ഇസ്ലാമിന്റെ മൗലിക അടിത്തറയില്‍ ഉറച്ചുനില്‍ക്കാത്തൊരാള്‍ വിപത്തുകള്‍ക്കു മുമ്പില്‍ പിടിച്ചു നില്‍ക്കാനാവാതെ കടപുഴകി വീഴുക തന്നെ ചെയ്യും.
തൗഹീദ് (ഇബാദത്ത് പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന് മാത്രമാക്കല്‍), രിസാലത്ത് (പ്രവാചകത്വം), പരലോകജീവിതവിശ്വാസം, സല്‍കര്‍മങ്ങളുടെ പ്രസക്തി എന്നിവ ഇസ്ലാമിന്റെ കഴമ്പും സത്തയും അടിസ്ഥാന മൗലിക വിഷയങ്ങളുമാണ്.
ഈ അടിസ്ഥാനകാര്യങ്ങളില്‍ കൃത്യതയും വ്യക്തതയും വരുത്താത്ത ഒരുത്തന് ഇരുലോക വിജയവും ഐശ്വര്യവും സമാധാനവും സാധ്യമല്ല. ഭൗതികമായി എത്ര ഉന്നതിയിലുള്ളവനാണെങ്കിലും വിപത്തുകള്‍ക്കു മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ അവന്‍ കടപുഴകി വീഴുകതന്നെ ചെയ്യും.
ഭൗതിക ലോകത്തെ ഏറ്റവും വലിയ വിപത്താണ് അന്ത്യനാളിനു തൊട്ടുമുമ്പായുള്ള ദജ്ജാലിന്റെ പുറപ്പാട്. മുഴുവന്‍ പ്രവാചകന്മാരും അവനെക്കുറിച്ച് തങ്ങളുടെ ജനതക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് എന്ന് നബി തിരുമേനി (സ) പറഞ്ഞതായി കാണാം. അവന്റെ ഫിത്‌നയും കബളിപ്പിക്കലും സമാനതകളില്ലാത്തതാണ്. ശാസ്ത്രസാങ്കേതികവിദ്യകളെയും പരാജയപ്പെടുത്തി ആ വിപത്ത് ലോകത്തെ തകര്‍ക്കും.
ഇസ്ലാമിന്റെ മൗലിക അടിത്തറയില്‍ ഉറച്ചുനില്‍ക്കുന്നവന് -അവന്‍ എത്ര നിരക്ഷരകുക്ഷിയാണെങ്കിലും- ഈ അതിശക്തമായ വിപത്തില്‍ നിന്നുപോലും സുരക്ഷയുണ്ട്. ദജ്ജാലിന്റെ രണ്ട് കണ്ണുകള്‍ക്കിടയില്‍ എഴുതി വെക്കപ്പെട്ടിരിക്കുന്ന, അവന്‍ ഭൂലോകവ്യാജനും തട്ടിപ്പുകാരനുമാണ് എന്ന് വിളിച്ചുപറയുന്ന (കാഫിര്‍) എന്ന മൂന്നക്ഷരം വായിച്ചെടുക്കാന്‍ ഏത് വിശ്വാസിക്കും കഴിയുമെന്നാണ് പ്രവാചകതിരുമേനി പറഞ്ഞത്.
'അവന്‍ സാക്ഷരനാവട്ടെ നിരക്ഷരനാവട്ടെ' എന്നുകൂടി തിരുമേനി പറഞ്ഞത് (മുസ്ലിം: 2934) എത്ര ശ്രദ്ധേയമാണ്. ഭൗതികയോഗ്യതകളല്ല സുരക്ഷയുടെ മാനദണ്ഡം; ആദര്‍ശ-കര്‍മവിശുദ്ധിയാണ് എന്നര്‍ത്ഥം.
