രോഗികളെ സന്ദര്‍ശിക്കുമ്പോള്‍ നമ്മുടെ ബാധ്യത


രോഗങ്ങള്‍ നല്‍കുന്നവനും അത് സുഖപ്പെടുത്തുന്നവനും അല്ലാഹുവാണ്. രോഗങ്ങള്‍ക്ക് ചികിത്സ തേടിയാല്‍ മാത്രം പോരാ. ശമനത്തിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കണം. ഇതാണ് ഒരു മുസ്ലിം സ്വീകരിക്കേണ്ട നടപടിക്രമം.

اللَّهُمَّ رَبَّ النَّاسِ ، أَذْهِب الْبَأْسَ ، اشْفِ أَنْتَ الشَّافِي، لاَ شِفَاءَ إِلاَّ شِفَاؤُكَ ،
شِفاءً لاَ يُغَادِرُ سَقَماً

''ജനങ്ങളുടെ രക്ഷിതാവായ നാഥാ, നീ ദുരിതം അകറ്റേണമേ. നീ രോഗശമനം നല്‍കേണമേ. നീയാണ് രോഗശമനം നല്‍കുന്നവന്‍. നീ നല്‍കുന്ന ശമനമല്ലാതെ രോഗശമനമില്ല. രോഗമെല്ലാം ഇല്ലാതാക്കുന്ന യഥാര്‍ഥ ശമനം'' (ബുഖാരി 5675).

മനുഷ്യര്‍ അനുഭവിക്കുന്ന വലിയ പ്രയാസമാണ് രോഗങ്ങള്‍. അല്ലാഹുവിന്റെ പരീക്ഷണമായാണ് ഇസ്ലാം രോഗങ്ങളെ കാണുന്നത്. രോഗങ്ങള്‍ പിടിപെട്ടാല്‍ അവയ്ക്ക് അനുയോജ്യമായ ചികിത്സ തേടാനാണ് പ്രവാചകന്‍ പഠിപ്പിച്ചത്.

നബി(സ) പറഞ്ഞു: ''അല്ലാഹുവിന്റെ അടിമകളേ. നിങ്ങള്‍ ചികിത്സ തേടുക, കാരണം പരിശുദ്ധനായ അല്ലാഹു ഒരു രോഗത്തെയും അതിനോടൊപ്പം ഒരു ശമനത്തെയും ഉണ്ടാക്കാതെ സൃഷ്ടിച്ചിട്ടില്ല'' (ഇബ്നുമാജ 3436).

രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാനും ഇസ്ലാം കല്‍പിക്കുന്നുണ്ട്. സാംക്രമിക രോഗങ്ങള്‍ പിടിപെട്ട സ്ഥലത്തേക്ക് പോകരുതെന്നും പിടികൂടപ്പെട്ട ആളുകള്‍ ആ സ്ഥലത്തു നിന്ന് പുറത്തുപോയി മറ്റുള്ളവര്‍ക്ക് രോഗം പടര്‍ത്തരുതെന്നുമുള്ള പ്രവാചക അധ്യാപനങ്ങള്‍ ഈ മുന്‍കരുതലുകളുടെ ഭാഗമാണ്.

രോഗികളെ സന്ദര്‍ശിക്കുന്നത് വിശ്വാസികള്‍ക്ക് പരസ്പര ബാധ്യതകളിലൊന്നായി ഇസ്ലാം നിര്‍ദേശിച്ചു. രോഗികള്‍ക്ക് ആത്മവിശ്വാസം നല്‍കാനും പ്രയാസങ്ങളില്‍ ആശ്വാസമേകാനും ഇത്തരം സന്ദര്‍ശനങ്ങള്‍ ഉപകരിക്കും. രോഗികളെ സന്ദര്‍ശിക്കുന്നത് വലിയ പുണ്യമുള്ള കാര്യമാണ്. നബി(സ) പറഞ്ഞു: ''ഒരു മുസ്ലിം തന്റെ രോഗിയായ സഹോദരനെ സന്ദര്‍ശിച്ചാല്‍ മടങ്ങുന്നതുവരെ അവന്‍ സ്വര്‍ഗത്തിലാണ്'' (മുസ്ലിം).

രോഗികളെ സന്ദര്‍ശിക്കുന്നത് വിശ്വാസികള്‍ക്ക് പരസ്പര ബാധ്യതകളിലൊന്നായി ഇസ്ലാം നിര്‍ദേശിച്ചു. രോഗികള്‍ക്ക് ആത്മവിശ്വാസം നല്‍കാനും പ്രയാസങ്ങളില്‍ ആശ്വാസമേകാനും ഇത്തരം സന്ദര്‍ശനങ്ങള്‍ ഉപകരിക്കും.

രോഗീസന്ദര്‍ശന സമയത്ത് രോഗികളെ ആശ്വസിപ്പിക്കുകയും അവര്‍ക്ക് സമാധാനം പകരുന്ന കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്നതോടൊപ്പം അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കണം. അതിനായി നബി(സ) പഠിപ്പിച്ച പ്രാര്‍ഥനയാണിത്.
രോഗവുമായി ബന്ധപ്പെട്ട് ഇസ്ലാം മുമ്പോട്ടുവെക്കുന്ന വിശ്വാസത്തെ കൃത്യമായി വരച്ചുകാണിക്കുന്നതാണ് ഈ പ്രാര്‍ഥന.

രോഗങ്ങള്‍ നല്‍കുന്നവനും അത് സുഖപ്പെടുത്തുന്നവനും അല്ലാഹുവാണ്. രോഗങ്ങള്‍ക്ക് ചികിത്സ തേടിയാല്‍ മാത്രം പോരാ. ശമനത്തിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കണം. ഇതാണ് ഒരു മുസ്ലിം സ്വീകരിക്കേണ്ട നടപടിക്രമം. ആരാണ് തന്റെ രക്ഷിതാവെന്ന് ഇബ്റാഹീം നബി(അ) പഠിപ്പിച്ചതായി ഖുര്‍ആന്‍ വിശദീകരിക്കുന്നു: ''എനിക്ക് രോഗങ്ങള്‍ ബാധിച്ചാല്‍ അവനാണ് സുഖപ്പെടുത്തുന്നവന്‍'' (26:80).

ചില രോഗങ്ങള്‍ മാറിയാലും അവ കാരണം വന്ന ചില പ്രയാസങ്ങളോ അതിനെത്തുടര്‍ന്ന് മറ്റു രോഗങ്ങളോ പാര്‍ശ്വഫലങ്ങളോ ഉണ്ടാവാം. ഇതൊന്നുമില്ലാത്ത രീതിയില്‍ പൂര്‍ണശമനം നല്‍കാനാണ് പ്രാര്‍ഥനയുടെ അവസാന ഭാഗം. വിശ്വാസികളുടെ ബാധ്യതയായതിനാല്‍ രോഗീ സന്ദര്‍ശനവും പ്രാര്‍ഥനയും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം.