പശ്ചിമേഷ്യയില്‍ ആണവ നിര്‍വ്യാപനത്തിനല്ല അണ്വായുധ വ്യാപനത്തിനാണ് അമേരിക്കയുടെ ഇടപെടലുകള്‍ കാരണമായിട്ടുള്ളതെന്ന് മേഖലയിലെ രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ വ്യക്തമാകും.
ഇറാന്റെ ആണവ പാരമ്പര്യം
ഇറാന്‍ പഹ്‌ലവി ഭരണത്തിലാകുന്നത് 1925ലാണ്. 1940ല്‍ മുഹമ്മദ് റിസാ ഷാ പഹ്‌ലവി അധികാരത്തില്‍ ഏറിയ ശേഷമാണ് അമേരിക്കയുമായുള്ള ഇറാന്റെ ബന്ധം സുദൃഢമാകുന്നത്. 1960കളില്‍ അഞ്ച് മെഗാവാട്ടിന്റെ റിയാക്ടര്‍ വാങ്ങിയത് ഷാ രാജാവാണ്. ആണവ നിര്‍വ്യാപന കരാറില്‍ ഇറാന്‍ 1962ല്‍ ഒപ്പുവയ്ക്കുന്നുണ്ട്.
1972ല്‍ തങ്ങള്‍ ഒരു വലിയ ആണവ പരിപാടി തുടങ്ങാന്‍ പോകുന്നെന്ന് ഷാ പ്രഖ്യാപിച്ചിരുന്നു. 1974ല്‍ ഷാ നേരിട്ടു തന്നെയാണ് ഇറാന്റെ ആറ്റമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ സ്ഥാപിച്ചത്. അക്കാലത്ത് ആണവ നിലയങ്ങള്‍ക്കു വേണ്ടി നിരവധി കരാറുകള്‍ ഫ്രാന്‍സുമായും അമേരിക്കയുമായും ജര്‍മനിയുമായും ഇറാന്‍ ഒപ്പുവെച്ചിരുന്നു.
പശ്ചിമേഷ്യയിലെ മറ്റു രാഷ്ട്രങ്ങള്‍ അണ്വായുധങ്ങള്‍ കരസ്ഥമാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ഇറാനും അതുപോലെ ചെയ്യുമെന്നും 1975ല്‍ ഷാ പ്രഖ്യാപിച്ചു. 1975ലെ ജനീവയിലെ നിരായുധീകരണ (disarmametn) സമ്മേളനത്തില്‍ ആണവായുധങ്ങളോടുള്ള ഇറാന്റെ എതിര്‍പ്പ് ഷാ ആവര്‍ത്തിച്ചതാണ്.
അതേവര്‍ഷം തന്നെ അണ്വായുധങ്ങള്‍ കൈവശപ്പെടുത്തിയേക്കാവുന്ന രാഷ്ട്രങ്ങളുടെ ഒരു ലിസ്റ്റ് അമേരിക്കയിലെ നാഷണല്‍ ഇന്റലിജന്‍സ് എസ്റ്റിമേറ്റ് പുറത്തുവിട്ടതില്‍ ഇന്ത്യ, തായ്‌വാന്‍, സൗത്ത് കൊറിയ, പാകിസ്താന്‍, ഇന്തോനേഷ്യ എന്നീ രാഷ്ട്രങ്ങളേക്കാള്‍ പിന്നിലായിരുന്നു ഇറാന്‍. അതില്‍ ഇന്ത്യയും പാകിസ്താനും വളരെ വേഗം അണ്വായുധം കൈവശപ്പെടുത്തുകയുണ്ടായി.
1978ല്‍ നിരവധി ലൈറ്റ് വാട്ടര്‍ ന്യൂക്ലിയര്‍ റിയാക്ടറുകള്‍ക്ക് ഒപ്പുവച്ചിരുന്നെങ്കിലും രാജ്യത്തെ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ വരുത്തിയ അസ്ഥിരത കൊണ്ട് നടപ്പായില്ല. അടുത്ത വര്‍ഷം പ്രക്ഷോഭങ്ങളാല്‍ വിപ്ലവം നടക്കുകയും പല പദ്ധതികളും ഖുമൈനിയുടെ ഇസ്‌ലാമിക് റിപ്പബ്ലിക് ഒഴിവാക്കുകയും ചെയ്തു. 1980ല്‍ ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ അവശേഷിച്ചിരുന്ന ബുഷഹര്‍ ന്യൂക്ലിയര്‍ പ്ലാന്റ് തകരുകയും ചെയ്തു.
