ഗസ്സയിലെ മനുഷ്യരെ പട്ടിണിക്കിട്ടു കൊല്ലുമ്പോള്‍ നാം എന്തുമാത്രം നിസ്സംഗരാണ്!


മനസ്സിലെ കാരുണ്യം എന്ന വികാരം മഹാപ്രവാഹമായി ഒഴുകുമ്പോഴാണ് പട്ടിണിപ്പാവങ്ങളുടെ മുമ്പില്‍ അപ്പമെത്തിക്കാന്‍ നമുക്കാകുന്നത്. വിശക്കുന്നവന് ആഹാരം നല്‍കാന്‍ കഴിയുക എന്നതാണ് ലോകത്തെ ഏറ്റവും മഹത്വമേറിയ കാര്യം.

നാളുകളേറെയായി ഗസ്സയനുഭവിക്കുന്ന അതിജീവനത്തിനും പ്രതിരോധത്തിനുമിടയിലും അവിടുത്തെ കുഞ്ഞുങ്ങള്‍ വെളുത്തു തുടുത്ത മുഖമുള്ള സുന്ദരന്മാരും സുന്ദരികളും ആയിരുന്നു. എന്നാല്‍ ഇന്ന് പട്ടിണിയുടെയും വേദനയുടെയും കഷ്ടതകളില്‍പ്പെട്ട് എല്ലും തോലുമായ മനുഷ്യരൂപങ്ങള്‍ മാത്രമായിരിക്കുന്നു അവര്‍. ഇതുവരെ (09.08.2025) പട്ടിണി മരണം 212 ആയി. അതില്‍ 98 പേര്‍ കുഞ്ഞുങ്ങളാണ്.

മാധ്യമങ്ങളിലൂടെ നമ്മുടെ മുന്നിലേക്ക് എത്തുന്ന ആ ദൈന്യ രൂപങ്ങളെ ഉള്ളുലയ്ക്കുന്ന വേദനയോടെയും ഒഴുകുന്ന കണ്ണീരോടെയും നിശ്ശബ്ദ പ്രാര്‍ത്ഥനയോടെയും അല്ലാതെ നമുക്കു കാണാനാകുന്നില്ല. ഒരു നിമിഷത്തെ കാഴ്ചയിലും ഒരു മിനിറ്റിന്റെ വായനയിലും നമ്മുടെ കണ്ണുകള്‍ സജലങ്ങളാവുകയും നമ്മുടെ ഹൃദയങ്ങള്‍ പിടയ്ക്കുകയും ചെയ്യുന്നു എങ്കില്‍ ആ മക്കളെ മാറോട് ചേര്‍ത്ത് കണ്ണിലേക്കുറ്റുനോക്കുന്ന, മനസ്സും വയറും ഒരുപോലെ ശൂന്യമായ, കണ്ണീരും മുലപ്പാലും വറ്റിപ്പോയ ആ മാതാക്കളുടെ വേദനയുടെ ആഴമെത്രയായിരിക്കും?

വിശപ്പും ദാഹവും കോപവും സന്തോഷവുമെല്ലാം അദൃശ്യമെങ്കിലും മറ്റു ദൃശ്യ യാഥാര്‍ഥ്യങ്ങളെക്കാള്‍ നമ്മെ ബാധിക്കുന്നുണ്ട്. ദൃശ്യയോഗ്യമായ ഒന്നിനെയും കണ്ണടച്ചാല്‍ കാണാനാവില്ല. നമുക്ക് കിട്ടിയില്ലെങ്കിലും നാം കണ്ടില്ലെങ്കിലും പലതും അങ്ങനെ നമുക്ക് വേണ്ടെന്നു വയ്ക്കാം. എന്നാല്‍, കണ്ണടച്ചാലും വിശപ്പകറ്റാനാവില്ല.

