ഭരണവിരുദ്ധതയെ മറച്ചുപിടിക്കാന്‍ ക്യാപ്‌സൂളുകള്‍ മതിയാവില്ല


താരതമ്യേന അപ്രസക്തമായ, കാലംതെറ്റിയെത്തിയ ഒരു തിരഞ്ഞെടുപ്പായിരുന്നു നിലമ്പൂരിലേത്. എന്നാല്‍ പൊതുതിരഞ്ഞെടുപ്പിലെന്ന പോലെ രാഷ്ട്രീയ കേരളത്തെ ഒന്നാകെ ഇളക്കിമറിക്കുകയും ഉദ്വേഗത്തിന്റെ മുള്‍മുനയിലേക്ക് എത്തിക്കുകയും ചെയ്യുന്ന ജനവിധിയായി അതു മാറി.

നിയമസഭാ തിരഞ്ഞെടുപ്പിന് എട്ടു മാസം മാത്രമുള്ളപ്പോള്‍ നടന്ന ഒരു ഉപതിരഞ്ഞെടുപ്പ്. ആരു തോറ്റാലും ജയിച്ചാലും നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുകയോ സര്‍ക്കാറിന്റെ നിലനില്‍പ്പിനെ ബാധിക്കുകയോ ചെയ്യാത്ത ഒരു ജനവിധി. താരതമ്യേന അപ്രസക്തമായ, കാലംതെറ്റിയെത്തിയ ഒരു തിരഞ്ഞെടുപ്പായിരുന്നു നിലമ്പൂരിലേത്.

എന്നാല്‍ ഒരു പൊതുതിരഞ്ഞെടുപ്പിലെന്ന പോലെ രാഷ്ട്രീയ കേരളത്തെ ഒന്നാകെ ഇളക്കിമറിക്കുകയും ഉദ്വേഗത്തിന്റെ മുള്‍മുനയിലേക്ക് എത്തിക്കുകയും ചെയ്യുന്ന ജനവിധിയായി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് മാറുന്നതാണ് നാം കണ്ടത്. കേവലം ഒരു ഉപതിരഞ്ഞെടുപ്പ് എന്നതിനപ്പുറത്ത് വരാനിരിക്കുന്ന രണ്ട് സുപ്രധാന ജനവിധികളുടെ കര്‍ട്ടന്‍ റൈസര്‍ എന്നതായിരുന്നു നിലമ്പൂരിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ വര്‍ധിത വീര്യത്തിന്റെ കാരണം.

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കേരളത്തിന്റെ മനസ്സ് എങ്ങോട്ട് നീങ്ങുന്നു എന്നതിന്റെ ദിശാസൂചികയാവും ഈ ജനവിധി എന്നത് നിലമ്പൂര്‍ ചെറിയ കളിയല്ല എന്ന ചിന്തയിലേക്ക് രാഷ്ട്രീയ കക്ഷികളെ എത്തിച്ചു. റിലീസീന് കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രീസര്‍ ഗംഭീരമാക്കി കരുത്തുകാട്ടിയ യു ഡി എഫ്, അടുത്ത രണ്ടു തിരഞ്ഞെടുപ്പുകളെ നേരിടാനുള്ള വലിയ ഊര്‍ജ്ജമാണ് സമ്പാദിച്ചത്.

നിലമ്പൂരിലെ ജനവിധിയുടെ ഫലം ആ മണ്ഡലത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കില്ലെന്ന് ഭരണത്തിലുള്ള ഇടതുമുന്നണിക്കും പ്രതിപക്ഷത്തുള്ള ഐക്യജനാധിപത്യ മുന്നണിക്കും നന്നായി അറിയാം. അതുകൊണ്ടുതന്നെയാണ് നിലമ്പൂരില്‍ ഇരുപക്ഷവും ജീവന്മരണ പോരാട്ടത്തിനിറങ്ങിയത്.