1980-88ല്‍ ഇറാഖുമായുള്ള സുദീര്‍ഘ യുദ്ധകാലയളവിലാണ് അണുശക്തിയുടെ പ്രാധാന്യത്തെക്കുറിച്ച് ഇറാന്‍ ചിന്തിച്ചത്. ഇസ്ഫഹാന്‍ പ്രദേശത്ത് പുതിയ അണുപരീക്ഷണ പദ്ധതി ആരംഭിക്കാന്‍ ഖുമൈനി തയ്യാറായി. സോവിയറ്റ് യൂനിയന്‍, ചൈന, പാകിസ്താന്‍, ജര്‍മനി, ഉത്തര കൊറിയ, അര്‍ജന്റീന, സ്‌പെയിന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ആണവപദ്ധതിക്കു വേണ്ടിയുള്ള സൗകര്യങ്ങളും പരിശീലനവും നല്‍കാന്‍ തയ്യാറായിരുന്നു.
ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ആണവ പദ്ധതി പഠന-പരിശീലനത്തിനായി ഇറാന്‍ വിദേശ രാഷ്ട്രങ്ങളിലേക്ക് അയച്ചു. മേഖലയിലെ ഏക അണ്വായുധ രാഷ്ട്രമായ ഇസ്രായേലിനെ സംരക്ഷിക്കുക, മധ്യപൂര്‍വദേശത്തെ ഇസ്രായേലിനെ കൊണ്ട് നിയന്ത്രിക്കുക എന്നതാണ് ഇറാനിയന്‍ ആണവവ്യാപനത്തെ അമേരിക്ക എതിര്‍ക്കാനുള്ള കാരണം.
ഇറാനു മേല്‍ ശക്തമായ കുറ്റാരോപണങ്ങളുമായി, അഥവാ 'ആക്‌സിസ് ഓഫ് എവിള്‍', 'സര്‍വസംഹാര ശേഷിയുള്ള ആയുധങ്ങള്‍' തുടങ്ങിയ വാദങ്ങളുമായി അമേരിക്ക എത്തുന്നത് 2002ലാണ്. അതേ ആശയം കൊണ്ടുവന്ന ശേഷം ഇറാഖിനു മേല്‍ 2003 ആദ്യത്തില്‍ അധിനിവേശം നടത്തിയത് ശ്രദ്ധിക്കുക. അന്താരാഷ്ട്ര നിയമജ്ഞരെ ഉദ്ധരിച്ച് ഇറാന്‍ വാദിക്കുന്നത് ആണവ സാങ്കേതികവിദ്യാ പരീക്ഷണങ്ങള്‍ക്ക് ഇറാന് സ്വയം അവകാശമുണ്ട് എന്നാണ്.

കാരണം ബദല്‍ ഊര്‍ജസ്രോതസ്സ് വികസിപ്പിക്കാനുള്ള അവകാശം വികസ്വര രാഷ്ട്രങ്ങള്‍ക്ക് അനിവാര്യമാണെന്ന വസ്തുത അംഗീകരിക്കേണ്ടതാണ്. ഇറാഖുമായുള്ള നീണ്ട എട്ടു വര്‍ഷത്തെ രക്തപങ്കിലമായ യുദ്ധമാണ് ഇറാനെ അണ്വായുധശേഷി കൈവരിക്കുന്നതു സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിച്ചത് എന്ന്, കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ എറ്റല്‍ സോലിന്‍, P³ Nuclear Logics: Contrasting Paths in East Asia and the Middle East (2007) എന്ന പുസ്തകത്തില്‍ എഴുതുന്നു.