ഇമാം മുസ്ലിം ഉദ്ധരിച്ച ഒരു ഹദീഥില്‍ (2937) പ്രവാചക തിരുമേനി അരുളിയതായി കാണാം: 'ദജ്ജാല്‍ പുറപ്പെടുമ്പോള്‍ ഞാന്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടെങ്കില്‍ അവനെ ഞാന്‍ നോക്കിക്കൊള്ളും. ഞാനില്ലാത്തപക്ഷം ഓരോരുത്തരും സ്വയം സുരക്ഷ തേടണം. അവനെ കണ്ടുമുട്ടുന്നവര്‍ അവന്റെ മേല്‍ സൂറ: അല്‍കഹ്ഫിലെ ആദ്യത്തെ പത്ത് സൂക്തങ്ങള്‍ പാരായണം ചെയ്യട്ടെ'.
മുസ്ലിമിന്റെ തന്നെ മറ്റൊരു റിപ്പോര്‍ട്ടില്‍ (809) അവസാനത്തെ പത്ത് സൂക്തങ്ങളെ സംബന്ധിച്ചും പറയുന്നുണ്ട്. പണ്ഡിതരില്‍ ചിലര്‍ ഇവിടെ ആദ്യത്തെയും അവസാനത്തെയും പത്തുകളെ സമന്വയിപ്പിക്കണം എന്നുപറഞ്ഞവരും, അല്ല, ആദ്യത്തെ പത്ത് എന്ന റിപ്പോര്‍ട്ടിനാണ് കൂടുതല്‍ ബലമുള്ളത്, അതുകൊണ്ട് അതാണ് ഹിഫ്ദ് ചെയ്യേണ്ടത് എന്നു പറഞ്ഞവരുമുണ്ട്. (ഇമാം ഇബ്‌നുല്‍ഖയ്യിമിന്റെജലാഉല്‍ അഫ്ഹാം, 378, ശൈഖ് അല്‍ബാനിയുടെ സ്വില്‍സിലസ്വഹീഹ, 2-123 എന്നിവ നോക്കുക).
എന്നാല്‍, ആശയപ്പൊരുത്തം പരിഗണിച്ചാല്‍ രണ്ടിനെയും സമന്വയിപ്പിക്കാന്‍ സാധിക്കും. ഈ അധ്യായത്തിന്റെ തുടക്കവും പരിസമാപ്തിയും പരിശോധിക്കുമ്പോള്‍ ഈ പൊരുത്തം കാണാനാകും.
കേവലം ഹൃദിസ്ഥമാക്കിയാല്‍ എന്നുമാത്രം ഹദീഥില്‍ പറഞ്ഞ ഹിഫ്ദിനെ മനസ്സിലാക്കിക്കൂടാ. പ്രത്യുത, ഈ സൂക്തങ്ങളുടെ അന്തസ്സാരം ഉള്‍ക്കൊണ്ട് ജീവിക്കുക എന്നതാണ് യഥാര്‍ത്ഥ വിവക്ഷ. നാം നേരത്തെ സൂചിപ്പിച്ച ഇസ്ലാമിന്റെ അടിസ്ഥാന മൗലിക വിഷയങ്ങളാണ് അതിലെ ഉള്ളടക്കം.
അതുള്‍ക്കൊണ്ട് ജീവിക്കുന്ന ശരിയായ വിശ്വാസിക്ക് ഏത് വിപത്തിലും അല്ലാഹുവിന്റെ കാവലുണ്ട്. അതില്‍നിന്നു തെന്നിമാറി, ശിര്‍ക്കിലും ബിദ്അത്തിലും അന്ധവിശ്വാസത്തിലും കഴിഞ്ഞുകൂടുന്നവന്‍ ദജ്ജാലിന്റെ ഫിത്നയില്‍ അകപ്പെട്ടു പോവുമെന്നതില്‍ സംശയംവേണ്ട.