സമീപകാലത്തൊന്നും ഇവ്വിധം കെട്ടുറപ്പോടെയും ഐക്യത്തോടെയും യു ഡി എഫ് ഒരു തിരഞ്ഞെടുപ്പു നേരിട്ട ചരിത്രമില്ല. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പുണ്ടായിരുന്ന അസ്വസ്ഥതകളെയെല്ലാം മാറ്റിനിര്‍ത്തി നേതാക്കളും അണികളും ഒരുപോലെ എണ്ണയിട്ട യന്ത്രം കണക്കെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് നിലമ്പൂരില്‍ യു ഡി എഫ് നേടിയ വിജയം.

ഒപ്പം എത്രയൊക്കെ നിഷേധിക്കാന്‍ ശ്രമിച്ചാലും സംസ്ഥാന സര്‍ക്കാറിന്റെ ഭരണത്തിന്റെ വിലയിരുത്തല്‍ ഈ തിരഞ്ഞെടുപ്പില്‍ നടന്നുവെന്നതും ഭരണവിരുദ്ധ വികാരം ശക്തമായിത്തന്നെ ആഞ്ഞടിച്ച് ഇടതുമുന്നണിയെ കടപുഴക്കി എന്നതും വസ്തുതയാണ്.

മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന പി വി അന്‍വര്‍ ഉയര്‍ത്തിയ കലാപക്കൊടി ഇടതുമുന്നണിക്ക് ഏല്‍പ്പിച്ച പ്രഹരം ചില്ലറയല്ല. അന്‍വറിന്റെ സ്ഥാനാര്‍ഥിത്വവും അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളും ഒരുപോലെ ഇടതുപക്ഷത്തെ പ്രഹരമേല്‍പ്പിച്ചു എന്നു നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ചിത്രം തെളിയിക്കുന്നുണ്ട്.

എം സ്വരാജ്, പി വി അൻവർ, ആര്യാടൻ ഷൗക്കത്ത്

ഇടതുമുന്നണിയുടെ അടിസ്ഥാനവോട്ടു ചോര്‍ന്നിട്ടില്ലെന്ന ക്യാപ്‌സൂളുമായി സിപിഎം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടിക്കും സര്‍ക്കാറിനും എതിരെ വരാനിരിക്കുന്ന വിമര്‍ശനശരങ്ങളുടെ വേഗം കുറയ്ക്കാനുള്ള അടവ് മാത്രമാണീ വാദം.

തോല്‍വിയിലേക്ക് നയിച്ച ബൂത്ത്തല കണക്കുകള്‍ പരിശോധിക്കാന്‍ സി പി എം തന്നെ തയ്യാറെടുക്കുന്നു എന്നതാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്ത. അതു നന്നായി. തോറ്റു എന്ന് സ്വയം ബോധ്യപ്പെടാനെങ്കിലും നല്ലതാണ്. അടിസ്ഥാന വോട്ടുകൊണ്ടു മാത്രം കേരളത്തില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഒരു മണ്ഡലത്തില്‍ ജയിക്കാന്‍ കഴിയുമോ?

കണ്ണൂരിലെ സി പി എമ്മിന്റെ ചെങ്കോട്ടകളിലോ മലപ്പുറത്തെ മുസ്‌ലിംലീഗിന്റെ ഉരുക്കു കോട്ടകളിലോ അതു സാധ്യമാണോ? അല്ലെന്ന് മുന്‍കാല തിരഞ്ഞെടുപ്പുകള്‍ തെളിയിച്ചിട്ടില്ലേ. ഏതൊരു ജനവിധിയുടേയും അന്തിമ ഫലം നിശ്ചയിക്കുന്നത് ചാഞ്ഞും ചെരിഞ്ഞും നില്‍ക്കുന്ന വോട്ടുകള്‍ തന്നെയാണ്, കേഡര്‍ വോട്ടുകളല്ല.

നിലവിലുള്ള സര്‍ക്കാറുകളുടെ ജനസമ്മതിയും ജനവിരുദ്ധതയും കൃത്യമായി അളന്നു മുറിച്ച് പഠിച്ച് തന്നെയാണ് അങ്ങോട്ടുമിങ്ങോട്ടും മാറുന്ന ആളുകള്‍ അവരുടെ വോട്ടു ആര്‍ക്കു നല്‍കണമെന്ന് നിശ്ചയിക്കുന്നത്. നിലമ്പൂരില്‍ അത് ഐക്യജനാധിപത്യ മുന്നണിക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ കാരണം മറുപക്ഷത്തെ ജനം തള്ളുന്നു എന്നു തന്നെയാണ്.

