ഏകദേശം അര മണിക്കൂറിനുള്ളില്‍ ആര്‍ക്കും ചെയ്തുതീര്‍ക്കാവുന്ന വ്യായാമ രീതിയാണിത്. പരിശീലനം ലഭിച്ചവരാണ് നേതൃത്വം നല്‍കുന്നത്. പുതിയ ആളുകള്‍ക്ക് പരിശീലനം നല്‍കുന്നു. യാതൊരു ഫീസും ഇല്ല. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെയാണ് മെക്7 പരിശീലനം.
ആരോഗ്യ സംരക്ഷണത്തിനും രോഗവിമുക്തിക്കും വ്യായാമം അനിവാര്യമായ കാലത്താണ് നാം ജീവിക്കുന്നത്. മാറിയ ജീവിതസാഹചര്യങ്ങളും തൊഴില്‍-ഭക്ഷണരീതികളും വഴി രോഗികളാകുന്നവരുടെ എണ്ണം കൂടിവരികയാണ്. പ്രമേഹം, രക്തസമ്മര്‍ദം, വര്‍ധിത കൊഴുപ്പ് തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ കാരണം സ്ത്രീകളടക്കം വലിയൊരു വിഭാഗം ആളുകള്‍ ദുരിതജീവിതമാണ് നയിക്കുന്നത്.
ഇതിനെയെല്ലാം മറികടക്കാന്‍ വ്യായാമം അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നുവെങ്കിലും അത് പ്രാവര്‍ത്തികമാക്കുന്നതില്‍ പലരും പിന്നോട്ടാണ്. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണ് നിത്യ വ്യായാമം.
വലിയ പണച്ചെലവ് വരുന്ന ചികിത്സയും ആശുപത്രിവാസവും ഒഴിവാക്കാന്‍ ദിവസവും ചെയ്യുന്ന വ്യായാമത്തിന് കഴിയുമെന്നത് അത്ഭുതകരമായ കാര്യമല്ല. ശരീരത്തിന്റെ സൗന്ദര്യം നിലനിര്‍ത്താനും ആരോഗ്യമുള്ള വ്യക്തിയായി ജീവിക്കാനും സഹായിക്കുന്ന വ്യായാമം വഴി മാനസികാരോഗ്യം മെച്ചപ്പെടുത്താനും കഴിയും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും അര്‍ബുദം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്ന വ്യായാമങ്ങള്‍ ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ ഏറെ നല്ലതാണ്. മാത്രമല്ല, ചീത്ത കൊളസ്ട്രോളിനെ പുറന്തള്ളാനും വ്യായാമം സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദം, സ്ട്രോക്ക്, ഡിപ്രഷന്‍, ടൈപ്പ് 2 ഡയബറ്റിസ്, മെറ്റബോളിക് സിന്‍ഡ്രോം തുടങ്ങിയ രോഗാവസ്ഥകളെ ചെറുക്കാന്‍ വ്യായാമം ഏറെ നല്ലതാണ്. ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താനും നല്ല ഉറക്കം ഉറപ്പാക്കാനും വ്യായാമം സഹായിക്കും.
എന്നാല്‍ മാറിയ ജീവിതശൈലിയില്‍ വ്യായാമം ചെയ്യാന്‍ പലര്‍ക്കും മടിയാണ്. ഒറ്റയ്ക്ക് ചെയ്യാനുള്ള മടിയാണ് പ്രധാനം. വലിയ ഫീസ് നല്‍കി ജിമ്മിലും ഹെല്‍ത്ത് ക്ലബ്ബുകളിലും പോകുന്നവരുണ്ടെങ്കിലും വഴിക്കുവെച്ച് അവസാനിപ്പിക്കുകയാണ് ചെയ്യുക. രോഗങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദങ്ങള്‍ കൊണ്ടും ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്കാണെങ്കിലോ ഇതിനൊന്നും അവസരവുമില്ല. പൊതുവായ വ്യായാമമോ അതിനുള്ള ഇടമോ ഇല്ലാത്തതാണ് ഇതിനു കാരണം.
