മാറാല മറ കെട്ടിയ
കോലായിലിരുന്ന്
അയാള്‍ നീട്ടി തുപ്പിയത്
ചോരയായിരുന്നു.
ഉയര്‍ന്ന് താഴുന്ന
നെഞ്ചിന്‍കൂട്ടില്‍
ഒറ്റപ്പെടലിന്റെ മൗനം
ചുറ്റിക്കറങ്ങുന്നുണ്ട്.
തിമിരം മറച്ച കണ്ണുകളില്‍
ആലസ്യം മൂളുന്നുണ്ട്.
എണ്ണ വറ്റിയ വിളക്ക്
ജ്വാലയെ തിരയുന്നുണ്ട്.
നരച്ച ഓര്‍മകള്‍
അലക്ഷ്യമായി അലയുന്നുണ്ട്.
ഞരമ്പുകളില്‍ കിതച്ചോടുന്ന രക്തം
പഴയ തിളപ്പിന്റെ
കഥകള്‍ പറയുന്നുണ്ട്.
ചിതറിയ കിനാവുകള്‍
കുതറി മാറുന്നുണ്ട്.
നക്ഷത്രങ്ങള്‍
മാടിവിളിക്കുമ്പോള്‍
പോകണമെന്നുണ്ട്.
ഇരുട്ട് കനം തൂങ്ങുമ്പോള്‍
തുള്ളി വെട്ടവുമായി
മിന്നാമിനുങ്ങുകള്‍
എത്തുമെന്ന
പ്രതീക്ഷയുണ്ട്.
രാക്കിളികള്‍
പറന്നു പറന്ന് കൂടണയുമ്പോഴുള്ള
ആത്മ നിര്‍വൃതിയുണ്ട്.
അവസാനത്തെ
ഇലയും കൊഴിഞ്ഞ്
പോകില്ലെന്ന
ബോധ്യവുമുണ്ട്.