110 സൂക്തങ്ങളുള്ള സൂറഃ അല്‍കഹ്ഫ് (109)ല്‍ പറയുന്നു:
ل لَّوْ كَانَ الْبَحْرُ مِدَادًا لِّكَلِمَاتِ رَبِّي لَنَفِدَ الْبَحْرُ قَبْلَ أَن تَنفَدَ كَلِمَاتُ رَبِّي وَلَوْ جِئْنَا بِمِثْلِهِ مَدَدًا (109)
''പ്രവാചകന്‍ പറയുക: സമുദ്രം എന്റെ റബ്ബിന്റെ വചനങ്ങള്‍ എഴുതുന്നതിനുള്ള മഷിയാവുകയാണെങ്കില്‍, എന്റെ റബ്ബിന്റെ വചനങ്ങള്‍ തീരുംമുമ്പ് അത് വറ്റിപ്പോകും. എന്നല്ല, അത്രയുംതന്നെ മഷി വേറെയും കൊണ്ടുവന്നാലും മതിയാവുകയില്ല'.
അല്ലാഹുവിന്റെ ജ്ഞാനവൈപുല്യത്തെകുറിച്ചാണ് ഇവിടെ പറയുന്നത്. മദീനയില്‍ താമസിച്ചിരുന്ന ജൂതന്മാരുടെ ഗൂഢാലോചനയുടെ ഭാഗമായി മക്കാ മുശ്രിക്കുകള്‍ പ്രവാചക തിരുമേനിയുടെ അടുത്ത് വന്ന് മൂന്ന് ചോദ്യങ്ങളുന്നയിച്ചതാണല്ലൊ ഈ അധ്യായത്തിന്റെ അവതരണ പശ്ചാത്തലം. പ്രവാചകനെ പരിശോധിക്കലും ഉത്തരം മുട്ടിക്കലുമൊക്കെയായിരുന്നു ഇരുവിഭാഗം കാഫിറുകളുടെയും ലക്ഷ്യം.
പ്രസ്തുത മൂന്ന് ചോദ്യങ്ങളുടെയും സത്യവും വ്യക്തവുമായ മറുപടിയും നിവാരണവും വളരെ ഭംഗിയായ നിലയില്‍ അല്ലാഹു പ്രവാചകന് വഹ്യിലൂടെ അറിയിച്ചുകൊടുത്തു. പ്രവാചകന്‍ അത് സമുദായത്തെ ഓതിക്കേള്‍പ്പിച്ചു. എന്നാല്‍, ഈ അറിവുകളെല്ലാം അല്ലാഹുവിന്റെ അറ്റമില്ലാത്ത ജ്ഞാന ശേഖരത്തില്‍നിന്ന് ഒരല്പം മാത്രമാണെന്നാണ് ഈ സൂക്തത്തിലൂടെ അറിയിക്കുന്നത്.
തൗഹീദും രിസാലത്തും സല്‍കര്‍മവും പരലോകവും ശിര്‍ക്കിനെതിരെയുള്ള താക്കീതുമുള്‍ക്കൊള്ളുന്ന ആശയങ്ങള്‍ കൊണ്ടു തന്നെയാണ് അധ്യായത്തിന് പരിസമാപ്തി കുറിക്കുന്നത്.
മക്കയിലെ വിഗ്രഹാരാധകരെ പ്രവാചകനെതിരെ ഇളക്കിവിട്ട ജൂതപുരോഹിത ലോബിയുടെ തുണിയുരിച്ചു കാണിക്കുകയാണിവിടെ. നിങ്ങളുടെ പരിമിതമായ അറിവ് വെച്ചുകൊണ്ട് അഹങ്കരിക്കാനും, അന്ത്യപ്രവാചകനെ പരിശോധിക്കാനുമുള്ള ധാര്‍ഷ്ട്യം വിവേകശൂന്യതയാണെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. അല്ലാഹുവിന്റെ അറിവിന്റെ ശേഖരം അറ്റമില്ലാത്തതാണ്, നിങ്ങള്‍ക്കു നല്‍കപ്പെട്ടതിനെ അതുമായി താരതമ്യം ചെയ്യാന്‍പോലും പറ്റാത്തവിധം അത് വിശാലമാണ്.