ഇറാഖിനെ മുന്നില്‍ നിര്‍ത്തി ഇറാനുമായി അമേരിക്ക യുദ്ധം ചെയ്യിച്ചത്, യഥാര്‍ഥത്തില്‍ 1979ലെ ഇറാനിയന്‍ വിപ്ലവത്തില്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തിയായ ഭരണാധികാരി ഷാ രാജാവിന് അധികാരം അടിയറ വയ്‌ക്കേണ്ടതിനെ തുടര്‍ന്നാണ്. പശ്ചിമേഷ്യയില്‍ ആണവ നിര്‍വ്യാപനത്തിനല്ല അണ്വായുധ വ്യാപനത്തിനാണ് അമേരിക്കയുടെ ഇടപെടലുകള്‍ കാരണമായിട്ടുള്ളതെന്ന് മേഖലയിലെ രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ വ്യക്തമാകും.
മറ്റൊരു വിചിത്രമായ രാഷ്ട്രീയ സംഭവം മേഖലയില്‍ നടന്നത് ശ്രദ്ധിക്കുക. 1981ലെ ഇറാഖിന്റെ ആരംഭദശയിലുള്ള ബഗ്ദാദിലെ ആണവപദ്ധതികളെ ഇസ്രായേലി എയര്‍ഫോഴ്‌സ് ആക്രമിച്ചു തകര്‍ത്ത നടപടിയാണ് 'ഓപറേഷന്‍ ഓപറ' അഥവാ 'ഓപറേഷന്‍ ബാബിലോണ്‍' എന്നത്. ഈ സമയം ഇറാഖും ഇസ്രായേലും അമേരിക്കയുടെ സുഹൃദ് രാഷ്ട്രങ്ങളായിരുന്നു.
അന്നത്തെ ആക്രമണം ഒരു 'നിയമലംഘനമല്ല, മറിച്ച് ഭാവിയിലെ ഇസ്രായേലി സര്‍ക്കാരുകള്‍ക്ക് ഒരു കീഴ്‌വഴക്കമാണ്' എന്നായിരുന്നു അന്നത്തെ ഇസ്രായേലി പ്രധാനമന്ത്രി മെനാച്ചം ബെഗിന്‍ പ്രഖ്യാപിച്ചത്. അമേരിക്ക 24 മണിക്കൂറും തങ്ങളുടെ സംരക്ഷകരായി ഈ മേഖലയില്‍ ഉണ്ടെന്ന ആത്മധൈര്യമാണ് ഇസ്രായേലിനെ ആ പരസ്യ നിലപാട് എടുക്കാന്‍ പ്രേരിപ്പിച്ചത്.
ഇറാന്‍ ആണവശക്തി: നിയോ-റിയലിസ്റ്റ് നിരീക്ഷണങ്ങള്‍
നിയോ-റിയലിസം അഥവാ structural realism എന്ന ഐ.ആര്‍ സിദ്ധാന്തം പറയുന്നത് 'അധികാരമാണ് അന്താരാഷ്ട്ര ബന്ധങ്ങളില്‍ ഏറ്റവും പ്രധാന ഘടക'മെന്നാണ്. വിഖ്യാത അമേരിക്കന്‍ പൊളിറ്റിക്കല്‍ സയന്റിസ്റ്റും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി പ്രൊഫസറും ഐ.ആര്‍ സിദ്ധാന്തങ്ങളുടെ ഉപജ്ഞാതാക്കളില്‍ പ്രമുഖനുമായിരുന്ന കെന്നത്ത് വാള്‍ട്‌സിന്റെ (19242013) Theory of International Politics (1979) എന്ന പ്രസിദ്ധ ഗ്രന്ഥത്തിലാണ് ഈ സിദ്ധാന്തം ആദ്യമായി വിശദീകരിച്ചത്.
കഴിഞ്ഞ മൂന്നു ദശകങ്ങളായി അന്തര്‍ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റവുമധികം സ്വാധീനമുള്ള സമീപനവുമാണിത്. ഇറാന്‍ എന്ന രാഷ്ട്രത്തിന് എന്തിനാണ് അണ്വായുധങ്ങള്‍? നിരവധി ഘടകങ്ങള്‍ ആ രാഷ്ട്രീയ ആയുധങ്ങള്‍ക്കുണ്ട്. നിയോ-റിയലിസ്റ്റ് കാഴ്ചപ്പാട് അനുസരിച്ച് പേര്‍ഷ്യന്‍ ഗള്‍ഫിലെ ആധിപത്യത്തിനും, അവിടത്തെ അടുത്ത ആണവശക്തിയാകുന്നതിനും, പശ്ചിമേഷ്യയിലെ ആദ്യത്തെ ആണവശക്തിയായ ഇസ്രായേലിന്റെയും അമേരിക്കയുടെയും സൈനിക മേധാവിത്വത്തെ ചെറുക്കുന്നതിനും, അയല്‍രാഷ്ട്രമായ പാകിസ്താന്‍ വളരെ മുമ്പേ ആണവശക്തി കൈവരിച്ചതും എല്ലാം ഇതിനു പിന്നില്‍ കാരണമാകുന്നുണ്ട്.
