പെരുന്നാളിന്റെ സാമൂഹിക പ്രസക്തി

എഡിറ്റർ

ആഘോഷങ്ങള്‍ ഒരേസമയം സമൂഹത്തിലെ എല്ലാവര്‍ക്കും പ്രാപ്യമാകുന്നു എന്നതിലാണ് അതിന്റെ വിജയം.

'ഈദ്' എന്ന പദത്തിന്റെ ഭാഷാര്‍ഥം തന്നെ 'മടങ്ങിവരുന്നത്' എന്നാണ്. ആവര്‍ത്തിച്ചുവരുന്ന സന്തോഷമാണ് പെരുന്നാള്‍. എല്ലാ വര്‍ഷവും കൃത്യമായി വിരുന്നെത്തുന്ന ഈ വിശേഷദിനം ഒരിക്കലും നമ്മില്‍ മടുപ്പുളവാക്കുന്നില്ല.

ആഘോഷങ്ങള്‍ ഒരേസമയം സമൂഹത്തിലെ എല്ലാവര്‍ക്കും പ്രാപ്യമാകുന്നു എന്നതിലാണ് അതിന്റെ വിജയം കുടികൊള്ളുന്നത്. സന്തോഷിക്കാന്‍ വലിയ സമ്പത്തിന്റെ ആവശ്യമില്ലെന്ന തിരിച്ചറിവ് കൂടിയാണ് പെരുന്നാള്‍ നല്‍കുന്നത്.

പണത്തിലല്ല, മറിച്ച് പങ്കുവെക്കലിലാണ് ആഘോഷങ്ങളുടെ യഥാര്‍ഥ സൗന്ദര്യം. തിരക്കുകള്‍ക്കിടയില്‍ മരവിച്ചുപോയ സാമൂഹിക ബന്ധങ്ങളെയും അയല്‍പക്ക ബന്ധങ്ങളെയും ഊട്ടിയുറപ്പിക്കാനും സാഹോദര്യം തീര്‍ക്കാനും ഈ ഒത്തുചേരലുകള്‍ കാരണമാകുന്നു.

എന്നാല്‍, സമകാലിക ചുറ്റുപാടില്‍ നമ്മുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ കേവലമായ ബാഹ്യപ്രകടനങ്ങളിലേക്ക് ചുരുങ്ങുന്നുണ്ടോ എന്ന് ഗൗരവമായി ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഉപഭോഗ സംസ്‌കാരം പതുക്കെപ്പതുക്കെ ആഘോഷങ്ങളുടെ ആത്മാവിനെ കാര്‍ന്നുതിന്നുകയാണ്.

ഒപ്പമുള്ള ഒരാളോട് പുഞ്ചിരിക്കുന്നതിനേക്കാള്‍, താന്‍ ധരിക്കുന്ന വസ്ത്രത്തിന്റെ ബ്രാന്‍ഡും ഒരുക്കുന്ന വിഭവങ്ങളുടെ വലുപ്പവും സമൂഹമാധ്യമങ്ങളിലെ ലൈക്കുകളുമാണ് ഇന്ന് പലര്‍ക്കും ആഘോഷത്തിന്റെ അളവുകോല്‍.

തികച്ചും ലൗകികമായ ഒരു ആനന്ദത്തെ ആത്മീയതയുമായി ഇഴചേര്‍ത്തതിനു പിന്നില്‍ വലിയൊരു ദാര്‍ശനിക തലമുണ്ട്.

ബന്ധുവീടുകളിലെ സന്ദര്‍ശനങ്ങള്‍ പോലും വാട്‌സ്ആപ്പ് സന്ദേശങ്ങളിലോ സ്റ്റാറ്റസുകളിലോ ഒതുങ്ങുന്നു. പുത്തനുടുപ്പുകളുടെയും ആഡംബരങ്ങളുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിലെ മത്സരങ്ങളാണ് നമുക്കു ചുറ്റും.

ആഘോഷങ്ങളിലെ ഈ കൃത്രിമത്വം അതിന്റെ സാമൂഹിക പങ്കാളിത്തത്തെ ഇല്ലാതാക്കുകയും മനുഷ്യരെ കൂടുതല്‍ ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇവിടെയാണ് ഇസ്ലാം എന്തുകൊണ്ട് ആഘോഷത്തെ ആരാധനയുമായി ബന്ധപ്പെടുത്തി എന്ന ചിന്ത ഉണ്ടാകേണ്ടത്.

തികച്ചും ലൗകികമായ ഒരു ആനന്ദത്തെ ആത്മീയതയുമായി ഇഴചേര്‍ത്തതിനു പിന്നില്‍ വലിയൊരു ദാര്‍ശനിക തലമുണ്ട്. കാലത്തിനനുസരിച്ച് ആഘോഷങ്ങളുടെ പൊലിമയിലും രൂപത്തിലും മാറ്റങ്ങള്‍ വന്നേക്കാം. അനുവദനീയമായ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ഏത് സന്തോഷദായക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാവുന്നതുമാണ്.

എന്നാല്‍, വെറും ഭൗതികമായ ആനന്ദങ്ങള്‍ ക്ഷണികമാണ്. ആഘോഷങ്ങളിലൂടെ മനുഷ്യന് സ്ഥായിയായി ലഭിക്കേണ്ട ആത്മനിര്‍വൃതിയും നിര്‍ഭയത്വത്തില്‍ അധിഷ്ഠിതമായ ആന്തരിക സന്തോഷവും എക്കാലത്തും നിലനില്‍ക്കണമെങ്കില്‍ അത് സ്രഷ്ടാവിനോടുള്ള നന്ദിപ്രകാശനമായി മാറണം.

പെരുന്നാള്‍ നമസ്‌കാരവും തക്ബീര്‍ ധ്വനികളും നല്‍കുന്ന ആത്മീയ കരുത്ത് ഈ നിര്‍ഭയത്വമാണ്. പട്ടിണി കിടക്കുന്നവനും ആഘോഷത്തില്‍ പങ്കുചേരണമെന്ന നിര്‍ബന്ധബുദ്ധിയോടെ നല്‍കപ്പെടുന്ന ഫിത്വ്ര്‍ സകാത്ത് സാമൂഹിക നീതിയുടെ പ്രായോഗിക പാഠങ്ങളാണ്.

മറ്റുള്ളവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധ്യം ഇല്ലാത്ത ഒരു ആഘോഷവും പൂര്‍ണമാകുന്നില്ല. ബാഹ്യമായ പ്രകടനങ്ങള്‍ക്കപ്പുറം, ആന്തരികമായ ശുദ്ധീകരണവും സാമൂഹികമായ ഉത്തരവാദിത്തബോധവും ഉണ്ടാകുമ്പോഴാണ് പെരുന്നാളിന്റെ സാമൂഹിക പ്രസക്തി സാര്‍ഥകമാകുന്നത്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം