'രാഷ്ട്രീയാന്ധകാരത്തില്‍ ന്യൂയോര്‍ക്കിന്റെ വെളിച്ച'മായി സൊഹ്‌റാന്‍ മംദാനി


ഏകാധിപത്യത്തിനും വംശീയതക്കും മേല്‍ ജനാധിപത്യത്തിന്റെ വിജയമെന്ന് മംദാനിയുടെ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ച് യു എസ് മാധ്യമങ്ങള്‍

ന്യൂയോര്‍ക്ക് മഹാ നഗരത്തിന്റെ മേയറായി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സൊഹ്‌റാന്‍ മംദാനി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ചരിത്രം വഴിമാറുക മാത്രമല്ല, നിരവധി ധാരണകള്‍ തിരുത്തപ്പെടുക കൂടിയായിരുന്നു. കോര്‍പ്പറേറ്റ് ധാര്‍ഷ്ട്യത്തെയും തീവ്ര വലതുപക്ഷ വംശീയ ഫോബിയകളെയും ഉഗ്രശേഷിയോടെ താക്കീതു ചെയ്താണ് മംദാനി ഓടിക്കയറുന്നത്. കോടീശ്വരനായ മുന്‍ ഗവര്‍ണറെയും ട്രംപിന്റെ റിപ്പബ്ലിക്കന്‍ പ്രതിനിധിയെയും സംശയരഹിതമായി പിന്തള്ളി സൊഹ്‌റാന്‍ നഗരത്തിന്റെ ആദ്യ ഏഷ്യന്‍ മുസ്‌ലിം മേയറാവുകയാണ്.

2021 മുതല്‍ ക്വീന്‍സില്‍ നിന്നുള്ള ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായ 34കാരന്‍ മംദാനി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തിറങ്ങിയതോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. 51 ശതമാനത്തിലേറെ വോട്ടു നേടിയാണ് ആഫ്രിക്കന്‍ ഇന്ത്യന്‍ വേരുകളുള്ള മംദാനി പുതു യുഗത്തിന് തുടക്കമിട്ടത്.

മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണറും കോര്‍പ്പറേറ്റും രാഷ്ട്രീയത്തിലെ അതികായനുമായ ആന്‍ഡ്രൂ ക്യൂമോ (67) രണ്ടാം സ്ഥാനത്തെത്തിയെങ്കിലും ഏറെ പിന്നിലായി (41%). റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കര്‍ട്ടിസ് സ്ലിവയ്ക്ക് 7% വോട്ടു മാത്രമേ ലഭിച്ചുള്ളൂ. അഥവാ മംദാനിയെ തോല്പിക്കാന്‍ റിപ്പബ്ലിക്കന്മാര്‍ കൂട്ടമായി ക്യൂമോക്ക് വോട്ടു ചെയ്തിട്ടുണ്ടാവണം.

മാസങ്ങളായി ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുന്‍നിരയില്‍ ജ്വലിച്ചുനിന്ന മംദാനി, ചൊവ്വാഴ്ച രാത്രി തന്റേതാക്കി ചരിത്രം തിരുത്തുകയായിരുന്നു. ഡെമോക്രാറ്റ് ആയിരുന്ന, സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ആന്‍ഡ്രൂ ക്യൂമോക്ക് വോട്ടെടുടുപ്പിന് തൊട്ടുമുമ്പ് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സകല പിന്തുണയും ലഭിച്ചിരുന്നു.

ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന് നേരിട്ടു റോളില്ലെങ്കിലും മംദാനിക്കെതിരെ പ്രസിഡന്റ് കളത്തിലിറങ്ങി കളി നയിച്ചിരുന്നു. പണമിറക്കിയും ഭീഷണിപ്പെടുത്തിയും ആക്ഷേപിച്ചും ട്രംപ് നടത്തിയ എല്ലാ കളികളും പക്ഷേ നനഞ്ഞ പടക്കമായി. ട്രംപിന് അതേ നാണയത്തില്‍ മറുപടി നല്‍കിയ മംദാനിയുടേതായി ചൊവ്വാഴ്ച രാത്രി.

രാജ്യത്തുടനീളമുള്ള നിരവധി ഡെമോക്രാറ്റിക് വിജയങ്ങള്‍ക്കിടയിലാണ് മംദാനിയുടെ ചരിത്രപരമായ വിജയം എന്നത് ഒരുപക്ഷേ യാദൃച്ഛികമാവില്ല, മാറ്റത്തിന്റെ സൂചനയുമാകാം. നിരവധി സ്റ്റേറ്റുകളുടെ ഗവര്‍ണര്‍മാരായി ഡെമോക്രാറ്റ് പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ട യു എസിലെ സുപ്രധാന ദിവസം കൂടിയായിരുന്നു അത്.

ത്രസിപ്പിക്കുന്ന രാത്രി

ബ്രൂക്ലിന്‍ ഡൗണ്‍ടൗണിലെ ബ്രൂക്ലിന്‍ പാരമൗണ്ടില്‍ മംദാനിയുടെ തെരഞ്ഞെടുപ്പ് വിജയം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ജനക്കൂട്ടം ആര്‍ത്തിരമ്പി. വാര്‍ത്ത കേട്ട് ആളുകള്‍ ആര്‍പ്പുവിളിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തുവെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്തു. മംദാനിയുടെ വിജയ പ്രസംഗം ആരംഭിക്കുന്നതിന് മുമ്പ്, ബ്രൂക്ലിന്‍ പാരമൗണ്ടിലെ ജനക്കൂട്ടം കാതടപ്പിക്കുന്ന ഉച്ചത്തില്‍, സൊഹ്‌റാന്‍, സൊഹ്‌റാന്‍ എന്ന് ആര്‍ത്തു വിളിച്ചുകൊണ്ടിരുന്നു.

സൊഹ്റാന്‍ മംദാനി

കരഘോഷത്തിലും ആര്‍പ്പുവിളിയിലും മുഴുകിയ ആള്‍ക്കൂട്ടം പരസ്പരം ആശ്ലേഷിച്ച്, മുഷ്ടി ഉയര്‍ത്തി, പ്രസംഗം ഫോണുകളില്‍ പകര്‍ത്തി. ത്രസിപ്പിക്കുന്ന ബോളിവുഡ് ഹിന്ദി ഗാനം അന്തരീക്ഷത്തിലുയര്‍ന്നുവെന്നും ഫ്‌ളാഷ് ലൈറ്റുകള്‍ നിരന്തരം മിന്നിച്ചപ്പോള്‍ ഹാള്‍ വെളിച്ചവും പുതിയ ഊര്‍ജവും കൊണ്ട് നിറഞ്ഞുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂയോര്‍ക്ക് നഗരത്തിലെ ആദ്യ മുസ്‌ലിം മേയര്‍ എന്നതിനപ്പുറം, മംദാനി ആദ്യ ദക്ഷിണേഷ്യന്‍ മേയറും ഒരു നൂറ്റാണ്ടിലേറെക്കാലം പഴക്കമുള്ള മഹാനഗരത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയുമാണ്. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോള്‍ മംദാനി, താരതമ്യേന അറിയപ്പെടാത്ത സ്റ്റേറ്റ് അസംബ്ലി അംഗം മാത്രമായിരുന്നു. എന്നാല്‍ സവിശേഷമായ പ്രചാരണ ക്യാംപയിനിലൂടെയും ജനങ്ങളിലേക്കിറങ്ങിയും ചുരുങ്ങിയ ദിവസം കൊണ്ട് ശ്രദ്ധ നേടാനും പ്രചാരണത്തിന്റെ മുന്‍നിരയില്‍ സ്ഥാനമുറപ്പിക്കാനും കഴിഞ്ഞു.

ജീവിതച്ചെലവു കുറയ്ക്കുക, വാടക പരിമിതപ്പെടുത്തുക, ചെലവ് കുറഞ്ഞ ഭവന സമുച്ചയങ്ങള്‍ ഉറപ്പുവരുത്തുക, ട്രാന്‍സ്‌പോര്‍ട്ട് സൗകര്യം സൗജന്യവും വിപുലവുമാക്കുക, സാര്‍വത്രിക ശിശു സംരക്ഷണം തുടങ്ങി അടിസ്ഥാന ജനവിഭാഗങ്ങളെ നേരിട്ട് ബാധിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനങ്ങള്‍.

