അല്ലാഹുവിന്റെ കാരുണ്യത്തിന്റെയും എണ്ണമറ്റ അനുഗ്രഹങ്ങളുടെയും തണലിലാണ് നാം ജീവിക്കുന്നത്. അനുഗ്രഹങ്ങള്‍ യഥാവിധി നിലനിന്നെങ്കില്‍ മാത്രമേ ഒരു സാധാരണ ജീവിതം പോലും നമുക്ക് സാധ്യമാവൂ.
يا حي ياقيوم برحمتك استغيث, أ صلح لى شأنى كله,ولا تكلني إلى نفسى طرفة عي
- ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവേ, നിന്റെ കാരുണ്യം മുഖേന നിന്നോട് ഞാന്‍ സഹായം തേടുന്നു. എന്റെ എല്ലാ കാര്യവും നീ എനിക്ക് നന്നാക്കിത്തരേണമേ. കണ്ണിമ വെട്ടുന്ന സമയം പോലും നീ എന്നെ കൈവിടരുതേ.
പ്രഭാതത്തിലും പ്രദോഷത്തിലും പതിവായി ചൊല്ലേണ്ട പ്രാര്‍ഥനകളില്‍ ഒന്നായി പ്രവാചകന്‍ ഫാത്വിമ ബീവിക്ക് പഠിപ്പിച്ചുകൊടുത്തതാണിത്. അനസി(റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടതും നസാഇ ഉദ്ധരിച്ചതുമായ ഹദീസിലാണ് ഈ പ്രാര്‍ഥന വന്നത്.
ഇതിന്റെ പരമ്പരയും ഉള്ളടക്കവും കുറ്റമറ്റതാണ്. നബിക്ക് എന്തെങ്കിലും പ്രയാസം വരുമ്പോള്‍ ഈ പ്രാര്‍ഥന ചൊല്ലാറുണ്ടായിരുന്നു എന്നും ചില നിവേദനങ്ങളില്‍ കാണാം. മൂന്നു കാര്യങ്ങളാണ് ഈ പ്രാര്‍ഥനയിലെ ആവശ്യങ്ങളായി വിശ്വാസി അല്ലാഹുവിലേക്ക് സമര്‍പ്പിക്കുന്നത്:
ഒന്ന്), അല്ലാഹുവിന്റെ കാരുണ്യം മുന്‍നിര്‍ത്തിയുള്ള സഹായ തേട്ടം. രണ്ട്), എല്ലാ കാര്യങ്ങളും നല്ല നിലയില്‍ നടക്കാനും നല്ല പര്യവസാനത്തിനുമുള്ള പ്രാര്‍ഥന. 3). എല്ലായ്‌പ്പോഴും തന്റെ നേരെ അല്ലാഹുവിന്റെ കാരുണ്യവും രക്ഷയും ശ്രദ്ധയും ഉണ്ടാകേണമേ എന്ന വിനീത വിനയാന്വിത തേട്ടം.
അല്ലാഹുവിന്റെ കാരുണ്യത്തിന്റെയും എണ്ണമറ്റ അനുഗ്രഹങ്ങളുടെയും തണലിലാണ് നാം ജീവിക്കുന്നത്. ആ അനുഗ്രഹങ്ങള്‍ യഥാവിധി നിലനിന്നെങ്കില്‍ മാത്രമേ ഒരു സാധാരണ ജീവിതം പോലും നമുക്ക് സാധ്യമാവുകയുള്ളൂ. ഈ കാര്യം നാം വിസ്മരിക്കരുത് എന്ന മഹത്തായ സന്ദേശമാണ് ഈ പ്രാര്‍ഥനയില്‍ ഉള്‍ച്ചേര്‍ന്നത്.
മറ്റൊരു പ്രത്യേകത, ഞാന്‍ സഹായം തേടുന്നു എന്ന പ്രാര്‍ഥനാ വാക്യത്തിലേക്ക് നേര്‍ക്കുനേര്‍ പ്രവേശിക്കുന്നതിനു മുമ്പ് അല്ലാഹുവിന്റെ രണ്ട് നാമപദങ്ങളും (അല്‍ഹയ്യ്, അല്‍ഖയ്യൂം) ഒരു വിശേഷണവും (റഹ്മത്ത്) ഏറ്റുപറയുന്നു. ഇത് പ്രാര്‍ഥനയുടെ ഏറ്റവും മുഖ്യ ഭാഗമായ ഒരു 'വസീല'യാണ്.
അല്ലാഹുവിന്റെ തന്നെ അസ്മാഉകളെയും സ്വിഫാത്തുകളെയും അവലംബിച്ചുകൊണ്ടുള്ള ഇത്തരം തവസ്സുല്‍ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തുന്നത് അഭികാമ്യമാണ്.
അല്ലാഹുവിന്റെ സവിശേഷ നാമങ്ങളും വിശേഷണങ്ങളും എടുത്തുപറഞ്ഞുകൊണ്ടുള്ള അനുവദനീയവും ശ്രേഷ്ഠകരവുമായ ഒരു ഇടതേട്ടം (തവസ്സുല്‍) തന്നെയാണിത്. അല്ലാഹുവിന്റെ തന്നെ അസ്മാഉകളെയും സ്വിഫാത്തുകളെയും അവലംബിച്ചുകൊണ്ടുള്ള ഇത്തരം തവസ്സുല്‍ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തുന്നത് അഭികാമ്യമാണ്.
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിന്റെയും സഹായത്തിന്റെയും തണലിലും കനിവിലുമാണ് അനുനിമിഷം നാം ജീവിക്കുന്നത് എന്ന ബോധവും ബോധ്യവും നമ്മുടെ ജീവിതത്തില്‍ പച്ചപിടിച്ചുനില്‍ക്കാന്‍ ഈ പ്രാര്‍ഥന പതിവാക്കുന്നത് സഹായകമാകും.