കാലത്തിന്റെ കാന്‍വാസില്‍
ജീവിതം
ഒരിലച്ചിത്രമായാരോ
വരച്ചുവെച്ചിരിക്കുന്നു
ഇലയില്ലെങ്കില്‍ വിറച്ചു തേങ്ങി
പ്രാണവായു നഷ്ടപ്പെടുന്ന
പ്രകൃതിപോലെ
ചായാനൊരു തോളില്ലാതെ
കരിയിലകളായി
പാറിപ്പോകുന്ന ജന്മങ്ങള്‍...

മഴയില്‍ പുനര്‍ജനിച്ചും
വേനലില്‍ പൊള്ളിയും
ശിഖരത്തില്‍ നിന്നടര്‍ന്നും
പ്രകൃതി നിയമങ്ങളില്‍
കുരുങ്ങിപ്പോകുന്നൊരില
വിധിയുടെ കരങ്ങളില്‍ നിന്ന്
ചേക്കേറാനൊരു ചില്ലയുമില്ലാതെ
കാറ്റിലാടിയുലയുന്ന ജീവന്റെ
തൂവലുകള്‍

എങ്ങുനിന്നോ
ഒരു കിളിപ്പാട്ട് കേള്‍ക്കുമെന്ന്
ഒരു മഴത്തുള്ളി തലോടുമെന്ന്
ഏതോ ഒരു കൊമ്പില്‍
പച്ചത്തുരുത്തുണ്ടാവുമെന്ന്
കരിയിലകള്‍ വെറുതെ സ്വപ്‌നം
കാണുന്നു!

നരച്ച കിനാക്കളുടെ
മഞ്ഞനിറം പേറി
മരത്തിന്റെ ഓര്‍മകളെ
ഞെട്ടിലൊളിപ്പിച്ച്
അഴകിന്റെ അവസാന നിറവും
മണ്ണിന്റെ മൗനത്തോടൊപ്പം
ചാലിച്ച്
പിറക്കാനിരിക്കുന്നൊരിലയ്ക്ക്
പുതുജീവന്‍ പകരാന്‍
മരത്തിന്റെ വേരിലേക്കലിഞ്ഞു ചേരുന്ന ഇല!