മതപരമായ വീക്ഷണകോണില്‍, അഥവാ ഇസ്‌ലാമിന്റെ സുന്നി-ശിയാ ധാരയിലൂടെ നോക്കിയാല്‍ ഇറാന്‍ ആണവശക്തിയായാല്‍, സൗദി അറേബ്യയായിരിക്കും ആദ്യം സുരക്ഷാഭീഷണി നേരിടുന്ന അറബ് രാജ്യം. രാഷ്ട്രീയപരമായി ഏറ്റവും ഭീഷണി ഇസ്രായേലിനാണ് എന്നതില്‍ സംശയമില്ല. അണ്വായുധശേഷി കൈവരിക്കുന്നതിനുള്ള മറ്റൊരു സുപ്രധാന രാഷ്ട്രീയ കാരണമെന്നത് ഓരോ രാഷ്ട്രത്തിന്റെയും ദേശീയതയാണ്.
പൗരന്മാരെ പേര്‍ഷ്യന്‍ ദേശീയതാ വികാരത്തിലൂടെ സംയോജിപ്പിച്ചു നിര്‍ത്തുക എന്നത് ഇറാന്‍ എന്ന രാഷ്ട്രത്തിന്, രാഷ്ട്രത്തിന്റെ നിലനില്‍പിന് അനിവാര്യമാണ്. നേഷന്‍ ബില്‍ഡിങ് (ദേശീയതാ നിര്‍മിതി) പ്രക്രിയ ഇതിലൂടെ സാധ്യമാകുന്നു.
ഐ.എ.ഇ.എ (അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി)യുടെ നിരീക്ഷകര്‍ക്ക് ആണവപദ്ധതി സൈനിക ഉപയോഗത്തിനാണ് എന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇറാന്റെ ആണവപദ്ധതികള്‍ വര്‍ഷങ്ങളോളം രഹസ്യമാക്കപ്പെട്ടിരുന്നു എന്നത് ഈ വിഷയത്തിലെ അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കല്‍ തന്നെയായിരുന്നു. അതാണ് ഇറാന്‍ അണ്വായുധ വികസനത്തിലേക്ക് എത്തുന്നു എന്ന സംശയം രാഷ്ട്രീയ നിരീക്ഷകര്‍ക്ക് തുടക്കത്തില്‍ തന്നെയുണ്ടായത്.
ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കെന്നത്ത് വാള്‍ട്‌സിന്റെ നിര്‍ണായകമായ പ്രതികരണം 2012ലെ ഫോറിന്‍ അഫയേഴ്‌സ് ജേണലില്‍ വന്നിരുന്നു. അതില്‍ പറയുന്നു: ''അമേരിക്കന്‍-യൂറോപ്യന്‍-ഇസ്രായേലി നയതന്ത്രജ്ഞരും രാഷ്ട്രീയ നിരീക്ഷകരും ഇറാന്‍ ആണവപദ്ധതിയുടെ മാരകമായ ഭാവി ഭവിഷ്യത്തിനെ കുറിച്ചാണ് പറയുന്നത്. എന്നാല്‍ മിഡില്‍ഈസ്റ്റില്‍ രാഷ്ട്രീയ സ്ഥിരത കൊണ്ടുവരാന്‍ ഇറാന്‍ ആണവപദ്ധതി കൊണ്ട് സാധിക്കുന്നതാണ്.''
