പ്രവാചകന്മാര്‍ സത്യ വാഹകരാണ്. പാരമ്പര്യവാദത്തിന്റെയും അജ്ഞതയുടെയും അവിവേകത്തിന്റെയും ഫലമായി പ്രവാചകന്മാരുടെ ജനത ആ സത്യസന്ദേശം തള്ളിക്കളയുകയും പ്രവാചകന്മാരെ ഉപദ്രവിക്കുകയും ചെയ്യുന്നു.
وَإِذۡ قَالَ مُوسَىٰ لِقَوۡمِهِۦ يَٰقَوۡمِ لِمَ تُؤۡذُونَنِي وَقَد تَّعۡلَمُونَ أَنِّي رَسُولُ ٱللَّهِ إِلَيۡكُمۡۖ فَلَمَّا زَاغُوٓاْ أَزَاغَ ٱللَّهُ قُلُوبَهُمۡۚ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلۡفَٰسِقِينَ
وَإِذۡ قَالَ عِيسَى ٱبۡنُ مَرۡيَمَ يَٰبَنِيٓ إِسۡرَـٰٓءِيلَ إِنِّي رَسُولُ ٱللَّهِ إِلَيۡكُم مُّصَدِّقٗا لِّمَا بَيۡنَ يَدَيَّ مِنَ ٱلتَّوۡرَىٰةِ وَمُبَشِّرَۢا بِرَسُولٖ يَأۡتِي مِنۢ بَعۡدِي ٱسۡمُهُۥٓ أَحۡمَدُۖ فَلَمَّا جَآءَهُم بِٱلۡبَيِّنَٰتِ قَالُواْ هَٰذَا سِحۡرٞ مُّبِينٞ
وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ ٱلۡكَذِبَ وَهُوَ يُدۡعَىٰٓ إِلَى ٱلۡإِسۡلَٰمِۚ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلظَّـٰلِمِينَ
يُرِيدُونَ لِيُطۡفِـُٔواْ نُورَ ٱللَّهِ بِأَفۡوَٰهِهِمۡ وَٱللَّهُ مُتِمُّ نُورِهِۦ وَلَوۡ كَرِهَ ٱلۡكَٰفِرُونَ
هُوَ ٱلَّذِيٓ أَرۡسَلَ رَسُولَهُۥ بِٱلۡهُدَىٰ وَدِينِ ٱلۡحَقِّ لِيُظۡهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوۡ كَرِهَ ٱلۡمُشۡرِكُونَ
- മൂസാ നബി തന്റെ ജനതയോട് ചോദിച്ച സന്ദര്‍ഭം സ്മരണീയമത്രെ. 'എന്റെ ജനങ്ങളേ, നിങ്ങളെന്തിനാണ് എന്നെ ദ്രോഹിക്കുന്നത്. നിങ്ങളിലേക്ക് നിയുക്തനായ ദൈവദൂതനാണ് ഞാന്‍ എന്ന് നിങ്ങള്‍ക്ക് നന്നായറിയാമല്ലോ. അങ്ങനെ അവര്‍ വ്യതിചലിച്ചു. അപ്പോള്‍ അല്ലാഹു അവരുടെ മനസ്സുകളെ വ്യതിചലിപ്പിച്ചു. അധര്‍മകാരികള്‍ക്ക് അല്ലാഹു നേര്‍വഴി കാണിക്കുകയില്ല.
- മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞതും ഓര്‍ക്കുക: ഇസ്രായേല്‍ മക്കളേ, ഞാന്‍ നിങ്ങളിലേക്കുള്ള ദൈവദൂതനാണ്. ഞാന്‍ എനിക്ക് മുമ്പേ അവതീര്‍ണമായ തൗറാത്തിനെ ശരിവെക്കുന്നു. എനിക്ക് ശേഷം ആഗതനാകുന്ന അഹ്മദ് എന്നു പേരുള്ള ദൂതനെക്കുറിച്ച് ശുഭവാര്‍ത്ത അറിയിക്കുന്നു. അങ്ങനെ സ്പഷ്ട ദൃഷ്ടാന്തങ്ങളുമായി ആ ദൂതന്‍ അവരുടെ അടുക്കല്‍ എത്തിയപ്പോള്‍ അവര്‍ പറഞ്ഞു. 'ഇത് വ്യക്തമായ ഒരു മായാജാലം തന്നെ'.