ന്യൂയോര്‍ക്ക് നഗരത്തിലുടനീളം പകലും രാത്രിയും ആവേശത്തോടെ യാത്ര ചെയ്ത മംദാനി ഡ്രൈവര്‍മാരെയും തൊഴിലാളികളെയും ചേര്‍ത്തു പിടിച്ചു. മിനിമം വേതനം മണിക്കൂറിന് 30 ഡോളറായി ഉയര്‍ത്തുമെന്ന് അദ്ദേഹത്തിന്റെ പ്രചാരണ വിഭാഗം വാഗ്ദാനം ചെയ്തു.

കോര്‍പ്പറേറ്റ് ഭീമന്മാരുടെ പണക്കൊഴുപ്പിനെ ചെറിയ സംഭാവനകള്‍ സ്വീകരിച്ചാണ് മംദാനി മറികടന്നത്. പതിനായിരക്കണക്കിന് വളണ്ടിയര്‍മാരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയും സോഷ്യല്‍ മീഡിയ ഫലപ്രദമായി ഉപയോഗിച്ചും മാറ്റത്തിന്റെ ധ്വനി പടര്‍ത്തിയും ഏറ്റവും ഊര്‍ജസ്വലനായ മംദാനിയായിരുന്നു ന്യൂയോര്‍ക്ക് നിറഞ്ഞു കളിച്ചത്. അടിത്തട്ടിലുള്ള പ്രചാരണം വലിയ സ്വീകാര്യതയാണ് നേടിയത്.

ജൂണില്‍ നടന്ന ഡെമോക്രാറ്റ് പ്രൈമറിയില്‍ നിര്‍ണായക വിജയം നേടാന്‍ മംദാനി സ്റ്റൈല്‍ സഹായിച്ചു. അതുവരെ ഒരു ശതമാനം സാധ്യത മാത്രം കല്പിക്കപ്പെട്ട സ്ഥാനാര്‍ഥിയായിരുന്നു അദ്ദേഹം. മുതിര്‍ന്ന ഡെമോക്രാറ്റും പ്രബലനുമായ ക്യൂമോയെ ഏതാണ്ട് 13 പോയിന്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ഥിയാകാന്‍ യോഗ്യത നേടിയത്.

വംശീയതകള്‍ക്കും വിഭാഗീയതകള്‍ക്കുമപ്പുറം ജനങ്ങളെയും യുവാക്കളെയും തൊഴിലാളികളെയും തന്നിലേക്ക് വലിച്ചടുപ്പിക്കാന്‍ മംദാനിക്കു കഴിഞ്ഞു. സയണിസ്റ്റ് വിരുദ്ധവും ഫലസ്തീന്‍ അനുകൂലവുമായ നിലപാട് പരസ്യമായി പ്രഖ്യാപിച്ച മംദാനി, യുദ്ധക്കുറ്റവാളിയായ നെതന്യാഹു നഗരത്തിലെത്തിയാല്‍ അറസ്റ്റു ചെയ്യുമെന്നു പ്രഖ്യാപിച്ചത് പ്രസിഡന്റ് ട്രംപിനെ പ്രകോപിപ്പിച്ചു. ജൂത കാര്‍ഡ് ഇറക്കിക്കളിച്ചു.

എന്നാല്‍ ലോകത്ത് ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ജൂതര്‍ അധിവസിക്കുന്ന ന്യൂയോര്‍ക്കിലെ ചെറുപ്പക്കാരായ ജൂതരുടെ 67 ശതമാനത്തോളം വോട്ട് മംദാനിക്കു കിട്ടിയെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. ജൂത കൂട്ടായ്മ ജെ.വി.പി.എ അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചതും രാഷ്ട്രീയ എതിരാളികളെ പോലും അമ്പരപ്പിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ ഇരുപതു ലക്ഷം ജൂതരുണ്ടെന്നാണ് കണക്ക്. നഗരത്തിലെ ശതകോടീശ്വരന്മാരില്‍ നാലിലൊരാള്‍ ജൂതവംശജരാണ്.

