പരസ്പരം അറിയാനും ഉള്‍ക്കൊള്ളാനും സ്നേഹിക്കാനും കളികള്‍ പഠിപ്പിക്കുന്നു. സ്നേഹിക്കുന്നവര്‍ക്കിടയില്‍ അസൂയക്കും കുശുമ്പിനും ഇടമില്ലാതാകുന്നു. ദുര്‍ഗുണങ്ങള്‍ പതിയെ അപ്രത്യക്ഷമാകും.
അവധിക്കാലം കളിക്കാലം കൂടിയായിരുന്നു. ഇപ്പോള്‍ അതങ്ങനെയല്ല. അവധിക്കാലത്തും കുട്ടികള്‍ പഠനത്തിലോ പരിശീലനത്തിലോ ആണ്. അല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍. അതിന്റെ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
കുട്ടികളെ തിരിച്ചുപിടിക്കാനുള്ള ഉപാധി അവരുടെ കളിക്കളങ്ങള്‍ തിരിച്ചുകൊടുക്കുക എന്നതു കൂടിയാണ്. ഈ അവധിക്കാലത്ത് അങ്ങനെയൊരു നീക്കം രക്ഷിതാക്കള്‍ കരുതിക്കൂട്ടി ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നു.
കളിയിലൂടെ കുട്ടികള്‍ നേടുന്ന ഒരുപാട് ഗുണങ്ങളുണ്ട്. കൂട്ടുകൂടി കളിക്കുമ്പോള്‍, ഒന്നാവുന്നതിന്റെ മഹത്വവും ഒന്നിച്ചു കൂടുന്നതിന്റെ സന്തോഷവും കൂട്ടായ്മയുടെ ശക്തിയുമാണ് തിരിച്ചറിയുന്നത്. കളികള്‍ മിക്കതും ടീമുകള്‍ തിരിഞ്ഞുള്ളതാണ്.
അഞ്ചും പത്തും കുട്ടികള്‍ ചേര്‍ന്ന ഓരോ ടീമും ഒത്തുപിടിച്ച് ഒന്നായി ഒരുമയുള്ളവരായി ശക്തരാവുന്നു. പരസ്പരം അറിയാനും ഉള്‍ക്കൊള്ളാനും സ്നേഹിക്കാനും കളികള്‍ പഠിപ്പിക്കുന്നു. പരസ്പരം സ്നേഹിക്കുന്നവര്‍ക്കിടയില്‍ അസൂയക്കും കുശുമ്പിനും മറ്റു ദുര്‍ഗുണങ്ങള്‍ക്കും ഇടമില്ലാതാവുന്നു.
മറ്റുള്ളവരുടെ സന്തോഷത്തോടൊപ്പം സന്തോഷിക്കാനും ദുഃഖത്തോടൊപ്പം ദുഃഖിക്കാനുമുള്ള മാനസികാവസ്ഥയിലേക്ക് കുട്ടികളെ കളികള്‍ ഉയര്‍ത്തുന്നു. അതിലൂടെ പരസ്പര സഹായത്തിന്റെയും സഹാനുഭൂതിയുടെയും കരുണയുടെയും സദ്ഗുണങ്ങള്‍ അവരുടെ ഹൃദയങ്ങളില്‍ നിന്നും അവരറിയാതെ പുറത്തേക്കൊഴുകും.
കുട്ടികള്‍ ബന്ധുവീടുകളിലേക്ക് വിരുന്നുപോകട്ടെ. വായിക്കട്ടെ. എഴുതട്ടെ. പാടട്ടെ. പറക്കട്ടെ... അങ്ങനെയൊക്കെ കൂടിയാണ് അവധിക്കാലം ക്രിയാത്മകമാവുന്നതെന്ന് തിരിച്ചറിയേണ്ടത് രക്ഷിതാക്കളാണ്.
കളികള്‍ കുട്ടികളെ തോല്‍ക്കാന്‍ പഠിപ്പിക്കുന്നു. കളിയില്‍ ഒരാളേ ജയിക്കുകയുള്ളൂ, അല്ലെങ്കില്‍ ഒരു ടീം. കൂടുതല്‍ പേരും തോല്‍ക്കുന്നു. ആ തോല്‍വികള്‍ അവരെ കൂടുതല്‍ ഉല്‍സാഹികളാക്കുകയും കൂടുതല്‍ പരിശ്രമങ്ങള്‍ക്ക് പ്രചോദിപ്പിക്കുകയും ചെയ്യുന്നു.
തോല്‍വിയെ വിജയത്തിന്റെ ചവിട്ടുപടിയായി കാണാന്‍ കളികള്‍ കുട്ടികളെ പ്രാപ്തരാക്കുന്നു. ഭാവിയില്‍ ജീവിതത്തില്‍ ഉണ്ടായേക്കാവുന്ന പരാജയങ്ങളെയും പരീക്ഷണങ്ങളെയും പ്രതിസന്ധികളെയും ചങ്കൂറ്റത്തോടെ നേരിടാനുള്ള പരിശീലനമാണ് ഈ തോല്‍വികള്‍ നല്‍കുന്നത്. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് കുട്ടികള്‍ കളിക്കേണ്ടത് അത്യാവശ്യമാണ്.
കുട്ടികള്‍ കൂട്ടുകൂടി കളിക്കട്ടെ. മുറ്റത്തും പറമ്പിലും പുറത്തും അവര്‍ ഓടിച്ചാടി നടക്കട്ടെ, കാറ്റു കൊള്ളട്ടെ, വെയിലും മഴയും നനയട്ടെ. ചെടികള്‍ നട്ടു പരിപാലിക്കട്ടെ. മീന്‍ വളര്‍ത്തട്ടെ. വളര്‍ത്തുജീവികളുമായി ഇടപഴകട്ടെ. ബന്ധുവീടുകളിലേക്ക് വിരുന്നുപോകട്ടെ.
വായിക്കട്ടെ. എഴുതട്ടെ. പാടട്ടെ. പറക്കട്ടെ... അങ്ങനെയൊക്കെ കൂടിയാണ് അവധിക്കാലം ക്രിയാത്മകമാവുന്നതെന്ന് തിരിച്ചറിയേണ്ടത് രക്ഷിതാക്കളാണ്.