അത് കണ്ടറിഞ്ഞ് തിരുത്താനുള്ള സത്യസന്ധതയാണ് സി പി എമ്മും ഇടതുമുന്നണി സര്‍ക്കാറും കാണിക്കേണ്ടത്. മരം മുറി കേസ് മുതല്‍ എ ഡി ജി പി അജിത് കുമാറിനെതിരായ ആരോപണങ്ങളും സ്വര്‍ണക്കടത്ത് റാക്കറ്റുമായുള്ള ബന്ധവും വരെ, പി ശശിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍, മലപ്പുറം ജില്ലയോടുള്ള പിണറായി പൊലീസിന്റെ രണ്ടാനമ്മ നയം, വികസന രംഗത്തെ അവഗണന, എല്ലാം ആധിപത്യത്തിലാക്കി അടക്കി ഭരിക്കുന്ന പിണറായിസം തുടങ്ങി ഇടതുപക്ഷം ഉപേക്ഷിക്കാന്‍ അന്‍വര്‍ ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളും നിലമ്പൂരില്‍ ചര്‍ച്ചയാവുകയും ജനവിധിയെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്.

അതിന്റെ തിരിച്ചടി സി പി എമ്മിന് കിട്ടിയപ്പോള്‍ ഗുണഫലം അന്‍വറിനും ഒപ്പം യു ഡി എഫിനും ലഭിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിലമ്പൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ആര്യാടന്‍ ഷൗക്കത്ത് ജയിച്ചത്. ഇതേ മണ്ഡലത്തില്‍ പി വി അന്‍വറിനോട് മത്സരിച്ചു തോറ്റ ഷൗക്കത്തിന് ഇത് മധുരമുള്ള തിരിച്ചുവരവാണ്.

വിജയാഹ്ലാദം പ്രകടിപ്പിക്കുന്ന കോൺഗ്രസ് പ്രവർത്തകർ

പരമ്പരാഗതമായി യു ഡി എഫ് മണ്ഡലമാണ് നിലമ്പൂര്‍ എന്നാണ് തോല്‍വിയെ നിസ്സാരവത്കരിക്കാന്‍ സി പി എം ഉയര്‍ത്തുന്ന മറ്റൊരു വാദം. അതു കുറച്ചു കടന്ന കയ്യായിപ്പോയി. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ കുത്തക എന്ന് നിലമ്പൂരിനെ വിശേഷിപ്പിക്കാനാവില്ല.

താരതമ്യേന ഇടതുപക്ഷത്തിന് സ്വാധീനമുള്ള മണ്ഡലമാണ് നിലമ്പൂര്‍. ഭൂരിഭാഗം പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും ഭരിക്കുന്നത് ഇടതുപക്ഷമാണ്. ആര്യാടന്‍ മുഹമ്മദിലൂടെ ഉള്‍പ്പെടെ നിരവധി തവണ കോണ്‍ഗ്രസ് ജയിച്ചിട്ടുണ്ട് എന്നത് നേര്.

സഖാവ് കുഞ്ഞാലിയുടെ തട്ടകമാണ് എന്നതും ടി കെ ഹംസ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച മണ്ഡലമാണ് എന്നതും ആര്യാടന്‍ മുഹമ്മദ് ഇടതിനൊപ്പം നിന്നു വിജയിച്ചു എന്നതും കാണാതെ പാര്‍ട്ടി ജന. സെക്രട്ടറി നടത്തിയ പ്രസ്താവന, നിലമ്പൂരിലെ സഖാക്കളെ അധിക്ഷേപിക്കുന്നതിനു തുല്യമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടുകൂടിയെന്നാണ് സി പി എം നിരത്തുന്ന മറ്റൊരു ന്യായീകരണം. ഇതു തീര്‍ത്തും ബാലിശമായ വാദമാണ്. വോട്ടെടുപ്പ് നടന്നതിന്റെ തൊട്ടടുത്ത ദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലെ അവലോകനം അനുസരിച്ച് സ്വരാജ് 1800 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കും എന്നായിരുന്നു നേതൃത്വം അവകാശപ്പെട്ടത്.