ഈ ലോകത്ത് ഏറ്റവും ശക്തമായ വികാരമാണ് വിശപ്പ്. വിശപ്പിന്റെ തീവ്രതയിലാണ് നാം മറ്റെല്ലാ വികാരങ്ങളെയും തിരിച്ചറിഞ്ഞത്. മാതാവിന്റെ സ്‌നേഹവും അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും തിരിച്ചറിഞ്ഞ നമ്മള്‍ ദേഷ്യപ്പെട്ടതും സങ്കടപ്പെട്ടതും കരഞ്ഞതും വിശപ്പിനാലാണ്. വിശപ്പു മാറിയപ്പോഴാണ് നാം സന്തോഷവും സംതൃപ്തിയും അനുഭവിച്ചത്.

റമദാനിന്റെ പകലില്‍ ഭക്ഷണം ഉപേക്ഷിച്ചപ്പോഴും പട്ടിണിപ്പാവങ്ങളുടെ നൊമ്പരം അറിഞ്ഞപ്പോഴും നമുക്ക് സന്തോഷവും സംതൃപ്തിയും നല്‍കിയത് നോമ്പ് തുറക്കുമ്പോഴുള്ള രുചികരമായ ഭക്ഷ്യവസ്തുക്കളെ കുറിച്ചുള്ള വിചാരമാണ്. അങ്ങനെയൊന്ന് പ്രതീക്ഷിക്കാന്‍ ഇല്ലാത്തവരുടെ വേവലാതിയും സങ്കടവും എത്രയായിരിക്കും?

നമ്മുടെ മനസ്സിലെ കാരുണ്യം എന്ന വികാരം മഹാപ്രവാഹമായി ഒഴുകുമ്പോഴാണ് പട്ടിണിപ്പാവങ്ങളുടെ മുമ്പില്‍ അപ്പമെത്തിക്കാന്‍ നമുക്കാകുന്നത്. വിശക്കുന്നവന് ആഹാരം നല്‍കാന്‍ കഴിയുക എന്നതാണ് ലോകത്തെ ഏറ്റവും മഹത്വമേറിയ കാര്യം.

എന്നാല്‍ ഒരു നാട് ഒന്നടങ്കം വിശന്നു മരിക്കുന്ന ലോകത്തിലെ ഒരേയൊരു ഇടമായി ഗസ്സ മാറിയിരിക്കുന്നു. ആഫ്രിക്കയിലെ സോമാലിയയിലും മറ്റു പലയിടങ്ങളിലും, ഇന്ത്യാ മഹാരാജ്യത്തും വിശക്കുന്നവരെയും പട്ടിണിപ്പാവങ്ങളെയും നമുക്ക് കാണാനാകും. എന്നാല്‍ ആ രാജ്യത്തുള്ളവരെല്ലാവരും ഒരേപോലെ വിശന്നിരിക്കുന്നവരായി കാണുന്നില്ല. എന്നാല്‍ ഗസ്സയിലുള്ളവരെല്ലാം ഒരുപോലെ വിശന്നുപൊരിയുകയാണ്.

ഒരു കപ്പ് വെള്ളത്തിനും ഒരു കഷണം അപ്പത്തിനും ഏറ്റവും വലിയ വില കൊടുക്കേണ്ട ഇടമായി ഗസ്സ മാറിയിരിക്കുന്നു. അവരുടെ ദൈന്യതയും കണ്ണീരും കണ്ടിട്ടും മനുഷ്യത്വം മരവിച്ചവരായി ലോക ജനത മുഴുവനും മൗനത്തിലാണ്ടു പോയതെന്തേ? മനുഷ്യാവകാശ ലംഘനത്തിന്റെ എല്ലാ അതിര്‍ത്തികളും ഭേദിക്കപ്പെട്ട കാഴ്ചകള്‍ കണ്ടിട്ടും നമ്മുടെ മനസ്സ് പിടയ്ക്കാത്തതെന്തേ?

