മാനവികതയിലൂന്നിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ സൗഹാര്‍ദാന്തരീക്ഷം വീണ്ടെടുക്കണം

വെബ് ഡെസ്ക്

  • സി ഐ ഇ ആര്‍ സില്‍വര്‍ ജൂബിലി പ്രഖ്യാപന സമ്മേളനവും പ്രതിഭാ സംഗമവും കോഴിക്കോട്ട് സംഘടിപ്പിച്ചു

കോഴിക്കോട്: വിദ്വേഷ പ്രചാരണങ്ങളിലൂടെ സമകാലിക സാമൂഹികാന്തരീക്ഷം കലുഷിതമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാനവികതയിലൂന്നിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ സൗഹൃദത്തിന്റെ പൈതൃകം വീണ്ടെടുക്കാന്‍ മതസംഘടനകള്‍ തയ്യാറാകണമെന്ന് എഴുത്തുകാരന്‍ പി കെ പാറക്കടവ് അഭിപ്രായപ്പെട്ടു.

മതവിദ്യാഭ്യാസ രംഗത്ത് കാലോചിതമായ പരിഷ്‌കരണങ്ങള്‍ക്ക് നാന്ദി കുറിച്ച സി ഐ ഇ ആര്‍ സംഘടിപ്പിച്ച സില്‍വര്‍ ജൂബിലി പ്രഖ്യാപന സമ്മേളനവും പ്രതിഭാ സംഗമവും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പദ്ധതികള്‍ക്ക് സമ്മേളനം രൂപം നല്‍കി.

സംസ്ഥാന തലത്തില്‍ ഏറ്റവും മികവ് പുലര്‍ത്തിയ ദാറുദ്ദഅ്‌വ മദ്‌റസ വാഴക്കാട്, മദ്‌റസതുസ്സുബ്ഹാന്‍ അകമ്പാടം, മിശ്കാത്തുല്‍ ഉലൂം മദ്‌റസ കല്ലായി എന്നിവയ്ക്ക് ഈ വര്‍ഷത്തെ മികച്ച മദ്‌റസകള്‍ക്കുള്ള എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്‍കി. പ്രതിഭ പരീക്ഷ എഴുതി വിജയിച്ച 36 വിദ്യാര്‍ഥികള്‍ക്ക് പ്രതിഭ അവാര്‍ഡ് സമ്മാനിച്ചു.

ഉമ്മമാര്‍ക്ക് നടത്തിയ വിചാരം വിജ്ഞാന പരീക്ഷയില്‍ മികച്ച വിജയം നേടിയ 20 മാതാക്കളെ ആദരിച്ചു. കയ്യെഴുത്ത് മാഗസിന്‍ മത്സരത്തില്‍ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ 10 മദറസകള്‍ക്ക് രചന അവാര്‍ഡ് നല്‍കി ആദരിച്ചു.

കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി അവാര്‍ഡുകള്‍ വിതരണം ചെയ്തു. സി ഐ ഇ ആര്‍ ചെയര്‍മാന്‍ ഡോ. ഐ പി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.

ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. കെ ടി അന്‍വര്‍ സാദത്ത്, എം എസ് എം സംസ്ഥാന പ്രസിഡന്റ് ഫഹീം പുളിക്കല്‍, എം ജി എം സംസ്ഥാന ഭാരവാഹി സഫൂറ തിരുവണ്ണൂര്‍, സാഹിത്യകാരന്‍ റഷീദ് പരപ്പനങ്ങാടി, കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് എം ടി അബ്ദുല്‍ ഗഫൂര്‍, സി ഐ ഇ ആര്‍ കണ്‍വീനര്‍ എ ടി ഹസന്‍ മദനി, വൈസ് ചെയര്‍മാന്‍ ഇബ്‌റാഹീം പാലത്ത്, സെക്രട്ടറി കെ അബ്ദുല്‍ വഹാബ് പ്രസംഗിച്ചു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്