കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിൽ മായാത്ത അധ്യായങ്ങൾ രചിച്ച ബഹുമുഖ പണ്ഡിതനായിരുന്നു എം സി സി അഹ്‌മദ് മൗലവി. അഗാധമായ പാണ്ഡിത്യവും ധീരമായ നിലപാടുകളും ചടുലമായ ഇടപെടലുകളും മഹിതമായ സേവന പ്രവർത്തനങ്ങളും അദ്ദേഹത്തിൻ്റെ സവിശേഷതയായിരുന്നു.
ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ഉമ്മു റാബിയയുടെയും മകനായി 1904 ജനുവരി നാലിന് പരപ്പനങ്ങാടിയിലാണ് ജനനം. പിതാവ് നേതൃത്വം നൽകിയ വാഴക്കാട് ദാറുൽ ഉലൂമിൽ 1913 ൽ സഹോദരൻ എം സി സി അബ്‌ദുറഹ്‌മാൻ മൗലവിയോടൊപ്പം അദ്ദേഹവും വിദ്യാർഥിയായി ചേർന്നു.