- ഖുര്‍ആന്‍ പഠനത്തിന് സമയം കണ്ടെത്താത്തത് വലിയ നഷ്ടം
കുവൈത്ത് സിറ്റി: മനുഷ്യരുടെ കൈകടത്തല്‍ ഇല്ലാതെ വിശുദ്ധ ഖുര്‍ആന്‍ നൂറ്റാണ്ടുകള്‍ അതിജീവിച്ചുകൊണ്ടിരിക്കുകയാണെന്നും ഖുര്‍ആന്‍ പഠനത്തിനും ചര്‍ച്ചയ്ക്കും സമയം കണ്ടെത്താത്തത് വലിയ നഷ്ടത്തിലെത്തിക്കുമെന്നും കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനം അഭിപ്രായപ്പെട്ടു.
ഇഖ്‌റഅ് ദ്വൈമാസ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം നൂറുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഫൈസല്‍ ചക്കരക്കല്ല് മുഖ്യ പ്രഭാഷണം നടത്തി. ജ്ഞാനവിസ്മയങ്ങളുടെ ലോകത്ത് ആഴത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട പുതുവിവരങ്ങളുടെ സര്‍വ്വ വിജ്ഞാനകോശമാണ് വിശുദ്ധ ഖുര്‍ആണെന്ന് അദ്ദേഹം പറഞ്ഞു.
വിവരസാങ്കേതിക വിദ്യകള്‍ വളര്‍ച്ചയുടെ അത്യുന്നതി പ്രാപിച്ച ഇക്കാലത്തുപോലും ഖുര്‍ആന്‍ സ്പര്‍ശിക്കാതെ പോയ വിജ്ഞാനശാഖകള്‍ കണ്ടെത്തുക അസാധ്യമാണ്. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു.
ജന. സെക്രട്ടറി മനാഫ് മാത്തോട്ടം, സെക്രട്ടറി ഷാനിബ് പേരാമ്പ്ര, അഷ്‌റഫ് മേപ്പയ്യൂര്‍, ഐമന്‍ നിമീഷ് പ്രസംഗിച്ചു.