വക്കം അബ്ദുല്‍ഖാദര്‍; മലയാള സാഹിത്യത്തിലെ പുരുഷരത്‌നം


പ്രമുഖ പരിഷ്‌കര്‍ത്താവായിരുന്ന വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെയും കായിപ്പുറത്ത് ആമിനു ഉമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ വക്കത്താണ് അബ്ദുല്‍ ഖാദറിന്റെ ജനനം.

ജീവചരിത്രം, ശാസ്ത്രം, സാഹിത്യ നിരൂപണം, പാശ്ചാത്യ-പൗരസ്ത്യ സാഹിത്യമീമാംസ, കവിത, നാടകം തുടങ്ങി എഴുത്തിന്റെ മിക്ക ശാഖകളിലും കഴിവു തെളിയിച്ച ബഹുമുഖ പ്രതിഭയും ചിന്തകനുമായിരുന്നു വക്കം അബ്ദുല്‍ ഖാദര്‍. കേരളത്തിലെ പ്രമുഖ പരിഷ്‌കര്‍ത്താവായിരുന്ന വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെയും കായിപ്പുറത്ത് ആമിനു ഉമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ വക്കത്ത് 1912 മെയ് രണ്ടിനായിരുന്നു ജനനം.

വീടിനടുത്തുള്ള പ്രൈമറി സ്‌കൂള്‍, അഞ്ചുതെങ്ങിലെ സെന്റ് ജോസഫ്‌സ് ഇംഗ്ലീഷ് സ്‌കൂള്‍, നെടുങ്ങണ്ട ശ്രീനാരായണവിലാസം ഇംഗ്ലീഷ് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. അഞ്ചാം ഫോറത്തില്‍ പഠിപ്പു നിര്‍ത്തി. തുടര്‍ന്ന് കോഴിക്കോട് മദ്‌റസത്തുല്‍ മുഹമ്മദിയ്യ ഹൈസ്‌കൂളില്‍ ചേര്‍ത്തെങ്കിലും ഒരു വര്‍ഷം മാത്രമായിരുന്നു പഠനത്തിന്റെ ആയുസ്സ്.

കോഴിക്കോട്ടെ പഠനകാലത്ത് സ്വതന്ത്രമായ വായനയും പഠനവും തുടങ്ങിയ അബ്ദുല്‍ ഖാദര്‍ സാഹിത്യപ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസമൊന്നുമില്ലാതെ തന്നെ ഇംഗ്ലീഷ്, തമിഴ്, ജര്‍മന്‍, അറബി, സംസ്‌കൃതം, ഉര്‍ദു, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യം നേടി. മികച്ച ചിത്രകാരനുമായിരുന്നു.

തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കഥാമാല മാസികയില്‍ ചെറുകഥകള്‍ എഴുതിത്തുടങ്ങി.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഇതോടൊപ്പം പത്രപ്രവര്‍ത്തന മേഖലയിലേക്കും അദ്ദേഹം പ്രവേശിച്ചു. 1934ല്‍ അദ്ദേഹം മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് പ്രസിദ്ധീകരിച്ച 'അല്‍അമീനി'ന്റെ പത്രാധിപ സമിതിയില്‍ ചേര്‍ന്നു. 1941ല്‍ 'മാപ്പിള റിവ്യൂ'വിലും തുടര്‍ന്ന് 'ദക്ഷിണ ഭാരതി', 'ഭാരത ചന്ദ്രിക', 'പ്രകാശം', 'പ്രഭാതം', 'പ്രതിധ്വനി' എന്നിവയിലും പത്രാധിപരായി.

1956 മെയില്‍ വര്‍ക്കലയില്‍ നിന്ന് 'സുബോധിനി' എന്ന പേരില്‍ സ്വന്തമായി മാസിക തുടങ്ങി. 1968ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായപ്പോള്‍ അതിന്റെ ഗവേണിങ് ബോര്‍ഡ് അംഗമായി. സാഹിത്യ അക്കാദമിയിലും സര്‍വ വിജ്ഞാനകോശത്തിന്റെ ഉപദേശക സമിതിയിലും അംഗമായിരുന്നു. 1970ല്‍ കൊല്ലത്തു നിന്ന് 'തൂലിക' എന്ന പേരില്‍ ഒരു സാഹിത്യ വാരികയും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. 1935ല്‍ ഇ മൊയ്തു മൗലവിയുമായി ചേര്‍ന്ന് എഴുതിയ 'രുധിരബാഷ്പ'മാണ് അദ്ദേഹത്തിന്റെ പ്രഥമ കൃതി. മുറാദാബാദിലെ മൗലവി ഇശ്ഫാഖ് ഹുസൈന്‍ സാഹിബിന്റെ ഉര്‍ദു കൃതിയുടെ വിവര്‍ത്തനമാണിത്. കോഴിക്കോട് അല്‍അമീന്‍ പ്രസ്സില്‍ നിന്നാണ് അച്ചടിച്ചത്.

