- ലോക്‌നീതി- സി.ഡി.എസ് സര്‍വേ സംബന്ധിച്ച് സുഹാസ് പല്‍ശിഖര്‍, സഞ്ജയ് കുമാര്‍, സന്ദീപ് ശാസ്ത്രി, കൃഷ്ണാംഗി സിന്‍ഹ എന്നിവര്‍ തയ്യാറാക്കി, ദ ഹിന്ദു പ്രസിദ്ധീകരിച്ച പഠനം.
എസ്.ഐ.ആര്‍ പ്രക്രിയയിലൂടെ ആര്‍ക്കാണ് നഷ്ടം സംഭവിക്കുക എന്നും, തെരഞ്ഞെടുപ്പ് കമ്മിഷനിലും തെരഞ്ഞെടുപ്പിലും പൗരനുള്ള വിശ്വാസം സംബന്ധിച്ചും വെളിപ്പെടുത്തുന്നു ലോക്‌നീതി- സി.ഡി.എസ് സര്‍വേ.
ബിഹാറില്‍ നടന്നു കൊണ്ടിരിക്കുന്ന എസ്.ഐ.ആര്‍ (Special Intensive Revision) പ്രക്രിയയിലൂടെ ആര്‍ക്കാണ് നഷ്ടം സംഭവിക്കുക എന്നും, തെരഞ്ഞെടുപ്പ് കമ്മിഷനിലും തെരഞ്ഞെടുപ്പിലും പൗരനുള്ള വിശ്വാസം സംബന്ധിച്ച് അതെന്താണ് സൂചിപ്പിക്കുന്നത് എന്നുമാണ് ഈ റിപ്പോര്‍ട്ടില്‍ ഞങ്ങള്‍ അന്വേഷിച്ചത്. ഈ സര്‍വേയുടെ ആദ്യ ഭാഗത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ട രേഖകള്‍ കരസ്ഥമാക്കാന്‍ പൗരനുള്ള പരിമിതികളാണ് ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്.
ഒറ്റനോട്ടത്തില്‍, താരതമ്യേന മെച്ചപ്പെട്ട സ്ഥിതിയിലുള്ള പൗരന്മാര്‍ക്ക്, രേഖകള്‍ ആവശ്യപ്പെടുന്നത് ന്യായയുക്തവും നിറവേറ്റാന്‍ എളുപ്പമുള്ളതുമാണെന്ന് തോന്നിയേക്കാം. എന്നാല്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍, സാമൂഹിക ശ്രേണിയില്‍ താഴേക്ക് വരുന്തോറും, ഈ ആവശ്യകത ദുഷ്‌കരവും അവരെ പുറന്തള്ളാന്‍ പര്യാപതമായതും ആയിത്തീരുന്നുവെന്ന് വ്യക്തമാകും.
ആധാര്‍ കാര്‍ഡുകള്‍ എല്ലാ ജാതി വിഭാഗങ്ങളിലും ഏതാണ്ട് സാര്‍വത്രികമാണ്, എന്നാല്‍ മറ്റ് രേഖകളില്‍ കാര്യമായ വ്യത്യാസം കാണുന്നുണ്ട്. ഉദാഹരണത്തിന്, പൊതുവിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പാന്‍ കാര്‍ഡ് ഉടമസ്ഥത ഏറ്റവും കൂടുതലാണ്, പത്തില്‍ ഒമ്പത് പേര്‍ക്ക് പാന്‍ ഉണ്ട്. എന്നാല്‍ പട്ടികജാതി (എസ്.സി) വിഭാഗത്തില്‍ പകുതിയില്‍ താഴെയാണ് ഇത്.
എല്ലാ സമുദായങ്ങളിലും പാസ്പോര്‍ട്ടുകള്‍ അപൂര്‍വമാണ്. പൊതുവിഭാഗത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് മാത്രമേ പാസ്‌പോര്‍ട്ട് ഉള്ളൂ. എസ്സി, പട്ടികവര്‍ഗ (എസ്.ടി) വിഭാഗങ്ങളില്‍ യഥാക്രമം അഞ്ച് ശതമാനവും നാല് ശതമാനവും പേരില്‍ ഒരാള്‍ക്ക് മാത്രമേ പാസ്‌പോര്‍ട്ട് ഉള്ളൂ. പത്താം ക്ലാസ്, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തിലും സമാനമായ നിലയാണ്.

മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി), ജനറല്‍ ഗ്രൂപ്പുകള്‍ എന്നിവയിലാണ് കൂടുതല്‍ കൈവശാവകാശ രേഖകളുള്ളത്. രസകരമെന്നു പറയട്ടെ, ജാതി സര്‍ട്ടിഫിക്കറ്റുകള്‍ എസ്.ടി വിഭാഗക്കാരില്‍ വളരെ സാധാരണമാണ്, ഓരോ അഞ്ചില്‍ നാലുപേര്‍ക്കും ഒന്ന് ഉണ്ട്. അസമില്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) രേഖകള്‍ എല്ലാ ഗ്രൂപ്പുകളിലും ഏറെക്കുറെ എല്ലായിടത്തുമായി (95.99%) ഉണ്ട്.

പട്ടിക 2-ല്‍ കാണിച്ചിരിക്കുന്നതുപോലെ, ജനന സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്ന കാര്യത്തിലും ഈ വിടവ് കൂടുതലാണ്. ഏതൊരു ജാതി ഗ്രൂപ്പിലും പകുതിയില്‍ താഴെ ആളുകള്‍ക്ക് മാത്രമേ ജനനസര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാനാകുന്നുള്ളു. ഏറ്റവും കുറഞ്ഞ ലഭ്യത കാണിക്കുന്നത് പട്ടികജാതിക്കാര്‍ക്കാണ് (ഏകദേശം നാലില്‍ ഒന്ന്).
ആറ് സംസ്ഥാനങ്ങളിലും ഇലക്ഷന്‍ കമ്മിഷനെ വിശ്വസിക്കുന്നവരുടെ എണ്ണത്തില്‍ സ്ഥിരമായ കുറവും വിശ്വസിക്കാത്തവരുടെ എണ്ണത്തില്‍ ഉയര്‍ന്ന വര്‍ധനയും കാണാന്‍ കഴിയും.

അതേസമയം പൊതുവിഭാഗം ജനന രേഖയുടെ കാര്യത്തില്‍ മെച്ചപ്പെട്ട നിലയിലാണ് (ഓരോ അഞ്ചില്‍ രണ്ടു പേര്‍ക്കുമുണ്ട്). മുഴുവന്‍ വീടുകളും പരിഗണിക്കുമ്പോള്‍ (പട്ടിക 3), ഓരോ മുതിര്‍ന്ന അംഗത്തിനും ജനന സര്‍ട്ടിഫിക്കറ്റ് ഉള്ള കുടുംബങ്ങളുടെ അനുപാതം ഇതിലും താഴെയാണ്. ജനറല്‍ ഗ്രൂപ്പില്‍ നാലിലൊന്നില്‍ താഴെ, എസ്.സികളില്‍ ഓരോ പത്തില്‍ ഒന്നില്‍ കൂടുതല്‍.
മാതാപിതാക്കളുടെ രേഖകളുടെ കാര്യത്തിലും സമാനമായ കഥയാണ്. എല്ലാ ജാതികളിലുമുള്ള വലിയൊരു വിഭാഗത്തിന്റെയും മാതാപിതാക്കള്‍ക്ക് എസ്.സി സര്‍ട്ടിഫിക്കറ്റുകള്‍, അല്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റുകള്‍ പോലുള്ള പ്രധാന രേഖകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. എസ്.സി വിഭാഗത്തില്‍ നിന്ന് പ്രതികരിച്ചവരില്‍, ഓരോ 10 അമ്മമാരില്‍ എട്ടില്‍ കൂടുതല്‍ പേര്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് ഇല്ല.

