1
'എനിക്ക്
നിന്റെ ശബ്ദം
ഇനിയും കേട്ടു
മതിയായില്ല'
എന്ന നിന്റെ
വര്‍ത്തമാനത്തിന്റെ
കുളിരു കായുന്ന
ഈ രാത്രിയില്‍
നിനക്കു വേണ്ടി
കവിതയെഴുതാതെ
ഞാനിനി
എങ്ങനെയാണ്
ശ്വാസമുതിര്‍ക്കുക!
പുറത്ത്
നിറുത്താതെ പെയ്യുന്ന
ഇലമഞ്ഞിന്റെ
ഇരുള്‍പ്പച്ചയെ
എന്റെ ഞരമ്പുകളിലേക്ക്
ചാല്‍ വെട്ടിയൊഴുക്കാന്‍
ഞാനിനി
ജാലകം തുറന്ന്
വെളിച്ചത്തിന്റെ
നുറുങ്ങുകഷണത്തിലേക്ക്
കാഴ്ചയെ പതിക്കേണ്ടതില്ല!
നിന്റെയാ
വാക്ക് തന്നെ ശ്വാസമാണ്.
അതിന് കാഴ്ചയില്ല
രുചിയില്ല
മണമേതുമില്ല.
അറിയല്‍ മാത്രമേയുള്ളൂ,
അതു മാത്രം!
2
നിന്നെയും കാത്ത്
ഈ പൂമുഖപ്പടിയില്‍
എന്നും ഞാനിരിക്കുന്നു.
നീ എന്നും
എന്റേതായിരിക്കണമെന്ന്
ആഗ്രഹിക്കുന്നതുകൊണ്ടാകണം
സൂചിമുന കുത്തുന്ന
തണുപ്പിന്
എന്നെ എഴുന്നേല്‍പ്പിക്കാന്‍
കഴിയാത്തത്.
പൊള്ളിയടരുന്ന ചൂടിന്
എന്നെ ഓടിക്കാന്‍ കഴിയാത്തത്.
നിറുത്താതെ പെയ്യുന്ന മഴയ്ക്ക്
എന്നെ കുതിര്‍ക്കാന്‍ കഴിയാത്തത്.