ഈ സാഹചര്യത്തിലാണ് വിപ്ലവകരമായ മുന്നേറ്റത്തോടെ മെക് 7 ഹെല്‍ത്ത് ക്ലബ് എന്ന വ്യായാമ പദ്ധതി ജനപ്രീതി നേടിയത്. ലഘുവ്യായാമങ്ങളിലൂടെയാണ് മെക് 7 ഹെല്‍ത്ത് ക്ലബ് ആരോഗ്യ ചരിത്രത്തില്‍ ഇടം നേടിയത്. സൈനികനായിരുന്ന ക്യാപ്റ്റന്‍ പി സലാഹുദ്ദീന്‍ രൂപകല്‍പന ചെയ്തതാണിത്. മള്‍ട്ടി എക്‌സര്‍സൈസ് കോമ്പിനേഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് മെക് 7. ഇന്ന് കേരളത്തിലെ വിവിധ ജില്ലകള്‍ക്കു പുറമെ യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങളിലും മെക് 7 പ്രവര്‍ത്തിക്കുന്നുണ്ട്.

യോഗ, എയറോബിക്‌സ്, ഫിസിയോതെറാപ്പി, മെഡിറ്റേഷന്‍, അക്യുപ്രഷര്‍, ഫേസ് മസാജ്, ഡീപ് ബ്രീത്ത് തുടങ്ങിയ 7 വിഭാഗം വ്യായാമങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്. 20 മിനിറ്റു കൊണ്ട് ചെയ്യാവുന്ന 21 ഇനം വ്യായാമങ്ങളാണ് ഇവ.
ആര്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ പൊതുസ്ഥലത്ത് രാവിലെ 6 മണിക്ക് നടക്കുന്ന ഈ വ്യായാമ ക്യാമ്പ് തികച്ചും സൗജന്യമാണ്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ക്യാമ്പുകളാണ്. കുട്ടികള്‍ക്ക് സ്‌കൂള്‍ കേന്ദ്രീകരിച്ച് വ്യായാമപരിശീലനവും നല്‍കുന്നുണ്ട്. പരിശീലനം ലഭിച്ച ട്രെയിനര്‍മാരാണ് നേതൃത്വം നല്‍കുന്നത്.
ആന്തരികാവയവങ്ങള്‍ക്കടക്കം മൊത്തം ശരീരത്തിന് പ്രാധാന്യവും സൗഖ്യവും നല്‍കുന്ന 21 വ്യായാമമുറകളാണ് ഇതിലുള്ളത്. ജംപിങ് ജാക്സ്, ആംഗിള്‍ റൊട്ടേഷന്‍, നീ റൊട്ടേഷന്‍, ഹിപ് റൊട്ടേഷന്‍, ഹെഡ് റോട്ടേഷന്‍, ബോഡി സൈഡ് ബൈ സൈഡ് ബെന്‍ഡ്, ഹാന്‍ഡ് സ്വിങ്, ഇന്‍ഡക്സ് ഫിംഗര്‍ ലോക്ക് ഓവര്‍ ഹെഡ്, ഫിംഗര്‍ലോക്ക് ഓവര്‍ ഹെഡ്, ഹാന്‍ഡ്സ് ലോക്ക് ഓവര്‍ ഹെഡ്, ക്ലാപ്പിങ് ഓവര്‍ ഹെഡ്, കണ്ടിന്യൂ പൊസിഷന്‍ ആന്റ് ബാക്ക് ബെന്‍ഡ്, ബോഡി ഫ്രന്‍ഡ് ബെന്‍ഡ്, ഫിംഗര്‍ ലോക്ക് പുള്‍ ഡൗണ്‍, സിറ്റ് അപ്, പുള്‍ ആന്റ് പുഷ്, അക്യൂപ്രഷര്‍, അബ്ഡമന്‍ വൈബ്രേഷന്‍, ടോ ജംപിങ്, മെഡിറ്റേഷന്‍, ഫേസ് മസാജ് എന്നീ വ്യായാമമുറകളാണ് നിത്യവും എടുക്കുന്നത്.