ഇറാനെ അണ്വായുധ സമാഹരണത്തില്‍ നിന്നു പിന്തിരിപ്പിക്കാനാകില്ല എന്നാണ് വാള്‍ട്‌സ് പറയുന്നത്. എന്തുകൊണ്ടെന്നാല്‍ അണ്വായുധശേഷി ആഗ്രഹിച്ച്, അന്വേഷിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങള്‍ ഇതുവരെ അതില്‍ നിന്നു പിന്നാക്കം പോയ ചരിത്രമില്ലെന്ന് വാള്‍ട്‌സ് പറയുന്നു. 'എന്തുകൊണ്ട് ഇറാന് ബോംബ് (അണ്വായുധം) കിട്ടണം' (Why Iran Should Get the Bomb, 2012) എന്ന ലേഖനത്തില്‍ അത് വിശദീകരിച്ചിട്ടുണ്ട്.
നിരവധി ഉപരോധങ്ങളും യുഎന്‍ രക്ഷാ സമിതിയുടെ പ്രമേയങ്ങളും തങ്ങള്‍ക്കെതിരായി പാസാക്കിയിട്ടുണ്ടായിരുന്നെങ്കിലും ഉത്തര കൊറിയ അത് ആര്‍ജിക്കുക തന്നെ ചെയ്തത് കൃത്യമായ ഉദാഹരണമാണ്. ഇറാന്‍ അണ്വായുധങ്ങളിലാണ് രാഷ്ട്രസുരക്ഷ നിര്‍ണയിച്ചിരിക്കുന്നത് എങ്കില്‍ അവരത് നേടുക തന്നെ ചെയ്യും.
സാമ്പത്തിക ഉപരോധങ്ങള്‍ കൊണ്ട് ഇറാനെ കൂടുതല്‍ ബുദ്ധിമുട്ടിച്ചാല്‍ അവര്‍ക്ക് അത് അണ്വായുധ സമാഹരണത്തിന് തുറന്ന, വ്യക്തമായ ന്യായമാണ്. അണ്വായുധ പരീക്ഷണം നടത്താതെ ആണവ ഊര്‍ജം വികസിപ്പിക്കുന്ന ആ പശ്ചാത്തലത്തില്‍ നിന്ന് ഇറാന്‍ ഉടനടി അണ്വായുധം ആര്‍ജിച്ചെടുക്കുന്നത് സാധ്യമായ ഒന്നാണ്.
ആണവോര്‍ജ വികസനത്തില്‍ നിന്ന് അണ്വായുധശേഷിയില്‍ എത്തുന്ന ആദ്യ രാജ്യമായിരിക്കില്ല ഇറാന്‍. കാരണം ജപ്പാന്‍ ഇതേ പാതയില്‍ വിജയിച്ച രാഷ്ട്രമാണ്. ഇറാന്‍ അണ്വായുധ ശക്തിയാകുന്നതിലെ ആശങ്കയില്‍ നിന്നാണ് ഇസ്രായേല്‍ വിധ്വംസന-കൊലപാതക നടപടികളിലൂടെ ഇറാനെതിരേ പ്രതികരിക്കുന്നത് എന്നും കെന്നത് വാള്‍ട്‌സ് പറയുന്നു.
ഇന്ത്യയും പാകിസ്താനും 1998ല്‍ ആണവ പരീക്ഷണം നടത്തിയ ശേഷം അവര്‍ക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതും ആ നടപടികള്‍ ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമായിരുന്നെന്നും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ആണവശക്തി രാഷ്ട്രങ്ങള്‍ സൈനികശക്തിയിലെ അസന്തുലിതാവസ്ഥ കുറച്ചുകൊണ്ടുവരുകയും അങ്ങനെ ദേശീയ-അന്തര്‍ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ സ്ഥിരത കൈവരിക്കാവുന്നതുമാണെന്നും വാള്‍ട്‌സ് അര്‍ഥശങ്കക്കിടയില്ലാതെ പ്രസ്താവിക്കുന്നു.
ലോകത്ത് യുദ്ധങ്ങള്‍ ഉണ്ടാകാനുള്ള കാരണങ്ങളില്‍ മുഖ്യം ഏതൊരു രാഷ്ട്രത്തിന്റെയും സൈനികശക്തിയിലെ അസന്തുലിതത്വമാണ്. പതിറ്റാണ്ടുകളായുള്ള ഇസ്രായേലിന്റെ ആണവ ആധിപത്യം പശ്ചിമേഷ്യയെ അസ്ഥിരമാക്കിയിട്ടുണ്ട്. ഇസ്രായേലിന്റെ ആയുധങ്ങളാണ്, ഇറാന്റെ ആണവപദ്ധതി ആഗ്രഹങ്ങളല്ല മേഖലയിലെ പ്രധാന സമകാലിക പ്രശ്‌നമെന്നും വാള്‍ട്‌സ് പറയുന്നു. മേഖലയിലെ പ്രശ്‌നപരിഹാരത്തിനായി വാള്‍ട്‌സ് നിര്‍ദേശിക്കുന്നത് ശാക്തിക സന്തുലനമാണ്.