ശേഷം, ഈ അധ്യായത്തിലെ അവസാനത്തെ സൂക്തത്തില്‍ പറയുന്നു:
لْ إِنَّمَا أَنَا بَشَرٌ مِّثْلُكُمْ يُوحَىٰ إِلَيَّ أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا (110)
''പ്രവാചകന്‍ പറയുക: 'ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ തന്നെയാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നുവെന്നും, അതിനാല്‍, തന്റെ റബ്ബിനെ കണ്ടുമുട്ടുമെന്നു പ്രതീക്ഷിക്കുന്നവന്‍ സല്‍ക്കര്‍മങ്ങളാചരിച്ചു കൊള്ളട്ടെയെന്നും, ഇബാദത്തില്‍ ആരെയും തന്റെ റബ്ബിന്റെ പങ്കാളിയാക്കാതിരിക്കുകയും ചെയ്യട്ടെയെന്നും എനിക്ക് ദിവ്യബോധനം നല്‍കപ്പെടുന്നുണ്ട്.''
ഈ അധ്യായത്തിലെ ഈ അവസാനത്തെ സൂക്തവും അതിഗംഭീരമായ ശൈലിയിലുള്ളതാണ്. പ്രപഞ്ചനാഥന്റെ ജ്ഞാനവൈപുല്യത്തെക്കുറിച്ച് പറഞ്ഞ ശേഷം തന്റെ പ്രവാചകന് ആവശ്യമായ അറിവ് പകര്‍ന്നുനല്‍കി, ശത്രുക്കളുടെ കുരുട്ടുബുദ്ധിയെ അതിജയിപ്പിക്കാന്‍ കഴിയുന്നവനാണ് നാഥന്‍ എന്ന് ഈ സൂക്തം സൂചിപ്പിക്കുന്നു. എന്നാല്‍, ഭൂതകാല സംഭവങ്ങള്‍ വിവരിക്കലല്ല തന്റെ ലക്ഷ്യമെന്നാണ് പ്രവാചകനോട് പറയാന്‍ വേണ്ടി അല്ലാഹു കല്പിക്കുന്നത്.
മക്കയിലെ മുശ്രിക്കുകള്‍ അത്തരം കാര്യങ്ങള്‍ ചോദിച്ചു വന്നതാണല്ലോ ഈ അധ്യായം അവതരിക്കാന്‍ തന്നെ കാരണം. അങ്ങനെ ചോദിച്ചുവരുമ്പോഴേക്ക് ഉത്തരം പറഞ്ഞു തരാന്‍ ഞാന്‍ ദൈവിക സിദ്ധിയുള്ള അതിമാനുഷനാണെന്ന് നിങ്ങള്‍ വിചാരിച്ചുവോ! അങ്ങനെയുള്ള അദൃശ്യകാര്യങ്ങള്‍ അറിയാനുള്ള സിദ്ധിയുള്ള ആളുമല്ല താനെന്ന് പറയാനാണ് പ്രവാചകനോട് അല്ലാഹു കല്പിക്കുന്നത്.
മറിച്ച്, ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു, അതിമാനുഷനല്ല. പൂര്‍വകാലജനങ്ങളില്‍ പലരും അവരുടെ പ്രവാചകന്മാരെ അമാനുഷരും അതിമാനുഷരുമായി ഉയര്‍ത്തി (അഥവാ, തരംതാഴ്ത്തി) അധപ്പതിച്ചതു പോലെ മുഹമ്മദ് നബിയുടെ സമുദായം നബിയെ ഇപ്രകാരം കാണിക്കരുത് എന്നറിയിക്കാന്‍ കൂടി വേണ്ടിയാണ് 'ഞാന്‍ നിങ്ങളെപോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്' എന്ന് വിളംബരം ചെയ്യാന്‍ അല്ലാഹു അവിടത്തോട് കല്പിച്ചത്. (അബൂമന്‍സ്വൂര്‍ അല്‍ മാതുരീദിയുടെ തഅ്വീലാതു അഹ്ലിസ്സുന്ന' 3 - 256)
പ്രവാചകന്റെ പ്രത്യേകത അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയില്‍ പ്രബോധനം ചെയ്യാന്‍ ചില കാര്യങ്ങള്‍ അല്ലാഹു അറിയിച്ചു കൊടുക്കുന്നുണ്ട് (വഹ്യ്) എന്നതുമാത്രമാണ്. എന്നാല്‍, ഈ പ്രബോധന ദൗത്യത്തിന് ഞാന്‍ നിങ്ങളെ പോലുള്ള ഒരു മനുഷ്യനായിരിക്കുന്നത് ഒരിക്കലും തടസ്സമല്ല, ഞാന്‍ അതിമാനുഷനായിരിക്കേണ്ട ആവശ്യമില്ല, എന്നല്ല, അത് സാധ്യവുമല്ല.
