പുളിക്കല്‍ മേഖലയില്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് ശക്തി പകരുന്നതില്‍ വലിയ പങ്കുവഹിച്ച പണ്ഡിതനും പ്രബോധകനുമാണ് മുഹമ്മദ് മൗലവി. പ്രദേശത്ത് മൗലികമായ വിശ്വാസവിപ്ലവങ്ങള്‍ക്ക് വിത്തുപാകിയ കവാകിബുന്നയ്യിറ എന്ന സംഘടന സ്ഥാപിക്കുന്നതില്‍ വലിയ പങ്കുണ്ട്.
ഇസ്ലാമിലെ മൗലികപ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഉറച്ച നിലപാട് പുലര്‍ത്തിയ പരിഷ്‌കര്‍ത്താവായിരുന്നു പി എന്‍ മുഹമ്മദ് മൗലവി. മലപ്പുറം ജില്ലയിലെ പുളിക്കല്‍ പ്രദേശത്ത് പാണ്ടികശാല നരിക്കുത്ത് കോയാലി മുസ്‌ലിയാരുടെ മകനായി 1888ലാണ് മൗലവിയുടെ ജനനം.
പണ്ഡിതനും പ്രഭാഷകനുമായിരുന്ന പിതാവില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം അഭ്യസിച്ചു. പിന്നീട് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി പുളിക്കലില്‍ ആരംഭിച്ച പള്ളി ദര്‍സിലെ വിദ്യാര്‍ഥിയായി. പുളിക്കല്‍ സ്വദേശിയും മതപണ്ഡിതനുമായിരുന്ന പി പി ഉണ്ണീന്‍കുട്ടി മൗലവി സഹപാഠിയായിരുന്നു.
1909-ല്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വാഴക്കാട് ദാറുല്‍ഉലൂമില്‍ പ്രധാനാധ്യാപകനായി നിയമിതനായി. തുടര്‍ന്ന് മുഹമ്മദ് മൗലവിയും അവിടെ വിദ്യാര്‍ഥിയായി ചേര്‍ന്നു. കെ എം മൗലവി, ഇ കെ മൗലവി, ഇ മൊയ്തു മൗലവി, പി കെ മൂസ മൗലവി, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ദാറുല്‍ഉലൂമില്‍ മുഹമ്മദ് മൗലവിയുടെ സതീര്‍ഥ്യരായിരുന്നു. സഹോദരനായ പി എന്‍ അഹമ്മദ് മൗലവിയും ഇവിടെ വിദ്യാര്‍ഥിയായിരുന്നു.
ദാറുല്‍ഉലൂമില്‍ നിന്ന് പിരിഞ്ഞതിനു ശേഷം ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി തന്റെ ശിഷ്യന്മാരെ ഉപയോഗപ്പെടുത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിഷ്‌കൃത രീതിയിലുള്ള മദ്‌റസകള്‍ സ്ഥാപിക്കാനുള്ള യജ്ഞത്തിന് മുന്നിട്ടിറങ്ങി. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വടകരയില്‍ സ്ഥാപിതമായ മനാറുല്‍ ഇസ്‌ലാം മദ്‌റസയുടെ ഉത്തരവാദിത്തം പി എന്‍ മുഹമ്മദ് മൗലവിയെയും പി പി ഉണ്ണിമൊയ്തീന്‍കുട്ടി മൗലവിയെയുമായിരുന്നു ഏല്‍പിച്ചത്.
വടകരയിലെ നവോത്ഥാന ഉദ്യമങ്ങളില്‍ എം സി സി അബ്ദുറഹ്മാന്‍ മൗലവിയും ഇവരുടെ സഹായിയായി പ്രവര്‍ത്തിച്ചു. ഈ സ്ഥാപനത്തിന് യാഥാസ്ഥിതികരുടെ നിരന്തരമായ എതിര്‍പ്പുകളും അക്രമണങ്ങളും നേരിട്ടിരുന്നു. എന്നാല്‍ പ്രബോധന മേഖലയിലെ സങ്കീര്‍ണമായ സര്‍വ പ്രശ്‌നങ്ങളെയും സമര്‍ഥമായി നേരിടുകയായിരുന്നു. ഈ മദ്‌റസയാണ് പില്‍ക്കാലത്ത് എംയുഎം ഹൈസ്‌കൂളായി മാറിയത്.
വിവിധ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനിടയിലും മതവൈജ്ഞാനിക മേഖലകളില്‍ കൂടുതല്‍ അവഗാഹം നേടണമെന്ന് മുഹമ്മദ് മൗലവി തീരുമാനിച്ചു. അങ്ങനെയാണ് വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ അദ്ദേഹം വിദ്യാര്‍ഥിയായി ചേര്‍ന്നത്. 1934ല്‍ ബാഖവി ബിരുദവും മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് അഫ്ദലുല്‍ ഉലമ ബിരുദവും കരസ്ഥമാക്കി.
ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, ചരിത്രം, ഗോളശാസ്ത്രം, തസവ്വുഫ്, ഫിലോസഫി തുടങ്ങിയ എല്ലാ മേഖലകളിലേക്കും പരന്നുകിടക്കുന്ന വിധത്തില്‍ അദ്ദേഹത്തിന്റെ ജ്ഞാനചക്രവാളം വികസിച്ചു. കോഴിക്കോട് മദ്‌റസതുല്‍ മുഹമ്മദിയ്യ, മലപ്പുറം ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ മുഹമ്മദ് മൗലവി ദീര്‍ഘകാലം അധ്യാപകനായി സേവനം ചെയ്തു. മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പുളിക്കല്‍ മേഖലയില്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് ശക്തി പകരുന്നതില്‍ മുഹമ്മദ് മൗലവി വലിയ പങ്കുവഹിച്ചു. പ്രദേശത്ത് മൗലികമായ വിശ്വാസവിപ്ലവങ്ങള്‍ക്ക് വിത്തുപാകിയ കവാകിബുന്നയ്യിറ എന്ന സംഘടന സ്ഥാപിക്കുന്നതില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. പി പി ഉണ്ണിമൊയ്തീന്‍ കുട്ടി മൗലവി പ്രസിഡന്റും പി എന്‍ മുഹമ്മദ് മൗലവി സെക്രട്ടറിയുമായാണ് പ്രഥമ കമ്മിറ്റി രൂപീകൃതമായത്.
മദ്‌റസത്തുല്‍ മുനവ്വറ സ്‌കൂള്‍ സ്ഥാപിതമാകുന്നത് ഈ കമ്മിറ്റിയുടെ പ്രയത്‌നഫലമായാണ്. 1947 ജൂലൈ ഒന്നിന് സ്ഥാപിതമായ പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജിന്റെ വളര്‍ച്ചയിലും മൗലവി നിര്‍ണായക പങ്കുവഹിച്ചു. എം സി സി അബ്ദുറഹ്മാന്‍ മൗലവിയോടൊപ്പം മദീനത്തുല്‍ ഉലൂമിന്റെ വളര്‍ച്ചയില്‍ നിരവധി സേവനങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.
മദീനത്തുല്‍ ഉലൂമിന്റെ പ്രഥമ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റായിരുന്നു മുഹമ്മദ് മൗലവി. 1955ല്‍ സ്ഥാപിതമായ മദീനത്തുല്‍ ഉലൂം ഓര്‍ഫനേജിന്റെ വളര്‍ച്ചയിലും മുഹമ്മദ് മൗലവി കൂടെ നിന്നു. ഒട്ടും പ്രതിഫലം വാങ്ങാതെ മദീനത്തിന്റെ വിവിധ സ്ഥാപനങ്ങളില്‍ അദ്ദേഹം ജോലി ചെയ്തു. സ്ഥാപന നടത്തിപ്പിന് അക്കാലത്ത് രൂക്ഷമായ പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ സാമ്പത്തിക നിധി സ്വരൂപിക്കാന്‍ അദ്ദേഹം നിരവധി പ്രദേശങ്ങളില്‍ പ്രയാസങ്ങള്‍ സഹിച്ച് സഞ്ചരിച്ചിരുന്നു.
കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് മൗലവി 1924ന് ആലുവയില്‍ നടന്ന കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരണ യോഗത്തില്‍ പങ്കെടുക്കുകയും പ്രഥമ കമ്മിറ്റിയുടെ മെമ്പറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് മൗലവി 1924ന് ആലുവയില്‍ നടന്ന കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരണ യോഗത്തില്‍ പങ്കെടുക്കുകയും പ്രഥമ കമ്മിറ്റിയുടെ മെമ്പറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ രൂപീകരണത്തിലും മൗലവിയുടെ ത്യാഗനിബദ്ധമായ സേവനങ്ങള്‍ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച ആദ്യകാലത്തെ വിവിധ സമ്മേളനങ്ങളില്‍ മുഹമ്മദ് മൗലവി നടത്തിയ പ്രഭാഷണങ്ങള്‍ നിരവധി പേര്‍ക്ക് സത്യമതത്തിന്റെ പ്രചോദനം ഉള്‍ക്കൊള്ളാന്‍ പ്രേരണ നല്‍കിയിട്ടുണ്ട്. മികച്ച വാഗ്മിയായിരുന്ന അദ്ദേഹം കക്കോവ്, വാഴയൂര്‍ എന്നിവിടങ്ങളില്‍ ദീര്‍ഘകാലം ഖതീബായി സേവനം അനുഷ്ഠിച്ചിരുന്നു.
'ഖുലാസതു താരീഖുല്‍ ഇസ്‌ലാമി' എന്ന പേരില്‍ അദ്ദേഹവും പി പി ഉണ്ണിമൊയ്തീന്‍കുട്ടി മൗലവിയും രചിച്ച കൃതി പ്രശസ്തമാണ്. ലാളിത്യത്തിന്റെയും ആത്മാര്‍ഥതയുടെയും പര്യായമായി ജീവിച്ച പി എന്‍ മുഹമ്മദ് മൗലവി 1968ല്‍ 80-ാം വയസ്സില്‍ നിര്യാതനായി.