ശരിയായി പരിശീലനം ലഭിച്ച ഒരു ഇന്‍സ്ട്രക്ടറുടെ നേതൃത്വത്തിലായിരിക്കും അഭ്യാസം. ക്ലാപ്പിങോടു കൂടിയാണ് സമാപനം. ആദ്യം ഒന്ന്, പിന്നെ രണ്ട്, മൂന്ന്, നാല്, അഞ്ച്, അഞ്ച്, അഞ്ച് എന്ന രീതിയിലാണ് കൈയടി. അവസാനത്തെ കൈയടികള്‍ക്കു പ്രത്യേക താളമുണ്ട്. ശേഷം റൗണ്ടപ്പ് മീറ്റാണ്. എല്ലാവരും വട്ടത്തില്‍ നിന്ന് ആരോഗ്യപരമായി നേടിയ നേട്ടങ്ങള്‍ വിശകലനം ചെയ്യുന്നു. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് ചിരിച്ചുകൊണ്ട് ഷേക്ക്ഹാന്‍ഡ് നല്‍കി പിരിയുകയാണ് രീതി.
വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ വ്യായാമം അനിവാര്യമായ സാഹചര്യത്തിലാണ് മെക് 7 എന്ന ലഘു വ്യായാമരീതി ജനപ്രീതി നേടുന്നത്. സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കല്‍ സ്വദേശി ക്യാപ്റ്റന്‍ പി സലാഹുദ്ദീനാണ് ഇത്തരമൊരു ആശയം ആവിഷ്‌കരിച്ചത്. 2012ല്‍ ആരംഭിച്ചെങ്കിലും കോവിഡിനു ശേഷമാണ് ഇത് വ്യാപകമായത്.
ക്യാപ്റ്റന്‍ പി സലാഹുദ്ദീന്‍
കൃത്യമായ നിരീക്ഷണത്തിനും പഠനങ്ങള്‍ക്കും ശേഷമാണ് ഇന്ന് കാണുന്ന രീതിയില്‍ ഈ വ്യായാമമുറ പരിഷ്‌കരിച്ചത്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മെക് 7 ഹെല്‍ത്ത് ക്ലബ്ബുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹിക സേവനം ലക്ഷ്യമിട്ട് രൂപീകരിച്ച മെക് 7 ഇന്ന് ജാതി-മതഭേദമെന്യേ സാധാരണക്കാരുടെ ആരോഗ്യസംരക്ഷണ രീതിയായി മാറിയിരിക്കുകയാണ്.
ഈ വ്യായാമം കൊണ്ട് ശരീരത്തിന് വലിയ മാറ്റം ഉണ്ടായതായും രോഗപ്രയാസങ്ങളില്‍ നിന്ന് വിമുക്തി നേടിയെന്നും പറയുന്നവരുടെ സാക്ഷ്യമാണ് മെക് 7നെ ജനപ്രിയമാക്കുന്നത്. തീര്‍ത്തും സൗജന്യവും അനായാസം ചെയ്യാവുന്നതുമായ രീതിയിലാണ് ഇതിന്റെ രൂപകല്‍പന. പരിശീലനം ലഭിച്ച ട്രെയിനര്‍മാരുടെ സേവനവും സന്നദ്ധപ്രവര്‍ത്തനസജ്ജമായ സഹൃദയരുടെ കൂട്ടായ്മയും മെക് 7നെ വേറിട്ടതാക്കുന്നു.