തദ്ദേശാടിസ്ഥാനത്തിലുള്ള നിലവിലുള്ള കണക്കുകള്‍ ഇത് സാധൂകരിക്കുന്നതുമാണ്. എന്നാല്‍ പെട്ടി തുറന്നപ്പോള്‍ ഹൃദയം പൊട്ടിപ്പോയി. ഇടതുമുന്നണി പ്രതീക്ഷിച്ച ഭൂരിപക്ഷത്തിന്റെ ആറിരട്ടി ഭൂരിപക്ഷം നേടിയാണ് യു ഡി എഫ് മണ്ഡലം തിരിച്ചുപിടിച്ചത്.

മാത്രമല്ല, സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ച വോട്ടുവിഹിതവും തോല്‍വിയെ ന്യായീകരിക്കാന്‍ സി പി എം നിരത്തുന്ന ദുര്‍ബല വാദങ്ങളുടെ മുനയൊടിക്കുന്നതാണ്. 77,737 വോട്ടാണ് ആര്യാടന്‍ ഷൗക്കത്ത് നേടിയത്. സ്വരാജ് നേടിയത് 66,660 വോട്ടും. 2021ല്‍ യു ഡി എഫ് 78,537 വോട്ടും ഇടുതപക്ഷം 81,227 വോട്ടുമാണ് നേടിയിരുന്നത്. 2021നെ അപക്ഷിച്ച് ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് 800 വോട്ടു കുറഞ്ഞപ്പോള്‍ സി പി എമ്മിന് നഷ്ടമായത് 14,567 വോട്ടാണ്.

2021ല്‍ 8500 വോട്ടു പിടിച്ച ബി ജെ പി ഇത്തവണയും 8600 വോട്ടു പിടിച്ചു. എസ് ഡി പി ഐ പിടിച്ചത് 2075 വോട്ട്. പഞ്ചായത്ത് തലത്തിലുള്ള കണക്കുകള്‍ എടുത്താല്‍ ചിത്രം കൂടുതല്‍ വ്യക്തമാവും. ഇടതുമുന്നണി ഭരിക്കുന്ന നിലമ്പൂര്‍ നഗരസഭയില്‍ മാത്രം യു ഡി എഫ് നേടിയത് 3684 വോട്ടിന്റെ ഭൂരിപക്ഷമാണ്. ഇടതു ഭരിക്കുന്ന അമരമ്പലം, പോത്തുകല്ല് പഞ്ചായത്തുകളിലും സ്ഥിതി സമാനമാണ്.

അമരമ്പലം പഞ്ചായത്തില്‍ 2477 വോട്ടും പോത്തുകല്ല് പഞ്ചായത്തില്‍ 1585 വോട്ടുമാണ് പി വി അന്‍വര്‍ നേടിയത്. ഈ കണക്കുകളില്‍ തന്നെ ചിത്രം വ്യക്തമാണ്. സി പി എമ്മിന്റെ വോട്ടുകള്‍ ചോര്‍ന്നു എന്നും ഇതിന്റെ നല്ലൊരു ഷെയര്‍ അന്‍വറിന്റെ പോക്കറ്റില്‍ എത്തി എന്നും. ഒപ്പം ആര്യാടന്‍ ഷൗകത്തിന്റെ സ്ഥാനാര്‍ഥിത്തത്തില്‍ നീരസമുള്ള യു ഡി എഫിലെ ഒരു വിഭാഗത്തിന്റെ വോട്ടും അന്‍വര്‍ സ്വന്തമാക്കി.

19,000ത്തില്‍ അധികം വോട്ട് നേടാന്‍ കഴിഞ്ഞു എന്നത് അന്‍വര്‍ അവഗണിക്കാനാവാത്ത ശക്തിയാണെന്ന് തെളിയിക്കുന്നുണ്ട്. ഇടതുമുന്നണിയുടെ തോല്‍വിക്ക് കാരണം എന്ത് എന്ന ചോദ്യത്തിനുള്ള ആദ്യ ഉത്തരവും അന്‍വര്‍ തന്നെയാണ്. അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ സംസ്ഥാന തലത്തില്‍ തന്നെ കൂടുതല്‍ ശക്തിയോടെ സി പി എമ്മിനെ വേട്ടയാടും.