- ഇസ്‌ലാമിലേക്ക് ക്ഷണിക്കപ്പെടുമ്പോള്‍ അല്ലാഹുവിന്റെ പേര് വ്യാജം ചമച്ചുണ്ടാക്കുന്നവനെക്കാള്‍ വലിയ അക്രമി ആരുണ്ട്? അതിക്രമകാരികളെ അവന്‍ നേര്‍വഴിയിലാക്കുകയില്ല.
- തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് അവര്‍ ഉദ്ദേശിക്കുന്നത്. അല്ലാഹുവാകട്ടെ തന്റെ പ്രകാശത്തെ പൂര്‍ണമായി പരത്തുക തന്നെ ചെയ്യും. നിഷേധികള്‍ക്ക് അതെത്ര അരോചകമാണെങ്കിലും.
- മറ്റെല്ലാ മതങ്ങളെയും അതിജയിക്കാനായി സന്മാര്‍ഗ ദര്‍ശനവും സത്യമതവുമായി തന്റെ ദൂതനെ നിയോഗിച്ചത് അല്ലാഹുവാണ്. ബഹുദൈവാരാധകര്‍ അതത്രെ വെറുത്താലും (അസ്സ്വഫ്ഫ് 5-9).
ആശയം
പ്രവാചകന്മാര്‍ സത്യത്തിന്റെ വാഹകന്മാരാണ്. പാരമ്പര്യവാദത്തിന്റെയും അജ്ഞതയുടെയും അവിവേകത്തിന്റെയും ഫലമായി പ്രവാചകന്മാരുടെ ജനത അവര്‍ നല്‍കുന്ന സത്യസന്ദേശത്തെ തള്ളിക്കളയുകയും പ്രവാചകന്മാരെ ദ്രോഹിക്കുകയും ചെയ്യുന്നു. നബി(സ)യും തന്റെ ജനതയില്‍ നിന്ന് ഇതേ അനുഭവം നേരിട്ടു. നബിയേ, താങ്കള്‍ വിഷമിക്കേണ്ടതില്ല. താങ്കള്‍ക്ക് മുമ്പ് കടന്നുപോയ പ്രവാചകന്മാര്‍ അനുഭവിച്ച അതേ അനുഭവം തന്നെയാണിത്.

മൂസാ നബി തന്റെ ജനതയോട് ഹൃദയഭേദകമായ ശൈലിയില്‍ ഉന്നയിച്ച ചോദ്യം താങ്കള്‍ ആലോചിച്ചു നോക്കുക. എന്റെ ജനങ്ങളേ, നിങ്ങളെന്തിനാണ് എന്നെ ദ്രോഹിക്കുന്നത്. നിങ്ങളിലേക്ക് നിയുക്തനായ ദൈവദൂതനാണ് ഞാന്‍ എന്ന് നിങ്ങള്‍ക്ക് നന്നായറിയാമല്ലോ? ഇപ്രകാരമുള്ള തെറ്റായ പ്രവണതകള്‍ മൂലം അവര്‍ ശരിയായ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചുപോയി. ഇത്തരം അധാര്‍മികതകള്‍ ശരിയായ പാതയിലെത്തുകയില്ല.