ഇസ്രയേലിന്റെ ബോംബാക്രമണവും വൈദ്യുതി വിഛേദവും കുടിവെള്ളത്തിന്റെ അപര്യാപ്തതയും മരുന്നുകളുടെ അഭാവവുമെല്ലാം ഫലസ്തീന്‍ ജനതയുടെ അനന്തമായ ദുരിതത്തിന്റെ തുടര്‍ച്ചയാണ്. അതില്‍ ഏറ്റവും ഭീകരവും പ്രതീക്ഷയറ്റതുമായ കടുത്ത വേദനയായി മാറിയിരിക്കുന്നു വിശപ്പിന്റെ കാഠിന്യം. അവരുടെ വേദനയും സങ്കടങ്ങളും നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കുന്നില്ലെങ്കില്‍ നമ്മുടെ കനത്ത നിശ്ശബ്ദതക്കും നിസ്സംഗതക്കും മുമ്പില്‍ അല്ലാഹു ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്:

أرأيت الذي يكذب بالدين .فذلك الذي يدع اليتيم .ولا يحض على طعام المسكين

മതനിഷേധിയെ നീ കണ്ടുവോ? അതായത് അനാഥയെ ആട്ടിയകറ്റുന്നവനും ഗതിമുട്ടിയ പാവങ്ങളുടെ ഭക്ഷണ കാര്യത്തില്‍ പ്രോത്സാഹനം നല്‍കാത്തവനും ആകുന്നു അവന്‍. 'അങ്ങനെയുള്ളവര്‍ നമസ്‌കരിച്ചിട്ടെന്ത്? അവര്‍ക്കാകുന്നു നാശം. ഈ ഒരവസ്ഥയെ നാം ഭയക്കേണ്ടതില്ലേ?

മാത്രമല്ല സൂറഃ മുദ്ദസ്സില്‍ 42 മുതല്‍ 46 വരെയുള്ള ആയത്തുകളില്‍ സ്വര്‍ഗാവകാശികള്‍ നരകാവകാശികളോട് 'നിങ്ങള്‍ സഖര്‍ (നരകത്തില്‍) പ്രവേശിക്കാനുള്ള കാരണം എന്ത് എന്ന് ചോദിക്കുമ്പോള്‍ അവരുടെ മറുപടി,1. ഞങ്ങള്‍ നമസ്‌കരിക്കാറുണ്ടായിരുന്നില്ല, 2. ഞങ്ങള്‍ ഗതിമുട്ടിയ പാവങ്ങള്‍ക്ക് ആഹാരം നല്‍കാറുണ്ടായിരുന്നില്ല, 3. തോന്നിയവാസത്തില്‍ മുഴുകുന്നവരോടൊപ്പം ഞങ്ങളും മുഴുകുമായിരുന്നു എന്നായിരുന്നു.

ഈയൊരു അവസ്ഥയിലൂടെയാണ് നാം കടന്നു പോകുന്നത്. ഭക്ഷണത്തിന് ക്യൂ നില്‍ക്കുന്നവരെ വെടിവെച്ചു കൊല്ലുന്ന സയണിസ്റ്റ് ക്രൂരതക്ക് സമാനതകളില്ലെന്നിരിക്കെ, ഇതൊന്നും നമ്മെ ബാധിക്കുന്നതല്ല എന്ന കടുത്ത നിസ്സംഗതയിലേക്കെത്തിയിരിക്കുന്നു ഒട്ടുമിക്ക മനുഷ്യരും. തന്നിഷ്ടത്തിലും തോന്നിയവാസത്തിലും അതിരുവിട്ട ആഘോഷങ്ങളിലും ആര്‍ഭാടങ്ങളിലും അഭിരമിക്കുകയാണ്, വിശ്വാസികളും അവിശ്വാസികളുമായ പല ഭരണാധികാരികളും.

നമുക്ക് കൊടുക്കാനാകുന്നില്ലെങ്കില്‍ കൊടുക്കാന്‍ കഴിയുന്നവരെ അതിന് പ്രേരിപ്പിക്കാന്‍ നാം പരിശ്രമിക്കാത്തത്തതെന്ത് എന്ന അല്ലാഹുവിന്റെ ചോദ്യം, നിസ്സംഗത പോലും നരക പ്രവേശത്തിന് കാരണമാകുന്നതാണ് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതല്ലേ? മാത്രമല്ല, അധ്വാനവും പരിശ്രമവും ഇല്ലാത്ത അലസ ജീവിതത്തിനുമപ്പുറം മലമ്പാതകള്‍ താണ്ടിക്കടക്കേണ്ടുന്ന തീവ്രമായ ത്യാഗത്തിന്റെ മാര്‍ഗങ്ങളെ (90:11) നിങ്ങള്‍ അവലംബിക്കാത്തതെന്തേ എന്നും ഖുര്‍ആന്‍ ചോദിക്കുന്നു.

