ശാന്തമായ കടല്‍,
മങ്ങിയ കണ്ണ് പോലെ നിശബ്ദം.
ചൂണ്ടയില്‍ കോര്‍ത്ത ഞണ്ട്,
വിറയുന്ന ഭക്ഷ്യഭ്രമം.
കടലിലേക്കെറിയുന്നു അയാള്‍
നൂലില്‍ കെട്ടിയ ചൂണ്ടയെ.
തുടിക്കാനിറങ്ങിയ
മീനിന്‍ചുണ്ടില്‍
ചൂണ്ട കുരുങ്ങുന്നു,
നൂലിളകുന്നു,
അയാളുടെ ചുണ്ടില്‍
ചിരി വിരിയുന്നു.
ചോര പൊടിഞ്ഞ
മീനിന്‍ചുണ്ടില്‍നിന്നും
ശ്രദ്ധയോടെ ചൂണ്ട വിടുവിച്ച്,
വിശപ്പ് നിറച്ച ബക്കറ്റിലേക്കിടുന്നു.
വെപ്രാളമില്ലാതെ മീന്‍
കുറഞ്ഞ വെള്ളത്തില്‍
പതുങ്ങിക്കിടക്കുന്നു.
വീടണഞ്ഞ പാടെ
ഒട്ടും വിമ്മിട്ടം കാണിക്കാതെ
ആ മീന്‍ തൊട്ടടുത്തിരിക്കുന്ന
പതുപ്പന്‍ പൂച്ച വായിലേക്ക് കയറിപ്പോകുന്നു.
കാലിയായ വയറില്‍ കൈയമര്‍ത്തി
അയാള്‍ പിറുപിറുക്കുന്നു.
നിര്‍വികാരയാം പൂച്ച
അയാളുടെ കാല്‍ക്കീഴില്‍ ചുരുളുന്നു.
അയാള്‍ പൂച്ചയെയെടുത്ത് മടിയില്‍
കിടത്തി തലോടുന്നു.
ഒരു പച്ചമുളകും കടിച്ച്
ചൂടുള്ള കഞ്ഞി
മോന്തി മോന്തി കുടിക്കുന്നു.
