- സ്വകാര്യ മേഖലയിലെ ശാരീരിക പരിമിതിയുള്ള മികച്ച ജീവനക്കാരി, ശ്രവണപരിമിതിയുള്ള ജീവനക്കാരന്‍ അവാര്‍ഡുകളും എബിലിറ്റിക്ക്
പുളിക്കല്‍: കേരള സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ 2025ലെ മികച്ച ഭിന്നശേഷി സൗഹൃദ സ്ഥാപനത്തിനുള്ള സംസ്ഥാന അവാര്‍ഡ്, സ്വകാര്യമേഖലയിലെ ശാരീരിക പരിമിതിയുള്ള മികച്ച ജീവനക്കാരി, സ്വകാര്യമേഖലയിലെ ശ്രവണപരിമിതിയുള്ള ജീവനക്കാരന്‍ എന്നീ വിഭാഗങ്ങള്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ എബിലിറ്റി ഫൗണ്ടേഷന് ലഭിച്ചു.
കാഴ്ച, കേള്‍വി, ചലന പരിമിതി, മാനസിക വെല്ലുവിളി നേരിടുന്നവരുടെ വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, പുനരധിവാസം എന്നീ മേഖലകളില്‍ 16 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ് എബിലിറ്റി. ഭിന്നശേഷിക്കാര്‍ക്ക് പ്രാപ്യമായ രീതിയില്‍ രൂപകല്പന ചെയ്തിരിക്കുന്ന കേന്ദ്രമാണ് എബിലിറ്റി കാമ്പസ്.
എല്ലാ കെട്ടിടങ്ങളും വീല്‍ചെയര്‍ സൗഹൃദവും കാഴ്ചാ പരിമിതര്‍ക്കും ചലന പരിമിതര്‍ക്കും നടക്കാന്‍ ക്യാമ്പസിലുടനീളം വീല്‍ചെയര്‍ പാത, റാംപ്, ലിഫ്റ്റ്, ഹാന്‍ഡ് റെയില്‍സ്, കാഴ്ച പരിമിതരായവര്‍ക്കു വേണ്ടി ബ്രയില്‍ ലിപിയില്‍ ഡിസൈന്‍ ചെയ്ത സൈന്‍ ബോര്‍ഡ്, ഭിന്നശേഷി സൗഹൃദ പ്രോട്ടോകോള്‍ അനുസരിച്ച ശുചിമുറികള്‍, പാര്‍ക്കിംഗ് ഡിസ്‌പ്ലേ ബോര്‍ഡുകള്‍, ഭിന്നശേഷി സൗഹൃദ പാര്‍ക്കിംഗ് സൗകര്യം തുടങ്ങി അനവധി സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് മികച്ച ഭിന്നശേഷി സൗഹൃദ സ്ഥാപനം എന്ന സംസ്ഥാന അവാര്‍ഡ് എബിലിറ്റിയെ തേടിയെത്തിയത്.
സ്വകാര്യ മേഖലയിലെ ശാരീരിക പരിമിതിയുള്ള മികച്ച ജീവനക്കാരിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ഫൗസിയ സി പി എബിലിറ്റി അഡ്മിന്‍ ഓഫീസിലെ ഗ്രാഫിക് ഡിസൈനര്‍ കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററും ഫ്രണ്ട് ഓഫീസ് സ്റ്റാഫുമാണ്. ശ്രവണ പരിമിതര്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന എബിലിറ്റി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ കെ അനില്‍കുമാറാണ് ശ്രവണ പരിമിതരിലെ മികച്ച ജീവനക്കാരനുള്ള അവാര്‍ഡിന് അര്‍ഹനായത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഫിലിയേഷനോട് കൂടി ശ്രവണ പരിമിതര്‍ക്ക് മാത്രമായുള്ള ഏക കോളേജ് ആണ് എബിലിറ്റി കോളേജ്. ഇത് മൂന്നാം തവണയാണ് എബിലിറ്റിക്ക് സംസ്ഥാന അവാര്‍ഡ് ലഭ്യമാവുന്നത്.