ഇറാനെ കുറിച്ചുള്ള വന്‍ തെറ്റിദ്ധാരണകളില്‍ ഒന്ന്, ഇറാന്റെ 'ഭ്രാന്തന്മാരായ മുല്ലമാരാണ് അവിടെ നയരൂപീകരണം നടത്തുന്നത്' എന്നതാണ്. അത് തെറ്റാണെന്നും, തികഞ്ഞ രാഷ്ട്രീയബോധമുള്ള മുല്ലമാരാണ് എന്നും, അവര്‍ മറ്റേത് രാഷ്ട്രീയ നേതൃത്വത്തെയും പോലെയാണെന്നും വാള്‍ട്‌സ് പറയുന്നു. അണ്വായുധങ്ങള്‍ ഭീകരര്‍ കൈവശപ്പെടുത്തുമെന്ന ആശങ്കയും അസ്ഥാനത്താണ്.

കാരണം അണ്വായുധശേഷിയുള്ള രാഷ്ട്രങ്ങള്‍ അവരുടെ അണ്വായുധ സംരംഭത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നു എന്നാണ് ചരിത്രത്തില്‍ കണ്ടിട്ടുള്ളത്. ഭയാനകമായ നശീകരണ ശേഷിയുള്ളവയാണ് അണ്വായുധങ്ങള്‍. ഭീകര സംഘടനകള്‍ക്ക് ആണവ രഹസ്യമോ ആയുധമോ കൈമാറാന്‍ ഒരിക്കലും ഒരു രാഷ്ട്രവും തയ്യാറാവുകയുമില്ല. കാരണം, സ്വന്തം രക്ഷ നോക്കാതെ സംഘടനകളുമായി ഇതൊന്നും ഒരു രാഷ്ട്രവും ചെയ്യില്ല.
ഇറാന്റെ അണ്വായുധശേഷി സംബന്ധിച്ച മറ്റൊരു മുഖ്യ എതിര്‍പ്പ് 'പശ്ചിമേഷ്യയില്‍ ഇതൊരു അണ്വായുധ മത്സരത്തിന് ഇടയാക്കും' എന്ന വാദമാണ്. പക്ഷേ, അത് ഇറാന്റെ വിഷയത്തില്‍ ഉണ്ടാവില്ല എന്ന് വാള്‍ട്‌സ് പറയുന്നു. കാരണം, 1960ല്‍ ഇസ്രായേല്‍ ആണവശക്തിയായ ശേഷം ഒരു ആണവമത്സരത്തിന് പശ്ചിമേഷ്യ വേദിയായില്ലെങ്കില്‍ പിന്നെ ഇറാന്‍ കൈവരിക്കുമ്പോള്‍ മാത്രം എങ്ങനെ മത്സരമുണ്ടാവും.
നിലവിലുള്ള ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ ഒരിക്കലും അവിടത്തെ ഭരണകൂടത്തെ അണ്വായുധശേഷി കൈവരിക്കുന്നതില്‍ നിന്നു തടയില്ല. അതേസമയം സാധാരണ ഇറാനികളെയാണ് അത് ബാധിക്കുക എന്നും വാള്‍ട്‌സ് മുന്നറിയിപ്പ് നല്‍കുന്നു.
അണ്വായുധങ്ങളും ഹൈഡ്രജന്‍ ബോംബുകളും സൂക്ഷിച്ചിരിക്കുന്ന ലോകരാഷ്ട്രങ്ങളില്‍, ആയുധരഹിതമായ അധികാര രാഷ്ട്രീയം സാധ്യമല്ലാത്ത ഈ യുഗത്തില്‍, ആയുധങ്ങളിരിക്കെ യുദ്ധങ്ങളില്ലാത്ത സമാധാന വ്യവസ്ഥകള്‍ നിലനില്‍ക്കാന്‍ കെന്നത് വാള്‍ട്‌സിന്റെ പ്രായോഗികമായ സിദ്ധാന്തം സത്യമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. അതിനര്‍ഥം വാള്‍ട്‌സ് വിമര്‍ശനത്തിന് അതീതനാണ് എന്നല്ല.