മംദാനിക്കെതിരെ വംശീയവും വിഭാഗീയവുമായ അധിക്ഷേപങ്ങള്‍ കൊണ്ടു ന്യൂയോര്‍ക്ക് മലീമസമായ ദിനങ്ങളാണ് കഴിഞ്ഞുപോയത്. ബ്ലൂംബര്‍ഗ് ന്യൂസ്, ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍, ന്യൂയോര്‍ക്ക് പോസ്റ്റ്, സി എന്‍ എന്‍ തുടങ്ങി പ്രമുഖ മാധ്യമങ്ങളെല്ലാം ജൂത ഉടമസ്ഥതയിലുള്ളതോ അവരുടെ മൂലധന പിന്തുണയുള്ളതോ ആണ്.

മാധ്യമഭീമന്മാര്‍ മംദാനിക്കെതിരെ നിരന്തരം വിയര്‍ത്തു പണിയെടുത്തു. മംദാനിയുടെ നിറവും വംശവും ഭാഷയും എല്ലാം വിമര്‍ശനങ്ങളുടെ കടലിരമ്പത്തിനു വിധേയമായി. വിജയത്തിനു ശേഷവും അധിക്ഷേപ പ്രചാരണങ്ങള്‍ക്ക് ശമനമുണ്ടായില്ല. പക്ഷേ, പറഞ്ഞതൊന്നും അദ്ദേഹം തിരുത്തിയില്ല. പണവും സ്വാധീനവും മാധ്യമങ്ങളും ഒരുവശത്തു നില്‍ക്കുമ്പോഴും, ഫലസ്തീനില്‍ നടക്കുന്നത് വംശഹത്യയാണെന്നും ഇസ്രായേല്‍ വര്‍ണവെറിയന്‍ രാഷ്ട്രമാണെന്നും താനൊരു മുസ്‌ലിം ആണെന്നും ആവര്‍ത്തിക്കാന്‍ മംദാനി മടിച്ചില്ല.

വിജയരാത്രിയില്‍ നടത്തിയ പ്രസംഗത്തില്‍ മംദാനി ട്രംപിനെ നേരിട്ട് അഭിസംബോധന ചെയ്ത് നിശിതമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഫെഡറല്‍ ഫണ്ട് തടഞ്ഞുവെക്കുമെന്ന ട്രംപിന്റെ ഭീഷണിയോട്, അത് നിയമവിരുദ്ധമായ ഗുണ്ടായിസമാണെന്നായിരുന്നു പ്രതികരണം. പ്രതീക്ഷ സജീവമാണെന്നും രാഷ്ട്രീയാന്ധകാരത്തിന്റെ ഈ നിമിഷത്തില്‍, ന്യൂയോര്‍ക്ക് പുതിയ വെളിച്ചമായിരിക്കുമെന്നും ഏകാധിപത്യത്തെ എങ്ങനെയാണ് മറികടക്കേണ്ടതെന്ന് ന്യൂയോര്‍ക്ക് പഠിപ്പിക്കുന്നുണ്ടെന്നും, വോള്യം കൂട്ടിവെച്ച് ഇതു കേള്‍ക്കൂ എന്നു പറയാനും മംദാനി മടിച്ചില്ല.

1947ന്റെ സ്വാതന്ത്ര്യപുലരിയില്‍ ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ പ്രസംഗത്തില്‍ നിന്നുദ്ധരിക്കാനും, ഹിന്ദി സംസാരിക്കുന്ന, നരേന്ദ്ര മോദിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന മംദാനി സമയം കണ്ടു. 'ചരിത്രത്തില്‍ അപൂര്‍വമായേ ഇത്തരം നിമിഷം സംഭവിക്കാറുള്ളൂ. പഴയതില്‍ നിന്ന് പുതിയതിലേക്കു നാം കടക്കുമ്പോള്‍, ഒരു യുഗം അവസാനിക്കുമ്പോള്‍, ഏറെക്കാലം മൗനത്തിലാക്കിയിരുന്ന ജനതയുടെ ആത്മാവ് ഉച്ചത്തില്‍ സംസാരിക്കുന്ന നിമിഷം' എന്ന നെഹ്‌റുവിന്റെ വിഖ്യാത പ്രയോഗങ്ങള്‍ മംദാനി ഏറ്റുചൊല്ലി.

