മകളുടെ കാര്യത്തില്‍ പിതാവിനുണ്ടായ ആശങ്ക മറികടന്നത് ഉമ്മയുടെ ഉറച്ച പിന്തുണയായിരുന്നുവെന്ന് ജുമാന. സാമ്പത്തികം തന്നെയായിരുന്നു പ്രധാന പ്രശ്‌നം. എന്നാല്‍ ഒരു ആഗ്രഹത്തിനായി മുന്നോട്ടു കാലെടുത്തുവെച്ചാല്‍ പല വഴികള്‍ തുറക്കുമെന്ന ഉമ്മയുടെ വാക്കുകളാണ് ജുമാനക്ക് വഴി എളുപ്പമാക്കിയത്.
സ്വപ്‌നച്ചിറകിലേറി മറിയം ജുമാന ആകാശ താരകമായി. 19ാം വയസ്സില്‍ ഏഴു മണിക്കൂര്‍ വിമാനം പറത്തിയാണ് മലപ്പുറം സ്വദേശിയായ മറിയം ജുമാന ഒരു നാടിനെ സ്വന്തം ചിറകിലേറ്റിയത്. ഡല്‍ഹിയിലെ ഫ്‌ളൈ ഓല ഏവിയേഷന്‍ അക്കാദമിയിലെ വിദ്യാര്‍ഥിയായ ജുമാന മഹാരാഷ്ട്രയിലെ ജലഗോണില്‍ വെച്ചാണ് സ്വപ്‌നസാക്ഷാത്കാരം നടത്തിയത്.