റമദാന്‍ രാവിന്റെ രഹസ്യരാഗം രചിച്ചു തീര്‍ന്ന വേളയില്‍,
രജതരേഖയായി രമ്യമായി ഉദിച്ചുയര്‍ന്ന ചന്ദ്രക്കല.
തപസ്സിന്റെ ദിനങ്ങള്‍ താളമിട്ട പ്രാര്‍ഥനാ പുസ്തകത്തില്‍
തിളങ്ങുന്ന അവസാന വരിയായി തെളിഞ്ഞു ചന്ദ്രക്കല.
വിശപ്പിന്റെ തീയില്‍ വിങ്ങിയ മനസ്സുകളുടെ സഹനഗാഥ
വെളിച്ചമായി വാനവേദിയില്‍ വിരിയുന്നതീ ചന്ദ്രക്കല.
സഹനസമുദ്രം നീന്തി ഹൃദയങ്ങളിലേക്കു സദയം
സൗഖ്യസന്ദേശം കൊണ്ടെത്തിയ സുന്ദരി ചന്ദ്രക്കല.
