കുറ്റം


സ്വപ്‌നങ്ങള്‍
പാതിയില്‍ മുറിഞ്ഞൊരാ രാത്രിയില്‍,
എന്റെ വസന്തത്തെ
അവര്‍ കാരാഗൃഹത്തിലടച്ചു!
മുറിവായില്‍
രക്തമൊലിക്കുന്ന കിനാക്കളും,
നിരാശയുടെ ആവരണത്തിനുള്ളില്‍
ആര്‍ക്കോ വേണ്ടി മിടിക്കുന്ന ഹൃദയവും,
കവിളുകളില്‍
ചാലുകള്‍ വരയ്ക്കുവോളം ഒഴുകി,
വറ്റി വിണ്ടുകീറിയ
കണ്ണീര്‍പ്പാടവും...
ഋതുഭേദങ്ങളറിയാതെ
ജയിലഴിക്കുള്ളില്‍
ജീവിതം ഇഴഞ്ഞിഴഞ്ഞു നീങ്ങി.
വാടിത്തുടങ്ങിയ
ആയുസ്സിന്റെ തണ്ടിലെ
കീടങ്ങള്‍ അതിര്‍ത്തിവെച്ച
ഇലകള്‍
താഴേക്ക് പതിച്ചുകൊണ്ടിരുന്നു.
'എന്റെ കുറ്റമെന്ത്?
നിരന്തരം
ഞാനവരോട്
കലഹിച്ചുകൊണ്ടേയിരുന്നു.
ഒടുവില്‍,
തുറുങ്കിന്റെ
കല്‍ഭിത്തി
എന്നെ ചേര്‍ത്തുനിര്‍ത്തി പറഞ്ഞു:
'കുറ്റപത്രത്തില്‍ ചേര്‍ക്കുവാന്‍
കുറ്റങ്ങളില്ലെന്നതാണ്,
കുഞ്ഞേ,
നിന്റെ കുറ്റം.'