സംസ്ഥാന ഭരണത്തിന്റെ കെടുതികള്‍ അത്രയും നേരിട്ട് എറ്റുവാങ്ങുന്ന ജനതയായിരുന്നു നിലമ്പൂരിലേത്. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ സര്‍വ്വവും നഷ്ടപ്പെട്ട ഒരു ജനത അതിജീവനത്തിനു വേണ്ടി സര്‍ക്കാറിനു മുന്നില്‍ യാചിക്കേണ്ടിവരുന്നതിന്റെ ഗതികേട് കേരളം കണ്ടുകൊണ്ടിരിക്കുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയ ശതകോടികളുടെ ഫണ്ട് കൈയിലിരിക്കേയാണ് ഈ ക്രൂരത.

തിരുവനന്തപുരത്ത് നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന്റെ വിജയം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും മറ്റ് പാർട്ടി നേതാക്കളും ആഘോഷിക്കുന്നു

ചൂരല്‍മലക്കു മുമ്പ് സമാനമായ ദുരന്തത്തിന്റെ കെടുതി നേരിട്ട് ഏറ്റുവാങ്ങിയവരാണ് നിലമ്പൂരുകാര്‍. കവളപ്പാറയില്‍ ഇല്ലാതായ മനുഷ്യരുടെ, കയറിക്കിടക്കാനുള്ള അവരുടെ കൂരയുടെ, നഷ്ടമായിപ്പോയ ജീവിത മാര്‍ഗങ്ങളുടെ വേദനകള്‍ക്കുനേരെ കൊഞ്ഞനംകുത്തിയ സര്‍ക്കാറിനോട് ആ ജനത ബാലറ്റിലൂടെ കണക്കുതീര്‍ത്തിരിക്കുന്നു.

വന്യജീവി ശല്യം അടക്കമുള്ള വിഷയങ്ങളും സര്‍ക്കാറിനെതിരെ തിരിയാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. ക്ഷേമപെന്‍ഷന്‍ കുടിശ്ശികയും വിലക്കയറ്റവും അടക്കം സംസ്ഥാനത്തെ മൊത്തം ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പുറമെ നിലമ്പൂരിന്റെ പ്രത്യേക പ്രശ്‌നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുകയും ജനവിധിയെ സ്വാധീനിക്കുകയും ചെയ്ത തിരഞ്ഞെടുപ്പായിരുന്നു ഇത്.

ഗ്രൗണ്ടിലിറങ്ങി പണിയെടുക്കാനും ആളുകളെ ഒപ്പം നിര്‍ത്താനും ആവേശം പകരാനും യുവാക്കള്‍ തന്നെ വേണം. നിലമ്പൂര്‍ മാത്രമല്ല, പാലക്കാടും തൃക്കാക്കരയും പുതുപ്പള്ളിയും അത് തെളിയിച്ചു. മത്സര രംഗത്തും അവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണം.

നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് വര്‍ഗീയത ആയിരുന്നു. സത്യത്തില്‍ ഈ അജണ്ടയിലേക്ക് തിരഞ്ഞെടുപ്പ് ചര്‍ച്ചകളെ സെറ്റ് ചെയ്യുക എന്നത് ഇടതുമുന്നണിയുടെ തന്ത്രമായിരുന്നു എന്നു വേണം വിലയിരുത്താന്‍. സംസ്ഥാന ഭരണത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ തിരഞ്ഞെടുപ്പില്‍ നടക്കരുതെന്നും അഥവാ നടന്നാലും നടന്നിട്ടില്ലെന്ന് തിരഞ്ഞെടുപ്പിനു ശേഷം വാദിക്കാനും ഒരു കച്ചിത്തുരുമ്പ് സി പി എമ്മിന് അനിവാര്യമായിരുന്നു.

ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് സമ്മതിക്കേണ്ട സാഹചര്യമുണ്ടായാല്‍ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ദയനീയ തിരിച്ചടിക്ക് അത് വഴിയൊരുക്കും. ഇത് ഒഴിവാക്കാന്‍ ഏറ്റവും തന്ത്രപരമായ ആയുധമായാണ് സി പി എം 'വര്‍ഗീയത'യെ കൂടു തുറന്നുവിട്ടത്.

വെല്‍ഫെയര്‍ പാര്‍ട്ടി ചര്‍ച്ച വഴി അത് യു ഡി എഫിനെതിരെ തിരിച്ചുവിടാന്‍ അവര്‍ നന്നായി ശ്രമിച്ചു. നിലമ്പൂര്‍ പോലെ ഒരു മണ്ഡലത്തിലെ ജയപരാജയങ്ങളെ നിശ്ചയിക്കാന്‍ പ്രാപ്തിയുള്ള രാഷ്ട്രീയ സംഘടിത ശക്തിയേ അല്ല വെല്‍ഫെയര്‍ പാര്‍ട്ടി എന്ന് അറിയാത്തതുകൊണ്ടായിരുന്നില്ല സി പി എമ്മിന്റെ ഈ നാടകം. ആര്‍ എസ് എസ് ബന്ധം പരസ്യമായി പറഞ്ഞ് എം വി ഗോവിന്ദന്‍ വര്‍ഗീയ ചര്‍ച്ചയെ പാരമ്യത്തിലെത്തിച്ചതും ഇതേ ലക്ഷ്യത്തിലായിരുന്നെങ്കിലും അവസാനഘട്ടത്തില്‍ തിരിച്ചടിയായി എന്നു വിലയിരുത്തപ്പെടുന്നു.

ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് പ്രകടിപ്പിച്ച ഐക്യവും പോരാട്ടവീര്യവും കോണ്‍ഗ്രസിനകത്തെ ഏകോപനവും ശ്രദ്ധേയമായിരുന്നു. സമീപകാലത്തൊന്നും കോണ്‍ഗ്രസോ യു ഡി എഫോ ഒരു തിരഞ്ഞെടുപ്പില്‍ ഇതുപോലെ പ്രവര്‍ത്തിച്ചിട്ടുണ്ടാകില്ല. നിലമ്പൂര്‍ ഒരു ജീവന്‍മരണ പോരാട്ടമാണ് എന്ന കണക്കുകൂട്ടലോടെ തന്നെയായിരുന്നു ഇത്.

മുഖ്യമന്ത്രിയും മന്ത്രിമാരും എം എല്‍ എമാരും അടക്കം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നടങ്കം നിലമ്പൂരില്‍ കേന്ദ്രീകരിച്ചപ്പോള്‍, യു ഡി എഫിലെ ഏതാണ്ടെല്ലാ മുതിര്‍ന്ന നേതാക്കളും ബദല്‍ തീര്‍ത്തു. തുടക്കം മുതല്‍ ഒടുക്കംവരെ വര്‍ധിത ആവേശത്തോടെ പടക്കിറങ്ങിയ മുസ്‌ലിംലീഗ് പ്രവര്‍ത്തകരും വിധി നശ്ചയിക്കുന്നതില്‍ നിര്‍ണായകമായി.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും മാസങ്ങള്‍ക്കു മുമ്പേ മുസ്‌ലിംലീഗ് ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നുവെന്ന് പറഞ്ഞത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് തന്നെയാണ്. ഒരു തിരഞ്ഞെടുപ്പിലും ഇല്ലാത്ത രീതിയിലാണ് മുസ്‌ലിംലീഗിന്റെ സംഘടനാ സംവിധാനങ്ങള്‍ നിലമ്പൂരില്‍ പ്രവര്‍ത്തിച്ചത്.

എടുത്തു പറയേണ്ട ഒരു ഫാക്ടറാണ് യു ഡി എഫിന്റെ യുവതുര്‍ക്കികള്‍. സാംസ്‌കാരിക നായകരെ കൂട്ടത്തോടെ കളത്തിലിറക്കി എം സ്വരാജിന് ബുദ്ധിജീവി പരിവേഷം നല്‍കാന്‍ സി പി എം കാണിച്ച തന്ത്രത്തെ ആ രംഗത്തുനിന്ന് എതിര്‍ത്തുനിന്നത് കല്‍പ്പറ്റ നാരായണനും ജോയ് മാത്യുവും പോലുള്ള ചുരുക്കം ചിലര്‍ മാത്രമാണ്.