വിവിധ ശാസ്ത്രവിഷയങ്ങളെ ആധാരമാക്കി മലയാളത്തില്‍ വിരചിതമായ വിജ്ഞാന ഗ്രന്ഥങ്ങളില്‍ പ്രഥമ സ്ഥാനമുള്ള 'വിചാരവേദി', 'വിമര്‍ശവും വിമര്‍ശകന്മാരും', 'പ്രതിഭാശാലികള്‍', 'ഇസ്‌ലാമിലെ ചിന്താപ്രസ്ഥാനങ്ങള്‍', 'മനുഷ്യാവകാശങ്ങള്‍', 'അതുല്യനായ മനുഷ്യന്‍', 'സാഹിത്യ രൂപകങ്ങള്‍', 'രാഗവീചി', 'മഹാമനീഷികള്‍', 'തേജസ്വികള്‍', 'തൂലികാചിത്രങ്ങള്‍', 'ചിത്രദര്‍ശിനി', 'ചിത്രമണ്ഡലം', 'ജിയും ഭാഷാകവികളും', 'സാഹിതീ ദര്‍ശനം', 'പുരോഗതിയും സാഹിത്യകലകളും', 'ആരു ജീവിക്കുന്നു' തുടങ്ങിയവ പ്രധാന കൃതികളാണ്.

ബര്‍ണാഡ് ഷാ, സോമര്‍സെറ്റ് മോം തുടങ്ങിയവരുടെ സുപ്രധാന നാടകരചനകള്‍ മലയാളത്തില്‍ മൊഴിമാറ്റം നടത്തിയതും മലയാളത്തില്‍ ആദ്യമായി പേര്‍ഷ്യന്‍ കവിതകള്‍ക്ക് ആമുഖം രചിച്ചതും അബ്ദുല്‍ ഖാദറാണ്.

1968ല്‍ പ്രസിദ്ധീകരിച്ച 'ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സര്‍' എന്ന കൃതി പ്രീഡിഗ്രി ക്ലാസുകളില്‍ ഉപപാഠപുസ്തകമായിരുന്നു. പ്രകൃതിമതമായ ഇസ്‌ലാമിനെ കുറിച്ച് മൗലികമായ പഠനം നടത്തിയ എഴുത്തുകാരനാണ് അബ്ദുല്‍ഖാദര്‍. അദ്ദേഹത്തിന്റെ 'ഇസ്‌ലാമിലെ ചിന്താപ്രസ്ഥാനങ്ങള്‍' എന്ന കൃതിയില്‍ ശ്രദ്ധേയമായ പഠനങ്ങളാണുള്ളത്.

1960ല്‍ പ്രസിദ്ധീകൃതമായ 'മനുഷ്യാവകാശങ്ങള്‍' അതു സംബന്ധിച്ച വേറിട്ട പഠനമാണ്. 1971ല്‍ പ്രസിദ്ധീകരിച്ച 'അതുല്യനായ മനുഷ്യന്‍' യുക്തിവാദത്തെ ശരിയായ വാദമുഖങ്ങളോടെ ശക്തമായി എതിര്‍ക്കുന്ന കൃതിയാണ്. 'സ്വദേശാഭിമാനി' പത്രത്തിന്റെ ചരിത്രവും അതു നിരോധിക്കാനിടയായ സാഹചര്യങ്ങളും പ്രമേയമാക്കി 'സ്വദേശാഭിമാനി' എന്ന നാടകം രചിച്ചു.

ബര്‍ണാഡ് ഷാ, സോമര്‍സെറ്റ് മോം തുടങ്ങിയവരുടെ സുപ്രധാന നാടകരചനകള്‍ മലയാളത്തില്‍ മൊഴിമാറ്റം നടത്തിയതും മലയാളത്തില്‍ ആദ്യമായി പേര്‍ഷ്യന്‍ കവിതകള്‍ക്ക് ആമുഖം രചിച്ചതും അബ്ദുല്‍ ഖാദറാണ്. അല്ലാമാ ഇഖ്ബാലിന്റെ പ്രസിദ്ധ കൃതികളായ 'പ്രാര്‍ഥന', 'ആത്മരഹസ്യങ്ങള്‍', 'ആത്മനിവേദനങ്ങള്‍' എന്നിവയും 'ടോള്‍സ്റ്റോയ് കഥകള്‍', 'ആന്‍ഡേഴ്‌സണ്‍ കഥകള്‍' തുടങ്ങിയവയും ഉള്‍പ്പെടെ പത്തോളം പ്രശസ്ത രചനകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

