാണ്. അവന്റെ ദിവ്യത്വം നിങ്ങളുടെ വിശ്വാസത്തെയോ ആരാധനയെയോ കര്‍മത്തെയോ ആശ്രയിച്ചല്ല കുടികൊള്ളുന്നത്. ഈ യാഥാര്‍ഥ്യം പ്രാഥമികമായി നിങ്ങള്‍ ഗ്രഹിച്ചിരിക്കണം. നിങ്ങളുടെ വിശ്വാസകര്‍മങ്ങള്‍ നിങ്ങളുടെ രക്ഷക്ക് വേണ്ടി തന്നെയുള്ളതാണ്.

അതിനാല്‍ നിങ്ങള്‍ ചെയ്യുന്ന, പറയുന്ന ഓരോ കാര്യങ്ങളിലും നിങ്ങള്‍ ഉത്തരവാദിത്ത ബോധമുള്ളവരായിരിക്കണം. നിങ്ങളുടെ വാക്കുകളല്ല പ്രധാനം. തദനുസൃതമായി നിങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ നിങ്ങളുടെ വാക്കുകള്‍ക്ക് യാതൊരു വിലയും നിലയുമുണ്ടാവില്ല. അന്യരെ ഉപദേശിക്കാന്‍ എളുപ്പമാണ്. എന്നാല്‍ അവ സ്വജീവിതത്തില്‍ അനുവര്‍ത്തിക്കാന്‍ അത്യധികം ശ്രദ്ധിക്കേണ്ടതുണ്ട്.

കണ്ണീരണിയിക്കുന്ന വാക്കുകള്‍ കൊണ്ട് മനുഷ്യനെ സ്തബ്ധരാക്കുന്നതിലുപരി, വാചോടാപങ്ങള്‍ നടത്തുന്നതിലുപരി സത്യസന്ധമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഖല്‍ബകങ്ങളില്‍ കുടിയേറാന്‍ സാധിക്കണം. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുണ്ടുകളും നാവും നല്‍കാനാവണം.

കണ്ണീരണിയിക്കുന്ന വാക്കുകള്‍ കൊണ്ട് മനുഷ്യനെ സ്തബ്ധരാക്കുന്നതിലുപരി സത്യസന്ധമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഖല്‍ബകങ്ങളില്‍ കുടിയേറാന്‍ സാധിക്കണം. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുണ്ടുകളും നാവും നല്‍കാനാവണം. നാവുകൊണ്ട് വാചോടാപങ്ങള്‍ നടത്തുന്നതില്‍ മാത്രം അഭിരമിക്കുന്നവരുടെ യഥാര്‍ഥമുഖം വൈകാതെ പുറത്തു വരും. അവരുടെ വാക്കുകള്‍ അവരെ നോക്കി പല്ലിളിക്കും. ഇത്തരക്കാരെ സ്രഷ്ടാവിന് ഒട്ടും ഇഷ്ടമല്ലെന്ന കാര്യം ഓര്‍ക്കണം. അവരെ ഏറെ വെറുപ്പോടെയാണ് സ്രഷ്ടാവ് കാണുന്നത്.

അതിനാല്‍ വാക്കും കര്‍മവും കല്ലും സിമന്റും ഒട്ടിച്ചേര്‍ന്ന് കെട്ടിടത്തിന് ഭദ്രത പകരുന്ന വിധം സുഭദ്രമാക്കാന്‍ യത്‌നിക്കുക. അപ്രകാരം വ്യക്തിത്വമുള്ള ആള്‍ക്കൂട്ടങ്ങള്‍ ചേര്‍ന്ന് കരുത്തുറ്റ മതില്‍കെട്ടുപോലെ അണിചേര്‍ന്ന് സത്യത്തിന്റെ മാര്‍ഗത്തില്‍ പോരാടാന്‍ സജ്ജരാവുക. കാപട്യം അശേഷം തീണ്ടാത്ത ഇത്തരക്കാരാണ് ദൈവത്തിന്റെ ഇഷ്ടക്കാര്‍ എന്ന കാര്യം ഓര്‍ത്ത് വെക്കുക.

വാക്കും പ്രവൃത്തിയും

വാക്കും പ്രവര്‍ത്തനവും പരസ്പര പൂരകമാവുകയെന്നത് വിശ്വാസിയുടെ ഗുണമാണ്. എന്നാല്‍ പറഞ്ഞ വാക്ക് പാലിക്കാത്തവന്‍ കപട വിശ്വാസിയാണ്. നബി(സ)യുടെ ഒരു പ്രസ്താവന ഇപ്രകാരമാണ്.

آية المنافق ثلاث: إذا حدث كذب، وإذا وعد أخلف، وإذا اؤتمن خان

'കപട വിശ്വാസിയുടെ ലക്ഷണം മൂന്നെണ്ണമാണ്. സംസാരിച്ചാല്‍ കളവ് പറയല്‍, വിശ്വസിച്ചാല്‍ വഞ്ചിക്കല്‍, വാഗ്ദാനം ചെയ്താല്‍ ലംഘിക്കല്‍' (ബുഖാരി 2498).

വാക്ക് ലംഘനം ഗുരുതര കുറ്റം

لَا يُؤَاخِذُكُمُ اللَّهُ بِاللَّغْوِ فِي أَيْمَانِكُمْ وَلَٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ الْأَيْمَانَ

'ബോധപൂര്‍വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്' (മാഇദ 89).

ഉചിത വാക്ക് ഉത്തമം

സംസാരം ഉചിതമായിരിക്കണം. സൂറ: മുഹമ്മദില്‍ പറയുന്നു:

طَاعَةٌ وَقَوْلٌ مَّعْرُوفٌ ۚ فَإِذَا عَزَمَ الْأَمْرُ فَلَوْ صَدَقُوا اللَّهَ لَكَانَ خَيْرًا لَّهُمْ

'അനുസരണവും ഉചിതമായ വാക്കുമാണ് വേണ്ടത്. എന്നാല്‍ കാര്യം തീര്‍ച്ചപ്പെട്ടു കഴിഞ്ഞപ്പോള്‍ അവര്‍ അല്ലാഹുവോട് സത്യസന്ധത കാണിച്ചിരുന്നെങ്കില്‍ അതായിരുന്നു അവര്‍ക്ക് കൂടുതല്‍ ഉത്തമം' (മുഹമ്മദ് 21).

അണി ശരിപ്പെടുത്തുക

മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി ആദര്‍ശബന്ധിതരായി കുടികൊള്ളണം. അതിന്റെ ഭാഗം തന്നെയാണ് നമസ്‌കാരത്തില്‍ അണി ശരിപ്പെടുത്തുകയെന്നത്. നബി(സ) പറഞ്ഞു:

لتسون صفوفكم أو ليخالفن الله بين وجوهكم

നിങ്ങള്‍ നിങ്ങളുടെ അണികള്‍ ശരിപ്പെടുത്തുക. അല്ലാത്ത പക്ഷം നിങ്ങള്‍ക്കിടയില്‍ അല്ലാഹു ഭിന്നിപ്പുണ്ടാക്കും. (ബുഖാരി 679)