നല്ല മരണത്തിനുള്ള തേട്ടം


ജനിച്ചവരെല്ലാം മരിക്കും. മരണം നല്ല രീതിയില്‍ ആവണമെന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്. നല്ല രീതിയിലുള്ള മരണം എന്നത് കൊണ്ട് പല വിവക്ഷകളുണ്ട്.

اللَّهُمَّ إنِّي أعُوذُ بِكَ مِنَ الهَدْمِ وَأَعُوذُ بِكَ مِنَ التَّرَدِّي وَأَعُوذُ بِكَ مِنَ الغَرَقِ والحَرْقِ والهَرَمِ وَأَعُوذُ بِكَ أَنْ يَتَخَبَّطَنِي الشَّيْطَانُ عِنْدَ الموْتِ وَأَعُوذُ بِكَ أَنْ أَمُوتَ فِي سَبِيلِكَ مُدْبِرًا وَأَعُوذُ بِكَ أَنْ أَمُوتَ لَدِيغًا

  • അല്ലാഹുവേ തകര്‍ന്ന് വീണ് മരിക്കുന്നതില്‍ നിന്നും ഉയരത്തില്‍ നിന്ന് വീണ് മരിക്കുന്നതില്‍ നിന്നും മുങ്ങി മരിക്കുന്നതില്‍ നിന്നും തീപിടുത്തത്തില്‍ മരിക്കുന്നതില്‍ നിന്നും വാര്‍ധക്യത്തില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. മരണ സമയത്ത് പിശാച് എന്നെ കുഴപ്പത്തിലാക്കുന്നതില്‍ നിന്ന് ഞാന്‍ രക്ഷ തേടുന്നു. യുദ്ധത്തില്‍ നിന്ന് പിന്തിരിഞ്ഞോടി മരിക്കുന്നതില്‍ നിന്നും വിഷ ജന്തുവിന്റെ കടിയേറ്റു മരിക്കുന്നതില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു (അബൂദാവൂദ് 1553).

ജനിച്ചവരെല്ലാം മരിക്കുന്നവരാണ്. അതിനാല്‍ മരണം നല്ല രീതിയില്‍ ആവണമെന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്. നല്ല രീതിയിലുള്ള മരണം എന്നത് കൊണ്ട് പല വിവക്ഷകളുണ്ട്. ഒരു വിശ്വാസി ആഗ്രഹിക്കുന്ന നല്ല മരണം മുസ്ലിമായി വിശ്വാസത്തോട് കൂടി മരണപ്പെടുക എന്നുള്ളതാണ്. അതോടൊപ്പം മരണത്തിന്റെ രൂപം നമ്മള്‍ വിലയിരുത്തുന്ന ചില നല്ല അവസ്ഥകളിലാവണമെന്ന് കൂടി എല്ലാവരും താത്പര്യപ്പെടുന്നു.

നമ്മുടെ നാട്ടില്‍ ഈയിടെയായി അപകട മരണങ്ങള്‍ കൂടുതലാണ്. വാഹനാപകടങ്ങളില്‍ ദിവസവും നൂറു കണക്കിന് ജീവനുകള്‍ പൊലിയുന്നു. ജീവച്ഛവമായി കിടക്കുന്നവര്‍ അതിലേറെയും. കൂടെ മുങ്ങി മരണങ്ങളും ശരിയായ മരുന്നുകള്‍ കണ്ടുപിടിക്കാത്ത മാരക രോഗങ്ങള്‍ പിടിപെട്ട് മരിക്കുന്നവരും ഏറിവരുന്നു.

ഇത്തരം കാഴ്ചകള്‍ കാണുമ്പോഴെല്ലാം നല്ല രീതിയില്‍ മരണപ്പെടാന്‍ ആഗ്രഹിക്കാത്തവരില്ല. അപകട മരണങ്ങളില്‍ നിന്ന് രക്ഷ തേടുവാന്‍ പ്രവാചകന്‍ (സ) പഠിപ്പിച്ച പ്രാര്‍ഥനയാണിത്. മറ്റൊരു പ്രാര്‍ഥനയില്‍ പെട്ടെന്നുള്ള മരണത്തില്‍ നിന്ന് നബി (സ) രക്ഷ ചോദിക്കുന്നത് കാണാവുന്നതാണ്.

പെട്ടെന്ന് മരണം സംഭവിക്കുമ്പോള്‍ മനുഷ്യന് അവന്റെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സമയം കിട്ടണമെന്നില്ല.

അതിനാല്‍ മേല്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ നിന്ന് പ്രവാചകന്‍ അല്ലാഹുവില്‍ അഭയം തേടിയതിന് കാരണം ഇവ പെട്ടെന്ന് സംഭവിക്കുന്നു എന്നത് കൊണ്ടാവാം. പെട്ടെന്ന് മരണം സംഭവിക്കുമ്പോള്‍ മനുഷ്യന് അവന്റെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സമയം കിട്ടണമെന്നില്ല. ബാധ്യതകള്‍ പറഞ്ഞേല്‍പ്പിക്കാനും വസ്വിയ്യത്ത് ചെയ്യാന്‍ പോലും കഴിഞ്ഞെന്നു വരില്ല.

ഈ ഹദീസില്‍ പറഞ്ഞിട്ടുള്ള ചില മരണ കാരണങ്ങള്‍ക്ക് രക്തസാക്ഷിത്വത്തിന്റെ പ്രതിഫലം ലഭിക്കുമെന്ന് പ്രവാചക വചനങ്ങളില്‍ ഉണ്ട്. അത് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഭാഗമാണ്. എങ്കില്‍ പോലും ഈ മരണങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ ദുരിതങ്ങളും പരീക്ഷണങ്ങളുമാണ്.

അതിലുപരി അതികഠിനവും അസ്വസ്ഥത ഉണ്ടാക്കുന്നതുമാണ്. അവയില്‍ ക്ഷമിച്ച് അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് മുന്നോട്ട് പോകാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്ന് വരില്ല. അതിനാലാവാം നബി (സ) ഇവയില്‍ നിന്നെല്ലാം അഭയം തേടിയത്.