ഇസ്ലാം മക്കക്കാര്‍ക്ക് വേണ്ടി മാത്രമുള്ള ദര്‍ശനമല്ലെന്നും പ്രവാചകന്‍ മുഹമ്മദ് (സ്വ) മക്കാ ദേശത്ത് മാത്രം പരിമിതനായ പ്രവാചകനല്ലെന്നും തിരിച്ചറിയുമ്പോഴാണ് ഹിജ്‌റ വിശ്വാസിക്ക് നിത്യപ്രചോദനമായി മാറുന്നത്.
ഇസ്ലാമിക ചരിത്രമെന്നത് ഭൂതകാലത്ത് കഴിഞ്ഞുപോയ എതാനും സംഭവവികാസങ്ങളുടെ അധ്യായങ്ങളല്ലെന്നും അവക്ക് കാലികമായി ലോകത്തോട് സംവദിക്കാന്‍ ശേഷിയുണ്ടെന്നും മനസ്സിലാക്കല്‍ വിശ്വാസിയുടെ ഉത്തരവാദിത്വമാണ്. ഇത് തിരിച്ചറിയുമ്പോഴാണ് പ്രവാചകന്റെ ഹിജ്‌റയും ജീവിതവുമെല്ലാം വിശ്വാസിക്ക് മാറ്റത്തിന്റെ പാഥേയമാകുന്നത്.
ചരിത്രത്തിലെ മറ്റെല്ലാ സംഭവങ്ങള്‍ക്കുമപ്പുറം സ്വഹാബത്ത് കാലഗണനയുടെ അടിസ്ഥാനമായി ഹിജ്‌റയെ നിശ്ചയിക്കാന്‍ എന്ത് പ്രത്യേകതയാണതിനുള്ളത്? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിക്കുക ഹിജ്‌റയുടെ സന്ദേശങ്ങളെ തിരിച്ചറിയുമ്പോഴാണ്. ഇസ്ലാം മക്കക്കാര്‍ക്ക് വേണ്ടി മാത്രമുള്ള ദര്‍ശനമല്ലെന്നും പ്രവാചകന്‍ മുഹമ്മദ് (സ്വ) മക്കാ ദേശത്ത് മാത്രം പരിമിതനായ പ്രവാചകനല്ലെന്നും മനസ്സിലാക്കുമ്പോഴാണ് ഹിജ്‌റ വിശ്വാസിക്ക് നിത്യപ്രചോദനമായി മാറുന്നത്.
വിശ്വാസിയിലുണ്ടായിരിക്കേണ്ട സ്വഭാവത്തെ കുറിച്ച അനേകം പാഠങ്ങള്‍ ഹിജ്റ പകര്‍ന്നു നല്‍കുന്നുണ്ട്.
ഈമാനും തവക്കുലും
ഇഹപര വിജയത്തിന്റെ മാനദണ്ഡമായി ഇസ്ലാമിനെ മനസിലാക്കുകയും അതനുസരിച്ച് നിലപാട് രൂപീകരിക്കുകയും ചെയ്യുമ്പോഴാണ് ഈമാന്‍ സാര്‍ഥകമാവുന്നത്. വിശ്വാസ കാര്യങ്ങളോട് അത്രയും ചേര്‍ന്നു നില്‍ക്കുന്ന ഗുണമാണ് തവക്കുല്‍. അതോടൊപ്പം വിശ്വാസിയുടെ തവക്കുല്‍ ജീവഗന്ധി കൂടിയാണ്. ഹിജ്‌റയിലൂടെ പ്രവാചകനും സ്വഹാബത്തും പകരുന്ന ഒന്നാമത്തെ സ്വഭാവഗുണമാണിത്.
സ്വബ്‌റും ഇസ്തിഖാമത്തും
ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനായി ഉറച്ചുനിന്ന് പ്രവര്‍ത്തിക്കലാണ് സ്വബ്ര്‍. സ്വബ്ര്‍ ഉള്‍ക്കൊണ്ട് ജീവിച്ചാല്‍ വിശ്വാസിയില്‍ ഉണ്ടാകുന്ന ഒന്നാണ് ഇസ്തിഖാമത്ത്. പ്രതിസന്ധികളും പ്രയാസങ്ങളുമെല്ലാം പരകോടി കടക്കുമ്പോഴും സ്വന്തം നാടിനോടും സ്വത്തിനോടും കുടുംബത്തോടുമെല്ലാം വിട പറയേണ്ടി വരുമ്പോഴും അല്ലാഹുവിന്റെ ദീനിനു വേണ്ടിയുള്ള പ്രവാചകന്റെയും സ്വഹാബത്തിന്റെയും നിലപാടാണ് സ്വബ്‌റിന്റെയും ഇസ്തിഖാമത്തിന്റെയും അടയാളങ്ങള്‍.