ഫലസ്തീനികളുടെ വേദനയും സങ്കടങ്ങളും നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കുന്നില്ലെങ്കില്‍ നമ്മുടെ കനത്ത നിശ്ശബ്ദതക്കും നിസ്സംഗതക്കും നേരെ അല്ലാഹുവിന്റെ ഗൗരവപ്പെട്ട ചില ചോദ്യങ്ങള്‍ ഉണ്ട്.

അതില്‍ പറഞ്ഞ കാര്യങ്ങളില്‍ ഒന്ന് അടിമ മോചനവും രണ്ടാമത്തേത് കൊടും പട്ടിണിയുടെ നാളില്‍ അടുത്ത ബന്ധുവായ അനാഥക്കും കടുത്ത ദാരിദ്ര്യം പേറുന്ന അഗതിക്കും ആഹാരം കൊടുക്കുക എന്നതാണെങ്കില്‍ ആ മലമ്പാത താണ്ടിക്കടക്കാന്‍ കാലദേശാതിര്‍ത്തികള്‍ അല്ലാഹു നിശ്ചയിച്ചിട്ടില്ല എന്നു കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. അതാകാം ഈജിപ്ഷ്യന്‍ ജനത അവര്‍ക്ക് സാധ്യമാകുന്നതുപോലെ കുപ്പികളിലും മറ്റും ഭക്ഷ്യവസ്തുക്കള്‍ നിറച്ച് കടലിലൂടെയൊഴുക്കാന്‍ കാരണം. ലോകത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങി ഗസ്സയ്ക്കു വേണ്ടി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതു നാം കണ്ടുകൊണ്ടിരിക്കുന്നു.

സൂറഃ ഇന്‍സാനിലെ 9,10 ആയത്തുകളില്‍ ''ദൈവപ്രീതി മാത്രം കാംക്ഷിച്ച് അനാഥക്കും പാവപ്പെട്ടവനും ബന്ധനസ്ഥനും ഭക്ഷണം നല്‍കുകയും 'അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത്, നിങ്ങളുടെ പക്കല്‍ നിന്ന് യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല' എന്നു പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തു സ്വര്‍ഗാവകാശികളായി തീര്‍ന്നിട്ടുള്ളവരെയും മനസ്സിലാക്കി തരുന്നുണ്ട്.

ജീവിതത്തിന്റെ ലക്ഷ്യം സ്വര്‍ഗമായിരിക്കെ അതിനു വേണ്ട പരിശ്രമം ഇവിടെയാണ് നടക്കേണ്ടത്. അല്ലാഹുവിനെയല്ലാതെ മറ്റാരെയാണ് നാം ഭയപ്പെടുന്നത്? ''തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു. അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേയില്ലെന്ന് അവന്‍ വിചാരിക്കുന്നുണ്ടോ?''

ഗസ്സയിലെ പട്ടിണിപ്പാവങ്ങളെക്കാള്‍ നാം ഓരോരുത്തരും മറുപടി പറയേണ്ടുന്ന ഏറ്റവും വലിയ പരീക്ഷണമാണിത് എന്നു പറയാതെ വയ്യ. ഈ മൗനവും അലസതയും എവിടം വരെയെത്തും എന്നാണോ, അല്ലാഹു നോക്കിക്കൊണ്ടിരിക്കുന്നത്?

قل اللهم مالك الملك تؤتي الملك من تشاء وتنزع الملك ممن تشاء وتعز من تشاء وتذل من تشاء بيدك الخير انك على كل شيء قدير 3:26

പറയുക: ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം എടുത്തു നീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ പ്രതാപം നല്‍കുന്നു .നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ കൈവശമാണ് നന്മയുള്ളത്. നിശ്ചയമായും നീ എല്ലാകാര്യത്തിനും കഴിവുള്ളവന്‍ ആകുന്നു.


സല്‍മ അന്‍വാരിയ്യ പ്രസിഡന്‍റ് എം ജി എം കേരള