സാംസ്‌കാരിക നായകരുടെ പക്ഷം ചേര്‍ന്ന നിലപാടിന്റെ പരിഹാസ്യത പരസ്യമായി അലക്കി ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും പി കെ ഫിറോസും ചാണ്ടി ഉമ്മനും സി ആര്‍ മഹേഷും തുടങ്ങി നിലമ്പൂരിനെ കൈയിലെടുക്കുകയായിരുന്നു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ബാക്കിവെക്കുന്ന കുറേ നല്ല പാഠങ്ങള്‍ ഉണ്ട്. അതില്‍ ചിലത് ഇതാണ്: കെട്ടുറപ്പോടെയും ഐക്യത്തോടെയും അലസതയില്ലാതയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയാല്‍ അധികാരത്തില്‍ തിരിച്ചെത്തുക എന്നത് യു ഡി എഫിനെ സംബന്ധിച്ചിടത്തോളം വലിയ റിസ്‌കല്ല. താന്‍പോരിമയും അധികാര മോഹവും ഇറക്കിവെക്കണം.

യുവാക്കളെ മാറ്റിനിര്‍ത്തി ഇനിയൊരു തിരഞ്ഞെടുപ്പ് പോരാട്ടം വിജയിപ്പിച്ചെടുക്കുക എന്നത് യു ഡി എഫിനെ സംബന്ധിച്ചിടത്തോളം സങ്കല്‍പ്പിക്കാന്‍ കഴിയില്ല. തലമൂത്ത നേതാക്കളുടെ വ്യക്തിപ്രഭാവത്തില്‍ മാത്രം കാര്യങ്ങള്‍ എളുപ്പമാകില്ല.

ഗ്രൗണ്ടിലിറങ്ങി പണിയെടുക്കാനും ആളുകളെ ഒപ്പം നിര്‍ത്താനും ആവേശം പകരാനും യുവാക്കള്‍ തന്നെ വേണം. നിലമ്പൂര്‍ മാത്രമല്ല, പാലക്കാടും തൃക്കാക്കരയും പുതുപ്പള്ളിയും അത് തെളിയിക്കുന്നുണ്ട്. മത്സര രംഗത്തും അവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണം.

തിരിച്ചറിയേണ്ട മറ്റൊന്ന് ജനങ്ങള്‍ പ്രകടിപ്പിച്ച ഭരണവിരുദ്ധ വികാരം നിലമ്പൂരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നതാണ്. ഇതു രണ്ടു പക്ഷത്തിനും ഒരുപോലെ പ്രധാനമാണ്. അന്‍വറിനു കിട്ടിയ വോട്ടുകള്‍ കൂടി ചേര്‍ത്താല്‍ ഭരണ കക്ഷിക്ക് എതിരെ കിട്ടിയത് 30,000ത്തിനു മുകളില്‍ വോട്ടുകളാണ്.

ഒമ്പതു വര്‍ഷത്തെ തുടര്‍ ഭരണം കൊണ്ട് പാര്‍ട്ടിയുടെ സംഘടനാ സംവിധാനങ്ങള്‍ നേതാക്കള്‍ നടത്തുന്ന വാഴ്ത്തുപാട്ടിനപ്പുറം ഒന്നുമല്ലാതായി മാറിയെന്ന് സി പി എം നേതാക്കള്‍ തന്നെ രഹസ്യമായി പറയുന്ന കാര്യമാണ്. മാറാന്‍ തയ്യാറായില്ലെങ്കില്‍ മാറ്റാന്‍ ജനം തയ്യാറാകും. ഇത് സാമ്പിള്‍ വെടിക്കെട്ട് മാത്രമാണ്. ഒറിജിനല്‍ പൂരവും വെടിക്കെട്ടും ജനാധിപത്യത്തിന്റെ പെരുങ്കളിയാട്ടവും വരാനിരിക്കുന്നതേയുള്ളൂ.