അമിതം അഹിതമാണ്; മിതത്വം സൗന്ദര്യവും


മിത ഭക്ഷണം ശാരീരിക മാനസിക ആരോഗ്യം പ്രധാനം ചെയ്യും. അമിത ഭക്ഷണവും അഹിത ഭക്ഷണവും രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു.

  • ആദം സന്തതികളേ, എല്ലാ ആരാധനാ വേളകളിലും നിങ്ങള്‍ ഭംഗിയുള്ള വസ്ത്രങ്ങളുടുക്കുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ധൂര്‍ത്തടിക്കരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കുകയില്ല (ഖുര്‍ആന്‍ 7:31).

മനുഷ്യന്‍ ചെയ്യുന്ന ഏറ്റവും മഹത്തായ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് സ്രഷ്ടാവിനുള്ള ആരാധന. നമസ്‌കാരം റബ്ബിനോടുള്ള പ്രാര്‍ഥനയും അഭിമുഖ ഭാഷണവുമാണ്. തന്റെ പ്രിയപ്പെട്ട അവയവങ്ങളെല്ലാം നിലത്ത് വെച്ചാണ് റബ്ബിന്നായി സുജൂദ് ചെയ്യുന്നത്.

ഈ ആരാധനകളെല്ലാം മാന്യവും മനോഹരവുമായ വസ്ത്രം ധരിച്ചാണ് നിര്‍വഹിക്കേണ്ടത്. നഗ്‌നരായും അര്‍ധനഗ്‌നരായും ആരാധന നടത്തുന്നവര്‍ എന്നും ഉണ്ടായിരുന്നു. അത് ഭക്തിയുടെ മാര്‍ഗമല്ലെന്നും മാന്യതയും ഭംഗിയുമുള്ളവരായി ആരാധന നിര്‍വഹിക്കലാണ് ശരിയെന്നുമാണ് അല്ലാഹു ഇവിടെ പഠിപ്പിക്കുന്നത്.

ഭക്തിയുടെ പേരില്‍ നല്ല ഭക്ഷണപാനീയങ്ങളെല്ലാം ഉപേക്ഷിക്കുക എന്ന ചിന്താഗതിയും മതം അംഗീകരിക്കുന്നില്ല. ഭൂമിയിലെ എല്ലാ അനുവദിക്കപ്പെട്ട വിശിഷ്ട വിഭവങ്ങളും ഭക്ഷിച്ചുകൊള്ളാനാണ് അല്ലാഹു പറയുന്നത്. എന്നാല്‍ ആവശ്യത്തില്‍ കൂടുതല്‍ ഉപയോഗിക്കരുത്. അത് ധൂര്‍ത്തടിക്കലാണ്.

സസ്യാഹാരവും മാംസാഹാരവും എല്ലാം അല്ലാഹു അനുവദിച്ച രൂപത്തില്‍ ഉപയോഗിച്ചാല്‍ അത് ആരോഗ്യദായകമായിരിക്കും

മിതമായ ഭക്ഷണം ശാരീരിക മാനസിക ആരോഗ്യം പ്രധാനം ചെയ്യും. എന്നാല്‍ അമിത ഭക്ഷണവും അഹിത ഭക്ഷണവും ധാരാളം രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് മാത്രമല്ല, അല്ലാഹുവിന്റെ ഇഷ്ടം നഷ്ടപ്പെടാന്‍ കാരണമാവുക കൂടി ചെയ്യുന്നു. അല്ലാഹു അനുവദിച്ച ഏത് ഭക്ഷണവും മിതമായി ഉപയോഗിക്കണം.

ആരാധനകളില്‍ പോലും മധ്യമ നിലപാടാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഉദാസീനതയോ തീവ്രതയോ ഒന്നിലും പാടില്ല. ധനം ചെലവഴിക്കുന്നിടത്തും പിശുക്കും ധൂര്‍ത്തും ഒഴിവാക്കി മിതത്വം പാലിക്കാനാണ് അല്ലാഹുവിന്റെ കല്പന.

അമിത ഭക്ഷണം കാരണമാണ് ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. സസ്യാഹാരവും മാംസാഹാരവും എല്ലാം അല്ലാഹു അനുവദിച്ച രൂപത്തില്‍ ഉപയോഗിച്ചാല്‍ അത് ആരോഗ്യദായകമായിരിക്കും. ആമാശയം ഭക്ഷണം, വെള്ളം എന്നിവക്ക് പുറമേ വായുവിന് കൂടി ഭാഗിച്ച് ഉപയോഗിക്കണമെന്ന നബിവചനം ശ്രദ്ധേയമാണ്. മനുഷ്യന്‍ നിറയ്ക്കുന്ന ഏറ്റവും മോശമായ പാത്രം ആമാശയം ആണെന്നും നാം തിരിച്ചറിയണം.

തന്റെ നടു നിവര്‍ത്താന്‍ ആവശ്യമായത് അഥവാ ശരീരത്തിന് ആവശ്യമായ കലോറി ലഭിക്കുന്ന ഭക്ഷണം മാത്രമേ വേണ്ടതുള്ളൂ എന്നും നബി(സ) ഉണര്‍ത്തുന്നു. ഭക്ഷണധൂര്‍ത്ത് കാണിക്കുന്നവരെ അല്ലാഹു സ്‌നേഹിക്കുകയില്ല എന്ന ഭാഗം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.