ഒരുമിച്ച് ഹിജ്‌റക്കൊരുങ്ങി പുറപ്പെട്ടിട്ടും വഴിമധ്യേ ബന്ധുജനങ്ങള്‍ കാരണത്താല്‍ തനിച്ച് ഹിജ്‌റ ചെയ്യേണ്ടി വന്ന അബൂ സലമയും, താന്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് മുഴുവനും ഇസ്ലാമിനു വേണ്ടി ത്യജിച്ച് എല്ലാം വിട്ടെറിഞ്ഞ് മദീനയെ ലക്ഷ്യമാക്കി നീങ്ങുന്ന സുഹൈബി റൂമിയുമെല്ലാം സ്വബ്‌റിനെയും ഇസ്തിഖാമത്തിനെയും പ്രചോദിപ്പിക്കുന്ന മാതൃകകളാണ്.
റജാഉം റഅബത്തും
വിജയത്തെ കുറിച്ചുള്ള അഭിലാഷവും പ്രതീക്ഷയുമാണിത്. ഹിജ്‌റ കേവലം ഒരു ഒളിച്ചോട്ടമായിരുന്നില്ല. മദീനയിലേക്കുള്ള വഴിയില്‍ ഖുറൈശികളുടെ സമ്മാനം മോഹിച്ച് നബിയെ പിടിക്കാന്‍ പുറപ്പെട്ട സുറാഖത്ബ്‌നു മാലികിനോടുള്ള റസൂലിന്റെ സന്ദേശം ഇവയുടെ പ്രഖ്യാപനമാണ്.
അല്ലാഹുവിനെയും തന്റെ ആടുകളെ പിടികൂടുന്ന ചെന്നായയെയുമല്ലാതെ മറ്റൊന്നിനെയും ഭയക്കാതെ സന്‍ആ മുതല്‍ ഹദര്‍മൗത്ത് വരെ ഒരു യാത്രക്കാരന് നിര്‍ഭയമായി സഞ്ചരിക്കാന്‍ കഴിയുന്ന സാഹചര്യം സംജാതമാകുമെന്ന് പ്രവാചകന്‍ പ്രഖ്യാപിക്കുന്നുണ്ട്. അഭയാര്‍ഥിയായി യാത്ര തിരിച്ച വ്യക്തിക്ക് ഇങ്ങനെ ഒരു കാലത്തെകുറിച്ച് പ്രവചിക്കാനാവില്ല. മറിച്ച് നിര്‍ണിതമായ ലക്ഷ്യത്തിലേക്ക് തികവുള്ള ആസൂത്രണത്തോടെ യാത്ര തിരിച്ച വിജയിയുടേതാണ് ആ വര്‍ത്തമാനങ്ങള്‍.
ജീവിത ദൗത്യത്തെക്കുറിച്ചുള്ള ബോധത്തെ വിസ്മരിപ്പിക്കുന്ന എല്ലാ ഇസങ്ങളെയും നിരാകരിക്കുക. ബിംബങ്ങളെ തച്ചുടക്കുക. സ്വയം ശുദ്ധീകരിക്കുക. ഹിജറയിലൂടെ പ്രവാചകനും അനുചരന്മാരും വഴി നടത്തിയ പാതയിലൂടെ സഞ്ചരിക്കുക.
വിശ്വാസിയുടെ ഹൃദയത്തില്‍ സ്ഥാപിതമാവേണ്ട സ്വഭാവഗുണങ്ങളാണ് മേല്‍ പരാമര്‍ശിച്ചത്. അഥവാ നമ്മുടെ ഈമാനെന്നത്, ലാഇലാഹ എന്ന കലിമത്ത് തൗഹീദെന്നത് ജീവിതാവസ്ഥകളില്‍ വേണമെങ്കില്‍ ആചരിച്ചും അല്ലെങ്കില്‍ ഒഴിവാക്കിയും കൊണ്ടുപോകാവുന്നതായ ഒന്നല്ല. നമ്മുടെ പ്രാണവായുവിനെക്കാളും പ്രധാനമാണത്.
ജീവിത ദൗത്യത്തെക്കുറിച്ചുള്ള യാഥാര്‍ഥ്യബോധത്തെ വിസ്മരിപ്പിക്കുന്ന എല്ലാ ഇസങ്ങളെയും നിരാകരിക്കുക. ബിംബങ്ങളെ തച്ചുടക്കുക. സ്വയം ശുദ്ധീകരിക്കുക. ഹിജറയിലൂടെ പ്രവാചകനും അനുചരന്മാരും വഴി നടത്തിയ പാതയിലൂടെ സഞ്ചരിക്കുക. നിശ്ചയമായും ആ പാത സ്വര്‍ഗ്ഗത്തിലേക്കുള്ളതാകുന്നു.