കൂടാതെ ഓരോ അഞ്ച് അച്ഛന്മാരില്‍ മൂന്ന് പേര്‍ക്കും ജാതി സര്‍ട്ടിഫിക്കറ്റും ഇല്ല. പൊതുവിഭാഗം അല്പം മെച്ചപ്പെട്ട കണക്കുകള്‍ കാണിക്കുന്നുണ്ടെങ്കിലും, അവര്‍ക്കിടയിലെ വിടവ് ഗണ്യമായി തുടരുന്നു (പട്ടിക 4).
സാമ്പത്തിക സ്ഥിതി
സാമ്പത്തിക സ്ഥിതി വിഭജനം 'രേഖാ പ്രതിസന്ധി' കൂടുതല്‍ ആഴത്തിലാക്കുന്നു. എല്ലാ വരുമാനക്കാരിലും ആധാര്‍ ഏതാണ്ട് സാര്‍വത്രികമാണ്. എന്നാല്‍ സമ്പന്നര്‍ക്ക് പാന്‍ കാര്‍ഡുകള്‍, പാസ്പോര്‍ട്ടുകള്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഉണ്ടായിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ദരിദ്രരില്‍ 20 പേരില്‍ ഒരാള്‍ക്ക് മാത്രമുള്ളപ്പോള്‍ സമ്പന്നരില്‍ പകുതിയോളം പേര്‍ക്കും പാസ്പോര്‍ട്ടുകള്‍ ഉണ്ട്.

ആളുകളുടെ വരുമാനം വര്‍ധിക്കുന്നതിനനുസരിച്ചു ഡൊമിസൈല്‍, ജാതി സര്‍ട്ടിഫിക്കറ്റുകളുടെ ലഭ്യതയും കുത്തനെ വര്‍ധിക്കുന്നു. എല്ലാ സാമ്പത്തിക ശ്രേണിയിലും പെടുന്ന പ്രതികരിച്ചവരില്‍ പകുതിയോളം പേര്‍ക്കും ഭൂമി/വീട് അലോട്ട്മെന്റ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്ന് കാണുന്നത് രസകരമാണ് (പട്ടിക 5).
പൗരന്മാരുടെ സാമ്പത്തിക നില അവരുടെ രേഖകളുടെ ലഭ്യതയ്ക്കനുസരിച്ച് അവരെ പുറന്തള്ളുന്നതിനു (പട്ടിക) ഒരു പ്രധാന ഘടകമാണ്. ജനന സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കുന്നതില്‍ ഇത് നിര്‍ണായക പങ്ക് വഹിക്കുന്നു. ഇത് യഥാക്രമം പട്ടിക 6ലും 7ലും കാണിച്ചിരിക്കുന്നു. ഏറ്റവും ദരിദ്രരായ ആളുകളില്‍, നാലില്‍ ഒരാള്‍ക്ക് മാത്രമേ ഔദ്യോഗിക ജനന സര്‍ട്ടിഫിക്കറ്റ് ഉള്ളൂ. ഇടത്തരക്കാരില്‍ പത്തില്‍ ആറ് പേര്‍ക്ക് മാത്രമേ ഔദ്യോഗിക ജനന സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളൂ.

ലോക്നീതി പഠനത്തിലെ കണ്ടെത്തലുകള്‍ വോട്ടര്‍ സ്ഥിരീകരണത്തിന്റെ നിലവിലെ രീതി നേരിടുന്ന വെല്ലുവിളികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പൗരന്മാര്‍ക്ക് രേഖകള്‍ ലഭ്യമാക്കുക എന്നത് സങ്കീര്‍ണമായ പ്രശ്‌നമാണ്.

അതേസമയം മെച്ചപ്പെട്ട സ്ഥിതിയില്‍ ഉള്ളവരില്‍ പകുതിയിലധികം പേര്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് കൈയിലുണ്ട്. ദരിദ്രരായ ഓരോ പത്ത് കുടുംബങ്ങളിലും ഒരാള്‍ക്ക് മാത്രമേ ജനന സര്‍ട്ടിഫിക്കറ്റ് ഉള്ളൂ. സമ്പന്നരില്‍ മൂന്നില്‍ ഒരാള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് പറയുമ്പോള്‍ ഈ വിടവ് എത്രത്തോളമെന്ന് വ്യക്തമാണ്.

