വെറുപ്പു വിതയ്ക്കുന്ന പ്രവണതകളെ ഖുര്‍ആന്‍ നിരാകരിക്കുന്നു

വെബ് ഡെസ്ക്

  • വെളിച്ചം സംസ്ഥാന സംഗമം ഈരാറ്റുപേട്ടയില്‍ സമാപിച്ചു

ഈരാറ്റുപേട്ട: മനുഷ്യരെ വിഭജിച്ച് വെറുപ്പ് വിതയ്ക്കുന്ന പ്രവണതകളെ ഖുര്‍ആന്‍ ശക്തമായി എതിര്‍ക്കുന്നുവെന്നും പരസ്പര സ്‌നേഹത്തിനും ആദരവിനും ഖുര്‍ആന്‍ പ്രചോദനം നല്‍കുന്നുവെന്നും ഈരാറ്റുപേട്ടയില്‍ നടന്ന വെളിച്ചം ഖുര്‍ആന്‍ സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടു. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കനുസരിച്ച് ഖുര്‍ആനിനെ വ്യാഖ്യാനിച്ച് സമൂഹത്തെ തെറ്റിലേക്ക് നയിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണം. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹിക നവോത്ഥാനത്തിന് ഖുര്‍ആന്‍ പഠനം വഴിതെളിക്കും.

തിന്മകള്‍ക്കെതിരെ നന്മയുടെ വെളിച്ചം തെളിക്കാന്‍ ആധുനിക കാലത്ത് ഖുര്‍ആന്‍ പഠനം കൊണ്ട് സാധിക്കുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി എം അഹ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ മുഖ്യാതിഥിയായി. സി എം മൗലവി പ്രസംഗിച്ചു.

മുഹമ്മദ് സക്കീര്‍ പുസ്തക പ്രകാശനം നിര്‍വഹിച്ചു. വിവിധ വിഷയങ്ങളില്‍ നടന്ന പഠനസമ്മേളനത്തില്‍ കെ എന്‍ സുലൈമാന്‍ മദനി, സല്‍മ അന്‍വാരിയ്യ, നൗഷാദ് കാക്കവയല്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സമാന്തര വേദിയില്‍ ബാലസംഗമവും നടന്നു. മെഗാ ക്വിസ് പ്രേക്ഷകരെ ആകര്‍ഷിച്ചു.

ഹിഫ്‌ള് മത്സരത്തോടെയാണ് സംഗമം ആരംഭിച്ചത്. സമാപന സമ്മേളനം ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. വെളിച്ചം 21-ാം ഘട്ടം സുഹ്‌റ അബ്ദുല്‍ഖാദര്‍ ലോഞ്ച് ചെയ്തു. ബാലവെളിച്ചം ടി പി ഹുസൈന്‍കോയ പ്രകാശനം ചെയ്തു. വിവിധ പുരസ്‌കാരങ്ങളും സംഗമത്തില്‍ വിതരണംചെയ്തു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്