2010ല്‍ പാരാമിലിറ്ററിയില്‍ നിന്ന് വിരമിച്ച ശേഷമാണ് യോഗ ക്ലബ് എന്ന പേരില്‍ ആദ്യത്തെ വ്യായാമ കൂട്ടായ്മ ഉണ്ടാക്കിയത് എന്ന് ക്യാപ്റ്റന്‍ സലാഹുദ്ദീന്‍ പറയുന്നു. പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ തുടങ്ങി ജീവിതശൈലീ രോഗങ്ങളാല്‍ പ്രയാസപ്പെടുന്നവര്‍ക്ക് യോഗ പരിശീലിക്കാനാണ് ക്ലബ് തുടങ്ങിയത്. രണ്ടു വര്‍ഷത്തിനു ശേഷം യോഗക്ലബ്ബിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ വ്യായാമരീതികള്‍ പരീക്ഷിക്കാന്‍ തുടങ്ങി.
വ്യായാമം ശരീരത്തിന് ഏറെ ഗുണമുള്ള കാര്യമാണെങ്കിലും പലരും ഇതിനോട് മുഖം തിരിച്ചു നില്പാണ്. രാവിലെ എണീറ്റ് നടക്കുന്നതും ചെറിയ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നതും നല്ലതാണെങ്കിലും പലര്‍ക്കും തുടരാനാവുന്നില്ല. അവിടെയാണ് സംഘടിതമായ വ്യായാമ രീതികള്‍ ഫലപ്രദമാകുന്നത്.
അങ്ങനെയാണ് 2012 ജൂലൈയില്‍ മെക് 7ന് രൂപം നല്‍കിയത്. 7 വിഭാഗങ്ങളിലെ 21 ഇനം വ്യായാമങ്ങള്‍. ഏകദേശം അര മണിക്കൂറിനുള്ളില്‍ ആര്‍ക്കും ചെയ്തുതീര്‍ക്കാവുന്ന രീതി. പരിശീലനം ലഭിച്ചവര്‍ നേതൃത്വം നല്‍കുന്നു. പുതിയ ആളുകള്‍ക്ക് പരിശീലനം നല്‍കുന്നു. യാതൊരു ഫീസും ഇല്ല. ഇതാണ് രീതി. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെയാണ് ക്യാമ്പ്. കുട്ടികള്‍ക്കായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പരിശീലനം നല്‍കുന്നുമുണ്ട്.
ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ ഈ വ്യായാമങ്ങള്‍ക്ക് കഴിയുന്നുവെന്നറിഞ്ഞ് നിരവധി പേരാണ് തുറക്കലിലെ ക്ലാസിലെത്തിയത്. മറ്റു സ്ഥലങ്ങളിലും ഇത് ആരംഭിക്കണമെന്ന ആവശ്യവുമായി നിരവധി പേര്‍ എത്തിയതോടെ ബ്രാഞ്ച് തുടങ്ങാന്‍ ആലോചിച്ചു. അങ്ങനെ 2022 സെപ്തംബറില്‍ ചെമ്മലപ്പറമ്പിലാണ് ആദ്യ ബ്രാഞ്ച് തുടങ്ങിയത്. തുടര്‍ന്ന് പെരുവള്ളൂരില്‍ കെ ടി മുസ്തഫയുടെയും അറക്കല്‍ ബാവയുടെയും നേതൃത്വത്തില്‍ മെയിന്‍ ബ്രാഞ്ച് തുടങ്ങി.
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അറക്കല്‍ ബാവയെ ബ്രാന്‍ഡ് അംബാസഡറായി നിയമിക്കുകയും ചെയ്തു. ഇതോടെ ജനപ്രീതി നേടിയ മെക് 7 അയല്‍ ജില്ലകളിലേക്കും പടര്‍ന്നു. രണ്ടു വര്‍ഷത്തിനകം മലബാറിലും വിദേശത്തുമായി 1500ലധികം ബ്രാഞ്ചുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡോ. ഇസ്മായീല്‍ മുജദ്ദിദി എന്ന പ്ലസ് ടു അധ്യാപകനാണ് കോഴിക്കോട് ജില്ലയില്‍ മെക് 7ന് വേരോട്ടമുണ്ടാക്കിയത്.