പിന്നാലെ വന്ന ഈസാ നബിയോട് തന്റെ ജനത പുലര്‍ത്തിയ പ്രവണത ഇതു തന്നെയാണ.് ഇസ്രായേല്‍ മക്കളേ എന്ന് സ്‌നേഹ സ്പര്‍ശത്തോടെ വിളിച്ചുകൊണ്ടാണ് അവരെ അഭിമുഖീകരിച്ചത്. അദ്ദേഹം പറഞ്ഞു: ഞാന്‍ നിങ്ങളിലേക്കുള്ള ദൈവദൂതനാണ്. എന്റെ മുമ്പ് കടന്നുപോയ മോസസിന് അവതീര്‍ണമായ തൗറാത്തിനെ സത്യപ്പെടുത്തുന്നവനും എനിക്ക് പിന്നാലെ വരാനിരിക്കുന്ന അഹ്മദ് എന്ന് പേരുള്ള പ്രവാചകനെ പറ്റിയുള്ള സുവിശേഷത്തെ പ്രവചിക്കുന്നവനുമാണ് ഞാന്‍. ഇതിന്നാവശ്യമായ വ്യക്തമായ ദൃഷ്ടാന്തങ്ങളാണ് ഞാന്‍ നിങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നത്.
എന്നാല്‍ അവരുടെ പ്രതികരണം അത്യധികം വിചിത്രമായിരുന്നു. നീ കൊണ്ടുവന്നതെല്ലാം ഒട്ടും അടിസ്ഥാനമില്ലാത്ത മായികമായ വ്യാജോക്തികള്‍ മാത്രമാണ്. ഇതേ അനുഭവം എക്കാലത്തും സത്യത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് മുമ്പില്‍ പ്രത്യക്ഷമാകും. അതിന്‍െ പേരില്‍ നിരാശപ്പെട്ട് പുറകോട്ട് പോകരുത്.
ഇസ്‌ലാമിന്റെ സ്വച്ഛമായ പ്രകാശത്തിലേക്ക് ക്ഷണിക്കപ്പെടുമ്പോള്‍ വ്യാജോക്തികളുണ്ടാക്കി അതിന് മുമ്പില്‍ തടസ്സം സൃഷ്ടിക്കുന്നത് വളരെ വലിയ അതിക്രമം തന്നെയാണ്. അത്തരത്തിലുള്ള അതിക്രമകാരികള്‍ ഒരിക്കലും നേര്‍പഥത്തിലെത്തുകയില്ല. അവര്‍ വ്യമോഹിക്കുന്നത് തങ്ങളുടെ പ്രചാരണ തന്ത്രങ്ങള്‍ കൊണ്ട് ദൈവിക പ്രകാശത്തിന്റെ പ്രോജ്വലത തച്ചുകെടുത്താമെന്നാണ്.
എന്നാല്‍ ആ പ്രകാശത്തിന് നേരെ അവരെയ്യുന്ന ആക്രമണത്തിന്റെ ഏതൊരു അമ്പും ആ ജ്വലനത്തിനുള്ള ഇന്ധനം മാത്രമാണെന്ന് തിരിച്ചറിയുക. സത്യത്തിന്റെ പ്രകാശം പ്രസരിച്ചുകൊണ്ടിരിക്കുന്നത് സത്യനിഷേധികള്‍ക്ക് ഏറെ അസ്വസ്ഥത പകരുന്നത് തന്നെയാണ്.
സത്യമതവും സന്മാര്‍ഗദര്‍ശനവുമായി ദൂതനെ നിയോഗിച്ചത് സര്‍വശക്തനായ സ്രഷ്ടാവ് തന്നെയാണ്. അതിനാല്‍ തന്നെ അതിനെതിരില്‍ ഊതി വീര്‍പ്പിക്കപ്പെട്ട അസത്യത്തിന്റെ ബലൂണുകള്‍ ജലകുമിളകള്‍ പോലെ പൊട്ടിത്തകരുക തന്നെ ചെയ്യും. എല്ലാ ആശയഗതികളും പ്രത്യയശാസ്ത്രങ്ങളും അതിന്റെ മുമ്പില്‍ പത്തിമടക്കും. ബഹുദൈവ വിശ്വാസികളെ അലോസരപ്പെടുത്തിക്കൊണ്ട് അതിന്റെ പ്രകാശം പ്രസരിക്കുകയും പ്രോജ്വലമായിത്തീരുകയും ചെയ്യും.
