അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹങ്ങളില്‍ ഒന്നാണ് മഴ. ഖുര്‍ആനില്‍ പലയിടങ്ങളിലായി മഴയെന്ന അനുഗ്രഹത്തെ പരാമര്‍ശിക്കുന്നത് കാണാം. എന്നാല്‍ മഴയെ ശിക്ഷയായും പരീക്ഷണമായും മാറ്റിയേക്കാം.
اللّهُمَّ حَوالَيْنا وَلا عَلَيْـنا، اللّهُمَّ عَلى الآكـامِ وَالظِّـراب، وَبُطـونِ الأوْدِية، وَمَنـابِتِ الشَّجـر
അല്ലാഹുവേ, ഈ മഴയെ ഞങ്ങളുടെ ചുറ്റുഭാഗങ്ങളിലേക്ക് നീ ആക്കേണമേ. ഇതിനെ ഞങ്ങളുടെ മേല്‍ ഒരു ശിക്ഷയാക്കരുതേ. അല്ലാഹുവേ, ഈ മഴയെ മേച്ചില്‍സ്ഥലങ്ങളിലും മലകളിലും താഴ്വരകളിലും മരങ്ങളുടെ വേരുകളിലും നീ ആക്കേണമേ (സ്വഹീഹുല്‍ ബുഖാരി 1014).
അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹങ്ങളില്‍ ഒന്നാണ് മഴ. ഖുര്‍ആനില്‍ പലയിടങ്ങളിലായി മഴയെന്ന അനുഗ്രഹത്തെ പരാമര്‍ശിക്കുന്നത് കാണാം. എന്നാല്‍ മഴയെ അല്ലാഹു ശിക്ഷയായി ഇറക്കിയതായും പരീക്ഷണമാക്കി മാറ്റുന്നതായുമുള്ള പരാമര്‍ശങ്ങളുമുണ്ട്.
ലൂത്ത് നബിയുടെ ജനതയ്ക്കു മേല്‍ ശിക്ഷയായി അല്ലാഹു മഴ വര്‍ഷിപ്പിച്ചെന്നാണ് സൂറഃ അഅ്റാഫിലെ 84ാം സൂക്തത്തില്‍ പറയുന്നത്. ''നാം അവരുടെ മേല്‍ ഒരുതരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക.'' സൂറഃ ശുഅറാഅ് 173, സൂറഃ നംല് 58 എന്നീ ആയത്തുകളിലും ഈ കാര്യം ആവര്‍ത്തിക്കുന്നുണ്ട്.
സൂറഃ മുല്‍കിലെ 30ാം ആയത്തില്‍ വെള്ളത്തിന്റെ വിഷയത്തില്‍ അല്ലാഹു പരീക്ഷിച്ചാല്‍ ആര് സഹായിക്കും എന്ന ചോദ്യം കാണാം. സൂറഃ റൂമിലെ 48 മുതല്‍ 50 വരെയുള്ള ആയത്തുകളില്‍ മഴ അനുഗ്രഹമായി കൃഷി സമൃദ്ധമാവുന്നതും മഴയും കാറ്റും രൂപം മാറി കൃഷി നശിക്കുന്നതിനെയും ഖുര്‍ആന്‍ വിവരിക്കുന്നു.
ചുരുക്കത്തില്‍ അനുഗ്രഹമായ മഴ ചില സമയങ്ങളില്‍ അല്ലാഹു പരീക്ഷണമായും ശിക്ഷയായും ഇറക്കിയേക്കാം എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. മഴക്കാലത്ത് ചില അവസരങ്ങളില്‍ മഴ അധികമായി അതിന്റെ ബുദ്ധിമുട്ടുകള്‍ നമ്മള്‍ അനുഭവിക്കാറുണ്ട്, പ്രത്യേകിച്ച് കേരളത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മഴക്കാലം ഭീതിയുടെ ദിനങ്ങളാണ്.
നബിയുടെ പ്രാര്‍ഥനയില്‍ മഴ ശിക്ഷയാക്കരുതേ എന്ന പ്രധാനപ്പെട്ട ഭാഗം വരുന്നുണ്ട്. മഴ കുറവുള്ള ചുറ്റുഭാഗങ്ങളിലേക്ക് നീക്കുകയും പ്രയാസമില്ലാത്ത രീതിയില്‍ മഴയെ മാറ്റുകയും ചെയ്യേണമേ എന്നാണ് പ്രാര്‍ഥനയുടെ രത്നച്ചുരുക്കം.
മണ്ണൊലിപ്പും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഏതു സമയത്തും പ്രതീക്ഷിക്കാവുന്ന രീതിയിലേക്ക് മഴക്കാലം മാറാറുണ്ട്. മഴ അധികമായി കൃഷിയും സമ്പത്തുമൊക്കെ നശിക്കുകയും ബുദ്ധിമുട്ടായി മാറുകയും ചെയ്യുമെന്ന് തോന്നിയാല്‍ പ്രാര്‍ഥിക്കാന്‍ പ്രവാചകന്‍ (സ) പഠിപ്പിച്ചുതന്നതാണിത്.
പ്രവാചകന്‍ ഒരിക്കല്‍ ഖുത്ബ നിര്‍വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ കടന്നുവരുകയും വരള്‍ച്ച കൊണ്ട് കൃഷിയും കാലികളുമൊക്കെ നശിക്കുന്നതായും മഴയ്ക്കു വേണ്ടി പ്രാര്‍ഥിക്കണമെന്നും നബിയോട് ആവശ്യപ്പെട്ടു. പ്രവാചകന്‍ ഖുത്ബക്കിടയില്‍ മഴയ്ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ഒരാഴ്ചയോളം കനത്ത മഴ തുടരുകയും ചെയ്തു.
അടുത്ത വെള്ളിയാഴ്ച പ്രവാചകന്‍ ഖുത്ബ നടത്തുമ്പോള്‍ ഒരാള്‍ വന്ന് മഴ അധികമായി കൃഷിയും കാലികളും നശിക്കുന്ന അവസ്ഥയാണെന്ന് പരാതി പറയുന്ന സമയത്താണ് നബി ഈ പ്രാര്‍ഥന നിര്‍വഹിക്കുന്നത്.
പ്രാര്‍ഥനയില്‍ മഴ ശിക്ഷയാക്കരുതേ എന്ന പ്രധാനപ്പെട്ട ഒരു ഭാഗം വരുന്നുണ്ട്. മഴ കുറവുള്ള ചുറ്റുഭാഗങ്ങളിലേക്ക് മഴ നീക്കുകയും പ്രയാസമില്ലാത്ത രീതിയില്‍ മഴയെ മാറ്റുകയും ചെയ്യേണമേ എന്നാണ് പ്രാര്‍ഥനയുടെ രത്നച്ചുരുക്കം.
മഴ കൂടിയതുകൊണ്ടുള്ള പ്രയാസം വര്‍ഷാവര്‍ഷം അനുഭവിക്കുന്നവരായി നമ്മള്‍ മാറിയതിനാല്‍ പ്രാധാന്യത്തോടെ ഇതു പഠിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യേണ്ടതാണ്.