അബ്ദുല്‍ ഖാദറിന്റെ മുപ്പതോളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1910 സപ്തംബര്‍ 26ന് തിരുവിതാംകൂര്‍ മഹാരാജാവ് കണ്ടുകെട്ടിയ തന്റെ പിതാവ് വക്കം മൗലവിയുടെ സ്വദേശാഭിമാനി പ്രസ് 1958 ജനുവരി 26ന് മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടില്‍ നിന്ന് തിരികെ ഏറ്റുവാങ്ങിയത് അബ്ദുല്‍ ഖാദര്‍ ആയിരുന്നു. ഇത് കൊല്ലം ലക്ഷ്മി നടയില്‍ നടത്തിയെങ്കിലും കടബാധ്യതയെ തുടര്‍ന്നു വില്‍ക്കേണ്ടിവന്നു.

ബര്‍ണാഡ് ഷാ, സോമര്‍സെറ്റ് മോം തുടങ്ങിയവരുടെ സുപ്രധാന നാടകരചനകള്‍ മലയാളത്തില്‍ മൊഴിമാറ്റം നടത്തിയതും മലയാളത്തില്‍ ആദ്യമായി പേര്‍ഷ്യന്‍ കവിതകള്‍ക്ക് ആമുഖം രചിച്ചതും അബ്ദുല്‍ ഖാദറാണ്.

'മലയാള സാഹിത്യത്തിലെ ഒരേയൊരു പുരുഷരത്‌നം' എന്ന് വക്കം അബ്ദുല്‍ഖാദറിനെ വിശേഷിപ്പിച്ചത് മഹാകവി ജി ശങ്കരക്കുറുപ്പാണ്. ''എന്റെ കാവ്യജീവിതം സഫലമായി. അബ്ദുല്‍ഖാദര്‍ എന്റെ കവിതയെ മാത്രമല്ല, എന്നെയും ആഴത്തില്‍ പഠിച്ചറിഞ്ഞു'' എന്നാണ് അദ്ദേഹം എഴുതിയത്. 'ജിയും ഭാഷാകവികളും' എന്ന അബ്ദുല്‍ ഖാദറിന്റെ നിരൂപണ ഗ്രന്ഥം വായിച്ച എന്‍ വി കൃഷ്ണവാര്യര്‍ പറഞ്ഞത് ''മലയാള സാഹിത്യത്തില്‍ ആ മഹാപ്രതിഭ കൈവയ്ക്കാത്ത ഒരു മേഖലയും ഉണ്ടായിട്ടില്ല. പക്ഷേ, മലയാളം അദ്ദേഹം അര്‍ഹിക്കുന്ന യാതൊരു അംഗീകാരവും നല്‍കിയില്ല'' എന്നായിരുന്നു.

ചങ്ങമ്പുഴയെയും ജി ശങ്കരക്കുറുപ്പിനെയും പോലുള്ള നവോത്ഥാന കവികളുടെ പ്രശസ്തിയുടെ പിന്നില്‍ അബ്ദുല്‍ഖാദറിന്റെ വലിയ സംഭാവനകളുണ്ട്. കുട്ടികൃഷ്ണ മാരാര്‍, ജോസഫ് മുണ്ടശ്ശേരി, സുകുമാര്‍ അഴീക്കോട് തുടങ്ങി മലയാള സാഹിത്യ നിരൂപണത്തിലെ മഹാമേരുക്കള്‍ രാഷ്ട്രീയവും കലകളും ആധുനിക ഫ്രഞ്ച് സാഹിത്യചിന്തകള്‍ പോലും പഠിച്ചറിഞ്ഞത് അബ്ദുല്‍ഖാദറില്‍ നിന്നാണ്. വാര്‍ധക്യത്തിനു മുമ്പുതന്നെ ഉദരരോഗം ബാധിച്ചു.

അവസാനകാലത്ത് സാമ്പത്തികമായി വളരെ പ്രയാസപ്പെട്ടു. 1976 ആഗസ്ത് 23ന് 64-ാം വയസ്സില്‍ മൂത്ത മകന്‍ സുഹൈറിന്റെ വിവാഹനിശ്ചയ ദിവസത്തില്‍ വക്കം അബ്ദുല്‍ഖാദര്‍ നിര്യാതനായി. ജനാസ പറവൂര്‍ തെക്കുംഭാഗം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.