സത്യമതവും സന്മാര്‍ഗദര്‍ശനവുമായി ദൂതനെ നിയോഗിച്ചത് സര്‍വശക്തനായ സ്രഷ്ടാവ് തന്നെയാണ്. അതിനെതിരെ ഊതി വീര്‍പ്പിക്കപ്പെട്ട അസത്യത്തിന്റെ ബലൂണുകള്‍ ജലകുമിളകള്‍ പോലെ പൊട്ടിത്തകരുക തന്നെ ചെയ്യും.
നബിയേ, താങ്കള്‍ ഒട്ടും അലോസരപ്പെടേണ്ടതില്ല. ചരിത്രത്തില്‍ അതിന്റെ സമുജ്വലമായ യാഥാര്‍ഥ്യവത്കരണം. അറേബ്യന്‍ മരുഭൂമിയില്‍ കണ്ട പില്‍ക്കാല വിശ്വാസികളേ, നിങ്ങളൊരിക്കലും നിരാശരോ ആശയറ്റവരോ ആകേണ്ടതില്ല. നിങ്ങളിലര്‍പ്പിതമായ ദൗത്യനിര്‍വഹണം നിശ്ചയദാര്‍ഢ്യതയോടെ നിര്‍വഹിക്കുക. ആശങ്കപ്പെടാതെ അതിശക്തമായി മുന്നോട്ട് തന്നെ കുതിക്കുക
മൂസാനബി(അ)യുടെ ജനത
മൂസാനബി(അ)യുടെ അനുയായികളായ ആളുകള്‍ തന്നെ പ്രകടിപ്പിച്ച ദാര്‍ഷ്ട്യമനോഭാവത്തെ ഖുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു:
قَالُواْ يَٰمُوسَىٰٓ إِنَّا لَن نَّدۡخُلَهَآ أَبَدٗا مَّا دَامُواْ فِيهَا فَٱذۡهَبۡ أَنتَ وَرَبُّكَ فَقَٰتِلَآ إِنَّا هَٰهُنَا قَٰعِدُونَ (24)
(25) قَالَ رَبِّ إِنِّي لَآ أَمۡلِكُ إِلَّا نَفۡسِي وَأَخِيۖ فَٱفۡرُقۡ بَيۡنَنَا وَبَيۡنَ ٱلۡقَوۡمِ ٱلۡفَٰسِقِينَ
അവര്‍ പ്രതികരിച്ചു: മൂസാ, അവരവിടെ ഉള്ളിടത്തോളം കാലം ഞങ്ങളങ്ങോട്ട് പോവുകയേയില്ല. അതിനാല്‍ നീയും നിന്റെ റബ്ബും പോയി അവരോട് യുദ്ധം ചെയ്യുക. ഞങ്ങളിവിടെ ഇരിക്കാം. മൂസാ പ്രാര്‍ഥിച്ചു: എന്റെ നാഥാ, എന്റെയും എന്റെ സഹോദരന്റെയും മേലല്ലാതെ എനിക്ക് നിയന്ത്രണമില്ല. അതിനാല്‍ ധിക്കാരികളായ ഈ ജനത്തില്‍ നിന്ന് ഞങ്ങളെ വേര്‍പ്പെടുത്തേണമേ. (മാഇദ 24,25).

അവരുടെ മറ്റൊരു ധിക്കാരം ഖുര്‍ആന്‍ മറ്റൊരിടത്ത് ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു:
وَإِذۡ وَٰعَدۡنَا مُوسَىٰٓ أَرۡبَعِينَ لَيۡلَةٗ ثُمَّ ٱتَّخَذۡتُمُ ٱلۡعِجۡلَ مِنۢ بَعۡدِهِۦ وَأَنتُمۡ ظَٰلِمُونَ
ഓര്‍ക്കുക: മൂസാക്ക് നാം നാല്‍പ്പത് രാവുകള്‍ അവധി നിശ്ചയിച്ചു. പിന്നെ അദ്ദേഹം സ്ഥലം വിട്ടതോടെ നിങ്ങള്‍ പശുക്കുട്ടിയെ ദൈവമാക്കി. നിങ്ങള്‍ അക്രമികള്‍ തന്നെ. (അല്‍ബഖറ 51).