അതിജീവനത്തിന് ജനാധിപത്യം
ജനാധിപത്യത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനുമായി അദമ്യമായ ആഗ്രഹമുള്ളവരാണ് ഇറാന്‍ ജനത. ഇറാന്‍ ഒരു ജനാധിപത്യ രാജ്യമായിരുന്നു എങ്കില്‍ ഇസ്രായേലി ചാരന്മാര്‍ക്ക് ഇത്ര എളുപ്പം ഇറാനില്‍ കയറി ഇത്രയും ആളുകളെ കൊലപ്പെടുത്താന്‍ സാധ്യമല്ലായിരുന്നു. കാരണം ഇറാന്‍ സര്‍ക്കാരിനോടുള്ള വിരോധം കൊണ്ട് നിരവധി ഇറാനികള്‍ ഇസ്രായേലിനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തുകയുണ്ടായി.
സ്വന്തം ജനതയുടെ അഭിലാഷങ്ങളെ സമ്പൂര്‍ണമായും കണ്ടില്ലെന്നു വരുത്തി അടിച്ചമര്‍ത്തല്‍ നടത്തുന്നത് ഏതൊരു രാജ്യത്തെയും ഇപ്പോഴല്ലെങ്കില്‍ പിന്നീട് തകര്‍ച്ചയില്‍ എത്തിക്കും. സമൂഹത്തിന്റെ എല്ലാ തുറകളിലും ഉള്‍പ്പെട്ടിരുന്ന ആളുകള്‍ പങ്കെടുത്ത 1979ലെ വിപ്ലവ മുന്നേറ്റത്തിനിടയില്‍ സാമ്പത്തിക-രാഷ്ട്രീയ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെങ്കിലും അവയെല്ലാം പാഴ്‌വാക്കായി മാറുകയായിരുന്നു.
ഖുമൈനി രാജ്യത്തിന്റെ പരമോന്നത നേതാവായ ശേഷം അധികാര കേന്ദ്രീകരണത്തിലൂടെ ജനാധിപത്യത്തിന്റെ വളര്‍ച്ചയെ തടഞ്ഞുവെന്ന് മിസാഗ് പാര്‍സ Democracy in Iran: Why it Failed and How it Might Succeed (2016)ല്‍ പറയുന്നുണ്ട്. സയ്യിദ് മുഹമ്മദ് ഖാതമി പ്രസിഡന്റ് ആയിരുന്ന എട്ടു വര്‍ഷം (1997-2005) ജനാധിപത്യം വളര്‍ന്നു വികസിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു.
എന്നാല്‍ ശേഷം വന്ന അഹ്മദി നജാദിന്റെ ഭരണം അഴിമതിയില്‍ വ്യാപരിക്കുകയും ജനാധിപത്യ സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുകയുമാണുണ്ടായത്. ജനാധിപത്യ യുഗത്തെ ലോകത്തെ വന്‍ശക്തി രാഷ്ട്രങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍, നീതിയില്‍ അധിഷ്ഠിതമായ ജീവിതത്തിനപ്പുറം സ്വസ്ഥമായ ജീവിതം മാത്രം ആഗ്രഹിക്കുന്ന ജനതയെ സൃഷ്ടിക്കുക കൂടിയാണ് അവര്‍ ചെയ്യുന്നത്.
References
Kenneth N. Waltz, Why Iran Should Get the Bomb?: Nuclear Balancing Would Mean Stability, in Foreign Affairs, July/August 2012
Kenneth N. Waltz, Theory of International Politics (McGraw-Hill Higher Education: New York, 1979)
Misagh Parsa, Democracy in Iran: Why It Failed and How It Might Succeed, (Harvard University Press, New York, 2016)
Etel Solingen, Nuclear Logics: Contrasting Paths in East Asia and the Middle East, (Princeton University Press, Princeton, 2007).
ഇവിടെ വായിക്കാം:
ഇറാന്‍ ജയിച്ച യുദ്ധം ലോക രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ മാറ്റുന്നു