സൊഹ്റാൻ മംദാനി ന്യൂയോർക്കിൽ തന്റെ ആരാധകർക്കൊപ്പം സെൽഫി എടുക്കുന്നു

'കമ്യൂണിസ്റ്റ് തീവ്രവാദി' മംദാനി വിജയിച്ചാല്‍ നഗരത്തിനുള്ള ഫണ്ട് പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ട്രംപ്, മംദാനിയെ ന്യൂയോര്‍ക്ക് സിറ്റി ഹാളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ എല്ലാ അടവും പയറ്റിയിരുന്നു. അവസാന വട്ട ശ്രമമെന്ന നിലയില്‍ രാഷ്ട്രീയ എതിരാളിയും മുന്‍ ഡെമോക്രാറ്റ് ഗവര്‍ണറുമായ ആന്‍ഡ്രൂ ക്യൂമോയ്ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ വരെ ട്രംപ് തയ്യാറായി.

തന്റെ പ്രായത്തെയും അനുഭവസമ്പത്തിനെയും കുറിച്ചുള്ള വിമര്‍ശനങ്ങള്‍ അംഗീകരിച്ച മംദാനി, വംശീയ അധിക്ഷേപങ്ങളോട് പക്വമായാണ് പ്രതികരിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ സിറ്റി ഹാളില്‍ ഔദ്യോഗികമായി പ്രവേശിക്കുമ്പോള്‍, പ്രതീക്ഷകള്‍ വളരെ വലുതായിരിക്കും. ഞങ്ങളുടെ വാഗ്ദാനം അമൂര്‍ത്തമായിരിക്കില്ല എന്നദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു. എങ്കിലും പുതിയ മേയര്‍ക്കു മുന്നിലുള്ളത് വലിയ വെല്ലുവിളികളാണ്. 2026 ജനുവരി ഒന്നിനാണ് സൊഹ്‌റാന്‍ ടീം അധികാരമേറ്റെടുക്കുക.

വ്യക്തമായ ആധിപത്യം

റിപ്പബ്ലിക്കന്‍ എതിരാളി സ്ലീവ നേടിയ വോട്ടുകള്‍ ചേര്‍ത്താല്‍ പോലും ആന്‍ഡ്രൂ ക്യൂമോയ്ക്ക് വിജയ പ്രതീക്ഷ നല്‍കാത്ത വിധം തെരഞ്ഞെടുപ്പില്‍ ആധിപത്യം നേടാന്‍ മംദാനിക്കു കഴിഞ്ഞു. സൊഹ്‌റാന്‍ നേടിയ 1,040,000ത്തോളം വോട്ടുകള്‍, എല്ലാ സ്ഥാനാര്‍ഥികളും നേടിയതിനെക്കാള്‍ കൂടുതലാണ്. സ്ലീവ, ക്യൂമോ, ആഡംസ് ഉള്‍പ്പെടെ എല്ലാ പ്രതിയോഗികള്‍ക്കും 1,014,000 വോട്ടു മാത്രമേ ലഭിച്ചുള്ളൂ.

ചെറുപ്പക്കാരുടെയും ജൂതര്‍, ഇന്ത്യന്‍, ആഫ്രിക്കന്‍ വംശജര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗത്തിന്റെയും പിന്തുണ ഉറപ്പാക്കിയ മംദാനി, അടിസ്ഥാന വര്‍ഗത്തിന്റെ കരുത്തിലാണ് വിജയം നേടിയത്. നഗരത്തിലെ അതിസമ്പന്നരുടെ ടാക്‌സ് ഉയര്‍ത്തുമെന്നു പ്രഖ്യാപിച്ച മംദാനിയെ കോര്‍പ്പറേറ്റുകള്‍ അവസാന നിമിഷം വരെ എതിര്‍ത്തിരുന്നു.

ചെറുപ്പക്കാരുടെയും ജൂതര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗത്തിന്റെയും പിന്തുണ ഉറപ്പാക്കിയ മംദാനി, അടിസ്ഥാന വര്‍ഗത്തിന്റെ കരുത്തിലാണ് വിജയം നേടിയത്.

