കൗമാരക്കാര്‍ നടത്തുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും അവയുടെ തീവ്രത മനുഷ്യര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതായിത്തീരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുമായി നിരന്തരം ബന്ധപ്പെടുകയും കൗമാരക്കാരെ ആഴത്തില്‍ വീക്ഷിക്കുകയും ചെയ്യുന്നവര്‍ മലയാളിയുടെ ആശങ്കകളോട് പ്രതികരിക്കുന്നു.
കുറച്ചു ദിവസങ്ങളായി കേരളീയ സമൂഹത്തിലെ മത-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്ത് നടന്നുവരുന്ന ചര്‍ച്ചകള്‍ വളരെ ഗൗരവമുള്ള വിഷയമാണ് മുന്നോട്ടുവെക്കുന്നത്. സമൂഹത്തെ, പ്രത്യേകിച്ച് പുതിയ തലമുറയെ സംബന്ധിച്ച ആശങ്കകളാണ് ഇതില്‍ ഭൂരിഭാഗവും. കലാലയങ്ങളിലും വിദ്യാലയങ്ങളിലും അരങ്ങേറിയ റാഗിങുകള്‍, വിദ്യാര്‍ഥികള്‍ക്കിടയിലെ ചേരിതിരിഞ്ഞുള്ള അക്രമങ്ങള്‍, കൊലപാതകങ്ങള്‍, മയക്കുമരുന്ന് ഉപയോഗം എന്നിവയെല്ലാം സ്വാഭാവികമായും ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിരുന്നു.