وَإِذۡ قُلۡتُمۡ يَٰمُوسَىٰ لَن نُّؤۡمِنَ لَكَ حَتَّىٰ نَرَى ٱللَّهَ جَهۡرَةٗ فَأَخَذَتۡكُمُ ٱلصَّـٰعِقَةُ وَأَنتُمۡ تَنظُرُونَ
ഓര്‍ക്കുക: നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം: മൂസാ ദൈവത്തെ നേരില്‍ കാണുന്നത് വരെ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുകയേ ഇല്ല. അപ്പോള്‍ നിങ്ങള്‍ നോക്കി നില്‍ക്കെ ഒരു ഘോരഗര്‍ജനം നിങ്ങളെ പിടികൂടി (അല്‍ബഖറ 55).
അഹ്മദ് എന്ന പേര്
എനിക്കു ശേഷം അഹ്്മദ് എന്ന പേരുള്ള ഒരു നബിയുടെ ആഗമനത്തെപ്പറ്റി ഈസാ നബി സുവിശേഷമറിയിക്കുന്നു. മുഹമ്മദ് നബിയുടെ മറ്റൊരു പേരാണ് അഹ്്മദ് എന്നത്. ബുഖാരി നിവേദനം ചെയ്ത ഹദീസുകളില്‍ പ്രസ്താവിക്കുന്നു:
إنَّ لي أسماءً : أنا محمدُ ، وأنا أحمدُ ، وأنا الماحي الذي يمحو الله بي الكفرَ ، وأنا الحاشرُ الذي يُحشَرُ الناسُ على قَدَمي ، وأنا العاقبُ
എനിക്ക് പല പേരുകള്‍ ഉണ്ട്. ഞാനാണ് മുഹമ്മദ്, ഞാനാണ് അഹ്മദ്, സത്യനിഷേധത്തെ മായ്ച്ചുകളയുന്നവനും ഞാനാണ്. ഒരുമിച്ചു കൂട്ടുന്നവനും ഞാന്‍ തന്നെ. അന്തിമനും ഞാന്‍ തന്നെ. (ബുഖാരി 4542)
ഈസാ നബിയുടെ പ്രഖ്യാപനങ്ങള്‍ ബൈബിളില്‍
ഈസാ നബി മുന്‍വേദത്തെ സത്യപ്പെടുത്തുന്നവനും പിന്നാലെ വരുന്ന പ്രവാചകനെ സുവിശേഷമറിയിക്കുന്നവനുമാണെന്ന കാര്യം ബൈബിള്‍ പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്: 'ഞാന്‍ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന് വന്നു എന്നും നിരൂപിക്കരുത്; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നത്' (മത്തായി 5- 17)
നബിയെ പറ്റിയുള്ള പ്രവചന സൂചനകള്‍ നിലവിലുള്ള ബൈബിളില്‍ ഇപ്രകാരം കാണാവുന്നതാണ്: 'എന്നാല്‍ ഞാന്‍ നിങ്ങളോട് സത്യം പറയുന്നു: ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും. അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന് ബോധം വരുത്തും (യോഹന്നാന്‍ 16:7,8)
തുടര്‍ന്നു പറയുന്നു: ഇനിയും നിങ്ങളോട് പറവാന്‍ ഉണ്ട്; എന്നാല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല. സത്യത്തിന്റെ ആത്മാവ് വരുമ്പോഴേ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും. അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നത് സംസാരിക്കുകയും വരുവാനുള്ളതു നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യും. (യോഹന്നാന്‍ 16:12,13)