ജൂണില്‍ നടന്ന ഡെമോക്രാറ്റിക് പ്രൈമറിയില്‍ മേയര്‍ സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനിയുടെ തകര്‍പ്പന്‍ വിജയം ന്യൂയോര്‍ക്ക് സിറ്റി ഇലക്ഷന്‍ ബോര്‍ഡ് സ്ഥിരീകരിച്ചതോടെ തന്നെ പുതിയൊരു ആവേശമാണ് മഹാനഗരത്തില്‍ സൃഷ്ടിക്കപ്പെട്ടത്. ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആഫ്രോ ഏഷ്യന്‍ മുസ്‌ലിം ആയ മംദാനിയുടെ വിജയം (56%) അപ്രതീക്ഷിതമായിരുന്നു. അതിനു പിറ്റേന്നാളാണ്, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അദ്ദേഹത്തെ 'കമ്യൂണിസ്റ്റ് ഭ്രാന്തന്‍' എന്ന് വിളിച്ചത്.

മാറ്റത്തിന്റെ കാറ്റ്

മംദാനിയുടെ വിജയത്തോടെ, ന്യൂയോര്‍ക്ക് നഗരവും യുഎസും ഒരു പുതിയ രാഷ്ട്രീയ, പ്രത്യയശാസ്ത്ര യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും മുതലാളിത്തത്തിന്റെ നെടുങ്കോട്ടയുടെ അമരത്ത് ജനാധിപത്യ സോഷ്യലിസ്റ്റ് സാന്നിധ്യം അടയാളപ്പെടുത്തിയിരിക്കുന്നുവെന്നും വിദഗ്ധരും മാധ്യമങ്ങളും വിലയിരുത്തുന്നു.

ചെറുപ്പക്കാരുടെയും ജൂതര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗത്തിന്റെയും സ്ത്രീകളുടെയും പിന്തുണ ഉറപ്പാക്കിയ മംദാനി, അടിസ്ഥാന വര്‍ഗത്തിന്റെ കരുത്തിലാണ് വിജയം നേടിയത്. വംശീയതയ്ക്കും ഏകാധിപത്യത്തിനുമെതിരായ ജനാധിപത്യത്തിന്റെ വിധിയെഴുത്തായി വിജയം വിലയിരുത്തപ്പെടുന്നു. പരോക്ഷമായി പരാജയപ്പെട്ട ട്രംപ് എന്തും ചെയ്യാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്.

ആഫ്രോ ഏഷ്യന്‍ വംശജന്‍

ഇന്ത്യയില്‍ ജനിച്ച, പ്രഫസറും ബുദ്ധിജീവിയും എഴുത്തുകാരനുമായ മഹ്മൂദ് മംദാനിയുടെ മകനായി ഉഗാണ്ടയിലെ കംപാലയിലാണ് സൊഹ്‌റാന്റെ ജനനം. ആക്ടിവിസ്റ്റും പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകയുമായ ഇന്ത്യന്‍ വംശജ മീര നയാരാണ് മാതാവ്.

പിതാവ് കൊളംബിയ യൂനിവേഴ്‌സിറ്റി പ്രഫസര്‍ ആയി നിയമിക്കപ്പെട്ടതോടെ 1999-ല്‍ ഏഴാം വയസ്സിലാണ് ന്യൂയോര്‍ക്കിലേക്ക് താമസം മാറുന്നത്. ചെറുപ്പവും വിദ്യാഭ്യാസവും യു എസില്‍ തന്നെ. 2018 ലാണ് മംദാനിക്ക് സ്വാഭാവിക അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത്.

ഡാളസില്‍ വളര്‍ന്ന, സിറിയന്‍-അമേരിക്കന്‍ ചിത്രകാരിയും ആനിമേറ്ററും കലാകാരിയുമായ 28 കാരി റമ ദുവാജിയാണ് ജീവിത പങ്കാളി. സോഷ്യല്‍ മീഡിയയിലും അല്ലാതെയും കലാ രംഗത്ത് സജീവമായ റമ, മംദാനിയുടെ വൈറലായ സോഷ്യല്‍ മീഡിയ സാന്നിധ്യത്തിനു പിന്നിലും പ്രചാരണ രൂപകല്പനയിലും നിര്‍ണായക പങ്കുവഹിച്ചെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും മീഡിയകളുടെ കണ്‍വെട്ടത്തു നിന്നും പ്രചാരണത്തിന്റെ മുന്‍നിരയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു റമ