എല്ലാവര്‍ക്കും നന്മ ചെയ്യാനും കുടുംബബന്ധമുള്ളവരെ പ്രത്യേകം സഹായിക്കാനും മനുഷ്യരോടു നീതിപൂര്‍വകമായ സമീപനം സ്വീകരിക്കാനും അല്ലാഹു സൃഷ്ടികളോട് പ്രത്യേകമായി നിര്‍ദേശിക്കുന്നു.
''തീര്‍ച്ചയായും അല്ലാഹു കല്പിക്കുന്നത് നീതി പാലിക്കാനും നന്മ ചെയ്യാനും കുടുംബബന്ധമുള്ളവര്‍ക്ക് സഹായം ചെയ്യാനുമാണ്. അവന്‍ വിലക്കുന്നത് നീചവൃത്തിയെയും ദുരാചാരത്തെയും അതിക്രമത്തെയുമാണ്. നിങ്ങള്‍ ചിന്തിച്ച് ഗ്രഹിക്കാനായാണ് അവന്‍ നിങ്ങള്‍ക്ക് ഉപദേശം നല്‍കുന്നത്'' (ഖുര്‍ആന്‍ 16:90).
സാമൂഹിക ജീവിയായ മനുഷ്യന്‍ താന്‍ ബന്ധപ്പെടുന്നവരോടെല്ലാം നീതിപൂര്‍ണമായ സമീപനമാണ് സ്വീകരിക്കേണ്ടത്. എല്ലാവര്‍ക്കും നന്മ ചെയ്യുക, കുടുംബബന്ധമുള്ളവരെ പ്രത്യേകം സഹായിക്കുക എന്നിവ അല്ലാഹു തന്റെ സൃഷ്ടികളോട് പ്രത്യേകമായി നിര്‍ദേശിക്കുന്നതാണ്.
''നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ തെളിവുകളോടെ അയച്ചതും അവരുടെ കൂടെ വേദഗ്രന്ഥം ഇറക്കിയതും ജനങ്ങള്‍ നീതിയില്‍ നിലകൊള്ളാനാണ്'' (ഖുര്‍ആന്‍ 57:25).
''ഒരു ജനതയോടുള്ള ശത്രുത അവരോട് അനീതി കാണിക്കാന്‍ നിങ്ങള്‍ക്ക് പ്രചോദനമാവരുത്'' (ഖുര്‍ആന്‍ 5:8).
ഒരു നല്ല സമൂഹത്തിന്റെ ലക്ഷണം നീതി നിലനില്‍ക്കുന്ന സമൂഹമായിരിക്കുക എന്നതാണ്. അതോടൊപ്പം മറ്റുള്ളവരിലേക്ക് നന്മ പ്രസരിപ്പിക്കുകയും ആവശ്യമുള്ളവരെ സഹായിക്കുകയും ചെയ്യണം. സ്വന്തം കുടുംബത്തിലെ അര്‍ഹരായ സാധുക്കളെ സഹായിക്കുന്നത് വളരെയേറെ പ്രാധാന്യമുള്ളതാണ്.
അതോടൊപ്പം ആവശ്യക്കാരിലേക്കെല്ലാം സഹായം എത്തിക്കാനും വിശ്വസിക്കാനും അല്ലാഹു മനുഷ്യര്‍ക്ക് വിലക്കിയ മൂന്നു കാര്യങ്ങള്‍ കൂടി എടുത്തുപറയുന്നുണ്ട്. എല്ലാ മോശമായതും നീചമായതുമായ കാര്യങ്ങളും അല്ലാഹു വിരോധിച്ചവയാണ്. എല്ലാ ദുരാചാരങ്ങളും മതത്തില്‍ മാതൃകയില്ലാത്ത പ്രവര്‍ത്തനങ്ങളും റബ്ബ് വിലക്കിയതുമാണ്.
എല്ലാ നന്മകളുടെയും ഭാഗമാകാനും മുഴുവന്‍ തിന്മകളില്‍ നിന്ന് അകന്നുനില്‍ക്കാനും കഴിയുമ്പോള്‍ മാത്രമേ ഒരാള്‍ യഥാര്‍ഥ വിശ്വാസിയാവൂ.
മനുഷ്യ സമൂഹം വെറുക്കുന്നതും അവര്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കാത്തതുമായ കാര്യങ്ങളും ഒഴിവാക്കേണ്ടതാണ്. എല്ലാ തരത്തിലുള്ള ആക്രമണങ്ങളും അതിക്രമങ്ങളും അല്ലാഹു വിരോധിക്കുന്നുണ്ട്.
ശാരീരികവും മാനസികവുമായി മറ്റൊരാളെ വേദനിപ്പിക്കുന്നതും അവരുടെ അഭിമാനത്തിന് കോട്ടം തട്ടുന്നവിധം സംസാരിക്കുന്നതും അല്ലാഹു വിലക്കിയ കാര്യങ്ങളാണ്.
മനുഷ്യന്‍ ചിന്തിക്കാനും ആലോചിച്ച് ശരിയായ പാത തിരഞ്ഞെടുക്കാനും സഹായിക്കുന്ന ഉപദേശങ്ങളാണ് ഖുര്‍ആനിലൂടെ അല്ലാഹു നല്‍കുന്നത്. എല്ലാ നന്മകളുടെയും ഭാഗമാകാനും മുഴുവന്‍ തിന്മകളില്‍ നിന്ന് അകന്നുനില്‍ക്കാനും കഴിയുമ്പോള്‍ മാത്രമേ ഒരാള്‍ യഥാര്‍ഥ വിശ്വാസിയാവൂ.