മാതാപിതാക്കളുടെ രേഖകളും ഇതേ രീതി പിന്തുടരുന്നു (പട്ടിക 8). ദരിദ്രരായ കുടുംബങ്ങളിലെ മാതാപിതാക്കള്‍ക്ക് വിദ്യാഭ്യാസരേഖകളോ തിരിച്ചറിയല്‍ രേഖകളോ ഇല്ലെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ വളരെയേറെ സാധ്യതയുണ്ട്. ഉദാഹരണത്തിന്, ദരിദ്രരായ ഓരോ 10 പേരില്‍ എട്ട് പേര്‍ക്കും അവരുടെ അമ്മമാര്‍ക്ക് എസ്.സി സര്‍ട്ടിഫിക്കറ്റ് ഇല്ല.
സമ്പന്ന കുടുംബങ്ങളിലെ ഓരോ അഞ്ചില്‍ രണ്ടുപേര്‍ക്കും ഇത് ബാധകമാണ്. ദരിദ്ര കുടുംബങ്ങളിലെ പഴയ തലമുറകള്‍ക്ക് പലപ്പോഴും വിദ്യാഭ്യാസം പരിമിതമായിരുന്നതിനാലും തിരിച്ചറിയല്‍ രേഖകള്‍ ലഭിക്കാനുള്ള അവസരങ്ങള്‍ കുറവായതിനാലും ആയിരിക്കണം ഇങ്ങനെ വന്നത്.

രേഖകളുടെ അഭാവത്തിന്റെ മൊത്തത്തിലുള്ള വ്യാപ്തി എത്രത്തോളമാണെന്ന് ഈ പഠനം വെളിപ്പെടുത്തുന്നു (പട്ടിക 9). പ്രതികരിച്ചവരില്‍ പകുതിയിലധികം പേര്‍ക്കും പാസ്പോര്‍ട്ട് ഇല്ല, അഞ്ചില്‍ ഒരാള്‍ക്ക് പാസ്പോര്‍ട്ടും ജാതി സര്‍ട്ടിഫിക്കറ്റും ഇല്ല, അഞ്ച് ശതമാനം പേര്‍ക്ക് പട്ടികയില്‍പ്പെടുന്ന പ്രധാന രേഖകളൊന്നും തന്നെയില്ല.
സംസ്ഥാനതല വ്യതിയാനം
രേഖകളുടെ ലഭ്യതക്കുറവില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള വ്യത്യാസം ശ്രദ്ധേയമാണ്. അത് പട്ടിക 10 വെളിപ്പെടുത്തുന്നു. യു പിയില്‍ നിന്ന് പ്രതികരിച്ചവരില്‍ അഞ്ചില്‍ മൂന്ന് പേര്‍ക്കും ആവശ്യമായ രേഖകളില്ല, ഡല്‍ഹിയില്‍ നിന്ന് പ്രതികരിച്ചവരില്‍ നാലിലൊന്നും ഇതേ പ്രശ്നം നേരിടുന്നു.

ജാതി, വര്‍ഗ പരിധികള്‍ക്കപ്പുറം ജനനസര്‍ട്ടിഫിക്കറ്റുകള്‍ മുതലായ രേഖകള്‍ കരസ്ഥമാക്കുന്നതിലുള്ള ഗണ്യമായ വിടവ് കാരണം വോട്ടര്‍ പരിശോധന നിര്‍ബന്ധമാക്കാനുള്ള ഇ.സിയുടെ തീരുമാനം ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു. പാര്‍ശ്വവത്കൃതര്‍ക്കും ദരിദ്ര കുടുംബങ്ങള്‍ക്കും ഉള്‍പ്പെടെ ജനസംഖ്യയിലെ വലിയൊരു വിഭാഗത്തിന് ഒന്നുകില്‍ അത്തരം രേഖകള്‍ ഇതുവരെ ലഭിച്ചിട്ടില്ല, അല്ലെങ്കില്‍ സ്വീകാര്യതയില്ലാത്ത അനൗപചാരിക രേഖകളെ അവര്‍ ആശ്രയിക്കുന്നു.
പൊതുജന ധാരണ
ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ളവരുടെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ച് ഔപചാരിക വിവരങ്ങള്‍ ഇല്ലെങ്കിലും, ആരെയാണ് ഒഴിവാക്കുകയെന്ന് പ്രതികരിക്കുന്നവര്‍ക്ക് അറിയാം. ജനന സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധിതമാക്കിയാല്‍ ആരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് ചോദിച്ചപ്പോള്‍ (പട്ടിക 11), നിരക്ഷരരും പ്രായമായവരുമാണ് പട്ടികയില്‍ ഒന്നാമതെത്തിയത്; പ്രതികരിച്ചവരില്‍ അഞ്ചില്‍ രണ്ടുപേരിലധികം വീതം.

