ഭൂമിയുടെ തണുപ്പിലേക്ക്
പൊക്കിള്‍ക്കൊടി മുറിച്ചിട്ടപ്പോഴാണ്
ഗര്‍ഭപാത്രമെന്ന സുരക്ഷയില്‍ നിന്ന്
ഞാനാദ്യമായി
വിരഹവേദനയറിഞ്ഞത്.

ശൈശവം ബാല്യത്തില്‍
തട്ടിവീണതില്‍ പിന്നെ
അമ്മിഞ്ഞയെന്നയമൃതിന്‍
വിരഹവേദനയാല്‍ ഞാന്‍ കരഞ്ഞു.

കൗമാരത്തില്‍ മുഖക്കുരു
വയസ്സറിയിച്ച നേരം
കുട്ടിക്കുസൃതിക്ക് വിരാമമിട്ട്
വിരഹം വീണ്ടുമെന്‍ മിഴികളെ
ഈറനണിയിച്ചുവല്ലോ.

തീക്ഷ്ണമാം യൗവനം
തന്റെ കുടിയില്‍ നിന്ന്
ആരാന്റെയടുക്കളയിലേക്ക്
പറിച്ചുനട്ടപ്പോഴും
വിരഹം പടിവാതിലില്‍
വന്നെന്നെ യാത്രയാക്കി.

അന്നാണ്
ജന്മം തന്ന വയറും
ചോറു തന്ന കരങ്ങളും
രാത്രിയുടെ യാമങ്ങളിലെന്നെ
തഴുകിത്തലോടാന്‍ വരാറുള്ളത്.

കുഞ്ഞുകുട്ടി പരാധീനതകള്‍
വട്ടം ചുറ്റിയപ്പോഴാണ്
എവിടെയോ കളഞ്ഞുപോയ
ചിരികള്‍ തിരയണമെന്ന
തിരിച്ചറിവുണ്ടായത്.

വരില്ല ഇനിയൊരിക്കലുമാ
ചിരികളെന്നറിഞ്ഞപ്പോഴാണ്
വിരഹവേദനയാല്‍
ഞാനേറ്റവും കരഞ്ഞത്.

ഒടുവില്‍,
മരണമെന്ന മാലാഖ
വന്നു വിളിക്കുമ്പോള്‍
വെള്ള പുതച്ചു ഞാന്‍
കണ്‍കള്‍ പൂട്ടിക്കിടക്കവേ
വിരഹവേദനയാല്‍
ആരൊക്കെയാവും
കരഞ്ഞിട്ടുണ്ടാവുക?