എസ് ഐ ആര്‍: ജാഗ്രത വേണം


ഇപ്പോള്‍ സംസ്ഥാനത്തു നടന്നുകൊണ്ടിരിക്കുന്ന തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

2002ലെ വോട്ടര്‍ പട്ടികയാണ് ഇപ്പോള്‍ നടക്കുന്ന എസ് ഐ ആറിനുള്ള കരടു വോട്ടര്‍ പട്ടിക. 2002ല്‍ നിങ്ങളോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ ഏത് ജില്ലയില്‍, ഏതു നിയമസഭാ മണ്ഡലത്തില്‍, ഏത് ബൂത്തിലാണ് വോട്ടുള്ളത് എന്നു കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്.

ഇതിനായി 2002ലെ പട്ടിക കമ്മിഷന്‍ ജില്ല, മണ്ഡലം, ബൂത്ത് അടിസ്ഥാനത്തില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പട്ടികയില്‍ പേരുള്ളവരോ അവരുടെ മക്കളോ ഇപ്പോഴത്തെ എസ് ഐ ആറിനായി രേഖകള്‍ സമര്‍പ്പിക്കേണ്ടിവരില്ല. എന്യൂമറേഷന്‍ ഫോറത്തില്‍ ഈ വിവരങ്ങള്‍ കൃത്യമായി പൂരിപ്പിച്ചു നല്‍കിയാല്‍ മതിയാകും.

അല്ലാത്തവര്‍ ഫോറം പൂരിപ്പിച്ചു നല്‍കുന്നതിനൊപ്പം ബി എല്‍ ഒ ആവശ്യപ്പെടുന്ന രേഖകള്‍ കൂടി നല്‍കേണ്ടിവരും. ഇക്കാര്യത്തില്‍ സംഭവിക്കുന്ന അലംഭാവം ഇന്ത്യന്‍ പൗരന്‍ എന്ന അസ്തിത്വം തന്നെ നഷ്ടപ്പെടുത്തിയേക്കാം.

ബി എല്‍ ഒയെ ബന്ധപ്പെടുക

ബി എല്‍ ഒ വീടുകളില്‍ നേരിട്ടെത്തി എന്യൂമറേഷന്‍ ഫോറം വിതരണം ചെയ്യുമെന്നും പൂരിപ്പിച്ച് തിരികെ വാങ്ങാന്‍ സഹായിക്കുമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വിശദീകരണം. അതനുസരിച്ച് ഒട്ടുമിക്ക സ്ഥലങ്ങളിലും ഫോറം വിതരണം നടന്നിട്ടുണ്ട്. എന്നാല്‍ ഇത് കാത്തിരിക്കുന്നത് യുക്തിസഹമാകില്ല.

നിങ്ങളുടെ പ്രദേശത്തെ ബി എല്‍ ഒ ആരെന്ന് കണ്ടെത്തി അവരെ സമീപിച്ച് എന്യൂമറേഷന്‍ ഫോറം കൈപ്പറ്റുകയാണ് ഉചിതം. ഒരേ ഫോര്‍മാറ്റിലുള്ള രണ്ട് ഫോറങ്ങളാണ് ബി എല്‍ ഒ നല്‍കുക. ഇത് പൂരിപ്പിച്ച ശേഷം ഒന്ന് ബി എല്‍ ഒക്ക് തിരികെ നല്‍കുകയും മറ്റൊന്ന് ബി എല്‍ ഒയെക്കൊണ്ട് ഒപ്പിടുവിച്ച് നിങ്ങള്‍ തന്നെ വാങ്ങി സൂക്ഷിക്കുകയും ചെയ്യണം.

1987 ജൂലൈ ഒന്നിനു മുമ്പു ജനിച്ചവര്‍ സ്വന്തം ജനനത്തിയ്യതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖ കൂടി സമര്‍പ്പിക്കണം.

പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് പരാതി ഉന്നയിക്കാനുള്ള ഏക ആധികാരിക രേഖ ഇതുമാത്രമായിരിക്കും എന്ന് ഓര്‍മ വേണം. ഓണ്‍ലൈന്‍ വഴിയും വിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കാന്‍ അവസരമുണ്ട്.

2002ലെ പട്ടികയില്‍ പേരില്ലാത്തവര്‍ ചെയ്യേണ്ടത്

2002ലെ വോട്ടര്‍ പട്ടികയില്‍ തങ്ങളുടെയോ തങ്ങളുടെ മാതാപിതാക്കളുടെയോ അടുത്ത ബന്ധുക്കളുടെയോ പേരുകള്‍ ഇല്ലാത്തവര്‍ എന്യൂമറേഷന്‍ ഫോറം പൂരിപ്പിച്ചു നല്‍കുമ്പോള്‍ നിങ്ങള്‍ ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള 12 രേഖകളില്‍ ഏതെങ്കിലും ഒന്നുകൂടി സമര്‍പ്പിക്കണം. ആധാര്‍ പൗരത്വരേഖയായി അംഗീകരിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിക്കുന്നതിനാല്‍ ആധാര്‍ ഒഴികെയുള്ള 11 രേഖകളില്‍ ഒന്ന് നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഇതില്‍ തന്നെ ഒന്ന് എന്‍ ആര്‍ സി ആണ്. കേരളത്തില്‍ എന്‍ ആര്‍ സി ഇല്ലാത്തതിനാല്‍ ശേഷിച്ച 10 രേഖകളില്‍ ഒന്നാണ് കൈയില്‍ കരുതേണ്ടത്. രേഖകള്‍ ഏതെല്ലാമാണെന്ന് കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ഭൂമി ഉടമസ്ഥതാ രേഖ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

ഇവരെ മൂന്നായി തരം തിരിച്ചിട്ടുണ്ട്:

  1. 1987 ജൂലൈ ഒന്നിനു മുമ്പു ജനിച്ചവര്‍. അവര്‍ മേല്‍പറഞ്ഞ രേഖയ്ക്കൊപ്പം സ്വന്തം ജനനത്തിയ്യതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖ കൂടി സമര്‍പ്പിക്കണം.
  2. 1987 ജൂലൈ ഒന്നിനും 2004 ഡിസംബര്‍ ഒന്നിനും ഇടയില്‍ ജനിച്ചവരാണെങ്കില്‍ സ്വന്തം ജനനത്തിയ്യതി, ജനനസ്ഥലം എന്നിവ തെളിയിക്കുന്ന രേഖയ്ക്കു പുറമേ മാതാവിന്റെയോ പിതാവിന്റെയോ ഏതെങ്കിലും ഒരാളുടെ ജനനത്തിയ്യതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖ കൂടി നല്‍കണം.
  3. 2004 ഡിസംബര്‍ 2നു ശേഷം ജനിച്ചവരാണെങ്കില്‍ സ്വന്തം ജനനത്തിയ്യതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖയ്ക്കൊപ്പം സ്വന്തം മാതാവിന്റെയും പിതാവിന്റെയും ജനനത്തിയ്യതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖകള്‍ കൂടി സമര്‍പ്പിക്കണം. രക്ഷിതാക്കളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരന്‍ അല്ലെങ്കില്‍ ജനനസമയത്തുള്ള രക്ഷിതാവിന്റെ വിസയുടെയും പാസ്പോര്‍ട്ടിന്റെയും പകര്‍പ്പ് കൂടി നല്‍കണം.