ദരിദ്രരെയും ഗ്രാമപ്രദേശങ്ങളിലെ താമസക്കാരെയും കുടിയേറ്റക്കാരെയും പ്രത്യേകിച്ച് ദുര്‍ബലരായി കണ്ടു. ചെറിയ അനുപാതത്തില്‍ മുസ്‌ലിംകള്‍, പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍ എന്നിവരുമുണ്ട്.

തെറ്റായ പുറത്താക്കലിനെക്കുറിച്ചുള്ള ആശങ്കകള്‍ വ്യാപകമാണെന്ന് പട്ടിക 12 സൂചിപ്പിക്കുന്നു. എസ്.ഐ.ആര്‍ പ്രകാരം സ്ഥിരീകരണ പ്രക്രിയയിലൂടെ യഥാര്‍ഥ വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെടുമെന്ന് പ്രതികരിച്ചവരില്‍ പകുതിയോളം ആളുകള്‍ (45%) വിശ്വസിക്കുന്നു. അതേസമയം ഇത് സംഭവിക്കില്ലെന്ന് നാലിലൊന്ന് പേര്‍ മാത്രമേ കരുതുന്നുള്ളൂ. ബിഹാര്‍ വോട്ടെടുപ്പില്‍ ആവശ്യപ്പെട്ട രേഖകള്‍ മാത്രം അവലംബിച്ചാല്‍, യോഗ്യരായ പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന പൊതുജനങ്ങളുടെ ഗണ്യമായ ആശങ്കയാണിത്.

പട്ടിക 13 സൂചിപ്പിക്കുന്നത്, ഉള്‍പ്പെടുത്തല്‍ ഉറപ്പാക്കാനുള്ള ഇ.സിയുടെ കഴിവിലുള്ള വിശ്വാസക്കുറവാണ്. പ്രതികരിച്ചവരില്‍ നാലിലൊന്ന് പേര്‍ മാത്രമാണ് യോഗ്യരായ എല്ലാ വോട്ടര്‍മാരെയും പട്ടികയില്‍ നിലനിര്‍ത്തുമെന്ന് 'വളരെ ആത്മവിശ്വാസം' പ്രകടിപ്പിച്ചത്. അതേസമയം ആറിലൊന്ന് പേര്‍ ആശങ്ക പ്രകടിപ്പിക്കുകയും തങ്ങള്‍ക്ക് 'വലിയ' ആത്മവിശ്വാസമില്ലെന്നും ഓരോ 10 പേരില്‍ ഒരാള്‍ വീതം ഒട്ടും ആത്മവിശ്വാസമില്ലെന്നും വ്യക്തമാക്കി.
പലരും ഇപ്പോഴും കമ്മിഷന്‍ ഈ പ്രക്രിയ ന്യായമായി കൈകാര്യം ചെയ്യുമെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും, പൊതുജനങ്ങളില്‍ വലിയൊരു പങ്കിനും ആ ബോധ്യമില്ലെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2019ലെ എന്‍.ഇ.എസ് സര്‍വേ, 2024ലെ എന്‍.ഇ.എസ് സര്‍വേ, 2025ലെ ഡോക്യുമെന്റേഷന്‍ പഠനം എന്നിവയില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്യുമ്പോള്‍, ആറ് സംസ്ഥാനങ്ങളിലും ഇ.സിയെ വിശ്വസിക്കുന്നവരുടെ എണ്ണത്തില്‍ സ്ഥിരമായ കുറവും കമ്മിഷനെ വിശ്വസിക്കാത്തവരുടെ എണ്ണത്തില്‍ ഉയര്‍ന്ന വര്‍ധനയും കാണാന്‍ കഴിയും. ഉദാഹരണത്തിന്, ഉത്തര്‍പ്രദേശില്‍, ഉയര്‍ന്ന വിശ്വാസം പ്രകടിപ്പിക്കുന്നവരുടെ അനുപാതം 2019ല്‍ 56% ആയിരുന്നത് ഇപ്പോഴത്തെ പഠനത്തില്‍ വെറും 21% ആയി കുത്തനെ ഇടിഞ്ഞിരിക്കുന്നു. അതേസമയം 'വിശ്വാസമില്ലാ'യ്മ ഏകദേശം മൂന്നിലൊന്നായി ഉയരുകയും ചെയ്തു.
കേരളത്തിലും സമാനമായ പ്രവണത കാണുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനിലുള്ള ഉയര്‍ന്ന വിശ്വാസ്യത 57%ല്‍ നിന്ന് 35% ആയി കുറഞ്ഞിരിക്കുന്നു. അതോടൊപ്പം, മിതമായ വിശ്വാസം, വിശ്വാസമില്ലായ്മ എന്നിവ വര്‍ധിക്കുകയും ചെയ്തു. മിതമായ വിശ്വാസം മാത്രം പ്രകടിപ്പിക്കുന്നവരുടെ വര്‍ധിച്ചുവരുന്ന എണ്ണം ഉയര്‍ന്ന വിശ്വാസ്യതയെ മറികടന്നിരിക്കുന്നു. (പട്ടിക 14).

