- എഴുത്തില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് സര്‍ഗാത്മകത വികസിപ്പിക്കാന്‍ വഴിയൊരുക്കി എം ജി എം ‘മെയ്‌സം’ എഴുത്ത് ശില്‍പ്പശാല
കോഴിക്കോട്: പെണ്ണെഴുത്തിന്റെ സാന്നിധ്യവും സ്വാധീനവും സ്ത്രീ ശാക്തീകരണ രംഗത്ത് കൂടുതല്‍ കരുത്ത് നല്‍കുമെന്ന് എം ജി എം സംസ്ഥാന സമിതി വനിതകള്‍ക്കായി സംഘടിപ്പിച്ച 'മെയ്‌സം'എഴുത്ത് ശില്‍പ്പശാല അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെ സര്‍ഗാത്മക എഴുത്തിനെ പ്രോല്‍സാഹിപ്പിക്കുകയും പുതിയ എഴുത്തുകാരികളെ കണ്ടെത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രതിനിധികള്‍ പങ്കെടുത്തു.
സ്ത്രീകളുടെ അനുഭവങ്ങളും ചിന്തകളും സ്വപ്‌നങ്ങളും സാമൂഹിക ഇടപെടലുകളും സാഹിത്യത്തിലൂടെ അടയാളപ്പെടുത്തുന്നതിനുമായി വലിയ തോതിലുള്ള പിന്തുണയും അറിവുമാണ് ശില്‍പശാലയില്‍ നിന്ന് നേടിയത്.
എഴുത്തിന്റെ ലോകത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന നിരവധി വനിതകള്‍ക്ക് തങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ തിരിച്ചറിയാനും വികസിപ്പിക്കാനും ശില്‍പശാല അവസരമൊരുക്കി. ശില്‍പശാല യുവത ബുക്‌സ് സി ഇ ഒ ഹാറൂന്‍ കക്കാട് ഉദ്ഘാടനം ചെയ്തു.
മറിയക്കുട്ടി സുല്ലമിയ്യ അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ മുഖ്ദാര്‍ ഉദരംപൊയില്‍, നൂറ കോട്ടക്കല്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. റുക്‌സാന വാഴക്കാട്, അഫീഫ പുനൂര്‍, സഫൂറ തിരുവണ്ണൂര്‍, സി എം അസ്മ താനൂര്‍, ഡോ. രഹന വയനാട്, സമീറ കോഴിക്കോട് വിവിധ സെഷനുകളില്‍ പ്രസംഗിച്ചു.