അതുകൊണ്ട് എന്റെ വിഷയത്തില്‍ ആരും അതിരുകവിയേണ്ടതില്ല. പടുവിഡ്ഢികളായ പുരോഹിതന്മാര്‍ പറയുന്നതുപോലെ എന്നെ കാണുമ്പോള്‍ ആര്‍ക്കും ഇദ്ദേഹം പടച്ചോനാണെന്ന് തോന്നേണ്ടതുമില്ല. ഇതൊക്കെയാണ് തിരുമേനി പറയുന്നത്.
പ്രവാചകന് നല്‍കപ്പെടുന്ന വഹ്യില്‍ ശരീഅത്തു നിയമങ്ങളും ചരിത്രസംഭവങ്ങളുമുള്‍പ്പെടെ പല കാര്യങ്ങളുമുണ്ടെങ്കിലും പരമപ്രധാനമായിട്ടുള്ളത് നാല് കാര്യങ്ങളാണ്: തൗഹീദ്, രിസാലത്ത് (പ്രവാചകത്വം), പരലോകജീവിതവിശ്വാസം, സല്‍കര്‍മ്മങ്ങളുടെ പ്രസക്തി എന്നിവയാണത്. ഇവയില്‍ ഏറ്റവുമാദ്യം വരുന്നത് ആദ്യം പറഞ്ഞ തൗഹീദുതന്നെ. മറ്റുള്ള മൂന്നും തൗഹീദിന്റെ അനിവാര്യ താല്‍പര്യങ്ങളാണ്, മൂന്നിന്റെയും സാധുതക്കും സ്വീകാര്യതക്കും തൗഹീദ് ഉപാധിയുമാണ്.
തൗഹീദ് എനിക്ക് വഹ്യ് നല്‍കപ്പെടുന്നുണ്ട് എന്നു പറഞ്ഞു നിര്‍ത്താതെ വീണ്ടും അതിനെ അരക്കിട്ടുറപ്പിച്ചുകൊണ്ട്, ശിര്‍ക്ക് ചെയ്യരുത് (ولا يشرك بعبادة ربه أحدا) എന്നു പറഞ്ഞുകൊണ്ടുള്ള ഈ സൂക്തത്തോടെയാണ് അധ്യായം അവസാനിക്കുന്നത്. അധ്യായം തുടങ്ങുന്നിടത്തും (1 - 5 സൂക്തങ്ങള്‍) തൗഹീദും രിസാലത്തും സല്‍കര്‍മവും പരലോകവും ശിര്‍ക്കിനെതിരെയുള്ള അടങ്ങാത്ത താക്കീതുമാണുള്ളത്. ഇതേ ആശയങ്ങള്‍ കൊണ്ടുതന്നെ അധ്യായത്തിന് പരിസമാപ്തി കുറിക്കുന്നത് വിശുദ്ധഖുര്‍ആനിന്റെ അവര്‍ണ്ണനീയമായ സംഭാഷണ മികവിനെയും ഭംഗിയെയുമാണ് പ്രകാശിപ്പിക്കുന്നത്.