ലോക്നീതി പഠനത്തിലെ കണ്ടെത്തലുകള്‍ വോട്ടര്‍ സ്ഥിരീകരണത്തിന്റെ നിലവിലെ രീതി നേരിടുന്ന വെല്ലുവിളികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പൗരന്മാര്‍ക്ക് രേഖകള്‍ ലഭ്യമാക്കുക എന്നത് സങ്കീര്‍ണമായ ഒരു പ്രശ്‌നമാണ്. രേഖകള്‍ കാണിക്കുന്നതിനുള്ള ഉത്തരവാദിത്തം പൗരന്മാരില്‍ ചുമത്തിയിരിക്കുന്നു. എന്നാല്‍ പൗരന്മാര്‍ക്ക് വിവിധ രേഖകള്‍ സുഗമമായും കൃത്യമായും ലഭിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.
രേഖകള്‍ കൈവശമില്ലാത്തതിന് ഒരു സാമൂഹിക സ്വഭാവമുണ്ടെന്നും അത് പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ ഒഴിവാക്കുന്നതിലേക്ക് നയിക്കുന്നുവെന്നും ഈ വിശകലനം കാണിക്കുന്നു. തല്‍ഫലമായി, കമ്മിഷന്റെ ജനപ്രീതിക്കും അതില്‍ അവര്‍ക്കുള്ള വിശ്വാസത്തിനും തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. ഇത് ഏറെ ഗുരുതരമായ ഒരു പരിണതഫലമാണ്, കാരണം തെരഞ്ഞെടുപ്പുകള്‍ സ്വതന്ത്രവും നീതിയുക്തവുമായി കാണുന്നതിന് ഇ.സിയുടെ ഉയര്‍ന്ന നിയമസാധുതയും വിശ്വാസ്യതയും പ്രധാന ഘടകമാണ്.
മാത്രമല്ല, ഈ ഒഴിവാക്കല്‍ കേവലം ദരിദ്രരുടെയും പിന്നോക്കക്കാരുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുക എന്നതിന്റെ പേരിലല്ല. അപ്രതീക്ഷിതമായ എസ്.ഐ.ആറിന്റെ ഫലമായി, കൂടുതല്‍ ഗുരുതരമായ ഒരു വസ്തുത വെളിച്ചത്തുവന്നിരിക്കുന്നു- സമൂഹത്തിലെ താഴെത്തട്ടിലുള്ള അംഗങ്ങള്‍ എല്ലാ അര്‍ഥത്തിലും സംശയാസ്പദമായ പൗരന്മാരുടെ പദവിയിലേക്ക് തള്ളപ്പെടാനുള്ള സാധ്യത കൂടുതലാണ് എന്നതത്രെ അത്.
ഗവണ്‍മെന്റുകള്‍, ദരിദ്രരുടെയും പിന്നോക്കക്കാരുടെയും പ്രയോജനത്തിനായി കൂടുതല്‍ കൂടുതല്‍ വിഭവങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍, പൗരത്വ രേഖകള്‍ കൈവശം വയ്ക്കാത്തതിന് അതേ വിഭാഗങ്ങളെ തരംതാഴ്ത്തുന്നത് തീര്‍ച്ചയായും അവരെ കൂടുതല്‍ ദുര്‍ബലരും നിസ്സഹായരുമാക്കുന്നു.
വിവ: ഡോ. സൗമ്യ പി എന്‍