2023 നവംബറില്‍ മലപ്പുറത്തു നിന്ന് മെക് 7 വ്യായാമം പഠിച്ചെടുത്ത ഇദ്ദേഹം 2024 ഫെബ്രുവരിയില്‍ കൊയിലാണ്ടിക്കടുത്ത് തന്റെ പ്രദേശത്ത് ക്ലാസ് ആരംഭിച്ചു. ഇന്ന് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയില്‍ 500ലധികം ബ്രാഞ്ചുകള്‍ സജീവമാണ്.
സംഘടിതമായ ഒരു വ്യായാമരീതി എന്ന ആശയമാണ് മെക് 7 വിജയിപ്പിച്ചെടുത്തത്. ആര്‍ക്കും ചെയ്യാവുന്ന തരത്തിലുള്ളതാണ് അഭ്യാസങ്ങള്‍. അതിരാവിലെ പൊതുസ്ഥലത്താണ് വ്യായാമം. അതിനാല്‍ തന്നെ ഇത് സുതാര്യമാണ്. വിവിധ പ്രായത്തിലും തരത്തിലുമുള്ള ആളുകള്‍ ഇതില്‍ പങ്കെടുക്കുന്നു.
ലഘുവ്യായാമത്തിലൂടെ ഉന്‍മേഷം നേടാനുമുള്ള അവസരം ഫലപ്രദമായി വിനിയോഗിക്കുന്നത് സ്ത്രീകളാണ്. നടുവേദന, മുട്ടുവേദന, ഹൈ ഷുഗര്‍, രക്തസമ്മര്‍ദം, നടക്കാനും ഇരിക്കാനുമുള്ള പ്രയാസം, മാനസിക പിരിമുറുക്കം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ വ്യായാമത്തിലൂടെ സുഖം പ്രാപിച്ചത് മറ്റുള്ളവര്‍ക്കും പ്രചോദനമായി.
അക്യൂപ്രഷറും മെഡിറ്റേഷനുമൊക്കെ ഉള്‍പ്പെടുത്തിയതിനാല്‍ സമൂലമായ ശാരീരിക സൗഖ്യമാണ് മെക് 7 ലക്ഷ്യമിടുന്നത്. അനുഭവസ്ഥര്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. മാത്രമല്ല, സൗഹൃദവും സേവന സന്നദ്ധതയും വളരുന്നു. പാലിയേറ്റീവ്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലയില്‍ ഇതിലെ വളന്റിയര്‍മാര്‍ സജീവമാണ്.
വിവാദങ്ങളും മെക് 7ന്റെ വളര്‍ച്ചയെ സ്വാധീനിച്ചിട്ടുണ്ട്. കേട്ടറിഞ്ഞും മറ്റും നിരവധി പേര്‍ മെക് 7നെ കുറിച്ച് പഠിക്കുകയും തങ്ങളുടെ നാട്ടിലെ കൂട്ടായ്മയില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക ലക്ഷ്യമോ മറ്റ് ഉദ്ദേശ്യങ്ങളോ ഇല്ലാത്തതിനാല്‍ ഒരു വിവാദത്തെയും മെക് 7ന് പേടിക്കേണ്ടി വന്നിട്ടില്ല. മാത്രമല്ല, വിമര്‍ശിച്ച പലരും ഇന്ന് മെക് 7ന്റെ ഭാഗമാണ്.
നന്‍മയില്‍ അധിഷ്ഠിതമായ ഒരു സേവനമാണ് ഉദ്ദേശിച്ചത്. അതിന് സമൂഹത്തില്‍ നിന്ന് മികച്ച പിന്തുണ ലഭിച്ചതില്‍ സന്തോഷമുണ്ട്. നല്ലൊരു സമൂഹത്തെയും ആരോഗ്യമുള്ള ജനതയെയും വാര്‍ത്തെടുക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ആരോഗ്യം തന്നെയാണ് സമ്പത്ത് എന്ന് സലാഹുദ്ദീന്‍ പറഞ്ഞു നിര്‍ത്തുന്നു.