പാഠപുസ്തകങ്ങളില്‍ ലഹരിവിരുദ്ധ ബോധവത്കരണത്തിന് ഊന്നല്‍ നല്‍കുക

വെബ് ഡെസ്ക്

ലഹരിക്കെതിരായ ബോധവത്കരണത്തിന് ഊന്നല്‍ നല്‍കി സ്‌കൂള്‍- മദ്‌റസ പാഠപുസ്തകങ്ങളില്‍ ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്തണം.

കോഴിക്കോട്: പുതുതലമുറയില്‍ ലഹരി ഉപയോഗവും അനുബന്ധ കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിന് ഊന്നല്‍ നല്‍കി സ്‌കൂള്‍- മദ്‌റസ പാഠപുസ്തകങ്ങളില്‍ ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്തണമെന്ന് കോഴിക്കോട്ട് നടന്ന സി ഐ ഇ ആര്‍ സംസ്ഥാന മദ്‌റസ അധ്യാപക സമ്മേളനം ആവശ്യപ്പെട്ടു.

കുട്ടികള്‍ ലഹരിയിലേക്ക് വഴുതിപ്പോകുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കി ജീവിത സുരക്ഷ ഉറപ്പുവരുത്താന്‍ മാതാപിതാക്കള്‍, അധ്യാപകര്‍, ഭരണകൂട സംവിധാനങ്ങള്‍ എന്നിവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. ഒരു വശത്ത് ലഹരി വിരുദ്ധ ബോധവത്കരണങ്ങള്‍ അഭംഗുരം തുടരുകയും മറുവശത്ത് മദ്യം ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങളുടെ ലഭ്യത ഉദാരമാക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം.

കേരളത്തില്‍ സമ്പൂര്‍ണ മദ്യ-ലഹരി നിരോധനം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. സി ഐ ഇ ആര്‍ ചെയര്‍മാന്‍ ഡോ. ഐ പി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. എന്‍ എം അബ്ദുല്‍ജലീല്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡോ. ഇ കെ അഹമ്മദ്കുട്ടി, കെ പി സകരിയ്യ, അഡ്വ. പി മുഹമ്മദ് ഹനീഫ് എന്നിവര്‍ അധ്യാപകരെ ആദരിച്ചു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍, അബ്ദുല്‍ഗഫൂര്‍ തിക്കോടി, അബ്ദുല്‍ എസ് പി, ഉസാമ അബ്ദുല്‍ജബ്ബാര്‍, ടി ടി ഫിറോസ്, ജുനൈസ് മുണ്ടേരി, അബ്ദുല്‍ വഹാബ് നന്മണ്ട പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

സമാപന സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹീം പാലത്ത് അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. കെ ടി അന്‍വര്‍ സാദത്ത് പ്രതിഭാ അവാര്‍ഡുകള്‍ വിതരണം ചെയ്തു. വിചാരം അവാര്‍ഡുകള്‍ എം ജി എം പ്രസിഡന്റ് സല്‍മ അന്‍വാരിയ്യ, ഐ ജി എം പ്രസിഡന്റ് ജിദ മനാല്‍ എന്നിവരും രചന അവാര്‍ഡുകള്‍ എം എസ് എം പ്രസിഡന്റ് ജസിന്‍ നജീബും വിതരണം ചെയ്തു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്