നിരവധി യുവതികളും വിദ്യാര്‍ഥിനികളുമാണ് ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ആഴത്തിലുള്ള രാഷ്ട്രീയബോധ്യവും വികസന കാഴ്ചപ്പാടുകളുമുള്ള യുവതലമുറയുടെ വലിയ പങ്കാളിത്തമാണ് പ്രാദേശിക ഭരണസംവിധാനങ്ങളില്‍ ഉണ്ടായത്. രാഷ്ട്രീയത്തിലെ തലമുറ മാറ്റം മാത്രമല്ല, പുതിയ കാലത്തെ പെണ്‍കുട്ടികളുടെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ ഇടപെടലുകളുടെ സാധ്യതകള്‍ കൂടിയാണ് സംഭവിക്കാന്‍ പോകുന്നത്. വിജയിച്ച പെണ്‍കുട്ടികളുടെ പ്രതിനിധികള്‍ വികസന സ്വപ്‌നങ്ങളും രാഷ്ട്രീയവും സംസാരിക്കുന്നു.
രാഷ്ട്രീയമായി വലിയ ഇടപെടലുകളുള്ള ഒരു കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. എങ്കിലും സജീവ രാഷ്ട്രീയത്തിലേക്ക് എന്നെ എത്തിച്ചത് കലാലയ ജീവിതമാണ്. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജിലെ പഠനകാലത്ത് എംഎസ്എഫ് - ഹരിതയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതാണ് എന്റെ രാഷ്ട്രീയബോധ്യങ്ങളെ ഉറപ്പിച്ചത്.
