എന്നെ ഞാനാക്കിയ ശബാബ്


വളരെ ചെറുപ്പത്തിലേ ഇസ്ലാഹി പ്രസ്ഥാനത്തിലേക്ക് കടന്നുവരാൻ ഭാഗ്യം കിട്ടിയതിനാൽ, നേരത്തെ പരിചയമുള്ള ഒരു പ്രസിദ്ധീകരണം ആയിരുന്നു ശബാബ്. പണ്ടുകാലം മുതലേ ഒരു കോപ്പി ശബാബ് വീട്ടിലുണ്ടാകും. അടുത്ത ലക്കം വരുന്നതിനു മുമ്പായി ഏകദേശമൊക്കെ വായിച്ചു തീർത്തിട്ടുണ്ടാകും. പത്രത്തിന്റെ മോഡലിലായിരുന്നു അന്നത്തെ ശബാബ്.

ചെറിയമുണ്ടം അബ്ദുൽഹമീദ് മദനിയും ഇ കെ എം പന്നൂരുമൊക്കെയായിരുന്നു ശബാബിനെ മുന്നോട്ടു നയിച്ചിരുന്നത്. കുറച്ചുകാലം എന്റെ നാട്ടുകാരൻ മുഹമ്മദ് കൊടിയത്തൂരും ശബാബിൽ ഉണ്ടായിരുന്നു. ഞാൻ പുളിക്കൽ ജാമിഅ സലഫിയ്യയിൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആദ്യമായി ശബാബിൽ ലേഖനമെഴുതിയത്.

ചില പുസ്‌തകങ്ങൾ റഫർ ചെയ്‌തുകൊണ്ട് 'ഹദീസ് സമാഹരണത്തിന്റെ പിതാവ് എന്ന പേരിൽ ഇമാം ബുഖാരിയെ പറ്റി ഒരു ലേഖനം എഴുതി. ലേഖനം പ്രസിദ്ധീകരിച്ചതിന്ന് ശേഷം എനിക്കൊരു കത്ത് കിട്ടി. അരീക്കോട് എൻ വി സകരിയയുടേതായിരുന്നു ആ എഴുത്ത്. ഇമാം ബുഖാരിയെ പുകഴ്ത്തി പറഞ്ഞത് കുറച്ച് അധികമായി എന്നുള്ള തരത്തിലായിരുന്നു കത്ത്. ആ കത്ത് എൻ്റെ എഴുത്ത് ജീവിതത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.

വീണ്ടും വീണ്ടും എഴുതാനുള്ള പ്രേരണ എന്നിൽ ഉണ്ടായി. പിന്നീട് രണ്ടു മൂന്നു ലക്കത്തിൽ ഖുർആൻ സമൂഹത്തിൽ വരുത്തിയ സ്വാധീനത്തെ പറ്റി എഴുതി. അന്നൊക്കെ പുകവലിയെ അങ്ങേയറ്റം എതിർത്തിരുന്ന ഒരാളായിരുന്നു ഞാൻ. നാട്ടിലും മറ്റും പുകവലിക്കുന്ന ധാരാളം ആൾക്കാർ ഉണ്ടായിരുന്നു.

പുകവലിക്കെതിരെ രണ്ട് കുറിപ്പുകൾ ശബാബിൽ പ്രസിദ്ധീകരിച്ചു. ഖുർആനും ഹദീസും വെച്ച് പുകവലി ഹറാമാണെന്ന് സമർഥിക്കുകയായിരുന്നു ചെയ്തത്. അത് സമൂഹത്തിൽ കുറച്ച് പ്രതികരണങ്ങൾ ഉണ്ടാക്കി. ഞങ്ങളുടെ നാട്ടിലും മറ്റുമുള്ള കുറെ ആൾക്കാർ പുകവലിക്കുന്നത് നിർത്തി എന്നത് വലിയ ആശ്വാസമായിരുന്നു. എന്റെ എഴുത്തു ജീവിതത്തെ ശബാബ് വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. എൻ്റേതായി നാലു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അറബി ഭാഷ കേരളത്തിൽ, നല്ല മാഷും നല്ല മിസ്സും, ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങൾ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുസ്ലിംകളുടെ പങ്ക് എന്നിവയാണവ. ശബാബിന്റെ പ്രചാരണം മുന്നോട്ട് പോയിക്കൊണ്ടേയിരിക്കുകയാണ്. ഇനിയും മുന്നേറാൻ കഴിയട്ടെ